രക്ഷകനിലേക്ക് നയിക്കുന്ന വാൽനക്ഷത്രം. രക്ഷകനിലേക്ക് നയിക്കുന്ന വാൽനക്ഷത്രം. 

"ക്രിസ്തു ജീവിക്കുന്നു”:സൃഷ്ടാവിനു വേണ്ടി മിന്നുന്ന നക്ഷത്രങ്ങൾ

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ 32-33 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്‍റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്‍റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്‍റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്‍റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

32. വാർദ്ധക്യം പ്രാപിച്ച ഒരു ലോകത്തിലെ യഥാർത്ഥ യൗവനമാണ് ക്രിസ്തു

യേശു ഉത്ഥിതനായി. ഉത്ഥാനത്തിന്‍റെ പുതിയ ജീവിതത്തിൽ നമ്മെ പങ്കാളികളാകാൻ അവിടുന്ന് ആഗ്രഹിക്കുന്നു. അവിടുന്ന് വാർദ്ധക്യം പ്രാപിച്ച ഒരു ലോകത്തിലെ യഥാർത്ഥ യൗവനമാണ്. അവിടുത്തെ പ്രകാശമണിയിക്കാനും അവിടുത്തെ ജീവിതം ജീവിക്കാനുമായി "ഈറ്റുനോവ്"( റോമാ 8:22) അനുഭവിച്ചു കാത്തിരിക്കുന്ന പ്രപഞ്ചത്തെ യൗവനമാണ് അവിടുന്ന്. അവിടുന്ന് കൂടെയുണ്ടെങ്കിൽ നമ്മുടെ സർവ്വ സ്വപ്നങ്ങളെയും പദ്ധതികളെയും മഹത്തായ ആദർശങ്ങളെയും ചെയ്യുന്ന അതേസമയം ജീവിതം യഥാർത്ഥത്തിൽ ജീവിക്കത്തക്കതാക്കുന്നതെന്താണെന്ന് പ്രഘോഷിക്കാൻ നമ്മെ നിർബന്ധിക്കുന്നത് യഥാർത്ഥ ഉറവയിൽ നിന്ന് കുടിക്കാൻ നമുക്ക് കഴിയും. മർക്കോസിന്‍റെ സുവിശേഷത്തിൽ ശ്രദ്ധേയമായ രണ്ട് വിശദീകരണങ്ങളുണ്ട്. ക്രിസ്തുവിനോടു കൂടി ഉത്ഥാനം ചെയ്തവർ യഥാർത്ഥ യൗവനത്തിലേക്ക് വിളിക്കപ്പെട്ടതായി അവയിൽ കാണുന്നു. കർത്താവിന്‍റെ പീഡാസഹനത്തിൽ ഒരു ചെറുപ്പക്കാരനെ നാം കാണുന്നുണ്ട്. അവൻ യേശുവിനെ അനുഗമിക്കാൻ ആഗ്രഹിച്ചു പക്ഷേ അവൻ ഭയന്ന് നഗ്നനായി ഓടിപ്പോയി. (മാർക്കോ 14:51-52). യേശുവിനെ അനുഗമിക്കാൻ മറ്റെല്ലാം വിട്ടുകളയാൻ വേണ്ടത്ര ശക്തി അവനുണ്ടായിരുന്നില്ല. എന്നാലും ശൂന്യമായ കല്ലറയ്ക്കടുത്ത് മറ്റൊരു ചെറുപ്പക്കാരനെ നാം കാണുന്നു അവൻ" വെള്ള വസ്ത്രം ധരിച്ച"(16:5).യുവാവാണ്. അവൻ സ്ത്രീകളോടു പറയുന്നു: നിങ്ങൾ ഭയപ്പെടേണ്ടാ യുദ്ധത്തിന്‍റെ സന്തോഷം പ്രഘോഷിക്കുവിൻ. (16:6-7). (കടപ്പാട്.പി.ഒ.സി പ്രസിദ്ധീകരണം).

പ്രപഞ്ചത്തിന്‍റെ യൗവനമായ ക്രിസ്തു

വാർദ്ധക്യം പ്രാപിച്ച ഒരു ലോകത്തിലെ യഥാർത്ഥ യൗവനമാണ് ക്രിസ്തുവെന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. എന്തുകൊണ്ടാണ് വാർദ്ധക്യം പ്രാപിച്ച ലോകമെന്ന് പാപ്പാ വിശേഷിപ്പിക്കുന്നതെന്ന് വിചിന്തനം ചെയ്യുമ്പോൾ മനസ്സിൽ തെളിഞ്ഞ ചിന്തയിതാണ്. ദൈവത്തിന്‍റെ ഏദൻ തോട്ടവും, മനുഷ്യന്‍റെ ഈ ഭൂലോകവും. ദൈവത്തിന്‍റെ തോട്ടത്തിൽ സൃഷ്ടികൾ യൗവനത്തിലായിരുന്നു. മനുഷ്യനും, മരവും, പക്ഷിയും, മൃഗവും, നദിയും, നന്മയും, ദൈവ സാനിധ്യവും നിറഞ്ഞ തോട്ടം. അവിടെ എല്ലാവരും സുരക്ഷിതരും സുഭിക്ഷിതരുമായിരുന്നു. എന്നാൽ മനുഷ്യന്‍റെ കൈകളിൽ ഹരിത പൂർണ്ണതയോടെ ഭരമേല്‍പ്പിക്കപ്പെട്ട ഈ ഭൂമിയാകുന്ന തോട്ടം ഇരുട്ടും, വരൾച്ചയും, യുദ്ധവും, രക്തച്ചൊരിച്ചിലും, ദാരിദ്ര്യവും, പട്ടിണിയുമാ യി മനുഷ്യൻ  വാർദ്ധക്യത്തിലേക്ക് എത്തിച്ചു. ഇവിടെയാണ് പാപ്പായുടെ പ്രബോധനം ഈ ഭൂമിക്ക് നഷ്ടപ്പെട്ടുപോയ യൗവനത്തെ തിരികെ നൽകാൻ ക്ഷണിക്കുന്നത്.

പ്രപഞ്ചത്തിന് നഷ്ടപ്പെട്ടുപോയ യൗവനത്തെ തിരിച്ച് സ്വന്തമാക്കണമെങ്കിൽ പ്രപഞ്ചത്തിന്‍റെ യൗവനമായ ക്രിസ്തുവിന്‍റെ കൂടെ ആയിരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ക്രിസ്തുവിനോടുകൂടെ ഉത്ഥാനം ചെയ്തവർ യഥാർത്ഥ യൗവനത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്നു പാപ്പാ ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ കൂടെ ആയിരിക്കുക എന്നത് ക്രിസ്തുവിനെ നിരന്തരം അനുഗമിക്കുക എന്നതാണ്. ഈ അനുഗമനം അവന്‍റെ അടുത്തായിരിക്കുന്ന അവസ്ഥയിൽ നിന്നും അവന്‍റെ അകത്തായിരിക്കേണ്ട അവസ്ഥയിലേക്ക് നമ്മെ നയിക്കുമ്പോഴാണ് നാം യഥാർത്ഥ ക്രിസ്തു ശിഷ്യരായി രൂപാന്തരപ്പെടുന്നത്. ഈ ഖണ്ഡികയിൽ യേശുവിനെ അനുഗമിക്കാൻ മറ്റെല്ലാം ഉപേക്ഷിക്കാൻ വേണ്ട ശക്തിയില്ലാതെ പെസഹാ രാത്രിയിൽ ഉടുതുണി പോലും വേണ്ടെന്ന് വെച്ച് ഓടിപ്പോയ ഒരു യുവാവിനെയും, ശൂന്യമായ കല്ലറയ്ക്കടുത്തിരുന്നുകൊണ്ട്   ഉത്ഥിതനെക്കുറിച്ച് സാക്ഷ്യം പറയാൻ സ്ത്രീകളോടാവശ്യപ്പെട്ട യുവാവിനെയും പാപ്പാ ഇവിടെ പരാമർശിക്കുന്നു. ഇവർ രണ്ടുപേരുടെയും സഞ്ചാരങ്ങൾ വ്യത്യസ്ഥമാണ്. ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് നമ്മുടെ യാത്രകൾ ആരെ നോക്കിയാണ് സഞ്ചരിക്കുന്നതെന്ന് വിചിന്തനം ചെയ്യാം.

യൗവനം നഷ്ടപ്പെട്ട ലോകത്തിലായിരിക്കുന്ന നമുക്ക് എങ്ങനെയാണ് നഷ്ടപ്പെട്ട യൗവനത്തെ തിരികെ നേടാൻ കഴിയുന്നത്? അതിന് മാർഗ്ഗം ഒന്നേയുള്ളൂ. നിത്യ യൗവനമായ ക്രിസ്തു വരയ്ക്കുന്ന രേഖയിലൂടെ സഞ്ചരിക്കാൻ ധൈര്യപ്പെടണം. ക്രിസ്തു നമ്മോടൊപ്പമുണ്ടെന്നും നമ്മുടെ സ്വപ്നങ്ങളെയും ആദർശങ്ങളെയും സാക്ഷാത്കരിക്കാൻ അവിടുന്ന് നമ്മെ സഹായിക്കും എന്നും നാം വിശ്വസിക്കണം. അങ്ങനെ വിശ്വസിച്ച ഒരു യുവാവായിരുന്നു വിശുദ്ധ ഫ്രാൻസിസ് അസീസി. ക്രിസ്തുവിന്‍റെ ശിഷ്യനായിരുന്നവൻ സ്വരക്ഷയ്ക്ക് വേണ്ടി ഉടുതുണി ഉപേക്ഷിച്ചോടിയപ്പോൾ മറ്റൊരു ക്രിസ്തുവായി മാറിയ ഫ്രാൻസിസ് എന്ന യുവാവ് ആത്മരക്ഷയെ പ്രതി സ്വന്തം ഉടുതുണി ഉപേക്ഷിച്ച് നഗ്നനായി ക്രിസ്തു നൽകുന്ന സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുന്നു. ഒരാളുടെ നഗ്നത അയാളുടെ സ്വകാര്യതയാണ്. ആ സ്വകാര്യതയെയാണ് ക്രിസ്തു ലോകത്തിന് വേണ്ടിയും, ഫ്രാൻസിസ് ക്രിസ്തുവിനെ പ്രതിയും ഉപേക്ഷിച്ചത്. ഇന്ന് ദൈവം നമ്മിൽ നിന്നും ഇതുപോലുള്ള ഉപേക്ഷ ആഗ്രഹിക്കുന്നു. തലചായ്ക്കാൻ ഇടമില്ലാത്ത, തോണിയുടെ അമരത്ത് കിടന്നുറങ്ങിയ ക്രിസ്തുവിന്‍റെ കൂടെ സഞ്ചരിച്ച് വാർദ്ധക്യത്തിൽ കഴിയുന്ന ലോകത്തെ യൗവനത്തിന്‍റെ ഊർജ്ജ്വത്തിലേക്ക് തിരികെ കൊണ്ടുവരാൻ ദൈവം നമ്മെ ക്ഷണിക്കുന്നു.

33. സൃഷ്ടാവിനു വേണ്ടി മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ

മറ്റു യുവജനങ്ങളുടെ രാത്രിയിൽ നക്ഷത്രങ്ങൾ തെളിക്കാൻ കർത്താവ് നമ്മെ വിളിക്കുന്നു. യഥാർത്ഥ നക്ഷത്രങ്ങളിലേക്ക് നോക്കാൻ അവിടുന്ന് നിങ്ങളോട ആവശ്യപ്പെടുന്നു. നമ്മുടെ വഴിയിൽ നയിക്കുന്നതിന് അവിടുന്ന് നൽകുന്ന വ്യത്യസ്ഥങ്ങളായ അടയാളങ്ങളാണവ. അങ്ങനെ തന്‍റെ വയലിൽ ഉഴുകാൻ പോകുന്നതിനു മുമ്പ് നക്ഷത്രങ്ങളെ നോക്കുന്ന കർഷകനെ അനുകരിക്കാൻ അവിടുന്ന് ആവശ്യപ്പെടുന്നു.നടപ്പ് തുടരാൻ നമ്മെ സഹായിക്കുന്നതിനാണ് ദൈവം നക്ഷത്രങ്ങളെ പ്രകാശിപ്പിക്കുന്നത്. "നക്ഷത്രങ്ങൾ തങ്ങളുടെ യാമങ്ങളിൽ പ്രകാശിക്കുകയും ആഹ്ളാദിക്കുകയും ചെയ്തു. അവിടുന്ന്  അവയെ വിളിച്ചു. 'ഇതാ ഞങ്ങൾ' എന്ന് അവർ പറഞ്ഞു"(ബാറൂ.3:34-35) . ക്രിസ്തു തന്നെയാണ് നമ്മുടെ പ്രത്യാശയുടെ മഹാ പ്രകാശവും, രാത്രിയിൽ നമ്മുടെ വഴികാട്ടിയും. എന്തെന്നാൽ അവിടുന്നാണ് "പ്രഭാപൂർണ്ണമായ പ്രഭാതനക്ഷത്രം"(വെളി.22:16) (കടപ്പാട്.പി.ഒ.സി പ്രസിദ്ധീകരണം).

നക്ഷത്രങ്ങൾ തങ്ങളെ സൃഷ്ടാവിനു വേണ്ടി സന്തോഷപൂർവ്വം മിന്നിത്തിളങ്ങി. എന്ന തിരുവചനത്തെ പാപ്പാ ഇവിടെ ഓർമ്മിപ്പിക്കുന്നു. ദൈവം സൃഷ്ടിച്ച നക്ഷത്രങ്ങളാണ് നാം ഓരോരുത്തരും. നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിന് വേണ്ടി എരിഞ്ഞു തീരേണ്ടേതാണ് നമ്മുടെ ജീവിതം. നമ്മുടെ പ്രഭാതനക്ഷത്രമായ ക്രിസ്തു എന്ന യുവാവിനെ പ്രതി നാം നമ്മുടെ ജീവിതത്തെ എരിയാൻ അനുവദിക്കുമ്പോൾ വഴിതെറ്റിപ്പോകുന്ന പകലുകളിലും വഴി മറന്നു പോകുന്ന രാവുകളിലും കഴിയുന്ന മറ്റ് യുവജനങ്ങളുടെ ജീവിതത്തിൽ നക്ഷത്രങ്ങൾ തെളിയിക്കാൻ കഴിയും. ഒരാളുടെ ജീവിതത്തെ എങ്കിലും രക്ഷിക്കാനുള്ള സാധ്യത ദൈവം നമ്മിൽ നിവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ കളഞ്ഞുപോയ സന്തോഷം, നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം, സംസ്ക്കരിക്കപ്പെട്ട സത്യം, അപഹരിക്കപ്പെട്ട നീതി തുടങ്ങി നിരവധി നഷ്ടങ്ങളെ നമുക്ക് തിരികെ നൽകാൻ കഴിയും. നമ്മുടെ കൊച്ചു ജീവിതത്തിലൂടെ ദൈവം അത് സാധ്യമാക്കി തരും. അതിന് നാം നക്ഷത്രമായി മാറേണ്ടിവരും. സ്വയം പ്രകാശിതരായി മറ്റുള്ളവരിലേക്ക് വെട്ടം പകരുന്ന നക്ഷത്രം. ക്രിസ്തു എന്ന രക്ഷകനെ തിരയുന്നവരുടെ മുന്നിൽ വഴിതെളിക്കുന്ന നക്ഷത്രം. അങ്ങനെ നമുക്ക് മാറാൻ കഴിഞ്ഞാൽ യഥാർത്ഥത്തിൽ ക്രിസ്തുവിന്‍റെ  അംശം നമ്മിലുമുണ്ടെന്ന നിർവൃതിയിൽ ജീവിക്കാൻ കഴിയും. ക്രിസ്തു തനിക്ക് വേണ്ടി ഒന്നും ചെയ്തില്ല. തന്നെക്കുറിച്ച് ചിന്തിച്ചില്ല. പക്ഷേ താനാരാണെന്ന അവബോധത്തിൽ ജീവിച്ചു. ഈ ലോകത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കേണ്ടി വന്ന കുഞ്ഞാടാണെന്നും, ജീവൻ നൽകാനും അത് സമൃദ്ധമായി നൽകാനും പിതാവിനാൽ അയക്കപ്പെട്ടവനാണെന്നും, വഴിയും, സത്യവും, ജീവനും താനാണെന്നുമുള്ള  അബോധത്തിൽ ജീവിച്ച വ്യക്തിയായിരുന്നു ക്രിസ്തു. അതുകൊണ്ടാണ് പ്രഭാപൂർണ്ണനായപ്രഭാത നക്ഷത്രമായ ക്രിസ്തുവിനെ അനുഗമിക്കാനും നമ്മുടെ പ്രത്യാശ അർപ്പിക്കാനും പാപ്പാ ആവശ്യപ്പെടുന്നത്.



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 August 2020, 10:38