ആഗോള യുവജന സംഗമം 2027 നുള്ള ഔദ്യോഗിക ഗാനം പ്രസിദ്ധീകരിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആഗോള കത്തോലിക്കാ സഭയെ, പ്രത്യേകിച്ചും, ഏഷ്യയിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം, 2027 ഓഗസ്റ്റ് 3 മുതൽ 8 വരെ ദക്ഷിണ കൊറിയയിലെ സിയോളിൽ വെച്ച് നടക്കുന്ന ആഗോള യുവജന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ, ഏറെ അഭിമാനകരമായ നിമിഷങ്ങളാണ്. തദവസരത്തിലേക്കുള്ള ഔദ്യോഗിക ഗാനം ആഗസ്റ്റ് മാം മൂന്നാം തീയതി, പ്രസിദ്ധീകരിച്ചു.
കൊറിയൻ, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രസിദ്ധീകരണ പരിപാടി അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള കത്തോലിക്കാ കൂട്ടായ്മകളുടെ സാമൂഹ്യ ചാനലുകളിലൂടെയും, വത്തിക്കാൻ ന്യൂസ് ചാനലിലൂടെയുമാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. ഏഷ്യ, ലാറ്റിനമേരിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ തത്സമയം ഈ പരിപാടി ദർശിച്ചതിനാൽ, ആദ്യ 13 മണിക്കൂറിനുള്ളിൽ പ്രക്ഷേപണത്തിന് 19,000 ത്തിലധികം കാഴ്ച്ചക്കാരാണ് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കിഴക്കൻ ആകാശത്ത് ഉദിച്ചുയരുന്ന പ്രകാശത്തിന്റെ ചിത്രത്തോടെയാണ് ഗാനം ആരംഭിക്കുന്നത്. ഇംഗ്ലീഷിൽ "കിഴക്കൻ ആകാശത്ത് നിന്ന് ഉയർന്നുനിൽക്കുന്നു, ഞങ്ങൾ പിന്തുടരുന്ന വെളിച്ചം, നിങ്ങളും ഞാനും" എന്നാണ് ഗാനത്തിന്റെ ആദ്യ ഈരടികളുടെ വിവർത്തനം. ലോകത്തിന്റെ വെളിച്ചമാകാനുള്ള ക്രിസ്തുവിന്റെ ആഹ്വാനവും ഭയത്തിനും അന്ധകാരത്തിനുമെതിരായ വിജയത്തിന്റെ വാഗ്ദാനവുമാണ്, ഈ വരികൾ എടുത്തു പറയുന്ന സുവിശേഷ സന്ദേശങ്ങൾ.
"ധൈര്യമായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു" (യോഹന്നാൻ 16:33) എന്ന ബൈബിൾ വാക്യമാണ് ഈ സമ്മേളനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വചനം ഗാനത്തിന്റെ പാദാന്തങ്ങളിൽ ആവർത്തിക്കപ്പെടുന്നു. ഗാനത്തിന്റെ അന്താരാഷ്ട്ര പതിപ്പിൽ, വിവിധ വരികൾ, ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, പോർച്ചുഗീസ്, കൊറിയൻ എന്നിങ്ങനെ ആറു ഭാഷകളിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.