തിരയുക

സെയൂളിലെ യുവജനങ്ങൾ സെയൂളിലെ യുവജനങ്ങൾ   (sito web GMG)

സെയൂളിൽ കത്തോലിക്കാ സാംസ്കാരിക മേള

2027-ൽ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സെയൂളിൽ നടക്കാനിരിക്കുന്ന ആഗോള യുവജന സംഗമത്തിനു മുന്നോടിയായി 'കാത്തലിക് കൾച്ചർ ഫെയർ' (കത്തോലിക്കാ സാംസ്കാരിക മേള) സംഘടിപ്പിച്ചു. കൊറിയൻ പശ്ചാത്തലത്തിൽ കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് ഉത്ഭവിച്ച സാംസ്കാരിക വിനിമയങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

2027 ലെ ആഗോള യുവജന സംഗമത്തിന് വേദിയാകുന്ന, ദക്ഷിണ കൊറിയൻ തലസ്ഥാനമായ സെയൂളിൽ, ഓഗസ്റ്റ് മാസം 8, 9 തീയതികളിലായി, 'കാത്തലിക് കൾച്ചർ ഫെയർ' (കത്തോലിക്കാ സാംസ്കാരിക മേള) സംഘടിപ്പിച്ചു.  കൊറിയയിൽ ഇപ്പോൾ അനുഭവപ്പെടുന്ന കഠിനമായ ചൂടിനെ (40 ഡിഗ്രി സെൽഷ്യസ്) അവഗണിച്ചും ആയിരക്കണക്കിന് ആളുകൾ മേളയിൽ പങ്കെടുത്തു. ഏകദേശം 48 നു മുകളിൽ സന്യാസസഭകളും, അപ്പസ്തോലിക കൂട്ടായ്മകളും, വിവിധ സന്നദ്ധ സംഘടനകളും  മേളയുടെ ഭാഗമായി. സന്ദർശകർക്ക് സന്യാസികളുമായി സംസാരിക്കാനും സഭയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും വൊക്കേഷൻ കഫെയും, പ്രാർത്ഥനയ്ക്കും അനുരഞ്ജന കൂദാശ സ്വീകരിക്കുവാനുമായി  'റീകൺസിലിയേഷൻ പാർക്ക്' എന്നിങ്ങനെയുള്ള പ്രത്യേക സൗകര്യങ്ങളും തദവസരത്തിൽ ഒരുക്കിയിരുന്നു.

കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് ഉത്ഭവിച്ച കൊറിയൻ സാംസ്കാരിക മൂല്യങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേള സംഘടിപ്പിച്ചത്.  വിശ്വാസികൾക്ക് പുറമെ ധാരാളം വിദേശികളും,  ഒരു മതത്തിലും വിശ്വസിക്കാത്തവരും  മേളയിൽ താൽപ്പര്യപൂർവ്വം പങ്കെടുത്തത് കൊറിയൻ സമൂഹത്തിൽ കത്തോലിക്കാ സംസ്കാരത്തിനുള്ള സ്വാധീനം വെളിപ്പെടുത്തുന്നു. വേനൽക്കാലത്തെ കഠിനമായ കാലാവസ്ഥയിൽ ലോക യുവജന സംഗമം എങ്ങനെ കാര്യക്ഷമമായി സംഘടിപ്പിക്കാം എന്നതിനെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കാൻ ഈ സംരംഭം  ഏറെ സഹായകരമായി.

നിലവിലെ കണക്കുകൾ പ്രകാരം ദക്ഷിണ കൊറിയൻ ജനസംഖ്യയുടെ 11 ശതമാനം മാത്രമാണ് കത്തോലിക്കർ എന്നതിനാൽ, 2027-ലെ ആഗോള യുവജന സംഗമം രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയും അതേസമയം തന്നെ സഭാ വളർച്ചയ്ക്കുള്ള വലിയൊരു അവസരവുമാണ്. ജനസംഖ്യയുടെ പകുതിയിലധികം പേരും ഔദ്യോഗികമായി ഒരു മതവിഭാഗത്തിലും പെടാത്ത കൊറിയയിൽ ഇത്തരമൊരു മഹാസംഗമം നടത്തുന്നത് ഏവരും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സുരക്ഷ, ഗതാഗതം, താമസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി സൗൾ മെട്രോപൊളിറ്റൻ കൗൺസിൽ പൊതുഫണ്ട് അനുവദിച്ചുകൊണ്ട് ഇതിനോടകം തന്നെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

10 ഓഗസ്റ്റ് 2026, 12:37