സെയൂത്തയിലെ കുടിയേറ്റ പ്രതിസന്ധി: മാനുഷിക പരിഗണന വേണമെന്ന് സ്‌പെയിനിലെ കത്തോലിക്കാ സഭ
വത്തിക്കാൻ ന്യൂസ്
ആഫ്രിക്കൻ തീരത്തോട് ചേർന്നുള്ള സ്‌പെയിൻ നഗരമായ സെയൂത്തയിലേക്ക് (Ceuta) വൻതോതിൽ കുടിയേറ്റക്കാർ എത്തുന്ന പശ്ചാത്തലത്തിൽ, ഇതിനെ കേവലം ഒരു കുടിയേറ്റ പ്രശ്നമായി കാണാതെ ഗുരുതരമായ 'മാനുഷിക പ്രതിസന്ധി'യായി പരിഗണിക്കണമെന്ന് സ്‌പെയിനിലെ കത്തോലിക്കാ സഭ ആവശ്യപ്പെട്ടു. സ്പാനിഷ് മെത്രാൻ സമിതിയിലെ കുടിയേറ്റവിഭാഗത്തിനായുള്ള ഡയറക്ടർ ഫാദർ ഫെർണാന്തോ റെദോന്തോ പാവോൺ ആണ് ഈ ആഹ്വാനം നടത്തിയത്.
നിയമങ്ങൾ പാലിച്ചുകൊണ്ടും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചുകൊണ്ടും വേണം ഈ പ്രതിസന്ധിയെ നേരിടാനെന്ന് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. നഗരത്തിൽ നിലവിൽ അസാധാരണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, നിയന്ത്രണാതീതമായ രീതിയിലാണ് ആളുകൾ അതിർത്തി കടന്നെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്പെയിനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കാദിസ്-സെയൂത്ത (Cádiz-Ceuta) രൂപത തങ്ങളുടെ പുനരധിവാസ കേന്ദ്രങ്ങൾ കുടിയേറ്റക്കാർക്കായി തുറന്നുകൊടുത്തു. രോഗികളും പരിക്കേറ്റവരുമായ ആളുകൾക്ക് ഇവിടെ പ്രത്യേക ചികിത്സയും പരിചരണവും നൽകിവരുന്നു. ഇതിനുപുറമെ, നഗരത്തിലെ ഇടവകകളിൽ ഈ വാരത്തിലെ വിശുദ്ധ കുർബാനകളിൽ ലഭിക്കുന്ന സ്തോത്രകാഴ്ചകൾ പൂർണ്ണമായും കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും രൂപത അറിയിച്ചു.
കുടിയേറ്റ പ്രതിസന്ധിയെ രാഷ്ട്രീയ മുതലെടുപ്പിനായോ വിഭാഗീയത സൃഷ്ടിക്കാനോ ഉപയോഗിക്കരുതെന്ന് ഫാദർ റെദൊന്തോ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു. സ്പെയിൻ സർക്കാർ നേരത്തെ നടപ്പിലാക്കിയ കുടിയേറ്റക്കാരുടെ നിയമവിധേയമാക്കൽ പ്രക്രിയയാണ് ഈ പുതിയ ഒഴുക്കിന് കാരണമെന്ന വാദങ്ങളെ അദ്ദേഹം നിരാകരിച്ചു. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സമാനമായ കുടിയേറ്റ പ്രവാഹം 2021-ലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, ഏത് പ്രതികരണവും മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിലൂന്നിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.