തിരയുക

ചടങ്ങിൽ നിന്നും ചടങ്ങിൽ നിന്നും  

ഫിലിപ്പീൻസിൽ കലപ്പാൻ രൂപത നിലവിൽ വന്നു

ഫിലിപ്പീൻസിലെ കലപ്പാൻ അപ്പോസ്തോലിക വികാരിയാത്തിനെ പൂർണ്ണരൂപതയായി ഉയർത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ മെത്രാനായി മോസ്റ്റ് റവ. മോയ്‌സസ് എം. ക്യൂയ്വാസിന്റെ സ്ഥാനാരോഹണവും നടന്നു

വത്തിക്കാൻ ന്യൂസ്

ഫിലിപ്പീൻസിലെ ഓറിയന്റൽ മിൻഡോറോയിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന മിഷണറി പ്രവർത്തനങ്ങൾക്ക് പുതിയ ചരിത്രനിയോഗമായി, കലപ്പാൻ അപ്പോസ്തോലിക വികാരിയാത്തിനെ  പൂർണ്ണരൂപതയായി ഉയർത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ മെത്രാനായി മോസ്റ്റ് റവ. മോയ്‌സസ് എം. ക്യൂയ്വാസിന്റെ സ്ഥാനാരോഹണവും നടന്നു. ഇതോടെ മിഷണറിമാരുടെ കീഴിലായിരുന്ന ഈ വിശ്വാസസമൂഹം സ്വയംഭരണാധികാരമുള്ള ഒരു പ്രാദേശിക സഭയായി മാറി.

കലപ്പാൻ സിറ്റിയിലെ സെന്റ് ബെനഡിക്ട് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ഫിലിപ്പീൻസിലെ വത്തിക്കാൻ സ്ഥാനപതിആർച്ച് ബിഷപ്പ് ചാൾസ് ജോൺ ബ്രൗൺ മുഖ്യകാർമ്മികത്വം വഹിച്ചു. കനത്ത മഴയ്ക്കും ചടങ്ങിനിടെ അനുഭവപ്പെട്ട 5.8 തീവ്രതയുള്ള ഭൂചലനത്തിനും ഇടയിലും നൂറുകണക്കിന് വിശ്വാസികൾ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒത്തുചേർന്നു.

1936-ൽ സൊസൈറ്റി ഓഫ് ഡിവൈൻ വേർഡ് (SVD) മിഷണറിമാരുടെ കീഴിൽ ആരംഭിച്ച സുവിശേഷ പ്രവർത്തനങ്ങളുടെ ഫലമാണ് പുതിയ രൂപതയുടെ രൂപീകരണം. രൂപതാ പദവി എന്നത് വെറുമൊരു ഭരണപരമായ മാറ്റമല്ലെന്നും, മറിച്ച് സുവിശേഷം കൂടുതൽ ആഴത്തിൽ പ്രചരിപ്പിക്കാനും ദരിദ്രരെയും തദ്ദേശീയരായ 'മാംഗ്യാൻ' ജനവിഭാഗത്തെയും സേവിക്കാനുമുള്ള വിളിയാണെന്നും ബിഷപ്പ് ക്യൂയ്വാസ് തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക നീതിക്കും സഭ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലപ്പാൻ രൂപതയുടെ സ്ഥാപനത്തോടെ ഫിലിപ്പീൻസിലെ കത്തോലിക്കാ സഭയിൽ രൂപതകളുടെ എണ്ണം 60 ആയി ഉയർന്നു. ഭൂപ്രകൃതിപരമായ വെല്ലുവിളികളെ അതിജീവിച്ച് ദ്വീപ് സമൂഹങ്ങളിൽ വിശ്വാസത്തിന്റെ വിത്തുകൾ പാകിയ മിഷണറിമാരുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പുതിയൊരു അധ്യായത്തിനാണ് ഈ രൂപതാസ്ഥാപനത്തോടെ നാന്ദി കുറിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

08 ഓഗസ്റ്റ് 2026, 10:08