നൈജീരിയയിൽ കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മനുഷ്യക്കുരുതികളുടെ പരമ്പരയിൽ, നൈജീരിയയിൽ ഒരു വൈദികൻ കൂടി ഇരയായി. ജൂലൈ മാസം ഇരുപത്തിയൊമ്പതാം തീയതിയാണ്, നൈജീരിയയിലെ കൊഗി സ്റ്റേറ്റിൽ വൈദികനായ ഫാ. സാമുവൽ ഒപേയെമി ഒയെറ്റോറോയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റോഡരികിൽ പതിയിരുന്നാണ്, വാളു കൊണ്ട് വെട്ടി ഫാ. സാമുവേലിനെ കൊലപ്പെടുത്തിയത്.
2026 ജൂലൈ 29 ബുധനാഴ്ചയാണ് ഫാ. സാമുവൽ കൊല്ലപ്പെട്ടതെന്ന് ലോക്കോജ (Lokoja) രൂപത പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. അജോകുട്ടയിലെ ചർച്ച് റോഡരികിൽ ഒരാളെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതായി ജൂലൈ 29 9:30-ഓടെ പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തലയ്ക്ക് മാരകമായ വെട്ടേറ്റ നിലയിലായിരുന്നു വൈദികനെ കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹത്തെ എ.എസ്.സി.എൽ (ASCL) ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ആയറ്റോറോ ഗ്ബെഡെയിലുള്ള (Ayetoro Gbede) സെന്റ് പോൾസ് ഇടവക വികാരിയായ ഫാ. സാമുവൽ ഒപേയെമി ആണെന്ന് തിരിച്ചറിഞ്ഞത്. ഫാ. സാമുവലിന്റെ വിയോഗത്തിൽ ലോക്കോജ രൂപത അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരേതനായ വൈദികന് വേണ്ടി പ്രാർത്ഥിക്കാനും അദ്ദേഹത്തിന്റെ കുടുംബത്തിനും രൂപതയ്ക്കും വേണ്ടി പ്രാർത്ഥനകളിൽ ഒത്തുചേരാനും പത്രക്കുറിപ്പിൽ വിശ്വാസികളോടും വൈദികരോടും അഭ്യർത്ഥിച്ചു.
കൊഗി സ്റ്റേറ്റ് ഗവർണർ അഹമ്മദ് ഒഡോഡോ സംഭവത്തെ ശക്തമായി അപലപിച്ചു. വൈദികന്റെ കൊലപാതകം അങ്ങേയറ്റം ക്രൂരവും അംഗീകരിക്കാനാവാത്തതുമായ നടപടിയാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.