"ദുരന്തത്തിന്റെ ഇരുളിലും ദൈവം പുതിയ പ്രഭാതം കൊണ്ടുവരും", പ്രത്യാശയോടെ ഇന്തോനേഷ്യൻ മെത്രാൻ
ഫാ. കാസ്മിർ നേമാ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്
ഇന്തോനേഷ്യയിലെ ഫ്ലോറെസ് ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പം വലിയ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 53 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 5,900-ലധികം ആളുകൾ അഭയാർത്ഥികളാകുകയും ചെയ്തു. 900-ഓളം വീടുകൾ പൂർണ്ണമായും തകർന്നു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച റുട്ടെങ് രൂപതയുടെ മെത്രാൻ, സിപ്രിയാനസ് ഹോർമാറ്റ് വത്തിക്കാൻ മാധ്യമങ്ങളോട് സംസാരിക്കവെ, വലിയ വേദനയുടെ ഈ നിമിഷത്തിലും ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാൻ ഇന്തോനേഷ്യൻ ജനതയ്ക്ക് സാധിക്കുമെന്നും, ഭൂകമ്പത്തിന്റെ ഇരുളിൽ ദൈവം തീർച്ചയായും ഒരു പുതിയ പ്രഭാതം കൊണ്ടുവരുമെന്നും പറഞ്ഞു.
കത്തോലിക്കാ സഭയും കാരിത്താസ് ഇന്തോനേഷ്യയും ചേർന്ന് 'ഒരു സഭ, ഒരു പ്രതികരണം' (One Church, One Response) എന്ന ലക്ഷ്യത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. താൽക്കാലിക കൂടാരങ്ങൾ നിർമ്മിക്കുകയും കുടിവെള്ളവും ഭക്ഷണവും ശുചിത്വ കിറ്റുകളും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഭൂകമ്പത്തിൽ കത്തോലിക്കാ ദേവാലയങ്ങൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. റുട്ടെങ്ങിലെ കത്തീഡ്രൽ ഉൾപ്പെടെ 50-ലധികം പള്ളികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഐമേരെയിലെ ഒരു പള്ളി പൂർണ്ണമായി തകരുകയും ചെയ്തു. തുടർച്ചയായ ചലനങ്ങൾ ഭയന്ന്, പള്ളികൾക്കുള്ളിൽ കുർബാന നടത്തുന്നത് ഒഴിവാക്കാനും സുരക്ഷിതമായ തുറസ്സായ സ്ഥലങ്ങൾ ഉപയോഗിക്കാനും മെത്രാൻ നിർദ്ദേശിച്ചിട്ടുണ്ട്. വൈദ്യുതി തടസ്സവും ആശയവിനിമയ സൗകര്യങ്ങളുടെ അഭാവവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ടെങ്കിലും സഭയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ സജീവമായി തുടരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.