തിരയുക

മിഷനറീസ് ഓഫ് ചാരിറ്റി സഹോദരിമാർ മിഷനറീസ് ഓഫ് ചാരിറ്റി സഹോദരിമാർ   (AFP or licensors)

പശ്ചിമ ബംഗാളിൽ ക്രൈസ്തവർക്ക് നേരെ ആക്രമണവും ഭീഷണിയും വർദ്ധിക്കുന്നു

പശ്ചിമ ബംഗാളിൽ ക്രൈസ്തവ മിഷനറിമാർക്കും ആരാധനാലയങ്ങൾക്കും നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണങ്ങളും ഭീഷണികളും തുടരുന്നു. ജൂലൈ പകുതിയോടെ സലേഷ്യൻ സഭയിലെ സമർപ്പിത സഹോദരങ്ങളെ ലക്ഷ്യം വെച്ച് നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ, ജൂലൈ 31-നും ഓഗസ്റ്റ് 1-നുമാണ് പുതിയ അനിഷ്ടസംഭവങ്ങൾ ഉണ്ടായിരിക്കുന്നത്

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇന്ത്യയിലെ പശ്ചിമ ബംഗാളിൽ സാധാരണക്കാർക്കിടയിൽ പ്രേഷിതപ്രവർത്തനം നടത്തുന്ന ക്രൈസ്തവർക്കെതിരെ തുടർച്ചയായി അക്രമങ്ങൾ അഴിച്ചുവിടുന്നത്, മതസൗഹാർദ്ദ സമൂഹത്തിനു ഏറെ മുറിവുകൾ ഏൽപ്പിക്കുന്നു. ജൂലൈ പകുതിയോടെ സലേഷ്യൻ സഭയിലെ സമർപ്പിത സഹോദരങ്ങളെ   ലക്ഷ്യം വെച്ച് നടന്ന ആക്രമണങ്ങൾക്ക് പിന്നാലെ, ജൂലൈ 31-നും ഓഗസ്റ്റ് 1-നുമാണ് പുതിയ അനിഷ്ട സംഭാവനകൾ ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 1 ന്, നസാത്തിലെ സെന്റ് ക്ലാരറ്റ്സ് കത്തോലിക്കാ ദേവാലയത്തിൽ ഇരച്ചെത്തിയ ഒരു കൂട്ടം അക്രമികൾ  മുൻകാരണമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. ആരാധനാലയം വിട്ടുപോകാൻ ഇടവക വൈദികന്  ഏഴ് ദിവസത്തെ അന്ത്യശാസനം നൽകികൊണ്ടുള്ള ഭീഷണിയും അവർ മുഴക്കി. വി എച്ച് പി നേതാവെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട്, കാവിവസ്ത്ര ധാരിയായ ഒരാളുടെ നേതൃത്വത്തിലാണ് അക്രമി സംഘം എത്തിയത്.

പ്രദേശം വിട്ടുപോകണമെന്നും അല്ലെങ്കിൽ "വിനാശകരമായ പ്രത്യാഘാതങ്ങൾ" നേരിടേണ്ടിവരുമെന്നും ഭീഷണി മുഴക്കിയതായി ഇടവക വികാരി ഫാ. അനുജ് ഹെംബ്രോം പറഞ്ഞു. "അമേരിക്കയിലേക്കോ ന്യൂസിലൻഡിലേക്കോ പോകൂ!" എന്നും അക്രമികൾ ആക്രോശിച്ചതായി വികാരി പങ്കുവച്ചു. അതേസമയം ഈ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് , പോലീസിനോട് അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ചുവെങ്കിലും,  ആദ്യമണിക്കൂറിൽ പുരോഹിതനെയും ആരാധനാലയത്തെയും സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ലെന്നും,  തുടർന്ന്, സംസ്ഥാനത്തെ പ്രധാന ക്രിസ്ത്യൻ സംഘടനയുടെ ഇടപെടലിലാണ്, സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതെന്നും ഏഷ്യാ ന്യൂസ് റിപ്പോർട്ട് ചെയ്തു.

"വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അജപാലന പ്രവർത്തനങ്ങൾ എന്നിവയിലൂടെ വർഷങ്ങളായി നാസാത്ത് മേഖലയിലെ ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും, നിയമവും ഭരണഘടനയും പൂർണ്ണമായും പാലിച്ചുകൊണ്ട് സേവിച്ചവരാണ്, ക്ലരീഷ്യൻ വൈദികർ. ഇവർക്കെതിരെ നടത്തിയ ആക്രമണങ്ങൾ ഒരിക്കലും ന്യായീകരിക്കുവാൻ ആകാത്തതാണെന്നും, ഇത് ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണെന്നും ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എ.ഐ.സി.യു) മുൻ ദേശീയ പ്രസിഡന്റ് യൂജിൻ ഗോൺസാൽവസ് എടുത്തു പറഞ്ഞു.

"മിഷനറിമാരുടെ നിസ്വാർത്ഥ സേവനങ്ങളെ അംഗീകരിക്കുന്നതിന് പകരം അവരെ ഉപദ്രവിക്കുകയാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്. ക്രൈസ്തവ സമൂഹത്തെ ഭയപ്പെടുത്താനാണ് ഇവരുടെ ശ്രമം. എന്നാൽ ഞങ്ങൾ വിശ്വാസത്തിൽ ഉറച്ചുനിൽക്കും, ഭീഷണികൾക്ക് മുന്നിൽ ഭയപ്പെടില്ല," എന്ന് ബറുയിപൂരിലെ മെത്രാൻ മോൺസിഞ്ഞോർ ശ്യാമൾ ബോസും ഏഷ്യാ ന്യൂസിനോട് പങ്കുവച്ചു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

04 ഓഗസ്റ്റ് 2026, 12:06