മതങ്ങൾ തമ്മിലുള്ള സംവാദം ആധുനിക യുഗത്തിന്റെ ആവശ്യമാണ്: കർദിനാൾ കൂവക്കാട്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഒരു ആദർശ സമൂഹത്തിന് ക്രിസ്തുമതത്തിന്റെയും കൺഫ്യൂഷ്യനിസത്തിന്റെയും സംഭാവനയെക്കുറിച്ചുള്ള സംവാദം ആഗസ്റ്റ് മാസം 4, 5 തീയതികളിൽ ദക്ഷിണ കൊറിയയിലെ, സെയൂളിലുള്ള സോഗാങ് സർവകലാശാലയിൽ വച്ച് നടക്കുന്നു. കൊറിയയിലെ കത്തോലിക്കാ മെത്രാൻ സമിതി, സോഗാങ് സർവകലാശാല, കൊറിയൻ കൺഫ്യൂഷ്യൻ അക്കാദമി എന്നിവയുമായി ചേർന്ന് വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
"വിദ്യാഭ്യാസം, ധാർമ്മിക രൂപീകരണം, സമാധാന നിർമ്മാണം" എന്നീ മേഖലകളിലെ സഹകരണമാണ് ഈ പ്രഥമ സംവാദത്തിന്റെ ലക്ഷ്യം. വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് മുഖ്യ പ്രഭാഷണം നടത്തി. "പുതിയ ആകാശവും പുതിയ ഭൂമിയും, ദാതോങ് (മഹത്തായ ഐക്യം): ഉദാത്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ക്രൈസ്തവ-കൺഫ്യൂഷ്യൻ സംവാദം" എന്നതായിരുന്നു ഈ സംഗമത്തിന്റെ മുഖ്യ പ്രമേയം. ഇരു പാരമ്പര്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖയുടെ കരട് അവതരിപ്പിച്ചുകൊണ്ടാണ് ഈ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് തുടക്കമായത്.
തങ്ങളുടെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ ആധുനിക ലോകത്തിലെ വെല്ലുവിളികളെ സർഗ്ഗാത്മകമായി നേരിടാൻ മതങ്ങൾ തയ്യാറാകണമെന്ന് കർദിനാൾ തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ക്രൈസ്തവ ദർശനത്തിലെ 'പുതിയ ആകാശവും പുതിയ ഭൂമിയും', കൺഫ്യൂഷ്യൻ പാരമ്പര്യത്തിലെ 'മഹത്തായ ഐക്യവും' (ദാതോങ്) തമ്മിലുള്ള സമാനതകൾ അദ്ദേഹം ചർച്ച ചെയ്തു. അടിച്ചമർത്തലുകൾക്കും പ്രതിസന്ധികൾക്കും ഇടയിൽ പ്രത്യാശയുടെ കിരണങ്ങളായി ഉയർന്നുവന്ന ഈ രണ്ട് ദർശനങ്ങളും നീതിയും സമാധാനവും പുലരുന്ന ഒരു ഉത്തമ സമൂഹത്തെയാണ് വിഭാവനം ചെയ്യുന്നതെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു.
യുദ്ധങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ എന്നിവയാൽ വലയുന്ന ഇന്നത്തെ ലോകത്ത് മതങ്ങൾ തമ്മിലുള്ള സംവാദം കേവലശാസ്ത്രീയമായ ചർച്ചയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ ദർശനം ദൈവീകമായ നവീകരണത്തിലൂടെയും, ക്രിസ്തുവിലൂടെയുള്ള വീണ്ടെടുപ്പിലൂടെയും ലോകത്തെ ദർശിക്കുമ്പോൾ, കൺഫ്യൂഷ്യൻ ദർശനം ധാർമ്മികമായ വ്യക്തിജീവിതത്തിലൂടെയും ഭരണക്രമത്തിലൂടെയുമാണ് സാമൂഹിക ഐക്യം ലക്ഷ്യമിടുന്നതെന്നു കർദിനാൾ കൂവക്കാട് പറഞ്ഞു. ഈ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യത്വത്തിന്റെയും പൊതുനന്മയുടെയും കാര്യത്തിൽ ഇരുപക്ഷവും ഒരേ ലക്ഷ്യമാണ് പങ്കുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വാസികളും അവിശ്വാസികളും ലോകത്തിന്റെ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനവും കർദിനാൾ തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു. സഭ എന്നും സംഭാഷണത്തിന്റെ പാതയിലാണ്. സഹോദര്യവും നീതിയും സംരക്ഷിക്കുന്നതിനായി വിവിധ മതങ്ങൾ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുംദിവസങ്ങളിൽ നടക്കുന്ന ചർച്ചകൾ കൂടുതൽ ഗഹനമായ പഠനങ്ങളിലേക്കും സൗഹൃദത്തിലേക്കും വഴിതുറക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
"ദൈവത്തിന്റെ മക്കളായി വിളിക്കപ്പെടുന്ന ഒരു സത്തയെന്ന നിലയിൽ ഓരോ മനുഷ്യ വ്യക്തിയോടുമുള്ള ബഹുമാനത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത മതങ്ങൾ സാഹോദര്യം കെട്ടിപ്പടുക്കുന്നതിനും സമൂഹത്തിൽ നീതി സംരക്ഷിക്കുന്നതിനും ഗണ്യമായ സംഭാവന നൽകുന്നുവെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പശ്ചാത്തലത്തിൽ സാർവത്രിക സഭ പതിറ്റാണ്ടുകളായി പിന്തുടരുന്ന പാതയോടുള്ള തങ്ങളുടെ പൂർണ്ണ പ്രതിബദ്ധത ഇന്ന് ഒരുമിച്ച് പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു." എന്ന കർദിനാൾ സംഘത്തോടുള്ള ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും കർദിനാൾ കൂവക്കാട് ഉദ്ധരിച്ചു.
ഈ സംവാദം കേവലം ആശയങ്ങളുടെ കൈമാറ്റമല്ല, മറിച്ച് സുസ്ഥിരമായ സൗഹൃദത്തിന്റെ തുടക്കമാണെന്ന് കർദിനാൾ ഓർമ്മിപ്പിച്ചു. ലോകത്ത് കാരുണ്യവും ഐക്യവും വളർത്തുന്നതിനും, വരുംതലമുറയ്ക്കായി കൂടുതൽ നീതിയുള്ള ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും ക്രൈസ്തവരും, കൺഫ്യൂഷ്യൻ വിശ്വാസികളും കൈകോർക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യകുടുംബത്തിന്റെ ഐക്യത്തിനും ലോകസമാധാനത്തിനുമായി ഇത്തരത്തിലുള്ള ഒത്തുചേരലുകൾ അത്യാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കർദിനാൾ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.