ലൈംഗികാതിക്രമം അരുത് ലൈംഗികാതിക്രമം അരുത് 

ഓസ്‌ട്രേലിയ: ബിഷപ്പ് സോണ്ടേഴ്‌സ് ഉൾപ്പെട്ടെ ലൈംഗികാതിക്രമക്കേസിൽ ദുഃഖം രേഖപ്പെടുത്തി ബിഷപ്പ് നോർട്ടൺ

ബ്രൂം രൂപതയുടെ മുൻ അദ്ധ്യക്ഷൻ ബിഷപ് ക്രിസ്റ്റഫർ സോണ്ടേഴ്‌സ് ഉൾപ്പെട്ട ലൈംഗികാതിക്രമക്കേസിൽ ദുഃഖം രേഖപ്പെടുത്തിയും ഇരകൾക്ക് പിന്തുണ അറിയിച്ചും പുതിയ രൂപതാദ്ധ്യക്ഷൻ ബിഷപ് തിമോത്തി നോർട്ടൺ. സഭയിൽ ഏവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ബിഷപ് സോണ്ടേഴ്‌സ് കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച കോടതി വിധിച്ചിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഓസ്‌ട്രേലിയയിലെ ബ്രൂം (Broome) രൂപതയുടെ മുൻ അദ്ധ്യക്ഷനായിരുന്ന ബിഷപ് ക്രിസ്റ്റഫർ സോണ്ടേഴ്‌സ് (Bishop Christopher Saunders) ലൈംഗികാതിക്രമക്കേസുകളിൽ കുറ്റക്കാരനായി വിധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രസ്താവനയിറക്കി രൂപതാദ്ധ്യക്ഷൻ ബിഷപ് തിമോത്തി നോർട്ടൺ (Bishop Timothy Norton). കേസുമായി ബന്ധപ്പെട്ട ഇരകൾക്കും അതിജീവിതർക്കും പിന്തുണ അറിയിച്ച ബിഷപ് നോർട്ടൺ, സഭ ഏവർക്കും സുരക്ഷിതമായ ഒരിടമാക്കി മാറ്റുന്നതിനും, സഭാംഗങ്ങൾ തങ്ങളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ജില്ലാ കോടതി ഓഗസ്റ്റ് 13 വ്യാഴാഴ്ച ബിഷപ് സോണ്ടേഴ്സിനെ, തദ്ദേശീയരായ (aborigin) രണ്ട് യുവാക്കൾക്കെതിരെ ഉണ്ടായതെന്ന് ആരോപിക്കപ്പെടുന്ന പതിമൂന്ന് ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് കുറ്റ്യാക്കാരനായി വിധിച്ചിരുന്നു. 2008 മുതൽ 2019 വരെയുള്ള കാലയളവുകളിൽ നടന്നതെന്ന് കരുതപ്പെടുന്ന കുറ്റകൃത്യങ്ങളിലാണ് 74-കാരനായ ബിഷപ്പ് സോണ്ടേഴ്‌സ് വിധിക്കപ്പെട്ടത്. അതേസമയം, 1996 മുതൽ 2021 വരെ ബ്രൂം രൂപതാദ്ധ്യക്ഷനായിരുന്ന അദ്ദേഹം ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

കിമ്പർലി പ്രദേശത്തെ വിശ്വാസികൾക്കായി പുറപ്പെടുവിച്ച ഒരു ഇടയലേഖനത്തിലൂടെ, വിധി അംഗീകരിച്ച ബിഷപ് നോർട്ടൺ, ഈ കേസ് കോടതിക്ക് മുന്നിലെത്തിച്ച അധഃകൃതർക്ക് നന്ദി പറഞ്ഞു. സംഭവങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ടുവരാനും സത്യം തുറന്നുപറയാനും ധൈര്യം കാണിച്ച ഇരകളെയും, അതിജീവിതരെയും, സാക്ഷികളെയും അദ്ദേഹം അഭിനന്ദിച്ചു.

സഭ സുരക്ഷിതമായ ഇടമാണെന്ന് ഉറപ്പാക്കുമെന്ന വാഗ്ദാനം

ഈ ലൈംഗികാതിക്രമക്കേസ്‌ രൂപതയിലെ ആളുകൾക്കിടയിലെ വിശ്വാസവും ബന്ധങ്ങളും തകർത്തതായി ചൂണ്ടിക്കാട്ടിയ ബിഷപ് നോർട്ടൺ, രൂപതയുടെ എല്ലായിടങ്ങളും സുരക്ഷിതത്വവും, പരസ്പരബഹുമാനവും, ഉത്തരവാദിത്വപൂർണ്ണമായ പ്രവർത്തനങ്ങളും ഉള്ളവയാണെന്നും ഉറപ്പാക്കാനായി താൻ പരിശ്രമിക്കുമെന്ന് ഉറപ്പു നൽകി.

ഈ സംഭവത്തിൽ ഇത്രയും കാലതാമസം നേരിട്ടതിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, താൻ രൂപതയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുമെന്നും, ആളുകളുടെ ദുഃഖങ്ങളും ആശങ്കകളും കേൾക്കാനായി പരിശ്രമിക്കുമെന്നും അറിയിച്ചു. അനുരഞ്ജനത്തിന്റെയും സൗഖ്യത്തിന്റെയും പ്രത്യാശയുടെയും യാത്ര തുടരാൻ, രൂപതയുടെ സ്വർഗ്ഗീയമദ്ധ്യസ്ഥയായ "സമാധാനത്തിന്റെ രാജ്ഞിയുടെ" സഹായം അപേക്ഷിക്കുന്നുവെന്നും അദ്ദേഹം എഴുതി. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

14 ഓഗസ്റ്റ് 2026, 13:45