തിരയുക

യേശുവും, ശിഷ്യരും യേശുവും, ശിഷ്യരും  

ക്രിസ്തുവിൽ വസിക്കുക എന്നാൽ അവിടുത്തെ വചനത്തിൽ നിലനിൽക്കുക എന്നാണ് അർത്ഥം

സീറോ മലബാർ സഭ ആരാധനാക്രമം, കൈത്താക്കാലം രണ്ടാം ഞായറാഴ്ച്ചയിലെ വചന ഭാഗങ്ങളെ ആധാരമാക്കിയ വചന വിചിന്തനം. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, പതിനഞ്ചാം അധ്യായം, ഒന്ന് മുതൽ എട്ടു വരെയുള്ള തിരുവചനങ്ങളാണ് സുവിശേഷഭാഗം.
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഈശോമിശിഹായിൽ ഏറെ പ്രിയപ്പെട്ട സഹോദരങ്ങളേ,

ആരാധന ക്രമ വത്സരത്തിലെ കൈത്താക്കാലത്തിലാണ് നാം ആയിരിക്കുന്നത്. ‘കൈത്ത’ എന്ന പദത്തിന്റെ അര്‍ത്ഥം ‘വേനല്‍’ എന്നാണ്. വേനല്‍ക്കാലത്താണല്ലോ വിളവെടുപ്പും ഫലശേഖരണവും നടത്തുക. ശ്ലീഹാക്കാലത്തെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടപ്പെട്ട സഭാതരു വളര്‍ന്നു പന്തലിച്ചു ഫലം പുറപ്പെടുവിക്കുന്നതിനെയാണ് ഈ കാലം നമ്മെ ഓർമ്മിപ്പിക്കുക. അതുകൊണ്ട് ഈ കാലം “സഭയുടെ വളര്‍ച്ചയുടെ” കാലമായി പരിഗണിക്കപ്പെടുന്നു. സഭയുടെ വളര്‍ച്ച, ഭൗതീകമായ ഒരു വികസനമല്ല, മറിച്ച്, അത് ലോകത്തില്‍ മിശിഹായ്‌ക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തികളുടെ ജീവിതമാണ്. അതിനാൽ, സഭയിൽ കർത്താവിനു സാക്ഷ്യം വഹിച്ച വിശുദ്ധരെ ഈ കാലഘട്ടം ഓർമ്മിക്കുന്നതോടൊപ്പം, അപ്രകാരം നമ്മുടെ ജീവിതവും ഒരു സാക്ഷ്യമായി സമർപ്പിക്കുവാൻ, ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

 ഇന്ന് തിരുസഭ നമ്മുടെ വിചിന്തനത്തിനായി നൽകിയിരിക്കുന്ന വചനഭാഗങ്ങളും, അപ്രകാരം, ഓരോ ക്രൈസ്തവന്റെയും ജീവിതത്തിന്റെ അടിസ്ഥാനശിലകളെക്കുറിച്ചാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ദൈവവുമായുള്ള അഭേദ്യമായ ബന്ധം, അവിടുത്തെ കൽപ്പനകളോടുള്ള അനുസരണം, വിശ്വാസത്തിൽ വളരാൻ ആവശ്യമായ വിനയം എന്നിവയാണ് ഇന്നത്തെ വായനകളുടെ പ്രധാന സന്ദേശങ്ങൾ.

 പഴയനിയമത്തിലെ വായനകൾ  ദൈവഭക്തിയുടെയും അനുസരണത്തിന്റെയും ഫലങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിക്കുമ്പോൾ, ഒരു ഉപമയിലൂടെ ക്രിസ്തുവിൽ വസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  സുവിശേഷവും, വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ ലേഖനവും നമ്മെ പഠിപ്പിക്കുന്നു.

നിയമാവർത്തന പുസ്തകത്തിലെ വചനങ്ങൾ ഒരു വലിയ ഉടമ്പടിയുടെ പ്രഖ്യാപനമാണ്. ദൈവം തന്റെ ജനത്തിന് നൽകുന്ന വാഗ്ദാനങ്ങൾ ഇവിടെ നാം ശ്രവിക്കുന്നു. ദൈവത്തിന്റെ വചനം കേട്ട് അവിടുത്തെ കൽപ്പനകൾ സൂക്ഷ്മമായി പാലിക്കുന്ന ഒരുവന് ലഭിക്കുന്ന അനുഗ്രഹങ്ങൾ വിവരണാതീതമാണ്. ഈ അനുഗ്രഹങ്ങൾ കേവലം ആത്മീയ മണ്ഡലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നവയല്ല, മറിച്ച് നമ്മുടെ ലൗകിക ജീവിതത്തിന്റെ എല്ലാ തുറകളെയും അത് സ്പർശിക്കുന്നു. നഗരത്തിലും, വയലിലും, നമ്മുടെ പ്രവൃത്തികളിലും, സന്തതിപരമ്പരകളിലും ദൈവത്തിന്റെ കരം ഉണ്ടാകുമെന്ന ഉറപ്പാണ് വചനം നൽകുന്നത്. "നിന്റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും" എന്ന വരികളിലൂടെ നമ്മുടെ അധ്വാനത്തിന്റെ ഫലവും ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും ദൈവത്തിന്റെ കരുണയിൽ സുരക്ഷിതമായിരിക്കുമെന്ന് നാം മനസ്സിലാക്കുന്നു.

ദൈവത്തോടുള്ള അനുസരണത്തിന്റെ ഒരു ജീവിതവും ഇവിടെ എടുത്തു കാണിക്കുന്നു. ഒരുപക്ഷെ ആധുനികലോകം തെറ്റിദ്ധരിപ്പിച്ചു ഒരു വാക്കാണ്, അനുസരണം എന്നുള്ളത്. അപരനെ അനുസരിക്കുന്നതിലൂടെ ഒരുവന്റെ വ്യക്തിത്വം നഷ്ടപ്പെടുന്നുവെന്നു ലോകം നമുക്ക് പറഞ്ഞു തരുന്നു. എന്നാൽ, ആത്മീയ ജീവിതത്തിൽ, അനുസരണം എന്നത് ദൈവത്തോടുള്ള അടിമത്തമല്ല, മറിച്ച് അവിടുത്തെ സംരക്ഷണവലയത്തിനുള്ളിൽ സുരക്ഷിതമായിരിക്കാനുള്ള മാർഗ്ഗമാണ്. നാം ദൈവത്തെ അനുസരിക്കുമ്പോൾ അവിടുന്ന് നമ്മെ ലോകത്തിന്റെ മുൻപിൽ വിശുദ്ധ ജനമായി ഉയർത്തുന്നു. നമ്മുടെ ശത്രുക്കൾ ഒരു വഴിയിലൂടെ വരികയും ഏഴു വഴിയിലൂടെ ചിതറി ഓടുകയും ചെയ്യും എന്നത് ദൈവത്തിന്റെ ശക്തമായ കാവലിനെ സൂചിപ്പിക്കുന്നു. നാം ദൈവത്തിന്റെ കൽപ്പനകളിൽ നിന്ന് ഇടംവലം വ്യതിചലിക്കാതെ നടക്കുമ്പോൾ, ദൈവം തന്റെ വിശിഷ്ട ഭണ്ഡാഗാരമായ ആകാശം തുറന്ന് തക്കസമയത്ത് മഴ പെയ്യിക്കുമെന്നും നമ്മുടെ പ്രയത്നങ്ങളെല്ലാം സഫലമാക്കുമെന്നും വചനം വാഗ്ദാനം ചെയ്യുന്നു.

രണ്ടാം വായനയിൽ, പ്രഭാഷകന്റെ പുസ്തകം ഈ ചിന്താഗതിയെ ഒന്നുകൂടി ആഴപ്പെടുത്തുന്നു. ലോകം ബഹുമാനത്തെ അളക്കുന്നത് പലപ്പോഴും അധികാരത്തിന്റെയോ ധനത്തിന്റെയോ പാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തിലാണ്. എന്നാൽ ദൈവത്തിന്റെ അളവുകോൽ വ്യത്യസ്തമാണ്. ഏതു വർഗ്ഗമാണ് ബഹുമാനത്തിന് അർഹതയുള്ളത് എന്ന ചോദ്യത്തിന് "ദൈവഭക്തിയുള്ളവർ" എന്നാണ് വചനം മറുപടി നൽകുന്നത്. കർത്താവിനെ ഭയപ്പെടുകയും അവിടുത്തെ കൽപ്പനകൾ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥത്തിൽ ബഹുമാന്യൻ എന്ന് വ്യക്തമാക്കുന്നു.

 ഇവിടെ 'ദൈവഭയം' എന്നത് അവിടുത്തെ ശിക്ഷയെക്കുറിച്ചുള്ള പേടിയല്ല, മറിച്ച് അവിടുത്തെ സ്നേഹത്തിന്, നമ്മുടെ പാപങ്ങൾ  മുറിവേൽപ്പിക്കുമോ എന്ന ഭക്തിപൂർവ്വമായ കരുതലാണ്. ഒരു ദരിദ്രൻ ബുദ്ധിമാനാണെങ്കിൽ അവനെ നിന്ദിക്കരുത് എന്നും ഒരു പാപി ബഹുമാന്യനായി കാണപ്പെട്ടാലും അവനെ ആദരിക്കരുത് എന്നും പ്രഭാഷകൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ഭരണാധികാരികളും പ്രഭുക്കളും സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്നുണ്ടാകാം, എന്നാൽ ദൈവഭക്തനായ ഒരു മനുഷ്യനോളം ശ്രേഷ്ഠത അവർക്കില്ല എന്നത് വചനം എടുത്തു പറയുന്നു.  വിനയത്തോടും ദൈവഭക്തിയോടും കൂടി ജീവിക്കുന്നവൻ മാത്രമേ യഥാർത്ഥ മഹത്വം ആർജിക്കുന്നുള്ളൂ. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു ദൈവമായിരിക്കണം എന്ന വലിയ സത്യമാണ് ഇത് വെളിപ്പെടുത്തുന്നത്.

വിശുദ്ധ പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ ഒലിവുമരത്തിന്റെ മനോഹരമായ ഒരു ചിത്രം അവതരിപ്പിക്കുന്നുണ്ട്. തായ്തണ്ടായ ഇസ്രായേൽ ജനതയിൽ നിന്ന് ചില ശാഖകൾ അവരുടെ അവിശ്വാസം നിമിത്തം മുറിച്ചുമാറ്റപ്പെട്ടു. കാട്ടൊലിവിൻ ചില്ലകളായ നമ്മെ  ദൈവം തന്റെ കരുണയാൽ ആ തായ്തണ്ടിൽ ഒട്ടിച്ചുചേർത്തു. ഇത് നമ്മുടെ യോഗ്യതകൊണ്ടു ലഭിച്ചതല്ല, മറിച്ച് ദൈവത്തിന്റെ വലിയ കൃപയാണ്. അതുകൊണ്ട് തന്നെ, നാം ഒരിക്കലും അഹങ്കരിക്കരുത് എന്ന് പൗലോസ് അപ്പസ്തോലൻ മുന്നറിയിപ്പ് നൽകുന്നു.

നാം വേരിനെ താങ്ങുകയല്ല, മറിച്ച് വേര് നമ്മെയാണ് താങ്ങുന്നത്. നമ്മുടെ വിശ്വാസജീവിതം നിലനിൽക്കുന്നത് യേശുക്രിസ്തുവാകുന്ന വേരിൽ നിന്നുള്ള ജീവരസം വലിച്ചെടുത്തുകൊണ്ടാണ്. അഹങ്കാരം വെടിഞ്ഞ് ഭയഭക്തിയോടെ വർത്തിക്കാൻ വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും ഒരേപോലെ ഗൗരവത്തോടെ കണ്ടുകൊണ്ട്, ദൈവകൃപയിൽ നിലനിന്നാൽ അവിടുന്ന് കാരുണ്യം കാണിക്കും, എന്നാൽ അവിശ്വാസത്തിലേക്ക് തിരിഞ്ഞാൽ മുറിച്ചുമാറ്റപ്പെടുമെന്ന സത്യം നാം മറക്കരുതെന്നും അപ്പസ്തോലൻ നമ്മെ ഓർമ്മിപ്പിക്കുന്നു.  അതേസമയം, അവിശ്വാസത്തിൽ തുടരാത്തവരെ വീണ്ടും ഒട്ടിച്ചുചേർക്കാൻ ദൈവത്തിന് കഴിയും എന്ന പ്രത്യാശയും പൗലോസ് അപ്പസ്തോലൻ നൽകുന്നുണ്ട്. ഇത് ദൈവത്തിന്റെ സ്നേഹത്തിന്റെയും കരുണയുടെയും അതിരറ്റ ആഴത്തെയാണ് കാണിക്കുന്നത്. ഇതിനെയാണ് മാനസാന്തരത്തിന്റെ അനുഭവം എന്നൊക്കെ നാം വിളിക്കുന്നതും, സാക്ഷ്യം വഹിക്കുന്നതും.

ഈ മൂന്ന് വായനകളുടെയും പൂർത്തീകരണമാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നാം കാണുന്നത്. യേശു സ്വയം വിശേഷിപ്പിക്കുന്നത് 'സാക്ഷാൽ മുന്തിരിച്ചെടി' എന്നാണ്. പിതാവ് കൃഷിക്കാരനും നാം ശാഖകളുമാണ്. ഒരു മുന്തിരിച്ചെടിയും അതിലെ ശാഖകളും തമ്മിലുള്ള അവിഭാജ്യമായ ബന്ധമാണ് ക്രൈസ്തവ ജീവിതത്തിന്റെ അന്തസ്സത്ത. ശാഖയ്ക്ക് ചെടിയിൽ നിന്ന് വേർപെട്ട് സ്വന്തമായി ഫലം പുറപ്പെടുവിക്കാൻ സാധിക്കില്ല. അതുപോലെ ക്രിസ്തുവിൽ നിന്ന് വേർപെട്ട ഒരു ജീവിതം ആത്മീയമായി നിർജീവമാണ്. അത് ഉണങ്ങിപ്പോവുകയും അവസാനം തീയിലിട്ട് ദഹിപ്പിക്കപ്പെടുകയും ചെയ്യും. "നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും" എന്ന ഈശോയുടെ ക്ഷണം നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വാഗ്ദാനമാണ്.

ക്രിസ്തുവിൽ വസിക്കുക എന്നാൽ അവിടുത്തെ വചനത്തിൽ നിലനിൽക്കുക എന്നാണ് അർത്ഥം. അവിടുത്തെ വചനം നമ്മെ ശുദ്ധീകരിക്കുന്നു. ഈ ശുദ്ധീകരണ പ്രക്രിയ പലപ്പോഴും വേദനാജനകമായേക്കാം. ഫലം തരുന്ന ശാഖകളെ കൂടുതൽ ഫലം നൽകാനായി കൃഷിക്കാരൻ വെട്ടിയൊരുക്കുന്നു. നമ്മുടെ ജീവിതത്തിലെ പരീക്ഷണങ്ങളും ദുഃഖങ്ങളും ദൈവം നമ്മെ വെട്ടിയൊരുക്കുന്ന നിമിഷങ്ങളാണ്. നമ്മുടെ ജീവിതത്തിലെ അനാവശ്യമായ തളിർപ്പുകളെയും സ്വാർത്ഥതയുടെ ചില്ലകളെയും അവിടുന്ന് നീക്കം ചെയ്യുന്നത് നാം കൂടുതൽ ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കാനാണ്.

ക്രിസ്തുവിൽ വസിക്കുന്നതിന്റെ ഏറ്റവും വലിയ അടയാളം നാം പുറപ്പെടുവിക്കുന്ന ഫലങ്ങളാണ്. എന്താണ് ഈ ഫലങ്ങൾ? അത് സ്നേഹവും സമാധാനവും കരുണയും ക്ഷമയുമാണ്. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് നന്മ നൽകുന്നതാകുമ്പോൾ നാം ക്രിസ്തുവിൽ വസിക്കുന്നു എന്ന് ഉറപ്പിക്കാം. നാം ധാരാളം ഫലം പുറപ്പെടുവിക്കുമ്പോഴാണ് പിതാവായ ദൈവം മഹത്വപ്പെടുന്നത്. ക്രിസ്തുവിനോട് ചേർന്നുനിൽക്കുന്ന ഒരുവന് അസാധ്യമായി ഒന്നുമില്ല എന്ന ഉറപ്പും ഈ വചനം നമുക്ക് നൽകുന്നു. "എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല" എന്ന് ഈശോ പറയുമ്പോൾ, അത് നമ്മുടെ ബലഹീനതയെ ഓർമ്മിപ്പിക്കാനല്ല, മറിച്ച് അവിടുത്തെ ശക്തിയെ ആശ്രയിക്കാൻ നമ്മെ ക്ഷണിക്കാനാണ്. നാം ക്രിസ്തുവിൽ വസിക്കുകയും അവിടുത്തെ വാക്കുകൾ നമ്മിൽ നിലനിൽക്കുകയും ചെയ്യുമ്പോൾ, നാം ആഗ്രഹിക്കുന്നത് എന്തുതന്നെയായാലും അത് നമുക്ക് ലഭിക്കുമെന്ന് വചനം ഉറപ്പുനൽകുന്നു. കാരണം, ക്രിസ്തുവിൽ വസിക്കുന്നവന്റെ ആഗ്രഹങ്ങൾ ദൈവഹിതത്തിന് അനുസൃതമായവ മാത്രമായിരിക്കും.

ഈ വചനഭാഗങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തോട് ചോദിക്കുന്ന ചില പ്രധാന ചോദ്യങ്ങളുണ്ട്. നാം ദൈവത്തെ അനുസരിക്കുന്നത് ഭയം കൊണ്ടാണോ അതോ സ്നേഹം കൊണ്ടാണോ? നമ്മുടെ ജീവിതത്തിലെ വിജയങ്ങൾ നമ്മുടെ കഴിവ് കൊണ്ടാണെന്ന് നാം അഹങ്കരിക്കുന്നുണ്ടോ? പൗലോസ് അപ്പസ്തോലൻ ഓർമ്മിപ്പിച്ചതുപോലെ, വേരാണ് നമ്മെ താങ്ങുന്നത് എന്ന ബോധ്യം നമുക്കുണ്ടോ? പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ദൈവം നമ്മെ ഉപേക്ഷിച്ചു എന്ന് കരുതി നാം നിരാശരാകാറുണ്ടോ, അതോ കൂടുതൽ ഫലം പുറപ്പെടുവിക്കാനുള്ള ദൈവത്തിന്റെ വെട്ടിയൊരുക്കലായി അതിനെ കാണാൻ നമുക്ക് സാധിക്കുന്നുണ്ടോ?

പ്രിയപ്പെട്ടവരേ, ദൈവവുമായുള്ള നമ്മുടെ ബന്ധം പുതുക്കേണ്ട സമയമാണിത്. അനുസരണത്തിലൂടെ അനുഗ്രഹങ്ങൾ പ്രാപിക്കാനും, ദൈവഭക്തിയിലൂടെ യഥാർത്ഥ മഹത്വം ആർജിക്കാനും, വിനയത്തോടെ ദൈവകൃപയിൽ നിലനിൽക്കാനും നമുക്ക് പരിശ്രമിക്കാം. ക്രിസ്തുവാകുന്ന മുന്തിരിച്ചെടിയിൽ നിന്ന് ജീവരസം സ്വീകരിക്കുന്ന ശാഖകളായി നമുക്ക് മാറാം. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ദൈവത്തോടുള്ള സ്നേഹത്താൽ പ്രേരിതമാകട്ടെ. അഹങ്കാരം വെടിഞ്ഞ്, ദൈവത്തിന്റെ കാരുണ്യത്തിൽ വിശ്വസിച്ച്, അവിടുത്തെ കൽപ്പനകൾ സന്തോഷത്തോടെ പാലിക്കുന്ന മക്കളായി വളരാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

16 ജൂലൈ 2026, 10:48