സുഭാഷിതങ്ങൾ 26 സുഭാഷിതങ്ങൾ 26 

ഭോഷത്തവും അലസതയും പരദൂഷണവും മുഖസ്തുതിയും വെടിഞ്ഞ് വിവേകപൂർവ്വം ജീവിക്കുക

വചനവീഥി: സുഭാഷിതങ്ങൾ ഇരുപത്തിയാറാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സുഭാഷിതങ്ങളുടെ പുസ്തകം ഇരുപത്തിയഞ്ചാം അദ്ധ്യായത്തിന് ആമുഖമായി കണ്ടതുപോലെ, ഈ ഗ്രന്ഥത്തിലെ പുതിയൊരു ഗണം അദ്ധ്യായങ്ങളുടെ ഭാഗമാണ് ഇരുപത്തിയാറാം അദ്ധ്യായവും. സോളമനാൽ എഴുതപ്പെട്ടതെങ്കിലും, ഏതാണ്ട് മുന്നൂറിനടുത്ത് വർഷങ്ങൾക്ക് ശേഷം യൂദാരാജാവായ ഹെസക്കിയയുടെ മേൽനോട്ടത്തിൽ ശേഖരിക്കപ്പെട്ട്, സുഭാഷിതങ്ങളോട് ചേർത്തുവയ്ക്കപ്പെട്ടതാണ് ഈ ഭാഗം. യുവജനങ്ങളോടും അറിവാഗ്രഹിക്കുന്ന അജ്ഞരായ ആളുകളോടും മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും സ്വരത്തിൽ, ജീവിതത്തിൽ അവർ പിന്തുടരേണ്ട മാർഗ്ഗത്തെക്കുറിച്ചാണ് ഈ അദ്ധ്യായം ഉപദേശിക്കുക. ഭോഷർ, അലസന്മാർ, വിവേകമില്ലാത്ത പെരുമാറുന്നവർ, പരദൂഷണം പറയുന്നവർ, മുഖസ്തുതിക്കാർ തുടങ്ങിയവരുടെ ദുർഗ്ഗുണങ്ങളെ പ്രതിപാദിച്ചുകൊണ്ട്, അത്തരക്കാരിൽനിന്നും അവരുടെ ശീലങ്ങളിൽനിന്നും അകന്നുനിൽക്കാനാണ് ഈ അദ്ധ്യായത്തിൽ സോളമൻ ഉദ്ബോധിപ്പിക്കുക. വിവേകത്തോടെയും ഔചിത്യബോധത്തോടെയും സത്യസന്ധമായി ജീവിക്കാനുള്ള വിളികൂടിയാണ് ഈ അദ്ധ്യായം.

ഭോഷന്മാരും ജ്ഞാനപൂർണ്ണമായ ജീവിതവും

ആമുഖമായി നാം കണ്ടതുപോലെ, ഭോഷത്തവും വിഡ്ഢിത്തവും ജീവിക്കുന്ന മനുഷ്യരിൽനിന്ന് വ്യത്യസ്തരായിരിക്കാനുള്ള ഉദ്ബോധനമാണ് ഇരുപത്തിയാറാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് സോളമൻ നടത്തുന്നത്. വർഷത്തിലെ കാലത്തോട് ചേരാത്ത കാലാവസ്ഥ പോലെയാണ് ഭോഷത്തവും ബഹുമതിയും തമ്മിലുള്ള അകൽച്ചയെന്ന് ഒന്നാം വാക്യം ഓർമ്മിപ്പിക്കുന്നു. വേനൽക്കാലത്ത് മഞ്ഞും, കൊയ്ത്തുകാലത്ത് മഴയും പോലെയാണത് (1). എങ്ങും തങ്ങാത്ത പക്ഷികളെപ്പോലെ (2), അകാരണമായ ശാപം എങ്ങും ഏശില്ലെന്ന് പറഞ്ഞുകൊണ്ട് ഭോഷത്തവും ബഹുമതിയും തമ്മിലിലുള്ള ചേർച്ചയില്ലായ്മയെ വചനം വ്യക്തമാക്കുന്നു.

കുതിരയ്ക്കും കഴുതയ്ക്കും ചമ്മട്ടിയും കടിഞ്ഞാണുമെന്നതുപോലെ ഭോഷന് അടിയാണ് ശിക്ഷണമായി ലഭിക്കേണ്ടതെന്ന് (3) പറയുന്ന സോളമൻ, ഭോഷന്റെ വിഡ്ഢിത്തത്തിനൊത്ത് മറുപടി കൊടുക്കുന്നതുവഴി നീ അവനു തുല്യം വിഡ്ഢിയായിത്തീരുകയാണെന്ന്, അവന്റെ നിലയിലേക്ക് താഴുകയാണെന്ന് ഉദ്ബോധിപ്പിക്കുന്നു (4). അതേസമയം, ഭോഷത്തത്തിന് വേണ്ട വിധത്തിൽ മറുപടി കൊടുക്കുന്നതുവഴി, ജ്ഞാനിയാണെന്ന അവന്റെ ഭാവത്തെ മാറ്റാനാകുമെന്ന് വചനം പഠിപ്പിക്കുന്നുണ്ട് (5). തനിക്കുള്ള കഴിവുകൾ വിനിയോഗിക്കുന്നതിന് പകരം, കഴിവില്ലാത്തവനെക്കൊണ്ട് അത് ചെയ്യിക്കുന്നതിലെ മൗഢ്യത്തെ, സ്വന്തം കാൽ മുറിച്ചുകളയുന്നതിനോടും അക്രമം വിളിച്ചുവരുത്തുന്നതിനോടുമാണ് (6) വചനം താരതമ്യം ചെയ്യുന്നത്.

ഭോഷന്മാരുടെ പ്രവൃത്തികളും അവരുടെ ജീവിതശൈലിയുമാണ് ഏഴ് മുതലുള്ള വാക്യങ്ങളിൽ സോളമൻ പരാമർശിക്കുന്നത്. തങ്ങളുടെ കഴിവുകൾ ദുരുപയോഗം ചെയ്യുകയോ, ഉള്ള കഴിവിനെ ഉപയോഗിക്കാനറിയാതെ പോവുകയോ ചെയ്യുന്നതിന് തുല്യമാണ് ഭോഷരുടെ പ്രവൃത്തികൾ. നിരുപയോഗമായ മുടന്തുകാലുപോലെയും (7), മദ്യപന്റെ കയ്യിൽ തുളഞ്ഞുകയറിയ മുള്ളുപോലെയുമാണ് (9) ഭോഷന്റെ നാവിൽ ആപ്തവാക്യമെന്നും, കവിണയിൽ കല്ലെന്നപോലെയാണ് ഭോഷന് ബഹുമാനം ലഭിക്കുന്നതെന്നും (8) വചനം പറയുന്നു. ഉചിതമായ ഇടതും സമയത്തും, ഉചിതനായ വ്യക്തിയുടെ കയ്യിലുമാണ് അറിവുകൊണ്ട് ഉപകാരം. കാണുന്നവരെയൊക്കെ അമ്പെയ്യുന്ന വില്ലാളിയെപ്പോലെയാണ് വഴിയേ പോയ ഭോഷനെയോ മദ്യപാനിയോ കൂലിക്കു നിറുത്തുന്നവനെന്ന (10) ചിന്തയും അവിവേകത്തിന്റെ ദൂഷ്യതയിലേക്ക് വെളിച്ചം വീശുന്നതാണ്. മറ്റൊരുവന്റെ ഭോഷത്തം അവർത്തിക്കുന്നതിനെ, ഛർദ്ദിച്ചത് ഭക്ഷിക്കുന്ന നായയുടെ (11) പ്രവൃത്തിയോട് ഉപമിക്കുന്ന സോളമൻ, പ്രവൃത്തികളിലും വാക്കുകളിലും വേണ്ട വിവേകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജ്ഞാനിയല്ലാതിരിക്കെ അതാണെന്ന് ഭാവിക്കുന്നവരേക്കാൾ പ്രതീക്ഷയുള്ളത്, തന്റെ ഭോഷത്തം അംഗീകരിക്കുന്നവനാണ് (12).

അലസതയും മടിയും അനാവശ്യമായ ഇടപെടലുകളും

പതിമൂന്ന് മുതൽ പതിനാറ് വരെയുള്ള വാക്യങ്ങൾ അലസരും മടിയരുമായ മനുഷ്യരെക്കുറിച്ചും, അവരുടെ പ്രവൃത്തികളെക്കുറിച്ചുമാണ് പ്രതിപാദിക്കുക. വഴിയിലും മൈതാനത്തും സിംഹമുണ്ടെന്ന ആലങ്കാരിക വാക്കുകളിലൂടെ (13), ജീവിതത്തിലെ പ്രതിസന്ധികളും വെല്ലുവിളികളും നിരത്തി അവർ, സിസംഗരും നിഷ്ക്രിയരുമായി ജീവിക്കുന്നു. കട്ടിളയുടെ ഭാഗമായ ചുഴിക്കുറ്റിയിൽ കതകെന്നപോലെ, എങ്ങോട്ടും മാറാതെ അവർ നിൽക്കുന്നു (14). സ്വന്തം വിശപ്പുമാറ്റാൻ വേണ്ടി ഭക്ഷണം കഴിക്കാൻ പോലും മടി കാണിക്കുന്ന (15), അതായത്, അത്രമാത്രം മടിയോടെ പെരുമാറുന്ന മനുഷ്യർ ഈ അലസതയാണ് ജീവിക്കുന്നത്. ഇത്തരം പ്രവൃത്തികൾക്കും മനോഭാവത്തിനും ഉപരിയായി, തങ്ങൾ വിവേകികളാണെന്ന ഭാവത്തിലുള്ള അവരുടെ പെരുമാറ്റവും എത്ര അവിവേകപരമാണെന്ന് (16) വചനം ചോദിക്കുന്നു. ദൈവം നൽകിയ, ജീവിതത്തിൽ സ്വന്തമായുള്ള കഴിവുകളും അറിവുകളും നന്മയ്ക്കായി വിനിയോഗിക്കാനുള്ള ഉത്തരവാദിത്വം സ്വീകരിക്കാനുള്ള ഒരു ക്ഷണം കൂടിയാണ് ഈ സാദൃശ്യവാക്യങ്ങളിലൂടെയുള്ള പരിഹാസം.

ഒരുഭാഗത്ത് അലസത തെറ്റാണെകിൽ, അവിവേകപരമായും, അനാവശ്യമായും മറ്റുളളവരുടെ കാര്യങ്ങളിൽ ഇടപെടുന്നതിലുള്ള മൗഢ്യതയാണ് സോളമൻ തുടർ വാക്യങ്ങളിൽ പരാമർശിക്കുന്നത്. അനാവശ്യമായി മറ്റുള്ളവരുടെ ഭിന്നതകളിലും പ്രശ്‍നങ്ങളിലും ഇടപെടുന്നത്, വഴിയേ പോകുന്ന പട്ടിയെ ചെവിക്ക് പിടിച്ചുനിറുത്തുന്നതുപോലെ (17), വഴിയേ പോകുന്ന ദുരന്തം ഏറ്റെടുക്കുന്നതിന് തുല്യമാണെന്ന് അവൻ ഉദ്ബോധിപ്പിക്കുന്നു. അയൽക്കാരനെ നിരുത്തരവാദിത്വപരമായി വഞ്ചിക്കുന്നത്, ഭ്രാന്തുപിടിച്ച് തീക്കൊള്ളിയും അമ്പുകളും ഉപയോഗിച്ച് ആക്രമിക്കുന്നതിന് തുല്യമാണെന്ന് (18) സോളമൻ പറയുന്നു.

പരദൂഷണവും മുഖസ്തുതിയും

സത്യസന്ധമായ വാക്കുകളുടെ മൂല്യം എടുത്തുകാട്ടുകയും, അവയുടെ ആവശ്യം എത്രമാത്രമാണെന്ന് വ്യക്തമാക്കുന്നവയുമാണ് ഈ അദ്ധ്യായത്തിലെ തുടർന്നുള്ള വാക്കുകൾ. ഇത് സോളമൻ വ്യക്തമാക്കുന്നത് പരദൂഷണത്തിന്റെയും മുഖസ്‌തുതിയുടെയും പിന്നിലെ തിന്മകളെയും കുറവുകളേയും അവയുടെ ഫലങ്ങളെയും കുറിച്ച് പരാമർശിച്ചുകൊണ്ടാണ്.

വിറകും തീയും, കരിയും കനലും തമ്മിലുള്ള ബന്ധം പോലെയാണ് ഏഷണിയും കലഹവും സമൂഹത്തിൽ തിന്മയും അശാന്തിയും ഉളവാക്കുന്നത് (20-21). സ്വാദുള്ള ഭക്ഷണം പോലെ മനുഷ്യർക്കുള്ളിലേക്ക് ഇറങ്ങി അവിടെ നിൽക്കുന്നതാണ് ഏഷണിയുടെ വാക്കുകൾ (22). മോശമായ ചിന്തകളും വാർത്തകളും സമൂഹത്തിൽ നിലനിൽക്കുന്നതും ഇതുകൊണ്ടുതന്നെ.

സത്യസന്ധമല്ലാത്ത മുഖസ്തുതിയും പ്രശംസയുമൊക്കെ നന്മയെക്കാൾ തിന്മ ഉളവാക്കുന്നവയാണെന്ന ബോധ്യമാണ് ഈ അദ്ധ്യായത്തിന്റെ അവസാനവാക്യങ്ങൾ പങ്കുവയ്ക്കുന്നത്. മിനുസമേറിയതെങ്കിലും, മനോഹരമെങ്കിലും, ഉള്ളിൽ മാലിന്യം നിറച്ച മൺപാത്രം പോലെയാണ്, മലിനഹൃദയത്തിൽനിന്ന് വരുന്ന മനോഹരമായ വാക്കുകൾ (23). ഉള്ളിൽ വിദ്വേഷവും തിന്മയും നിറഞ്ഞിരിക്കുമ്പോഴും കപടമായ പുഞ്ചിരിയും സ്നേഹവാക്കുകളും പ്രവൃത്തികളും കൊണ്ട് അഭിനയിക്കുന്ന, ഹൃദയത്തിൽ വഞ്ചന പുലർത്തുന്ന മനുഷ്യരെ വിശ്വസിക്കരുതെന്ന്, അവരുടെ ഹൃദയത്തിൽ ഏഴ് മ്ലേശ്ചതകൾ, തിന്മയുടെ നിറവാണുള്ളതെന്ന് (25) സോളമൻ ഉദ്ബോധിപ്പിക്കുന്നു. അത്തരക്കാർ എത്ര കൗശലക്കാരാണെങ്കിലും, ഇന്നല്ലെങ്കിൽ നാളെ അവരുടെ ദുഷ്ടത പൊതുസമൂഹത്തിന് മുന്നിൽ വെളിവാക്കപ്പെടുമെന്ന് (26) മുന്നറിയിപ്പ് നൽകുന്ന വചനം, ദുഷ്ടതയോടെ അവർ മറ്റുള്ളവരോട് ചെയ്യുന്നത് അവർക്കുതന്നെ തിരികെ ലഭിക്കുമെന്ന്, മറ്റുള്ളവർക്കായി കുഴിച്ച കുഴിയിൽ അവർ തന്നെ വീഴുമെന്ന്, അവരുരുട്ടുന്ന കല്ല് അവരുടെമേൽ തന്നെ പതിക്കുമെന്ന് (27) പഠിപ്പിക്കുന്നു. നുണ പറയുന്നവർ, അത് ആരെക്കുറിച്ച് പറയുന്നോ, അവരെ വെറുക്കുന്നുവെന്ന്, അവരുടെ ജീവിതത്തെ തകർക്കുന്നുവെന്ന്, അതേസമയം മുഖസ്‌തുതി പറയുന്ന നാവ് നാശം വരുത്തിവയ്ക്കുന്നുവെന്ന്, അത് കപടതയാണ് വിളിച്ചോതുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് (28) ഈ അദ്ധ്യായം അവസാനിക്കുന്നത്.

ഉപസംഹാരം

ഭോഷരും വിഡ്ഡികളുമായ മനുഷ്യരുടെ തിന്മകളിൽനിന്നും, അലസരുടെയും മടിയരുടെയും മനോഭാവത്തിൽനിന്നും അകന്ന്, വിവേകവും ജ്ഞാനവും സ്വന്തമാക്കി വളരാനുള്ള വിളിയാണ് ഈ അദ്ധ്യായം നമുക്ക് മുന്നിൽ വയ്ക്കുന്ന ഒരു ഉദ്‌ബോധനം. മറുഭാഗത്ത്, അനാവശ്യമായും അനുചിതമായും പെരുമാറുന്നത് അവസാനിപ്പിക്കാനും, അസത്യവും പരദൂഷണവും മുഖസ്തുതിയും ഒഴിവാക്കി, കൂടുതൽ ഉത്തരവാദിത്വത്തോടും സത്യസന്ധതയോടും കൂടി ജീവിക്കാനും അങ്ങനെ സമാധാനവും നീതിയും നിറഞ്ഞ, ആത്മാർത്ഥതയും നന്മയുമുള്ള ഒരു സമൂഹത്തിന്റെയും ബന്ധങ്ങളുടെയും സൃഷ്ടിക്ക് കാരണക്കാരാകാനും ഈ അദ്ധ്യായത്തിലൂടെ സോളമൻ നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. പുഞ്ചിരിയും നല്ല വാക്കുകളും കപടമാകാതിരിക്കട്ടെ. ജീവിതവും പ്രവൃത്തികളും ആത്മാർത്ഥതയും കരുണയും വിശ്വസ്തതയും നിറഞ്ഞതാകട്ടെ. വിവേകപൂർവ്വം വാക്കുകളെയും പ്രവൃത്തികളെയും വിലയിരുത്താനും, പ്രശംസകൾക്കും ഇകഴ്ത്തലുകൾക്കും ഉപരിയായി വളരാനും, ദൈവത്തോടും മറ്റുള്ളവരോടും സ്വന്തം ജീവിതത്തോടും സത്യസന്ധതയോടെ പെരുമാറാനും നമുക്ക് സാധിക്കട്ടെ. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

14 ജൂലൈ 2026, 14:58