തിരയുക

ലാംബെദൂസ സന്ദർശന വേളയിൽ പാപ്പാ ലാംബെദൂസ സന്ദർശന വേളയിൽ പാപ്പാ   (@Vatican Media)

നിർമ്മിത ബുദ്ധിയുടെ സാങ്കേതിക പരിണാമ കാലഘട്ടത്തിൽ, സഭ 'നല്ല സമരിയക്കാര'നായി മാറണം: പാപ്പാ

ലിയോ പതിനാലാമൻ പാപ്പാ രചിച്ച ആദ്യ ചാക്രികലേഖനം, "മാഞ്ഞിഫിക്ക ഉമാനിത്താസ്"ന്റെ ഒന്നാം അധ്യായം, 17 മുതൽ 22 വരെയുള്ള ഖണ്ഡികകളുടെ അപഗ്രഥനം
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കി ലിയോ പതിനാലാമൻ പാപ്പാ രചിച്ച ആദ്യ ചാക്രികലേഖനം, "മാഞ്ഞിഫിക്ക ഉമാനിത്താസ്"ഇന്ന് ലോകമെമ്പാടും വിവിധ പഠനങ്ങൾക്കും, ചർച്ചകൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികതയുടെ കടന്നുവരവിൽ, മനുഷ്യൻ തന്റെ താലന്തുകളെയും, കഴിവുകളെയും തമസ്കരിക്കുന്ന ഒരു അലസതയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇത് സാഹോദര്യത്തിനും, സാമൂഹിക ജീവിതത്തിനു പോലും വിള്ളലുകൾ ഏൽപ്പിക്കുന്നു എന്നതാണ് വാസ്തവം. ഇപ്രകാരമുള്ള സാഹചര്യങ്ങളിലാണ്, പിതൃതുല്യമായ വാത്സല്യത്തോടെയും, ആത്മീയ ഗുരുതുല്യമായ പ്രബോധനങ്ങളിലൂടെയും പരിശുദ്ധ പിതാക്കന്മാർ, നമ്മുടെ മനസാക്ഷിയെ തൊട്ടുണർത്തുന്നത്.

കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങൾ ചരിത്രത്തിന്റെ ഗതിവിഗതികൾക്കനുസരിച്ച് എങ്ങനെ പരിണമിക്കുന്നുവെന്നും ആധുനിക ലോകത്തിലെ വെല്ലുവിളികളെ എങ്ങനെ നേരിടുന്നുവെന്നും വ്യക്തമാക്കുന്ന ഒന്നാണ്  ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ ചാക്രികലേഖനമായ "മാഞ്ഞിഫിക്ക ഉമാനിത്താസ്". വെളിപ്പെടുത്തപ്പെട്ട സത്യത്തിന്റെ വെളിച്ചത്തിൽ, കാലഘട്ടത്തിന്റെ അടയാളങ്ങളെ വായിക്കാനുള്ള സഭയുടെ ശ്രമമാണ് ഈ ലേഖനം. പ്രത്യേകിച്ച്, നിമ്മിത ബുദ്ധി  പോലുള്ള സാങ്കേതിക വിപ്ലവങ്ങളുടെ പശ്ചാത്തലത്തിൽ, സഭയുടെ സാമൂഹിക ദർശനം വെറുമൊരു ചട്ടക്കൂടല്ല, മറിച്ച് സുവിശേഷത്തോട് വിശ്വസ്തത പുലർത്തുന്ന ഒരു സജീവ പ്രക്രിയയാണെന്ന് പാപ്പാ ഇവിടെ ഓർമ്മിപ്പിക്കുന്നു.

മാറ്റങ്ങളോട് പ്രതികരിക്കുന്ന സജീവ ദർശനമാണ് സഭയുടെ സാമൂഹിക പ്രബോധനങ്ങൾ

സഭയുടെ സാമൂഹിക പ്രബോധനങ്ങൾ  മാറ്റമില്ലാത്ത ഒരു കൂട്ടം നിയമങ്ങളല്ല, മറിച്ച് കാലത്തിനനുസരിച്ച് പരിണാമപ്പെടുന്ന  ഒരു ജൈവപ്രക്രിയയാണെന്ന്  പാപ്പാ ഒന്നാം അധ്യായത്തിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമുള്ള പാപ്പമാരുടെ പ്രബോധനങ്ങളെ അവലോകനം ചെയ്തുകൊണ്ട്, സഭ എങ്ങനെയാണ് 'പുതിയ കാര്യങ്ങളോട്' (Res Novae) സംവദിക്കുന്നതെന്ന് പാപ്പാ ഇവിടെ വ്യക്തമാക്കുന്നു. ഒരുപക്ഷെ, ഈ ഒരു ദർശനം പാപ്പാ പങ്കുവയ്ക്കുന്നത്, പഴമയുടെ  മൂല്യം എങ്ങനെ പുതിയ തലമുറ ഉൾക്കൊള്ളണം എന്ന് കാണിക്കുന്നതിനുവേണ്ടിയാണ്.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് നിമ്മിത ബുദ്ധിയുടെ  വളർച്ചയാണ്. പാപ്പായുടെ അഭിപ്രായത്തിൽ, നിർമ്മിത ബുദ്ധി എന്നത് കേവലം സാങ്കേതികമായ ഒരു കൂട്ടിച്ചേർക്കലോ അല്ലെങ്കിൽ കൈകാര്യം ചെയ്യേണ്ട ഒരു അടിയന്തര പ്രശ്നമോ മാത്രമല്ല. മറിച്ച്, അത് മനുഷ്യജീവിതത്തിന്റെ ആന്തരിക തലങ്ങളെയും സാമൂഹിക ബന്ധങ്ങളെയും അടിമുടി മാറ്റുന്ന  ഒരു വിപ്ലവമാണ്. അതിനാൽ, സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഈ പുതിയ പശ്ചാത്തലത്തിൽ വീണ്ടും പഠിക്കേണ്ടതുണ്ട്. സുവിശേഷത്തിന്റെ ചൈതന്യത്തിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ, മനുഷ്യന്റെ അന്തസ്സും നന്മയും കാത്തുസൂക്ഷിക്കാൻ ഈ സാങ്കേതിക വിദ്യയെ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള വിചിന്തനം ആവശ്യമാണെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

ചരിത്രത്തിൽ സഭയുടെ സാന്നിധ്യം മാനവികതയെ അനുഗമിക്കുന്നതാണ്.

സഭ ലോകത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ വ്യക്തതയില്ലാതെ, സാമൂഹിക പ്രബോധനങ്ങളെ മനസ്സിലാക്കാൻ കഴിയില്ല. സഭ ലോകകാര്യങ്ങളിൽ ഇടപെടുന്നത് അനാവശ്യമായ ഒരു കടന്നുകയറ്റമാണെന്ന് പലരും കരുതാറുണ്ട്, പ്രചരിപ്പിക്കാറുണ്ട്. എന്നാൽ, സഭ ലോകത്തിന് പുറത്തുനിന്ന് നിർദ്ദേശങ്ങൾ നൽകുന്ന ഒരു ബാഹ്യ ഏജൻസിയല്ലെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. മറിച്ച്, സഭ മാനവികതയോടൊപ്പം സഞ്ചരിക്കുന്ന ഒന്നാണ്. അത് ഭൂമിയിലെ യാഥാർത്ഥ്യങ്ങളുടെ സ്വയംഭരണത്തെ അംഗീകരിക്കുന്നു. ആത്മീയ കാര്യങ്ങളും രാഷ്ട്രീയ കാര്യങ്ങളും തമ്മിലുള്ള വ്യത്യാസം സഭ തിരിച്ചറിയുന്നുണ്ട്. ഈ വിവേചനം ഉള്ളതുകൊണ്ടുതന്നെയാണ് പൊതുനന്മയ്ക്ക് വേണ്ടി, സമൂഹത്തിന്റെ ഒരു ഘടകം എന്ന നിലയിൽ, സഭയ്ക്ക് നിലകൊള്ളാൻ സാധിക്കുന്നത്. സഭയുടെ സാമൂഹിക തത്വങ്ങൾ, അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു നൈതിക ചട്ടക്കൂടല്ല, മറിച്ച് മനുഷ്യകുലത്തിന്റെ വേദനകളിലും സന്തോഷങ്ങളിലും പങ്കുചേരുന്ന ഒരു സമൂഹത്തിന്റെ സ്വാഭാവികമായ പ്രതികരണമാണ്.

മാനവികതയുടെ ചരിത്രത്തിൽ ഒരു സഹയാത്രികയാണ് സഭ

മനുഷ്യകുടുംബത്തിന്റെ ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും  അടയാളമായിട്ടാണ് സഭ ലോകത്തിൽ നിലകൊള്ളുന്നത്. ഇന്നത്തെ കാലഘട്ടത്തിന്റെ ചോദ്യങ്ങളും വെല്ലുവിളികളും സഭയെ സംബന്ധിച്ചിടത്തോളം കേവലം സാമൂഹിക പ്രശ്നങ്ങളല്ല, മറിച്ച് തന്റെ ദൗത്യം നിർവഹിക്കാനുള്ള ഇടങ്ങളാണ്, അല്ലെങ്കിൽ ദൈവ വിളിയാണ്. കേൾക്കാനും സംവദിക്കാനും സേവനം ചെയ്യാനുമുള്ള തന്റെ വിളി സഭ തിരിച്ചറിയുന്നത് ലോകത്തിന്റെ സ്പന്ദനങ്ങളിൽ നിന്നാണ്.

മനുഷ്യജീവിതത്തെ ബാധിക്കുന്ന ഒന്നും തന്നെ സഭയ്ക്ക് അന്യമല്ല. സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും സമൂഹത്തിന്റെ ഘടന രൂപപ്പെടുത്തുന്നതിലും സഭയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഫ്രാൻസിസ് പാപ്പായെ  ഉദ്ധരിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പ ഉറപ്പിച്ചു പറയുന്നു: "മതം എന്നത് കേവലം വ്യക്തിപരമായ രഹസ്യങ്ങളിൽ  ഒതുക്കിനിർത്തേണ്ട ഒന്നല്ല." സമൂഹത്തിന്റെ ആരോഗ്യം, സ്ഥാപനങ്ങളുടെ സുതാര്യത, പൗരന്മാരെ ബാധിക്കുന്ന സംഭവങ്ങൾ എന്നിവയിൽ നിന്ന് മാറിനിൽക്കാനോ, അന്യമനോഭാവം സ്വീകരിക്കുവാനോ സഭയ്ക്ക് കഴിയില്ല. നീതിപൂർവകവും സാഹോദര്യവുമുള്ള ഒരു ലോകത്തിനായി സഭ സജീവമായി ഇടപെടുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം സഭ തന്റെ ഗുരുവായ ക്രിസ്തുവിൽ നിന്ന് അകന്നു പോകും.

ലൗകിക യാഥാർത്ഥ്യങ്ങളുടെ സ്വയംഭരണം

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 'ഗൗദിയും  എത് സ്പെസ്' (Gaudium et Spes) എന്ന പ്രമാണരേഖയുടെ അറുപതാം വാർഷികം അനുസ്മരിച്ചുകൊണ്ട്, ലോകത്തിലെ സൃഷ്ടവസ്തുക്കൾക്കും സ്ഥാപനങ്ങൾക്കും അവയുടേതായ നിയമങ്ങളും മൂല്യങ്ങളും ഉണ്ടെന്ന് സഭ വീണ്ടും ഉറപ്പിച്ചു പറയുന്നു. ഇതിനെയാണ് 'ലൗകിക യാഥാർത്ഥ്യങ്ങളുടെ സ്വയംഭരണം'  എന്ന് വിളിക്കുന്നത്.

ദൈവസൃഷ്ടിയിൽ അന്തർലീനമായിരിക്കുന്ന നന്മയെ സംരക്ഷിക്കാനും പരിപാലിക്കാനും സഭ ആഗ്രഹിക്കുന്നു. ലോകത്തിന്റെ മേൽ ആധിപത്യം സ്ഥാപിക്കാനല്ല, മറിച്ച് ലോകത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സാന്നിധ്യമായിരിക്കാനാണ് സഭ പരിശ്രമിക്കുന്നത്. ഓരോ വ്യക്തിയുടെയും അന്തസ്സ്, സമൂഹത്തിന്റെ കെട്ടുറപ്പ്, എല്ലാവരുടെയും നന്മ എന്നിവ മുൻനിർത്തിയുള്ള തിരഞ്ഞെടുപ്പുകൾ നടത്താൻ സഭ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നു. ലോകത്തിന് മുകളിൽ ഒരു ഭാരമായി നിൽക്കാതെ, ലോകത്തോടൊപ്പം നിന്ന് സമാധാനത്തിന്റെയും നീതിയുടെയും പ്രത്യാശ മനുഷ്യഹൃദയത്തിൽ വിതയ്ക്കുന്നതിനും പരിശുദ്ധാത്മാവ് സഭയെ നയിക്കുന്നതെന്നു പാപ്പാ ലേഖനത്തിൽ വ്യക്തമാക്കുന്നു.

സഭയും രാഷ്ട്രീയ സമൂഹവും തമ്മിലുള്ള വേർതിരിവ്

സഭയും രാഷ്ട്രീയ സമൂഹവും വെവ്വേറെ നിലനിൽക്കുന്നവയാണെന്നും അവയ്ക്ക് ഓരോന്നിനും സ്വന്തമായ അധികാരപരിധിയുണ്ടെന്നും ചാക്രികലേഖനം വ്യക്തമാക്കുന്നു. രാഷ്ട്രീയമായ ഭരണകാര്യങ്ങൾ ഏറ്റെടുക്കാൻ സഭ ആഗ്രഹിക്കുന്നില്ല. ഭരണകൂടം പൊതുനന്മയ്ക്കായി ചെയ്യുന്ന സേവനങ്ങളെ സഭ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

എങ്കിലും, മനുഷ്യർ അനുഭവിക്കുന്ന കഷ്ടപ്പാടുകളിൽ നിന്ന് അകന്നുനിൽക്കാൻ സഭയ്ക്ക് കഴിയില്ല. സഭയുടെ ഈ ഇടപെടൽ ഭരണകൂടത്തിന്റെ പകരക്കാരനാകാനല്ല, മറിച്ച് ക്രിസ്തു പഠിപ്പിച്ച 'കാരുണ്യത്തിന്റെ' ഭാഗമാണ്. 'നല്ല സമരിയക്കാരന്റെ' മാതൃകയിൽ, മുറിവേറ്റ മനുഷ്യവർഗ്ഗത്തെ ശുശ്രൂഷിക്കുക എന്നത് സഭയുടെ ദൗത്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ സഭ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ ഒരിക്കലും ഭരണഘടനാപരമായ നിയമങ്ങൾക്ക് പകരമാകുന്നില്ല, മറിച്ച് സഹോദരസ്നേഹത്തിന്റെ അടയാളമായി മാറുകയാണ് ചെയ്യുന്നത്.

അടയാളങ്ങളെ തിരിച്ചറിയുന്ന വിവേചനം

ഈ ചാക്രികലേഖനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഹ്വാനങ്ങളിൽ ഒന്ന് 'കാലത്തിന്റെ അടയാളങ്ങളെ'  വിവേചിച്ചറിയുക എന്നതാണ്. ലോകത്തിന്റെ വിവിധ ഭാഷകളെയും മാറ്റങ്ങളെയും പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ശ്രവിക്കാനും വ്യാഖ്യാനിക്കാനും സഭ ബാധ്യസ്ഥയാണ്. ഇത് വെറുമൊരു സാമൂഹിക നിരീക്ഷണമല്ല, മറിച്ച് ഒരു ആത്മീയ പ്രക്രിയയാണ്.

ലോകത്തിലെ മാറ്റങ്ങളിൽ ക്രിസ്തുവിന്റെ സാന്നിധ്യം എവിടെയുണ്ടെന്നും, എവിടെയാണ് മനുഷ്യത്വത്തെ തകർക്കുന്ന പ്രവണതകൾ ഉള്ളതെന്നും തിരിച്ചറിയാൻ ഈ വിവേചനം സഹായിക്കുന്നു. വെളിപ്പെടുത്തപ്പെട്ട സത്യത്തെ മാറ്റുകയല്ല, മറിച്ച് ആ സത്യം എങ്ങനെയാണ് ഇന്നത്തെ കാലത്ത് പ്രായോഗികമാക്കേണ്ടതെന്ന് പഠിപ്പിക്കുകയാണ് സഭ ചെയ്യുന്നത്. ചരിത്രം എന്നത് ദൈവത്തിന്റെ പ്രവർത്തനരംഗമാണെന്നുളത് തിരിച്ചറിയുവാൻ പാപ്പാ  ഏവരെയും ക്ഷണിക്കുന്നു.  മനുഷ്യന്റെ അന്തസ്സിനെ ഉയർത്തിപ്പിടിക്കാനും ജനതകളുടെ നന്മയ്ക്കായി പ്രവർത്തിക്കാനും, സാങ്കേതിക വികസനങ്ങളെ സുവിശേഷാത്മകമായി ഉപയോഗിക്കുവാൻ പാപ്പാ ഈ ചാക്രികലേഖനത്തിലൂടെ ഏവരെയും ക്ഷണിക്കുന്നു.

അതിനാൽ ഈ ചാക്രികലേഖനം, മനുഷ്യത്വത്തിന്റെ മഹത്വത്തെയും അതിൽ സഭയ്ക്കുള്ള ഉത്തരവാദിത്തത്തെയും കുറിച്ചുള്ള വലിയൊരു പ്രബോധനമാണ്. നിർമ്മിത ബുദ്ധി  ഉൾപ്പെടെയുള്ള ആധുനിക മാറ്റങ്ങളെ ഭീതിയോടെയല്ല, മറിച്ച് വിവേചനത്തോടെയും സുവിശേഷത്തിലുള്ള വിശ്വാസത്തോടെയും സ്വീകരിക്കുവാൻ പാപ്പാ  നമ്മെ ആഹ്വാനം ചെയ്യുന്നു. സഭ എന്നത് ലോകത്തിന് വെളിയിൽ നിന്ന് കൊണ്ട് ലോകത്തിന്റെ പ്രവർത്തനങ്ങളെ വിധിക്കുന്ന  ഒരു വിധികർത്താവല്ല, മറിച്ച് മനുഷ്യകുലത്തിന്റെ മുറിവുകളിൽ സ്നേഹത്തിന്റെ തൈലം പൂശുന്ന സഹയാത്രികയാണെന്ന് ഈ ചാക്രികലേഖനത്തിലൂടെ  നമ്മെ  ഉദ്ബോധിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

16 ജൂലൈ 2026, 09:55