സാങ്കേതികതയുടെ അതിപ്രസരത്തിൽ വിസ്മരിക്കപ്പെടുന്ന മാനവിക അന്തസ്സിനെ വീണ്ടെടുക്കണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കാലഘട്ടങ്ങളുടെ വെല്ലുവിളികളെ എടുത്തു കാണിക്കുന്നതിനും, അവയ്ക്കു മധ്യത്തിൽ ധാർമ്മികമായ ഒരു അടിത്തറയോടുകൂടി എങ്ങനെ ജീവിക്കാം എന്ന് ഉദ്ബോധിപ്പിക്കുന്നതുമാണ്, പരിശുദ്ധ പിതാക്കന്മാരുടെ ചാക്രികലേഖനങ്ങൾ. സാമൂഹികമായ പല പ്രശ്‌നങ്ങളേയും അഭിമുഖീകരിക്കുവാനും, അവയ്ക്ക് പരിഹാരങ്ങൾ നിർദേശിക്കുവാനും മാത്രമല്ല, മനുഷ്യനെ അവന്റെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവയാണ്, ഇത്തരം ചാക്രിക ലേഖനങ്ങൾ.
പാപ്പാമാരുടെ പ്രവാചക ശബ്ദം
വ്യാവസായിക വിപ്ലവം കൊടുമ്പിരി കൊണ്ട അവസരത്തിൽ, അവ മനുഷ്യന്റെ അന്തസ്സിനെ പോലും ചോദ്യം ചെയ്യുവാൻ തുടങ്ങിയപ്പോഴാണ്, ഒരു പ്രവാചക ശബ്ദം പോലെ, ലിയോ പതിമൂന്നാമൻ പാപ്പായുടെ റേരും നൊവാരും എന്ന ചാക്രികലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നതും, അത് മനുഷ്യ ജീവന്റെ അന്തസ്സിനെ വീണ്ടെടുക്കുന്ന ഒരു സംസ്കാരത്തിലേക്ക് നയിച്ചതും.
കാലങ്ങൾക്കിപ്പുറം ലിയോ പതിനാലാമൻ പാപ്പായും, സമൂഹം അഭിമുഖീകരിക്കുന്ന മറ്റൊരു വെല്ലുവിളിയെ, അതായത്, സാങ്കേതികതയുടെ അതിപ്രസരത്തിൽ വിസ്മരിക്കപ്പെടുന്ന മാനവിക അന്തസ്സിനെ വീണ്ടെടുക്കുവാൻ ആഹ്വാനം ചെയ്തു കൊണ്ട്, മഞ്ഞീഫിക്ക ഉമാനിത്താസ് എന്ന മറ്റൊരു ചാക്രികലേഖനത്തിനു രൂപം നൽകിയിരിക്കുന്നു. ഇതിനോടകം, വിവിധ ഭാഷകളിൽ, കോടിക്കണക്കിനു ആളുകളാണ്, ഈ ലേഖനം വായിക്കുകയും, അതിലെ ഉള്ളടക്കങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തിരിക്കുന്നത്.
സത്യം അറിയിക്കുവാൻ ആരെയും ഭയപ്പെടാത്ത സഭ
ഈ ചാക്രിക ലേഖനത്തിന്റെ, 23 മുതലുള്ള ഖണ്ഡികകളാണ് നാം ഇനി വിചിന്തനം ചെയ്യുന്നത്. "സത്യവും നന്മയും സൗന്ദര്യവും ആത്മാർത്ഥമായി അന്വേഷിക്കുന്ന എല്ലാവരെയും സഭ തന്റെ സഹയാത്രികരായി കണക്കാക്കുന്നു." എന്ന വാചകത്തോടെയാണ്, ഇരുപത്തിമൂന്നാമത് ഖണ്ഡിക ആരംഭിക്കുന്നത്. ഇത് സഭയുടെ സാമൂഹികമായ മാനം എടുത്തു കാണിക്കുന്നു. കാലത്തിന്റെ അടയാളങ്ങളെ കേൾക്കാനും തിരിച്ചറിയാനും വ്യാഖ്യാനിക്കാനും ആഹ്വാനം ചെയ്യുന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അജപാലന ശൈലി സ്വീകരിച്ചുകൊണ്ട്, എല്ലാവരെയും കൂട്ടിയിണക്കിക്കൊണ്ട്, ഒരു മാതാവെന്ന നിലയിൽ ഏവരെയും ചേർത്ത് പിടിക്കുന്നതാണ് സഭയുടെ സ്വഭാവം എന്നതും പാപ്പാ വിശദീകരിക്കുന്നു. അതിനാൽ സത്യം അറിയിക്കുവാൻ ആരെയും ഭയപ്പെടാത്ത സഭയെയാണ് പാപ്പാ എടുത്തു കാണിക്കുന്നത്. ഇത് തന്നെയാണ് അപ്രിയ സത്യങ്ങളെ പോലും പരിശുദ്ധ പിതാക്കന്മാർ അഭിസംബോധന ചെയ്യുന്നതിന് കാരണവും. ദൈവവചനത്തിന്റെ വെളിച്ചത്തിൽ ലോകത്തെ നോക്കിക്കാണുന്ന സഭ, ശാസ്ത്രീയമായ അറിവുകളെ ഭയപ്പെടുന്നില്ല. മറിച്ച്, നീതിയുടെയും സമാധാനത്തിന്റെയും പാതകൾ വെട്ടിത്തെളിക്കാൻ ദൈവവചനം നൽകുന്ന മാനദണ്ഡങ്ങളെ സാമൂഹിക പശ്ചാത്തലത്തിൽ പ്രയോഗിക്കാൻ തത്ത്വശാസ്ത്രത്തിന്റെയും സാമൂഹിക ശാസ്ത്രങ്ങളുടെയും സഹായം അത്യന്താപേക്ഷിതമാണെന്ന് സഭ തിരിച്ചറിയുന്നു. ഇതാണ് പല കാര്യങ്ങളിലും അന്തിമമായ ഒരു വാക്ക് നല്കുവാനോ, അതിൽ എല്ലാറ്റിനെയും ഒതുക്കി നിർത്തുവാനോ, സഭ ആഗ്രഹിക്കാതെ, പല ശാസ്ത്ര ഗവേഷണങ്ങളെയും, ഗൗരവകരവും വിശ്വസ്തവുമായ സംവാദങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനു കാരണം.
സഭയുടെ സാമൂഹിക പ്രബോധന; മൂല്യങ്ങളുടെയും തത്വങ്ങളുടെയും ഒരു ശേഖരമാണ്
ഇതാണ് പരിശുദ്ധ പിതാക്കന്മാർ ആവർത്തിച്ചു ആവശ്യപ്പെടുന്ന സംഭാഷണത്തിന്റെ പാത. സുവിശേഷവും മാനുഷിക വിജ്ഞാനങ്ങളും തമ്മിലുള്ള ഈ ഫലപ്രദമായ സംഭാഷങ്ങളാണ്, മഞ്ഞീഫിക്ക ഉമാനിത്താസ് പോലെയുള്ള സാമൂഹിക പഠനങ്ങളുടെ അടിസ്ഥാനം. സുവിശേഷ മൂല്യങ്ങൾ ആധുനിക രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളിൽ എങ്ങനെ നടപ്പിലാക്കാം എന്ന് മനസ്സിലാക്കാൻ ഈ ശാസ്ത്രങ്ങൾ സഹായിക്കുന്നു. സഭയുടെ സാമൂഹിക പ്രബോധനം എന്നത് ധ്രുതഗതിയിലുള്ള പരിഹാരങ്ങളല്ല, മറിച്ച് ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന മൂല്യങ്ങളുടെയും തത്വങ്ങളുടെയും ഒരു ശേഖരമാണ്. പൊതുവായ വിവേചനത്തിന് ഒരു പിന്തുണ കൂടി ഈ പ്രബോധനങ്ങൾ നൽകുന്നു. പൊതുനന്മയ്ക്കും മനുഷ്യ അന്തസ്സിനുമായി പ്രവർത്തിക്കുന്നവർക്ക് ഒരു ധാർമ്മിക പിന്തുണയും വിവേചനത്തിനുള്ള വെളിച്ചവും ഇത് പ്രദാനം ചെയ്യുന്നു.
സത്യം എല്ലാവരുമായും പങ്കുവയ്‌ക്കേണ്ട മൂല്യമാണ്
അതിനാൽ സത്യം ഒരു കൂട്ടർക്ക് മാത്രം അവകാശപ്പെട്ടതല്ല, മറിച്ച് എല്ലാവരുമായും പങ്കുവയ്‌ക്കേണ്ട ഒന്നാണെന്ന ബോധ്യമാണ്, സഭയുടെ ഈ പ്രബോധനങ്ങൾ സമൂഹത്തിനു സമർപ്പിക്കപ്പെടുന്നതിനു കാരണം. സത്യം സംരക്ഷിക്കേണ്ട ഒരു ഭൂപ്രദേശമല്ല, മറിച്ച് പങ്കുവെക്കേണ്ട ഒരു നന്മയാണ് എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, അധികാരത്തിന്റെ ഇടങ്ങൾ പിടിച്ചെടുക്കുന്നതിനേക്കാളും സാംസ്കാരിക കോട്ടകൾ കാത്തുസൂക്ഷിക്കുന്നതിനേക്കാളും പ്രധാനം നന്മയുടെ പ്രക്രിയകൾ ആരംഭിക്കുകയും അവ പക്വത പ്രാപിക്കാൻ അനുവദിക്കുകയും ചെയ്യുക എന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ വിശദീകരിക്കുന്നു. സത്യത്തെക്കുറിച്ചുള്ള സഭയുടെ ആഴത്തിലുള്ള കാഴ്ചപ്പാടാണ് ഇവിടെ വ്യക്തമാക്കുന്നത്. സുവിശേഷ സത്യം മുകളിൽ നിന്ന് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല, മറിച്ച് സംസ്കാരങ്ങളുടെയും ജീവിതങ്ങളുടെയും ഇടയിൽ സ്വാഭാവികമായി വളരേണ്ട ഒന്നാണെന്നും കൂട്ടായ്മയുടെ പ്രാധാന്യത്തെ അനുസ്മരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഈ വൈവിധ്യത്തെ വിശദീകരിക്കാൻ 'പോളിഹെഡ്രൺ' എന്ന ചിത്രം പാപ്പാ ഉപയോഗിക്കുന്നു. പല മുഖങ്ങളുള്ള ഈ രൂപം ഒരേ സത്യത്തെ വ്യത്യസ്ത കോണുകളിൽ നിന്ന് പ്രതിഫലിപ്പിക്കുന്നു. കാരണം സുവിശേഷത്തിന്റെ സത്യം വ്യത്യസ്ത കോണുകളിൽ നിന്ന്, വിവിധ രീതികളിൽ പ്രതിഫലിക്കുന്നതിനെ തിരിച്ചറിയുവാനും, സ്വീകരിക്കുവാനും ഏവർക്കും സാധിക്കണമെന്നും പാപ്പാ ഈ ചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു.
സഭയുടെ സാർവത്രികത തുറന്ന മനോഭാവത്തെ ചൂണ്ടിക്കാണിക്കുന്നു
ഏകവും അതേസമയം ബഹുരൂപവുമായ സത്യത്തോടുള്ള ഈ തുറന്ന മനോഭാവം സഭയുടെ കാതോലികതയെ (Catholicity) ആഴത്തിൽ പ്രകടിപ്പിക്കുന്നു. സഭയുടെ 'കാതോലികത' അല്ലെങ്കിൽ സാർവത്രികത എന്നത് കേവലം ഒരു ഭൂപ്രദേശത്തെ സംബന്ധിക്കുന്നതല്ല, മറിച്ച് അത് സഭയുടെ തുറന്ന മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ലോകത്തിലെ സകല സംസ്കാരങ്ങളിലും ജനതകളിലും സഭ ലയിച്ചുചേർന്നിരിക്കുന്നു. ദൈവജനത്തിനുള്ളിലെ വിവിധ വിളികളും സംസ്കാരങ്ങളും പരസ്പരം പൂരകങ്ങളായി മാറണം. വിശുദ്ധ പോൾ ആറാമൻ പഠിപ്പിച്ചതുപോലെ, ലോകത്തിലെ എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കും ഒരൊറ്റ ഉത്തരം നൽകാൻ സാമൂഹിക പ്രബോധനത്തിന് കഴിയില്ല. ഓരോ പ്രാദേശിക സഭയും തങ്ങളുടെ നാടിന്റെ യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് സുവിശേഷത്തെ വായിക്കാൻ ബാധ്യസ്ഥരാണ്. ദൗത്യത്തിന്റെ സാർവത്രികതയും പ്രാദേശികമായ വേരുകളും തമ്മിലുള്ള ഈ സന്തുലിതാവസ്ഥ സഭയുടെ ചൈതന്യമാണ്. ഓരോ സമൂഹവും പരസ്പര കൈമാറ്റത്തിലൂടെയും പൂർണ്ണമായ കൂട്ടായ്മയിലേക്കുള്ള പൊതുവായ പരിശ്രമത്തിലൂടെയും സഭ മുഴുവനെയും മുൻപോട്ടു നയിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
കൂട്ടായ്‍മയെ സേവിക്കുവാൻ സഭ ശബ്ദമുയർത്തനം
സഭയുടെ സാമൂഹിക പ്രബോധനം എന്നത്, തത്വങ്ങളുടെയോ നിയമങ്ങളുടെയോ ഒരു കൈപ്പുസ്തകമല്ല, മറിച്ച് 'സമൂഹത്തിന്റെ വിവേചനത്തിനുള്ള ഒരു യാത്ര' ആണെന്നും പാപ്പാ എടുത്തു പറയുന്നു. കാലത്തിന്റെ അടയാളങ്ങളാൽ ചോദ്യം ചെയ്യപ്പെടാൻ അനുവദിക്കപ്പെട്ടുകൊണ്ട്, സുവിശേഷത്തിന്റെ നിത്യസത്യവും ചരിത്രത്തിലെ സങ്കീർണ്ണമായ ചോദ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിന്നാണ് ഇത് ജന്മമെടുക്കുന്നത്. മനുഷ്യ അന്തസ്സ് തകർക്കപ്പെടുമ്പോഴും രാഷ്ട്രീയം മനുഷ്യത്വത്തിന് വിരുദ്ധമാകുമ്പോഴും സഭ ശബ്ദമുയർത്തണം. എന്നാൽ അത് അധികാരം സ്ഥാപിക്കാനല്ല, മറിച്ച് കൂട്ടായ്മയെ സേവിക്കാനാണ്. ഇങ്ങനെ നോക്കുമ്പോൾ, സാമൂഹിക പ്രബോധനം എന്നത് ചരിത്രത്തിലെ 'കൂട്ടായ്മയുടെ ദൈവശാസ്ത്രമായി'മാറുന്നു. അത് വെറുമൊരു പ്രസംഗമല്ല, മറിച്ച് സംവാദവും പ്രവചനവുമായി മാറുന്ന ദൈവവചനമാണ്. അതുകൊണ്ട്, സഹോദരങ്ങളുടെ അന്തസ്സ് തകർക്കപ്പെടുമ്പോൾ, രാഷ്ട്രീയം മാനുഷിക ദുരന്തങ്ങളോട് പ്രതികരിക്കാതിരിക്കുമ്പോൾ, സാമ്പത്തികം വ്യക്തിക്കെതിരായി മാറുമ്പോൾ, അല്ലെങ്കിൽ ശാസ്ത്രം അതിന്റെ പരിധികൾ ലംഘിക്കുമ്പോൾ, സഭ - മറ്റ് ക്രൈസ്തവ വിഭാഗങ്ങളോടും ഇതര മതസ്ഥരോടും ചേർന്ന് തന്റെ ശബ്ദം ഉയർത്തണമെന്നു പാപ്പാ ആഹ്വാനം ചെയ്യുന്നു.
ഫ്രാൻസിസ് പാപ്പായുടെ 'ലൗദാത്തോ സി' (Laudato si’), 'ഫ്രത്തെല്ലി തൂത്തി' (Fratelli tutti) എന്നിവയിൽ വിവരിച്ചിട്ടുള്ള കാര്യങ്ങൾ വ്യവസ്ഥാപിതമായി ആവർത്തിക്കുന്നില്ല എങ്കിലും, ലിയോ പതിനാലാമൻ പാപ്പായുടെ ചാക്രികലേഖനം, ഒരു പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നു എടുത്തു പറയുന്നു. സഭയുടെ പ്രബോധനത്തിൽ രണ്ട് വശങ്ങളുണ്ട്: ഒന്ന്, ഒരിക്കലും മാറാത്ത വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ (മനുഷ്യ അന്തസ്സ്, സ്നേഹം, നീതി). രണ്ട്, ലോകത്തിലെ പുതിയ പ്രശ്നങ്ങളെ (ഉദാഹരണത്തിന് കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റൽ യുഗം) അഭിമുഖീകരിക്കാനുള്ള സഭയുടെ പുതിയ രീതികൾ. ഇവ രണ്ടും പരസ്പരപൂരകങ്ങളാണെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
സാമൂഹിക പ്രബോധനം കേവലം വാക്കുകളല്ല, സ്നേഹത്തിന്റെ പാതയാണ്
സഭയെ ഒരു ആധിപത്യ സ്ഥാപനമായല്ല, മറിച്ച് ലോകത്തിന്റെ പ്രശ്നങ്ങളിൽ പങ്കുചേരുന്ന, ശാസ്ത്രത്തെ ആദരിക്കുന്ന, വിനയത്തോടെ സംവാദത്തിന് തയ്യാറാകുന്ന ഒരു കൂട്ടായ്മയായിട്ടാണ് പാപ്പാ ഈ ഖണ്ഡികകളിൽ ചിത്രീകരിക്കുന്നത്. സഭയുടെ സാമൂഹിക പ്രബോധനം കേവലം വാക്കുകളല്ല, മറിച്ച് മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള പ്രായോഗികമായ സ്നേഹത്തിന്റെ പാതയാണെന്നും, ഓരോ വിശ്വാസിയും തന്റെ ചുറ്റുമുള്ള ലോകത്തെ സുവിശേഷത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണാനും നീതിക്കായി പ്രവർത്തിക്കാനും തയ്യാറാവണമെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.