സഭയുടെ സാമൂഹിക പ്രബോധനം മനുഷ്യന്റെ സമഗ്ര വികസനം ലക്‌ഷ്യം വയ്ക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"മഞ്ഞീഫിക്ക ഉമാനിത്താസ്" ചാക്രികലേഖനത്തിന്റെ വലിയൊരു പ്രത്യേകത അത് ചരിത്രത്തിന്റെ സത്യങ്ങളെ നമ്മുടെ വിചിന്തനത്തിനായി സമർപ്പിക്കുന്നു എന്നുള്ളതാണ്. ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ നമുക്ക് മുൻപിൽ ഉയർത്തിക്കാട്ടുമ്പോഴും, ചരിത്രത്തിന്റെ വിവിധ ഏടുകളിൽ, വെല്ലുവിളികൾക്ക് നടുവിൽ, കത്തോലിക്കാ സഭ മുൻപോട്ട് വച്ച ആശയങ്ങളെയും, അവ സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങളെയും പരിശുദ്ധ പിതാവ് എടുത്തുകാണിച്ചുകൊണ്ട്, സഭയുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു. കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനം എന്നത് പെട്ടെന്ന് ഒരു ദിവസം ഉണ്ടായ ഒന്നല്ല. ഇത് നൂറ്റാണ്ടുകളിലൂടെ സഭ രൂപപ്പെടുത്തിയെടുത്ത ആഴമേറിയ ചിന്തകളുടെയും പ്രയോഗങ്ങളുടെയും പരിണതഫലമാണെന്നുള്ള യാഥാർഥ്യം പാപ്പാ അടിവരയിട്ടു പറയുന്നു. വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാരുടെ പഠനങ്ങൾ, മധ്യകാലഘട്ടത്തിലെ ദൈവശാസ്ത്രപരവും നിയമപരവുമായ വിചിന്തനങ്ങൾ എന്നിവയാണ് പ്രധാനമായും സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ അടിസ്ഥാനം. ഇത് സഭയ്ക്ക് സമൂഹവുമായി എല്ലാക്കാലത്തും നിലനിന്നിരുന്ന ബന്ധത്തെയും എടുത്തു കാണിക്കുന്നു.
"സഭയുടെ സാമൂഹിക പ്രബോധനം" (Social Doctrine of the Church) എന്ന പ്രയോഗം 1950-ൽ പന്ത്രണ്ടാം പീയൂസ് പാപ്പായാണ് ആദ്യമായി ഉപയോഗിച്ചതെങ്കിലും, ഇതിന്റെ ഒരു വ്യവസ്ഥാപിത രൂപം ലിയോ പതിമൂന്നാമൻ പാപ്പായുടെ 'റേരും നോവാരും' (Rerum Novarum) എന്ന വിശ്വപ്രസിദ്ധമായ ചാക്രികലേഖനത്തോടെയാണ് കൈവന്നതും, പ്രചാരത്തിലായതും. സുവിശേഷത്തിന്റെ വെളിച്ചത്തിൽ സാമൂഹിക യാഥാർത്ഥ്യങ്ങളെ തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യുക എന്ന സഭയുടെ ദൗത്യത്തിന്റെ ഭാഗമാണിത്. അതായത്, ക്രിസ്തുവിന്റെ പ്രേഷിതദൗത്യം സമൂഹത്തിൽ തുടരുക എന്നതാണ് സഭ ഇതുവഴിയായി മുൻപോട്ടു വയ്ക്കുന്ന പ്രായോഗിക നിർദേശങ്ങൾ.
ലിയോ പതിമൂന്നാമൻ പാപ്പായുടെ 'റേരും നോവാരും' (Rerum Novarum) എന്ന ചാക്രികലേഖനം പുതിയ ഒരു യുഗത്തിന് തുടക്കം കുറിച്ചു എന്ന് പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. പത്തൊൻപതാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവം ലോകത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു. സാമ്പത്തിക മേഖലയിലുണ്ടായ വമ്പിച്ച കുതിച്ചുചാട്ടം ഒരുവശത്ത് നടക്കുമ്പോൾ മറുവശത്ത് തൊഴിലാളി വർഗ്ഗം കടുത്ത ചൂഷണത്തിന് ഇരയായിക്കൊണ്ടിരുന്നു. മൂലധനവും അധ്വാനവും തമ്മിലുള്ള സംഘർഷം, ദാരിദ്ര്യം, നഗരവൽക്കരണം എന്നിവയായിരുന്നു അന്നത്തെ "പുതിയ കാര്യങ്ങൾ". ഈ സാഹചര്യത്തിലാണ് 1891-ൽ ലിയോ പതിമൂന്നാമൻ പാപ്പാ തന്റെ ചരിത്രപ്രധാനമായ ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നത്. സഭയുടെ സാമൂഹ്യ സിദ്ധാന്തങ്ങൾക്ക് അടിത്തറ നൽകിയ ഒരു രേഖകൂടിയാണിത്. തൊഴിൽ, ശമ്പളം, സ്വകാര്യസ്വത്തുക്കൾ, പുതിയ പ്രത്യയശാസ്ത്രങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ, കുടുംബങ്ങളുടെ അവകാശങ്ങൾ, എന്നിങ്ങനെയുള്ള വിവിധങ്ങളായ കാര്യങ്ങളെ വിശകലനം ചെയ്തുകൊണ്ട്, ലിയോ പതിമൂന്നാമൻ പാപ്പാ, സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ നീതിയുറപ്പാക്കുവാൻ സഭയ്ക്കുള്ള ഉത്തരവാദിത്വത്തെ എടുത്തു കാണിച്ചു.
ഈ രേഖയുടെ കേന്ദ്രബിന്ദു തൊഴിലാളിയുടെയും അധ്വാനത്തിന്റെയും അന്തസ്സാണ്. മനുഷ്യൻ കേവലം ഒരു ഉൽപ്പാദന ഉപകരണമല്ലെന്നും ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ട വ്യക്തിയാണെന്നും ലിയോ പതിമൂന്നാമൻ ഓർമ്മിപ്പിച്ചു. ന്യായമായ വേതനം ലഭിക്കാനുള്ള അവകാശം, സ്വകാര്യ സ്വത്തവകാശത്തോടൊപ്പം തന്നെ അതിന്റെ സാമൂഹിക ഉത്തരവാദിത്തം, തൊഴിലാളികൾക്ക് സംഘടിക്കാനുള്ള അവകാശം എന്നിവ അദ്ദേഹം ഉയർത്തിപ്പിടിച്ചു. വർഗ്ഗസമരത്തിന് പകരമായി സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണമാണ് അദ്ദേഹം നിർദ്ദേശിച്ചത്. ആധുനിക കാലഘട്ടത്തിലും ലാഭത്തേക്കാൾ വ്യക്തിക്ക് മുൻഗണന നൽകണം എന്ന ഈ പഠനം വലിയ സ്വാധീനം ചെലുത്തുന്നു. ഒരുപക്ഷെ ഈ ഒരു സാഹചര്യം, നിർമ്മിതബുദ്ധിയുടെയും, മറ്റു സാങ്കേതിക വികാസങ്ങളുടെയും ഭാഗമായി സമൂഹത്തിൽ ഇന്ന് ഉടലെടുത്തിരിക്കുന്നു. അതിനാലാണ്, ലിയോ പതിനാലാമൻ പാപ്പാ, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുവാനും, അവനുള്ള മൂല്യം തിരിച്ചറിയുവാനും ഏവരെയും ആഹ്വാനം ചെയ്തു കൊണ്ട്, "മഞ്ഞീഫിക്ക ഉമാനിത്താസ്" എന്ന ചാക്രിക ലേഖനത്തിനു രൂപം നൽകുന്നത്.
'റേരും നോവാരും' ആരംഭിച്ച ഒരു സാമൂഹിക വീക്ഷണത്തിനു, മറ്റു പാപ്പാമാരും ചരിത്രത്തിൽ തുടർച്ച നൽകിയിട്ടുണ്ട്. 1931-ൽ, രേഖയുടെ 40-ാം വാർഷികത്തിൽ, ലോകം വലിയൊരു സാമ്പത്തിക മാന്ദ്യത്തെ നേരിടുമ്പോഴാണ് പതിനൊന്നാം പീയൂസ് പാപ്പാ 'ക്വാദ്രജേസിമോ ആനോ' (Quadragesimo Anno) പ്രസിദ്ധീകരിക്കുന്നത്. ലിയോ പതിമൂന്നാമന്റെ ആശയങ്ങളെ വികസിപ്പിച്ച അദ്ദേഹം, സാമ്പത്തിക ശക്തികൾ ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിക്കുന്നതിനെതിരെ ശക്തമായി സംസാരിച്ചു.
ഈ രേഖയിലൂടെയാണ് 'സബ്സിഡിയാരിറ്റി' (Subsidiarity) അഥവാ 'സഹായതത്വം' എന്ന സുപ്രധാനമായ സാമൂഹിക തത്വം ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടത്. ഒരു ചെറിയ സമൂഹത്തിനോ വ്യക്തിക്കോ ചെയ്യാവുന്ന കാര്യങ്ങൾ വലിയ അധികാരാലയങ്ങൾ ഏറ്റെടുക്കരുത് എന്നതാണ് ഇതിന്റെ കാതൽ. ഇത് പ്രാദേശിക ഭരണകൂടങ്ങളുടെയും കുടുംബങ്ങളുടെയും സ്വയംഭരണത്തെ സംരക്ഷിക്കുന്നു. മനുഷ്യാന്തസ്സിനെ ഹനിക്കുന്ന എല്ലാ വ്യവസ്ഥിതികളെയും സഭ തള്ളിക്കളഞ്ഞു. നീതിപൂർണ്ണമായ ഒരു സാമൂഹിക ക്രമം വ്യക്തിഗത മാറ്റത്തിലൂടെ മാത്രമല്ല, ഘടനാപരമായ മാറ്റത്തിലൂടെയും സാധ്യമാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനീതികൾ വ്യക്തിഗത പെരുമാറ്റത്തെ മാത്രമല്ല, സാമ്പത്തിക, സ്ഥാപന ഘടനകളെയും ബാധിക്കുന്നു എന്ന അവബോധം; പുതിയ അധികാര കേന്ദ്രീകരണങ്ങൾ ഒഴിവാക്കിക്കൊണ്ട് സഹവർത്തിത്വത്തെയും സമൂഹത്തെയും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആവശ്യപ്പെടുന്ന സബ്സിഡിയറിറ്റി തത്വത്തിന്റെ മൂല്യം; ജോലിയുടെ അന്തസ്സ്, ന്യായമായ വേതനം, കുടുംബങ്ങൾക്ക് സംതൃപ്തമായ ജീവിതം നയിക്കാനുള്ള യഥാർത്ഥ സാധ്യത എന്നിവ തമ്മിലുള്ള ബന്ധം എന്നിവയെല്ലാം അന്നത്തെപോലെ ഇന്നും പ്രസക്തമാണെന്നു പാപ്പാ അടിവരയിട്ടു പറയുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കറുത്ത ദിനങ്ങളിൽ സഭയുടെ സാമൂഹിക പ്രബോധനം പുതിയ മാനങ്ങളിൽ സമൂഹത്തിൽ ഏറെ പ്രസക്തമായി. പന്ത്രണ്ടാം പീയൂസ് പാപ്പാ, റേഡിയോ സന്ദേശങ്ങളിലൂടെയാണ് ഈ ആശയങ്ങൾ പങ്കുവെച്ചത്. അന്താരാഷ്ട്ര ബന്ധങ്ങൾ കേവലം ശക്തിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് പ്രകൃതി നിയമങ്ങളുടെയും (Natural Law) നീതിയുടെയും അടിസ്ഥാനത്തിലാണ് പണിയേണ്ടതെന്ന് അദ്ദേഹം വാദിച്ചു.
ജനാധിപത്യം എന്നത് അധികാരം കൈയ്യാളാനുള്ള ഒരു പ്രധാന മാർഗ്ഗമാണെന്നും നിയമവാഴ്ച ദുരധികാരത്തെ തടയാൻ അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യങ്ങൾ തമ്മിലുള്ള വലിയ സാമ്പത്തിക വ്യത്യാസങ്ങൾ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ആഗോളതലത്തിൽ നീതി നടപ്പാക്കാതെ സമാധാനം സാധ്യമാകില്ലെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഇന്നും ഏറെ പ്രസക്തമാണ്.
ആഗോള ശക്തിയുടെ പുതിയ രൂപങ്ങളും വർദ്ധിച്ചുവരുന്ന അസമത്വങ്ങളും അടയാളപ്പെടുത്തിയിരിക്കുന്ന നമ്മുടെ കാലത്ത്, മൂന്ന് ദിശാബോധങ്ങൾ പ്രത്യേകിച്ച് പ്രാധാന്യമർഹിക്കുന്നുവെന്നു പാപ്പാ ചൂണ്ടികാണിക്കുന്നു: ഓരോരുത്തരുടെയും താത്പര്യങ്ങൾക്കുപരി നിയമം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത, സാമ്പത്തിക അസമത്വങ്ങൾ പിരിമുറുക്കത്തിനും അക്രമത്തിനും, വഴിതെളിക്കുമെന്ന അവബോധം, വ്യക്തികൾക്കും രാജ്യത്തിനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ കഴിവുള്ള ഒരു അനുബന്ധ ശൃംഖലയുടെ മൂല്യം എന്നിവയാണവ.
1960-കളിൽ ലോകം പുതിയ മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോൾ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായും സഭയുടെ സാമൂഹിക പ്രബോധനങ്ങളെ കൂടുതൽ വിപുലമാക്കി. 'മാത്തർ ഏത് മജിസ്‌ട്രാ' (Mater et Magistra) എന്ന ചാക്രികലേഖനത്തിലൂടെ സഭയ്ക്ക് ആത്മീയ കാര്യങ്ങളിൽ മാത്രമല്ല, മനുഷ്യന്റെ ഭൗതിക ജീവിതത്തിലും ഉത്തരവാദിത്വമുണ്ടെന്നു അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രേഖ 'പാച്ചെം ഇൻ തെരിസ്' (Pacem in Terris) ആയിരുന്നു. ഇത് കത്തോലിക്കർക്ക് മാത്രമല്ല, "എല്ലാ സന്മനസ്സുള്ള മനുഷ്യർക്കുമായി" സമർപ്പിക്കപ്പെട്ട ഒന്നായിരുന്നു. മനുഷ്യാവകാശങ്ങളെ സഭയുടെ ഔദ്യോഗിക പഠനങ്ങളുടെ ഭാഗമായി അദ്ദേഹം അവതരിപ്പിച്ചു.
സത്യം, നീതി, സ്നേഹം, സ്വാതന്ത്ര്യം എന്നിവയിലധിഷ്ഠിതമായ ഒരു ലോകക്രമത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആണവായുധങ്ങളുടെ ഭീഷണി നിലനിന്നിരുന്ന ശീതയുദ്ധകാലത്ത് ലോകസമാധാനത്തിനായി അദ്ദേഹം നൽകിയ ആഹ്വാനം ചരിത്രപരമായിരുന്നു. വ്യാപകമായ സംഘർഷങ്ങളും ആഗോള പരസ്പരാശ്രിതത്വത്തിന്റെ പുതിയ രൂപങ്ങളും അടയാളപ്പെടുത്തിയിരിക്കുന്ന നമ്മുടെ കാലത്ത്, ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പരാമർശം, ശാശ്വത സമാധാനത്തിന് ഓരോ വ്യക്തിയുടെയും അന്തസ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ആവശ്യമാണെന്ന ബോധ്യം, എന്നിവ പ്രത്യേകിച്ചു പ്രാധാന്യമർഹിക്കുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയുടെ ചരിത്രത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. കൗൺസിലിന്റെ 'ഗൗദിയം ഏത് സ്പെസ്' (Gaudium et Spes) എന്ന പ്രമാണരേഖ ആധുനിക ലോകത്തോടുള്ള സഭയുടെ സമീപനത്തെ മാറ്റിമറിച്ചു. ലോകത്തിന്റെ സന്തോഷങ്ങളും പ്രത്യാശകളും സങ്കടങ്ങളും സഭയുടേതു കൂടിയാണെന്ന് ഈ രേഖ വ്യക്തമാക്കുന്നു.
മനുഷ്യന്റെ സമഗ്ര വികസനം എന്ന ലക്ഷ്യത്തോടെയാണ് സാമ്പത്തികവും രാഷ്ട്രീയവുമായ ഘടനകൾ പ്രവർത്തിക്കേണ്ടത്. വിവാഹം, കുടുംബം, സംസ്കാരം, സാമ്പത്തിക ജീവിതം തുടങ്ങിയ എല്ലാ മേഖലകളിലും സുവിശേഷാധിഷ്ഠിതമായ മാറ്റങ്ങൾ വരണമെന്ന് കൗൺസിൽ പഠിപ്പിച്ചു. 'ദിഞ്ഞിത്താത്തിസ് ഉമാനെ' (Dignitatis Humanae) എന്ന പ്രഖ്യാപനത്തിലൂടെ മതസ്വാതന്ത്ര്യം എന്നത് മനുഷ്യാന്തസ്സിൽ അധിഷ്ഠിതമായ ഒന്നാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും സഭ പഠിപ്പിച്ചു.
വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ കാലഘട്ടത്തിൽ സഭയുടെ സാമൂഹിക പ്രബോധനം ആഗോള വികസനത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളിലേക്ക് കടന്നു. അദ്ദേഹത്തിന്റെ 'പോപ്പുലോരും പ്രോഗ്രസ്സിയോ' (Populorum Progressio) എന്ന വിശ്വപ്രസിദ്ധമായ രേഖ "വികസനമാണ് സമാധാനത്തിന്റെ പുതിയ പേര്" എന്ന് പ്രഖ്യാപിച്ചു.
വികസനം എന്നാൽ കേവലം സാമ്പത്തിക വളർച്ച മാത്രമല്ല, മറിച്ച് അത് ഓരോ വ്യക്തിയുടെയും സകല തലങ്ങളെയും സ്പർശിക്കുന്ന ഒന്നായിരിക്കണം. ദരിദ്ര രാജ്യങ്ങളുടെ ഉന്നമനത്തിനായി സമ്പന്ന രാജ്യങ്ങൾ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 1971-ൽ 'ഒക്ടോജേസിമ അദ്വേനിയൻസ്' (Octogesima Adveniens) എന്ന രേഖയിലൂടെ നഗരവൽക്കരണം സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളെയും ദാരിദ്ര്യങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. രാഷ്ട്രീയമായ പ്രവർത്തനങ്ങളിൽ ക്രൈസ്തവർ സജീവമാകണമെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം സുവിശേഷ പ്രഘോഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ വികാസത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പായുടെയും പങ്കു വിസ്മരിക്കുവാൻ ആവാത്തതാണ്. സമൂഹത്തിവിലെ അനീതികൾ കേവലം വ്യക്തിപരമായ തെറ്റുകൾ മാത്രമല്ലെന്നും, അവ ഘടനാപരമായ പാപങ്ങളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. ലാഭക്കൊതിയും അധികാരഭ്രമവും ഇത്തരം പാപകരമായ ഘടനകളെ വളർത്തുന്നു. ഇതിനെതിരെ പോരാടാൻ ഐക്യദാർഢ്യം എന്ന മൂല്യം അദ്ദേഹം മുന്നോട്ടുവെച്ചു.
നീതിയുക്തമായ ഒരു ലോകം കെട്ടിപ്പടുക്കാൻ സമ്പദ്‌വ്യവസ്ഥ മനുഷ്യന് കീഴ്പ്പെട്ടിരിക്കണം എന്ന തത്വം സഭ ആവർത്തിച്ചു. പാവപ്പെട്ടവരോടുള്ള സവിശേഷമായ പരിഗണന എന്നത് സഭയുടെ സുപ്രധാന ദൗത്യമായി മാറി. ഇപ്രകാരം, ഓരോ കാലഘട്ടത്തിലെയും "പുതിയ കാര്യങ്ങളെ" നേരിടാൻ സഭ അതിന്റെ പാരമ്പര്യത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് പുതിയ ഉത്തരങ്ങൾ കണ്ടെത്തുന്നു.
കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനം ഒരു പവിത്രമായ പൈതൃകമാണ്. അത് മാറുന്ന ലോകസാഹചര്യങ്ങളിൽ മനുഷ്യന് വഴികാട്ടിയായി വർത്തിക്കുന്നു. മനുഷ്യാന്തസ്സ്, ഐക്യദാർഢ്യം, സഹായമനസ്കത, പൊതുനന്മ എന്നീ തത്വങ്ങൾ ഇന്നും സഭയുടെ സാമൂഹിക വീക്ഷണത്തിന്റെ തൂണുകളായി നിലകൊള്ളുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.