ഫാദർ ജാക്വസ് ഹാമൽ കൊല്ലപ്പെട്ടതിന്റെ പത്താം വാർഷികം; ഫ്രാൻസിൽ പ്രത്യേക പ്രാർത്ഥനാ സംഗമങ്ങൾ
വത്തിക്കാൻ ന്യൂസ്
ഫ്രാൻസിലെ സെന്റ് എറ്റിയെൻ-ഡു-റൗവ്രെയിൽ ഫാദർ ജാക്വസ് ഹാമൽ കൊല്ലപ്പെട്ടതിന്റെ പത്താം വാർഷികം വിപുലമായ ചടങ്ങുകളോടെ ആചരിക്കുന്നു. 2016 ജൂലൈ 26-ന് ദേവാലയത്തിൽ പ്രാർത്ഥന നടത്തിക്കൊണ്ടിരിക്കെ, ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലർത്തുന്ന രണ്ട് തീവ്രവാദികളാണ് അദ്ദേഹത്തെ ക്രൂരമായി വധിച്ചത്. ഈ സ്മരണാർത്ഥം ഫ്രാൻസിൽ ഉടനീളം ക്രൈസ്തവ-മുസ്ലിം സൗഹൃദ സംഗമങ്ങളും, പ്രദർശനങ്ങളും, പ്രത്യേക പ്രാർത്ഥനകളും സംഘടിപ്പിക്കുന്നുണ്ട്. ഫ്രഞ്ച് മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഷാൻ-മാർക്ക് അവെലിൻ നയിക്കുന്ന പ്രത്യേക കുർബാനയും വാർഷികത്തോടനുബന്ധിച്ച് നടക്കും.
ഫാദർ ഹാമലിന്റെ രക്തസാക്ഷിത്വം ഫ്രാൻസിലെ മതസൗഹാർദ്ദ ചർച്ചകളിൽ വലിയൊരു മാറ്റത്തിന് കാരണമായതായി ഏവരും സാക്ഷ്യപ്പെടുത്തുന്നു. ഏതാനും വ്യക്തികൾ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ മുസ്ലിം സമുദായത്തെ ഒന്നടങ്കം കുറ്റപ്പെടുത്താൻ പാടില്ലെന്ന ശക്തമായ നിലപാടാണ് ഫ്രഞ്ച് കത്തോലിക്കാ സഭ എക്കാലവും സ്വീകരിച്ചത്. കൊലപാതകത്തിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്ലിം നേതാക്കൾ സഭയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. വിദ്വേഷത്തിന് പകരം ക്ഷമയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് ഈ സംഭവത്തിന് ശേഷം സഭ സമൂഹത്തിന് നൽകിയത്.
പുതിയ തലമുറയ്ക്ക് ഈ ചരിത്രം കൈമാറുന്നതിനൊപ്പം നിലവിലുള്ള വെല്ലുവിളികളെ അതിജീവിക്കേണ്ടതിന്റെ ആവശ്യകതയും നാഷണൽ സർവീസ് ഫോർ റിലേഷൻസ് വിത്ത് മുസ്ലിംസ് ഡയറക്ടർ ഫാദർ ജീൻ-ഫ്രാൻസ്വ ബോർ ഓർമ്മിപ്പിക്കുന്നു. മതപരമായ വിദ്വേഷവും സംശയങ്ങളും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ, സംഭാഷണങ്ങളിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും മാത്രമേ സമാധാനം നിലനിർത്താൻ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസത്തെ മറ്റുള്ളവർക്കെതിരെയുള്ള മതിലായി മാറ്റാതെ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മനോഭാവം വളർത്തിയെടുക്കാനാണ് ഹാമലിന്റെ രക്തസാക്ഷിത്വത്തിന്റെ പത്താം വാർഷിക വേളയിൽ സഭ ആഹ്വാനം ചെയ്യുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.