തിരയുക

പാത്രിയർക്കീസ് എലിയാസ് ഹോയേക്ക് പാത്രിയർക്കീസ് എലിയാസ് ഹോയേക്ക് 

ലബനന് പ്രത്യാശയുടെ വെളിച്ചം പകർന്നുകൊണ്ട് പാത്രിയർക്കീസ് എലിയാസ് ഹോയേക്ക് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

'ഗ്രേറ്റർ ലെബനന്റെ' ശില്പികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന പാത്രിയർക്കീസ് എലിയാസ് ഹോയേക്കിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ലബനനിലെ ജനതയ്ക്ക്, പ്രത്യാശയുടെ വെളിച്ചം പകർന്നുകൊണ്ട്, പാത്രിയർക്കീസ് എലിയാസ് ഹോയേക്കിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നു. ദിമാനെയിലെ  പാത്രിയർക്കൽ വേനൽക്കാല വസതിയിൽ വെച്ച്,   വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും . 2024-ൽ പാത്രിയർക്കീസ് മാർ എസ്തഫാൻ അൽ-ദുവൈഹി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം, ഒരു മരോനൈറ്റ് പാത്രിയർക്കീസ് ഈ പദവിയിലേക്ക് ഉയർത്തപ്പെടുന്നത് ലെബനീസ് ജനതയ്ക്ക് വലിയ ആത്മീയ ഉണർവാണ് നൽകുന്നത്.

1843-ൽ വടക്കൻ ലെബനനിൽ ജനിച്ച എലിയാസ് ഹോയേക്ക്, റോമിലെ പഠനത്തിന് ശേഷം വൈദികനായും പിന്നീട് 1899-ൽ അന്തോക്യയിലെ 72-ാമത്തെ മരോനൈറ്റ് പാത്രിയർക്കീസായും സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി അദ്ദേഹം 'മരോനൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് ദി ഹോളി ഫാമിലി' എന്ന സന്യാസിനി സമൂഹം സ്ഥാപിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്തെ കടുത്ത ക്ഷാമത്തിൽ, മതഭേദമന്യേ വിശക്കുന്നവർക്കായി തന്റെ ആശ്രമങ്ങളുടെ വാതിലുകൾ തുറന്നിട്ട അദ്ദേഹം, ജനങ്ങളുടെ കാവൽക്കാരനായാണ് അറിയപ്പെട്ടിരുന്നത്. ഓട്ടോമൻ ഭരണകൂടം അദ്ദേഹത്തെ നാടുകടത്താൻ ശ്രമിച്ചെങ്കിലും വത്തിക്കാന്റെ ഇടപെടലിലൂടെ അത് ഒഴിവാക്കപ്പെട്ടു.

'ഗ്രേറ്റർ ലെബനന്റെ' ശില്പികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന പാത്രിയർക്കീസ് ഹോയേക്ക്, 1919-ലെ വെഴ്സായ് സമാധാന സമ്മേളനത്തിൽ ലെബനന്റെ സ്വാതന്ത്ര്യത്തിനായി ശക്തമായി വാദിച്ചു. രാജ്യത്തിന്റെ സാംസ്കാരികവും മതപരവുമായ വൈവിധ്യം നിലനിർത്തിക്കൊണ്ടുള്ള ഒരു സ്വതന്ത്ര രാഷ്ട്രമെന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. 1930-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച 'ദേശസ്നേഹം' എന്ന ലേഖനത്തിൽ, പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്നത് ഓരോ ക്രിസ്ത്യാനിയുടെയും ധാർമ്മിക ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

1931 ഡിസംബർ 24-ന് അന്തരിച്ച അദ്ദേഹത്തിന്റെ നാമകരണത്തിന് ആധാരമായ അത്ഭുതം 1965-ൽ നടന്ന ഒരു രോഗസൗഖ്യമാണ്. നട്ടെല്ലിന് ഗുരുതരമായ രോഗം ബാധിച്ച നായെഫ് അബു ആസി എന്ന ഡ്രൂസ്  സൈനിക ഉദ്യോഗസ്ഥൻ, പാത്രിയർക്കീസിനെ സ്വപ്നം കണ്ടതിനെത്തുടർന്ന് പൂർണ്ണമായി സുഖം പ്രാപിക്കുകയായിരുന്നു.  കടുത്ത സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ആധുനിക ലെബനന്  പ്രത്യാശയുടെ പുതിയൊരു ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശമാണ്, ഈ പ്രഖ്യാപനം നൽകുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

25 ജൂലൈ 2026, 11:52