വെനിസ്വേലയ്ക്ക് അഞ്ചു കോടിയുടെ ധനസഹായമെത്തിച്ച് ഇറ്റലിയിലെ കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വെനിസ്വേലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പങ്ങൾ മൂലം ജീവിതം ദുരിതപൂർണ്ണമായ സാധാരണ മനുഷ്യരെ ചേർത്തുപിടിച്ച് ഇറ്റലിയിലെ കത്തോലിക്കാസഭ. രാജ്യത്തെ ജനത്തോടുള്ള സാമീപ്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഭാഗമായി ഇറ്റലിയിലെ മെത്രാൻസമിതി ഏതാണ്ട് അഞ്ചു കോടിയോളം രൂപ വരുന്ന അഞ്ചുലക്ഷം യൂറോ രാജ്യത്തിന് സംഭാവന ചെയ്തു.
വെനിസ്വേലയിലെ മെത്രാൻസമിതി അദ്ധ്യക്ഷനും, വലൻസിയ അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് ഹേസൂസ് അന്തോണി ഗൊൺസാലസ് ദേ സാരത്തെ സാലാസിനയച്ച ഒരു സന്ദേശത്തിലൂടെ, രാജ്യത്തെ സഭയ്ക്കും, ഇടവകസമൂഹങ്ങൾക്കും, ജനങ്ങൾക്കൊപ്പവും ജനങ്ങൾക്കുവേണ്ടിയും സേവനമനുഷ്ഠിക്കുന്ന സമർപ്പിതർക്കും ഇറ്റലിയിലെ മെത്രാൻസമിതി അദ്ധ്യക്ഷനും ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷനുമായ കർദ്ദിനാൾ മത്തെയോ സൂപ്പി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തുനിന്നെത്തുന്ന വാർത്തകൾ തങ്ങൾ വേദനയോടും ദുഃഖത്തോടും കൂടിയാണ് പിന്തുടരുന്നതെന്ന് അദ്ദേഹം എഴുതി.
തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരും, വീടുകൾ നഷ്ടപ്പെട്ടവരുമുൾപ്പെടെ എല്ലാവർക്കും കർദ്ദിനാൾ സൂപ്പി ഇറ്റലിയിലെ സഭയുടെ സാമീപ്യം വാഗ്ദാനം ചെയ്തു. എല്ലാ സഹനങ്ങളും, പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും ദുർബലരുടെയും വേദനകൾ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വവും സഹകരണവും ഐക്യദാർഢ്യവും ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ദുരിതമനുഭവിക്കുന്ന സാധാരണജനത്തിന് സഹായസഹകരണങ്ങൾ ഉറപ്പാക്കുന്ന എല്ലാ മേലധികാരികൾക്കും, ആരോഗ്യപ്രവർത്തകർക്കും സന്നദ്ധസേവകർക്കും ക്രൈസ്തവസമൂഹത്തിനും, സഭാദ്ധ്യക്ഷൻ തങ്ങളുടെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു. നിലവിലെ അടിയന്തിരാവസ്ഥയെ അഭിമുഖീകരിക്കുന്നതിനുള്ള ആദ്യ ഗഡുവായാണ്, ഇറ്റലിയിലെ ആളുകൾ തങ്ങളുടെ നികുതിപ്പണത്തിൽനിന്ന് സഭയുടെ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുന്ന ഫണ്ടിൽനിന്ന് (8xmille) അഞ്ചുകോടി രൂപ നീക്കിവച്ചത്.
നിലവിലെ തുക രാജ്യത്ത് നടന്നുവരുന്ന അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി, ഇറ്റലിയിലെ കാരിത്താസ് സംഘടനയുടെ കീഴിൽ ഉപയോഗിക്കപ്പെടും. പാവപ്പെട്ടവരും, ഭവനരഹിതരായി കഴിയുന്നവരും പാർശ്വവതരിക്കപ്പെട്ടവരുമായ മനുഷ്യർക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടാകും പ്രവർത്തനങ്ങൾ നടക്കുകയെന്ന് കാരിത്താസ് വിശദീകരിച്ചു.
നിരവധി മരണങ്ങൾക്കും നൂറുകണക്കിന് ആളുകൾക്ക് പരിക്കിനും കാരണമായ ശക്തമായ രണ്ട് ഭൂകമ്പങ്ങളാണ് ജൂൺ 24 ബുധനാഴ്ച വൈകുന്നേരം രാജ്യത്തിൻറെ മദ്ധ്യഭാഗത്തുള്ള ഗ്വയിര സംസ്ഥാനത്തും സമീപപ്രദേശങ്ങളിലും ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.2, 7.5 എന്നിവ രേഖപ്പെടുത്തിയ തുടർച്ചയായ ഈ രണ്ടു ഭൂകമ്പങ്ങളിൽ നിരവധി കെട്ടിടങ്ങളും തകർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.