ദൈവം തിരഞ്ഞെടുക്കുന്നത് അയോഗ്യരെയല്ല, മറിച്ച് തിരഞ്ഞെടുക്കുന്നവരെ അവിടുന്ന് യോഗ്യരാക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഈശോമിശിഹായിൽ ഏറെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ,
സീറോമലബാർ സഭയുടെ ആരാധന ക്രമത്തിൽ, നാം ഇന്ന് ശ്ളീഹാക്കാലം, അഞ്ചാം ഞായറാഴ്ച്ചയിലാണ് ആയിരിക്കുന്നത്. പന്തക്കുസ്‌താത്തിരുനാള്‍ തുടങ്ങിയുള്ള ഏഴ് ആഴ്‌ച്ചകളാണ് ശ്ലീഹാക്കാലം എന്ന പേരില്‍ അറിയപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യേകമായി പ്രാധാന്യം നല്‍കുന്ന കാലമാണിത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍, ശ്ലീഹന്മാരും ദൈവജനവുമാകുന്ന സഭയും തമ്മിലുള്ള സുദൃഢമായ ബന്ധം, ആദിമ സഭയുടെ ചൈതന്യവും കൂട്ടായ്‌മയും, സഭയുടെ പ്രേഷിതസ്വഭാവവും ദൗത്യവും എന്നിവയാണ് ഈ കാലത്തിലെ പ്രധാന ചിന്തകള്‍. തങ്ങളുടെ ഗുരുവിന്റെ സന്ദേശവുമായി ലോകം മുഴുവനും ചുറ്റി സഞ്ചരിച്ച്, പുതിയ സഭാ സമൂഹങ്ങള്‍ക്കു രൂപംകൊടുത്ത ശ്ലീഹന്മാരുടെ കൂട്ടായ്‌മയിലും ഐക്യത്തിലും പങ്കുചേരുവാനുള്ള നമ്മുടെ കടമയെയും ഈ കാലം അടിവരയിടുന്നു. ഇതിനു നമ്മെ ക്ഷണിക്കുന്ന വചന ഭാഗങ്ങളാണ് സഭാമാതാവ് നമ്മുടെ വിചിന്തനത്തിനായി നൽകുന്നത്.
ദൈവവിളിയുടെ ആഴത്തെക്കുറിച്ചും, ഒരു വിശ്വാസി ഈ ലോകത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ചും, ആ വെല്ലുവിളികൾക്കിടയിൽ നാം പുലർത്തേണ്ട പ്രത്യാശയെക്കുറിച്ചും ഈ വചന ഭാഗങ്ങൾ പ്രതിപാദിക്കുന്നു. പുറപ്പാട് പുസ്തകത്തിൽ മോശയും അഹറോനും നേരിടുന്ന പ്രതിസന്ധികളും, ജെറമിയ പ്രവാചകൻ നേരിടുന്ന ഗൂഢാലോചനകളും, പൗലോസ് ശ്ലീഹാ പങ്കുവെക്കുന്ന സഹനത്തിന്റെ ദൈവശാസ്ത്രവും, ഒടുവിൽ ഭയപ്പെടാതെ സാക്ഷ്യം നൽകാൻ ആഹ്വാനം ചെയ്യുന്ന ക്രിസ്തുവിൻ്റെ സുവിശേഷവും ചേർന്ന് നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ ഒരു സമഗ്ര ചിത്രം നമുക്ക് നൽകുന്നു. ദൈവം തിരഞ്ഞെടുക്കുന്നത് അയോഗ്യരെയല്ല, മറിച്ച് തിരഞ്ഞെടുക്കുന്നവരെ അവിടുന്ന് യോഗ്യരാക്കുന്നു എന്ന വിശാലമായ കാഴ്ച്ചപ്പാടാണ് പുറപ്പാട് പുസ്തകത്തിലെ ഇന്നത്തെ വായനയിൽ നമുക്ക് നൽകുന്നത്. ഇസ്രായേൽ ജനതയെ ഫറവോയുടെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാനായി ദൈവം മോശയെയും അഹറോനെയും നിയോഗിക്കുന്നത് നാം കാണുന്നു. ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം, മോശയ്ക്ക് തന്നിൽ തന്നെയുണ്ടായിരുന്ന അവിശ്വാസവും കുറവുകളുമാണ്. താൻ സംസാരശേഷി കുറഞ്ഞവനാണെന്നും, ഫറവോയുടെ മുൻപിൽ നിൽക്കാൻ താൻ അയോഗ്യനാണെന്നും മോശ കരുതിയിരുന്നു. എന്നാൽ ദൈവം മോശയോട് പറയുന്നത്, "ഞാൻ നിന്നെ ഫറവോയ്ക്കു ദൈവത്തെപ്പോലെയാക്കിയിരിക്കുന്നു" എന്നാണ്.
ഇതൊരു വലിയ സത്യം നമ്മെ ഓർമ്മിപ്പിക്കുന്നു: ദൈവം നമ്മെ തിരഞ്ഞെടുക്കുന്നത് നമ്മുടെ യോഗ്യതകൾ നോക്കിയല്ല, മറിച്ച് അവിടുത്തെ കരുണയും ശക്തിയും വെളിപ്പെടുത്താനാണ്. പലപ്പോഴും നാം ചിന്തിക്കാറുണ്ട്, "ഞാൻ ഒരു സാധാരണക്കാരനല്ലേ, എനിക്ക് എങ്ങനെ സഭയിലോ സമൂഹത്തിലോ ഒരു മാറ്റം വരുത്താൻ കഴിയും?" എന്ന്. എന്നാൽ മോശയെപ്പോലെ, നമ്മുടെ കുറവുകളെ കർത്താവിൻ്റെ മുൻപിൽ തുറന്നു വെക്കുമ്പോൾ, അവിടുന്ന് നമ്മെ തള്ളിക്കളയുകയല്ല, മറിച്ച് നമ്മെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അഹറോനെ മോശയുടെ വക്താവായി നൽകിയത് പോലെ, നമ്മുടെ കുറവുകൾ നികത്താൻ ദൈവം നമുക്ക് , പല വ്യക്തികളിലൂടേയും, സാഹചര്യങ്ങളിലൂടെയും, അടയാളങ്ങളിലൂടെയും സഹായങ്ങൾ നൽകും. നീതിക്കു വേണ്ടി ദാഹിക്കുന്ന ജനതയ്ക്കായി സംസാരിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ദൗത്യമാണ്. ഈ ദൗത്യത്തിന്റെ ലക്ഷ്യം നാം വലിയവരാകുക എന്നതല്ല, മറിച്ച് ലോകം മുഴുവൻ കർത്താവാണ് ഏക രക്ഷകൻ എന്ന് ബോധ്യപ്പെടുക എന്നതാണ്. നമ്മുടെ ബലഹീനതകളിലാണ് അതിനാൽ ദൈവത്തിന്റെ ശക്തി പൂർണ്ണമായി വെളിപ്പെടുന്നത്.
ദൈവത്തിനുവേണ്ടി സംസാരിക്കാൻ ഇറങ്ങിത്തിരിക്കുന്നവർ നേരിടേണ്ടി വരുന്ന വലിയൊരു യാഥാർത്ഥ്യമാണ് ജെറമിയ പ്രവാചകൻ്റെ പുസ്തകത്തിൽ നാം കാണുന്നത്. കർത്താവിൻ്റെ വചനം പ്രഘോഷിച്ചതിൻ്റെ പേരിൽ സ്വന്തം നാട്ടുകാർ പോലും പ്രവാചകനെതിരെ ഗൂഢാലോചന നടത്തുന്നു. "കശാപ്പിനു കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ" താൻ നിസ്സഹായനാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. ഒരു പ്രവാചകൻ്റെ ജീവിതം പലപ്പോഴും ലൗകീകമായ കാഴ്ചപ്പാടിൽ ഒറ്റപ്പെടലുകളുടേതാണ്.
ഇന്നത്തെ സമൂഹത്തിലും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ പലപ്പോഴും ഒറ്റപ്പെടുത്തപ്പെടുന്നു. അഴിമതിക്കെതിരെ സംസാരിക്കുന്നവർ, ധാർമ്മിക മൂല്യങ്ങൾക്കു വേണ്ടി വാദിക്കുന്നവർ, സഭയുടെ പ്രബോധനങ്ങൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നവർ എന്നിവർ പരിഹസിക്കപ്പെട്ടേക്കാം. എന്നാൽ ജെറമിയയെപ്പോലെ നാം പറയേണ്ട വാചകം ഇതാണ്: "സൈന്യങ്ങളുടെ കർത്താവേ, അവിടുന്നാണല്ലോ എൻ്റെ ആശ്രയം." ഈ ലോകത്തിലെ മനുഷ്യർ നമുക്കെതിരെ തിരിയുമ്പോഴും, ഹൃദയങ്ങളെയും അന്തരാത്മാവിനെയും പരിശോധിക്കുന്ന ദൈവം നമ്മുടെ നീതിക്കുവേണ്ടി നിലകൊള്ളും. പീഡനങ്ങളുടെ നടുവിലും തളർന്നു പോകാതിരിക്കാൻ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം മാത്രമാണ് പോംവഴി. കർത്താവിനു വേണ്ടി സഹിക്കുന്നത് പരാജയമല്ല, മറിച്ച് വിജയത്തിലേക്കുള്ള പാതയാണെന്ന് ജെറമിയ പ്രവാചകന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
പൗലോസ് ശ്ലീഹാ കൊറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽ, ക്രിസ്തീയ സഹനത്തെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ദർശനം പങ്കുവെക്കുന്നുണ്ട്. നമ്മുടെ ശരീരങ്ങളെയും ജീവിതങ്ങളെയും അദ്ദേഹം "മൺപാത്രങ്ങളോട്" ഉപമിക്കുന്നു. മൺപാത്രം എളുപ്പത്തിൽ ഉടഞ്ഞുപോകുന്നതാണ്, ബലഹീനമാണ്. എന്നാൽ അതിനുള്ളിൽ ദൈവം ഒരു വലിയ "നിധി" നിക്ഷേപിച്ചിട്ടുണ്ട് - അത് ക്രിസ്തുവിൻ്റെ സുവിശേഷവും അവിടുത്തെ ജീവനുമാണ്.
നമ്മുടെ ജീവിതത്തിൽ കഷ്ടപ്പാടുകളും തകർച്ചകളും ഉണ്ടാകുമ്പോൾ, ഈ മൺപാത്രം ഉടയുന്നത് പോലെ നമുക്ക് തോന്നും. എന്നാൽ പൗലോസ് ശ്ലീഹാ പറയുന്നു: "ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല." ഇതിന് കാരണം, നമ്മിൽ വസിക്കുന്ന ക്രിസ്തുവിൻ്റെ ശക്തിയാണ്. യേശുവിൻ്റെ മരണം നാം ശരീരത്തിൽ വഹിക്കുന്നത് അവിടുത്തെ ജീവൻ നമ്മിലൂടെ വെളിപ്പെടാനാണ്.
ഇവിടെ ഒരു പ്രധാന ചിന്ത ശ്ലീഹാ പങ്കുവെക്കുന്നുണ്ട്: "ദൃശ്യമായവയല്ല, അദൃശ്യമായവയാണ് ഞങ്ങളുടെ ലക്ഷ്യം." ലോകം കാണുന്നത് നമ്മുടെ തകർച്ചകളും ദാരിദ്ര്യവും രോഗങ്ങളുമായിരിക്കാം. എന്നാൽ ദൈവം നോക്കുന്നത് നമ്മുടെ ആത്മാവിൻ്റെ വളർച്ചയിലേക്കാണ്. ഈ ലോകത്തിലെ സഹനങ്ങൾ നിസ്സാരമാണ്, അവ നമുക്ക് നൽകുന്നത് അനശ്വരമായ മഹത്വമാണ്. മാത്രമല്ല, ക്രിസ്തീയ ജീവിതം എന്നത് വ്യക്തിപരമായ ഒന്നല്ല. ഈ കൃപ നാം സ്വീകരിക്കുന്നത് സഭ എന്ന സമൂഹമായിട്ടാണെന്ന സത്യവും ഈ വചന ഭാഗം നമ്മോട് പറയുന്നു. നാം ഓരോരുത്തരുടെയും സഹനങ്ങളും പ്രാർത്ഥനകളും മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുന്നു എന്ന സഭയുടെ "സാമൂഹിക മാനം" ഇവിടെ അടിവരയിട്ടു പറയുന്നു. നാം ഒറ്റയ്ക്കല്ല കുരിശു ചുമക്കുന്നത്, മറിച്ച് ക്രിസ്തുവിനോടും അവിടുത്തെ സഭയോടും ചേർന്നാണ്.
വായനകളുടെയെല്ലാം പൂർണ്ണത, ഇന്നത്തെ സുവിശേഷത്തിലാണ് നാം ദർശിക്കുന്നത്. തന്റെ ശിഷ്യന്മാരെ ലോകത്തിലേക്ക് അയക്കുമ്പോൾ ഈശോ നൽകുന്ന നിർദ്ദേശങ്ങൾ തികച്ചും യാഥാർത്ഥ്യബോധമുള്ളവയാണ്. "ചെന്നായ്ക്കളുടെ ഇടയിലേക്ക് ആടുകളെ എന്നപോലെ" ആണ് ശിഷ്യർ അയക്കപ്പെടുന്നത്. ലോകം ശിഷ്യരോട് ശത്രുത പുലർത്തും. എന്നാൽ അവിടെ പതറരുത്. പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരും ആയിരിക്കാൻ കർത്താവ് ആവശ്യപ്പെടുന്നു.
"ഭയപ്പെടേണ്ട" എന്ന ആഹ്വാനമാണ് ഈ സുവിശേഷ ഭാഗത്തിന്റെ അന്തസ്സത്ത. മൂന്ന് തരത്തിലുള്ള ഭയങ്ങളെ അകറ്റാൻ ഈശോ നമ്മോട് പറയുന്നു:
മനുഷ്യരെ ഭയപ്പെടരുത്: അവർക്ക് ശരീരത്തെ മാത്രമേ കൊല്ലാൻ കഴിയൂ.
പ്രതിസന്ധികളെ ഭയപ്പെടരുത്: കാരണം, നമ്മുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
കുറവുകളെ ഭയപ്പെടരുത്: കാരണം, പരിശുദ്ധാത്മാവ് നമുക്ക് വേണ്ടി സംസാരിക്കും.
ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളാണ് നാം എന്ന ബോധ്യം നമുക്കുണ്ടാകണം. ലോകത്തിന്റെ അധികാരങ്ങളെയും ഭീഷണികളെയും ഭയപ്പെടാതെ, ദൈവത്തെ മാത്രം ഭയപ്പെടുക, അതായത് ദൈവസ്നേഹത്തിൽ നിന്ന് വേർപിരിയുമോ എന്ന് മാത്രം ഭയപ്പെടുക. സുവിശേഷം പ്രഘോഷിക്കുക എന്നത് വെറും വാക്കുകളിലൂടെയല്ല, മറിച്ച് നമ്മുടെ ജീവിതത്തിലൂടെയാണ്. സമൂഹത്തിലെ ഏറ്റവും ദുർബലരായവർക്ക് നീതി ലഭ്യമാക്കാനും, അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി സംസാരിക്കാനും നാം തയ്യാറാകുമ്പോഴാണ് ക്രിസ്തുവിന് നാം യഥാർത്ഥ സാക്ഷികളാകുന്നത്.
ലോകം നമ്മെ ഭയപ്പെടുത്തിയേക്കാം, നമ്മുടെ ബലഹീനതകൾ നമ്മെ തളർത്തിയേക്കാം. എന്നാൽ ഓർക്കുക, നാം വഹിക്കുന്നത് മൺപാത്രത്തിലെ നിധിയാണ്. നമ്മുടെ തകർച്ചകളിൽ നിന്നാണ് ദൈവത്തിന്റെ ശക്തി പുറത്തേക്ക് വരുന്നത്. സമൂഹത്തിലെ എല്ലാവർക്കും, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദുർബലർക്കും വേണ്ടി നിലകൊള്ളുന്ന നല്ല സാക്ഷികളായി ജീവിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.