ക്രിസ്തുവിനോടുള്ള അചഞ്ചലമായ സ്നേഹത്തിലും സമർപ്പണത്തിലും ഒന്നായിരുന്നവരാണ് വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാർ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ വിശുദ്ധ പത്രോസിനും വിശുദ്ധ പൗലോസിനും അതുല്യമായ സ്ഥാനമുണ്ട്. യേശുക്രിസ്തുവിന്റെ സുവിശേഷം ലോകമെമ്പാടും പ്രഘോഷിക്കുകയും വിശ്വാസത്തിന് ഉറച്ച അടിത്തറ പാകുകയും ചെയ്ത ഈ രണ്ട് മഹാന്മാർ സഭയുടെ ശക്തമായ തൂണുകളായി അറിയപ്പെടുന്നു. വ്യത്യസ്തമായ ജീവിതാനുഭവങ്ങളും ദൗത്യങ്ങളും ഉണ്ടായിരുന്നെങ്കിലും, ക്രിസ്തുവിനോടുള്ള അചഞ്ചലമായ സ്നേഹത്തിലും സമർപ്പണത്തിലും അവർ ഒന്നായിരുന്നു. അവരുടെ ജീവിതവും സാക്ഷ്യവും ഇന്നും വിശ്വാസികൾക്ക് പ്രചോദനവും ആത്മീയ മാർഗ്ഗദർശനവുമാണ്.സഭയുടെ ശിലയായി പത്രോസിനെയും, സഭയുടെ സാർവത്രിക പ്രബോധകനായി പൗലോസിനെയും നാം വണങ്ങുന്നു. തങ്ങളുടെ വൈവിധ്യമാർന്ന വ്യക്തിത്വങ്ങളിലൂടെയും ജീവിതസാഹചര്യങ്ങളിലൂടെയും അവർ ദൈവജനത്തിന്റെ ഐക്യവും സാർവത്രികതയും രക്തസാക്ഷിത്വത്തിലൂടെ ഉറപ്പിച്ചു.
വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ജീവിതം പരിശോധിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്: അവരുടെ മഹത്വം എന്നത് ജന്മനാ ലഭിച്ച കഴിവുകളോ ഗുണങ്ങളോ ആയിരുന്നില്ല. മറിച്ച്, യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയാണ് അവരെ അപ്പസ്തോലന്മാരാക്കി മാറ്റിയത്. യേശുവുമായുള്ള ആ കൂടിക്കാഴ്ച അവരെ ഭേദമാക്കുകയും മറ്റുള്ളവർക്കായി തങ്ങളെത്തന്നെ സമർപ്പിക്കാൻ പ്രാപ്തരാക്കുകയും ചെയ്തു.
പത്രോസ് ഒരു സാധാരണ മീൻപിടുത്തക്കാരനായിരുന്നു. സ്വഭാവത്തിൽ ദൃഢനിശ്ചയമുള്ളവനും എന്നാൽ പെട്ടെന്ന് വികാരങ്ങൾക്ക് അടിപ്പെടുന്നവനുമായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിലെ അരക്ഷിതാവസ്ഥകളിൽ നിന്നും, ഭയത്തിൽ നിന്നും യേശുവാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. തന്റെ ജോലിയിൽ വലിയ പരാജയം അനുഭവിച്ച നിമിഷത്തിലാണ് പത്രോസ് യേശുവിനെ ശരിക്കും തിരിച്ചറിയുന്നത്. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതെ വലകൾ ശൂന്യമായപ്പോൾ അദ്ദേഹം നിരാശനായിട്ടുണ്ടാകാം. എന്നാൽ "ആഴത്തിലേക്ക് വലയിറക്കുക" (ലൂക്കാ 5:4) എന്ന യേശുവിന്റെ വാക്ക് വിശ്വസിച്ച് മുന്നോട്ട് പോയപ്പോൾ, തന്റെ കൂടെ വഞ്ചിയിൽ ക്രിസ്തു ഉള്ളപ്പോൾ തനിക്ക് ഒന്നും ഭയപ്പെടാനില്ലെന്ന സത്യം പത്രോസ് തിരിച്ചറിഞ്ഞു.
മറുവശത്ത് പൗലോസ്, തന്റെ അധികാരത്തിന്റെ തീക്ഷ്ണതയിൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന ഒരാളായിരുന്നു. യേശുവാണ് മിശിഹായെന്ന് അംഗീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നിയമത്തിന്റെ കണിശമായ പാലനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്നാൽ ദമാസ്കസിലേക്കുള്ള യാത്രയ്ക്കിടയിൽ ക്രിസ്തുവിനെ കണ്ടുമുട്ടിയതോടെ പൗലോസിന്റെ ജീവിതം മാറിമറിഞ്ഞു. പൗലോസ് നിയമത്തിന്റെ തടവറയിൽ നിന്ന് ദൈവസ്നേഹത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കപ്പെട്ടു. വെറുമൊരു അനുഷ്ഠാനമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം ക്രിസ്തുവുമായുള്ള ആഴമേറിയ ബന്ധമായി രൂപാന്തരപ്പെട്ടു.
പത്രോസ്: വിശ്വാസത്തിന്റെ പാറയും മനുഷ്യസഹജമായ ബലഹീനതയും
യേശു തന്റെ ശിഷ്യന്മാരോട് ഒരു ചോദ്യം ചോദിച്ചു: "മനുഷ്യപുത്രൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്?" (മത്തായി 16:13). സ്നാപക യോഹന്നാനെന്നും ഏലിയായെന്നും ജറമിയായെന്നുമൊക്കെയുള്ള മറുപടികൾക്ക് ശേഷം യേശു വ്യക്തിപരമായി ചോദിച്ചു: "എന്നാൽ ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?". ഈ ചോദ്യത്തിന് മറുപടി പറയാൻ മറ്റാരും ധൈര്യപ്പെട്ടില്ല. എന്നാൽ ശിമയോൻ പത്രോസ് ഉറക്കെ പ്രഖ്യാപിച്ചു: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" (മത്തായി 16:16).
ഈ വിശ്വാസ പ്രഖ്യാപനമാണ് പത്രോസിനെ സഭയുടെ പാറയാക്കി മാറ്റിയത്. എന്നാൽ യേശു ഉടൻ തന്നെ ഒരു കാര്യം ഓർമ്മിപ്പിച്ചു: "ഇത് നിനക്ക് വെളിപ്പെടുത്തി തന്നത് മാംസമോ രക്തമോ അല്ല, മറിച്ച് സ്വർഗസ്ഥനായ എന്റെ പിതാവാണ്". പത്രോസിന്റെ വ്യക്തിപരമായ കഴിവല്ല, മറിച്ച് ദൈവത്തിന്റെ കൃപയാണ് അദ്ദേഹത്തെ ശക്തനാക്കിയത്.
ഇതേ പത്രോസിനെത്തന്നെ അല്പസമയത്തിന് ശേഷം യേശു ശാസിക്കുന്നത് നാം കാണുന്നു. കഷ്ടാനുഭവങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ അതിനെ തടയാൻ ശ്രമിച്ച പത്രോസിനോട് "സാത്താനേ, എന്റെ മുമ്പിൽ നിന്ന് പോകൂ; നീ ചിന്തിക്കുന്നത് ദൈവീക കാര്യങ്ങളല്ല, മാനുഷിക കാര്യങ്ങളാണ്" എന്ന് യേശു ഓർമ്മിപ്പിക്കുന്നു. പത്രോസിന്റെ ജീവിതത്തിലെ ഈ രണ്ട് അവസ്ഥകൾ—ദൈവികമായ കൃപയും മാനുഷികമായ ബലഹീനതയും—നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന് ഒരു വലിയ പാഠമാണ്. സഭ വിശുദ്ധരുടെ കൂട്ടായ്മ മാത്രമല്ല, ദൈവത്തിന്റെ സ്നേഹവും കരുണയും ആവശ്യമുള്ള പാപികളുടെ കൂടി സങ്കേതമാണ് എന്ന് ഇന്നും നമ്മെ അനുസ്മരിപ്പിക്കുന്നു. പത്രോസ് ഒരൊറ്റ ദിവസം കൊണ്ട് വിശുദ്ധനായവനല്ല. തന്റെ പരാജയങ്ങളിലും വീഴ്ചകളിലും ക്രിസ്തുവിന്റെ സ്നേഹത്തിൽ മുറുകെ പിടിക്കാൻ , അവനുമായുള്ള അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ടതാണ് അദ്ദേഹത്തെ സഭയുടെ ശിലയാക്കി മാറ്റിയത്.
പൗലോസ്: സാർവത്രിക സഭയുടെ പ്രേഷിതൻ
വിശുദ്ധ പൗലോസ് 'അന്യജാതിക്കാരുടെ അപ്പസ്തോലൻ' (Apostle of the Gentiles) എന്നാണ് അറിയപ്പെടുന്നത്. യഹൂദ നിയമങ്ങളിൽ കണിശത പുലർത്തിയിരുന്ന ഒരാൾ എങ്ങനെയാണ് സകല ജനതകളോടും സുവിശേഷം പ്രസംഗിക്കാൻ പ്രാപ്തനായത് എന്നത് അത്ഭുതകരമാണ്. യേശുവിനെ കണ്ടുമുട്ടുന്നതിന് മുൻപ്, താൻ വിശ്വസിച്ച ആശയങ്ങൾക്ക് പുറത്തുള്ളവരെ പീഡിപ്പിച്ചിരുന്ന പൗലോസ്, പിന്നീട് "എല്ലാവർക്കും എല്ലാമായി" മാറാൻ സ്വയം സമർപ്പിച്ചു (1 കോറിന്തോസ് 9:22). 'എല്ലാവർക്കും എല്ലാമായി മാറുക', ഈ ഒരു ജീവിത ശൈലി, ഓരോ ക്രിസ്ത്യാനിയും കൈമുതലാക്കേണ്ടതാണ്. പരിശുദ്ധ പിതാക്കന്മാർ വിവിധ കാലഘട്ടങ്ങളിൽ ആവർത്തിച്ച് ആവശ്യപ്പെടുന്നതും, ഈ ക്രൈസ്തവ ശൈലി ഉൾക്കൊള്ളുവാൻ വേണ്ടിയാണ്. ഇതിനായി നമ്മുടെ അഹത്തിൽ നിന്നും പുറത്തുകടന്നുകൊണ്ട്, ദൈവത്തിങ്കലേക്കും, സഹോദരങ്ങളിലേക്കും നടന്നടുക്കുവാനുള്ള ഒരു മനസുണ്ടാവണം.
ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച പൗലോസിന്റെ ഹൃദയത്തെ വിശാലമാക്കി. മറ്റുള്ളവരിൽ നിന്ന് തന്നെ അകറ്റിയിരുന്ന എല്ലാ മതിലുകളും അവിടെ തകർന്നു വീണു. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് സുവിശേഷവുമായി അദ്ദേഹം സഞ്ചരിച്ചു. മതിലുകൾക്ക് പകരമായി പാലങ്ങൾ പണിയുവാൻ തന്നെത്തന്നെ വിട്ടുകൊടുത്തതാണ് വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിന്റെ സവിശേഷത. മനുഷ്യഹൃദയത്തിന് വികസിക്കാൻ വലിയ കഴിവുണ്ട്. സ്നേഹിക്കുമ്പോൾ അത് എല്ലാ തടസ്സങ്ങളെയും മറികടന്ന് വളരുന്നു. കർത്താവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ, നമ്മുടെ ഹൃദയത്തിൽ ഇടം കണ്ടെത്താത്ത ഒരു സൃഷ്ടിയും ഈ ലോകത്തുണ്ടാവില്ല. പൗലോസിന്റെ ജീവിതം ഈ സ്നേഹത്തിന്റെ വികാസമായിരുന്നു.
സഭ: ബലഹീനതയിലെ ദൈവീക ശക്തി
പത്രോസും പൗലോസും നമുക്ക് നൽകുന്ന സഭയുടെ ചിത്രം വളരെ വ്യക്തമാണ്. അത് നമ്മുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ടതാണെങ്കിലും ക്രിസ്തുവിന്റെ വിശ്വസ്തതയാലും വാത്സല്യത്താലും നയിക്കപ്പെടുന്നതാണ്. സഭ ബലഹീനതയുള്ളവരുടെ സമൂഹമാണ്, എന്നാൽ ദൈവത്തിന്റെ സാന്നിധ്യത്താൽ അത് ശക്തമാണ്. ഈ ലോകത്തിന് സ്വയം നൽകാൻ കഴിയാത്ത വിമോചനം നൽകാൻ കഴിവുള്ള 'സ്വതന്ത്രമായ സഭ'യാണ് പത്രോസും പൗലോസും പടുത്തുയർത്തിയത്. വിശുദ്ധ ബലിയിൽ സഭയുടെ ഈ ഒരു ചൈതന്യം നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ പാപങ്ങൾ വീക്ഷിക്കാതെ, സഭയുടെ വിശ്വാസത്തെ പരിഗണിച്ചു ഏവർക്കും രക്ഷ നല്കണമേ എന്നതാണ്, പൗരസ്ത്യ സഭകളിലെയും, ലത്തീൻ സഭയിലെയും വിശുദ്ധ കുർബാനയിലെ പ്രാർത്ഥനയുടെ ആശയം.
നമ്മുടെ പാപങ്ങളും പരിമിതികളും കണ്ട് നാം നിരാശപ്പെടേണ്ടതില്ലെന്ന് പത്രോസിന്റെ ജീവിതം പഠിപ്പിക്കുന്നു. ദൈവത്തിന്റെ വലിയ പദ്ധതികൾ നമ്മുടെ പരിമിതമായ ചിന്തകൾക്കും അപ്പുറമാണെന്ന് പൗലോസിന്റെ മാനസാന്തരം വെളിപ്പെടുത്തുന്നു. പത്രോസിനെ പാറയായും പൗലോസിനെ സുവിശേഷത്തിന്റെ അഗ്നിയായും മാറ്റിയ അതേ ക്രിസ്തു ഇന്ന് നമ്മെയും വിളിക്കുന്നു.
പത്രോസും പൗലോസും - ഐക്യത്തിന്റെ പ്രതീകങ്ങൾ
ഈ രണ്ട് അപ്പസ്തോലന്മാരും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളായിരുന്നു. ഒരാൾ ഗലീലിയിലെ മീൻപിടുത്തക്കാരൻ, മറ്റൊരാൾ റോമൻ പൗരത്വമുള്ള പണ്ഡിതൻ. ഒരാൾ യേശുവിനോടൊപ്പം നേരിട്ട് ജീവിച്ചവൻ, മറ്റൊരാൾ ഉത്ഥിതനായ ക്രിസ്തുവിന്റെ ദർശനം പാപാവസ്ഥയിൽ ലഭിച്ചവൻ. എങ്കിലും സഭ ഇവർ രണ്ടുപേരുടെയും തിരുനാൾ ഒരുമിച്ച്, ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി ആഘോഷിക്കുന്നു. കാരണം അവർ വിശ്വസിച്ചതും പ്രസംഗിച്ചതും ഒരേ ക്രിസ്തുവിനെക്കുറിച്ചായിരുന്നു. വൈവിധ്യങ്ങൾക്കിടയിലും ക്രിസ്തുവിലുള്ള ഐക്യമാണ് സഭയുടെ ശക്തിയെന്ന് ഇവർ ലോകത്തിന് കാണിച്ചുതന്നു.
അവർ രണ്ടുപേരും റോമിൽ വെച്ചാണ് രക്തസാക്ഷിത്വം വരിച്ചത്. പത്രോസ് കുരിശിൽ തറയ്ക്കപ്പെടുകയും, പൗലോസ് ശിരഛേദം ചെയ്യപ്പെടുകയും ചെയ്തുകൊണ്ട്, ക്രിസ്തുവിനോടുള്ള വിശ്വസ്തത തെളിയിച്ചു. അവരുടെ രക്തം റോമിനെ ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രമാക്കി മാറ്റി. ഇന്നും പത്രോസിന്റെ പിൻഗാമിയായ പാപ്പായിലൂടെ ആ ഏകത്വം സഭയിൽ നിലനിൽക്കുന്നുവെന്നതാണ് സഭയുടെ വ്യതിരിക്തത.
വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ആഘോഷിക്കുമ്പോൾ നാം ഏതാനും കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമുക്ക് ശ്രമിക്കാം:
വ്യക്തിപരമായ കൂടിക്കാഴ്ച: പത്രോസും പൗലോസും മതം എന്നത് കേവലം ഒരു ആചാരമായോ, കടമ തീർക്കലോ ആയിട്ടല്ല, മറിച്ച് ക്രിസ്തുവുമായുള്ള വ്യക്തിപരമായ ഒരു ബന്ധമായിട്ടാണ് കണ്ടത്. നമ്മുടെ പ്രാർത്ഥനകളും ആരാധനയും ക്രിസ്തുവുമായുള്ള ഒരു ഹൃദയബന്ധമായി മാറണം.
പരാജയങ്ങളിൽ തളരാതിരിക്കുക: പത്രോസ് മാനുഷികമായി പലതവണ പരാജയപ്പെട്ടവനാണ്. എന്നാൽ അദ്ദേഹം യേശുവിന്റെ സ്നേഹത്തിൽ വിശ്വസിച്ചു. നമ്മുടെ ജീവിതത്തിലെ വീഴ്ചകൾ ദൈവത്തിലേക്ക് തിരിച്ചുപോകാനുള്ള അവസരമാക്കുക.
വിശാലമായ ഹൃദയം: പൗലോസിനെപ്പോലെ മുൻവിധികളില്ലാതെ എല്ലാവരെയും സ്നേഹിക്കാൻ നമുക്ക് കഴിയണം. സഭയിൽ വേർതിരിവുകൾ കൂടാതെ ഏവരെയും സ്നേഹിക്കുമ്പോഴാണ്, ക്രിസ്തുവിന്റെ സ്നേഹത്തിൽ നാം പങ്കാളികളാകുന്നത്.
സഭയോടുള്ള സ്നേഹം: അപ്പസ്തോലിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ സഭയെ സ്നേഹിക്കാനും പാപ്പായുടെ പ്രബോധനങ്ങളെ അനുസരിക്കാനും നാം കടപ്പെട്ടവരാണ്.
വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും നമുക്ക് നൽകുന്ന വലിയ പാഠം 'മാറ്റം' അല്ലെങ്കിൽ 'മാനസാന്തരം' സാധ്യമാണ് എന്നതാണ്. ഭീരുവായ പത്രോസിനെ ധീരനാക്കാനും പീഡകനായ പൗലോസിനെ പ്രേഷിതനാക്കാനും ദൈവകൃപയ്ക്ക് കഴിഞ്ഞു. ഈ അപ്പസ്തോലന്മാരുടെ തിരുനാൾ ദിനത്തിൽ നമുക്കും പ്രാർത്ഥിക്കാം: "കർത്താവേ, പത്രോസിനെപ്പോലെ നിന്റെ സ്നേഹത്തിൽ മുറുകെ പിടിക്കാനും പൗലോസിനെപ്പോലെ നിന്റെ സുവിശേഷം ലോകത്തോടു വിളിച്ചു പറയാനും ഞങ്ങളെ സഹായിക്കണമേ."
ഭൂമിയിലെ സഭയുടെ ഈ രണ്ട് നെടുന്തൂണുകളുടെ മാധ്യസ്ഥം വഴി നമുക്ക് ക്രിസ്തുവിൽ ഒന്നായി വളരാം. സഭയുടെ ഐക്യത്തിനും ലോകസമാധാനത്തിനുമായി നമുക്ക് ഈ അപ്പസ്തോലന്മാരുടെ മധ്യസ്ഥം തേടാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.