തെരുവുകളിൽ കഴിയുന്ന സഹോദരങ്ങൾ തെരുവുകളിൽ കഴിയുന്ന സഹോദരങ്ങൾ  

ഉള്ളിലെ ബോധ്യങ്ങളും സ്നേഹവും വളരണമെങ്കിൽ അവ പ്രവൃത്തികളിലൂടെ പ്രകടമാക്കണം

ലിയോ പതിനാലാമൻ പാപ്പായുടെ 'ദിലക്സി തേ' (DILEXI TE) എന്ന അപ്പസ്തോലിക പ്രബോധനത്തിലെ 115മുതൽ 121 വരെയുള്ള ഖണ്ഡികകളെ ആസ്പദമാക്കിയ ചിന്തകൾ. "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന യേശുവിന്റെ വചനം പാവപ്പെട്ടവന്റെ ഹൃദയത്തിൽ മുഴങ്ങണം. നമ്മുടെ ഓരോ പ്രവൃത്തിയും പാവപ്പെട്ടവന് ക്രിസ്തു നൽകുന്ന സ്നേഹത്തിന്റെ സന്ദേശമായി മാറണം.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ അപ്പസ്തോലിക പ്രബോധന രേഖയായ, 'ദിലെക്സി തെ' യുടെ ഓരോ ഖണ്ഡികകളെയും കുറിച്ചുള്ള വിവരണമാണ് നാം കഴിഞ്ഞ കാലങ്ങളിൽ, സഭാദര്‍ശനം എന്ന പരിപാടിയിലൂടെ അനുഗമിച്ചുകൊണ്ടിരുന്നത്. ആ പരമ്പരയുടെ  അവസാന ഭാഗത്തേക്കാണ് നാം ഇന്ന് പ്രവേശിക്കുന്നത്. 115 മത്തെ ഖണ്ഡിക മുതൽ ആരംഭിക്കുന്ന ഇന്നത്തെ വിചിന്തനത്തിൽ പാപ്പാ പ്രത്യേകമായും ദാനധർമ്മത്തിന്റെ മൂർത്തമായ പ്രകടനങ്ങളെ എടുത്തു കാണിക്കുക മാത്രമല്ല, അത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ നമ്മെ അപ്പനടുത്ത വാത്സല്യത്തോടെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

നൂറ്റിപ്പതിനഞ്ചാം ഖണ്ഡികയിൽ പാപ്പാ, ദാനധർമ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗൗരവകരമായ ഒരു ചർച്ചക്ക് തുടക്കമിടുന്നു. ആധുനിക സമൂഹത്തിൽ, പ്രത്യേകിച്ച് വിശ്വാസികൾക്കിടയിൽ പോലും, ധർമ്മം നൽകുക  എന്ന പുണ്യപ്രവൃത്തി അത്ര നല്ല രീതിയിലല്ല കാണപ്പെടുന്നത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പലപ്പോഴും ഇതിനെ ഒരു തരം താഴ്ന്ന പ്രവൃത്തിയായിട്ടോ അല്ലെങ്കിൽ വെറുമൊരു ഔദാര്യമായിട്ടോ ആണ് ആളുകൾ കാണുന്നത്. എന്നാൽ ഇതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ പാപ്പാ  തൊഴിലിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്നു. ദരിദ്രരായ ആളുകളെ സഹായിക്കുന്നതിനുള്ള ഏറ്റവും വലിയ മാർഗ്ഗം അവർക്ക് മാന്യമായ ഒരു ജോലി കണ്ടെത്താൻ സഹായിക്കുക എന്നതാണ്. കാരണം, ജോലി എന്നത് കേവലം ഒരു വരുമാന മാർഗ്ഗം മാത്രമല്ല, അത് മനുഷ്യന്റെ അന്തസ്സിനെ ഉയർത്തുന്ന ഒന്നാണ്. ഒരാൾ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി സ്വന്തം പരിശ്രമത്തിലൂടെ ജീവിതം നയിക്കുമ്പോഴാണ് അയാളുടെ വ്യക്തിത്വം  പരിപൂർണ്ണമാകുന്നത്. യുവജനങ്ങൾ മുതിർന്നവരായി മാറുന്നതും വ്യക്തിത്വ വികസനം പ്രാപിക്കുന്നതും തൊഴിലിലൂടെയാണ്.

സഭയുടെ സാമൂഹിക പ്രബോധനങ്ങൾ അനുസരിച്ച്, ജോലി എന്നത് ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ മനുഷ്യൻ നടത്തുന്ന പങ്കുചേരലാണ്. മനുഷ്യൻ തന്റെ ബുദ്ധിയും ഹൃദയവും കൈകളും ഉപയോഗിച്ച് ലോകത്തെ നവീകരിക്കുന്നു. എങ്കിലും, ഒരു വ്യക്തിക്ക് അത്തരമൊരു ജോലി ലഭിക്കുന്നതുവരെ അവനെ വിശപ്പിനും അവഗണനയ്ക്കും വിട്ടുകൊടുക്കാൻ നമുക്ക് കഴിയില്ല. അവിടെയാണ് ദാനധർമ്മം അനിവാര്യമാകുന്നത്. അത് ഒരു വ്യക്തിക്ക് ജീവിക്കാൻ ആവശ്യമായത് നൽകുക എന്നതിലുപരി, മറ്റൊരു മനുഷ്യന്റെ അവസ്ഥയുമായി നമ്മെ ഐക്യപ്പെടുത്തുന്ന ഒരു നിമിഷമാണ്. ദരിദ്രന്റെ ജീവിത സാഹചര്യങ്ങളിലേക്ക് നാം ഇറങ്ങിച്ചെല്ലുന്ന ഒരു സ്നേഹബന്ധമായി , ദാനധർമ്മത്തെ ഇവിടെ വിശേഷിപ്പിക്കുന്നു.

നൂറ്റിപ്പതിനാറാം ഖണ്ഡികയിൽ, കാരുണ്യപ്രവൃത്തികൾ എന്നത്  ഒരിക്കലും വ്യവസ്ഥാപിതമായ മാറ്റങ്ങൾക്കും സാമൂഹിക നീതിക്കും പകരമല്ല എന്ന് പാപ്പാ  കൃത്യമായി വ്യക്തമാക്കുന്നു. ഭരണകൂടങ്ങൾക്കും സ്ഥാപനങ്ങൾക്കും പാവപ്പെട്ടവരോടുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരേണ്ടതുതന്നെയാണ്. എന്നാൽ, ദാനധർമ്മം  എന്ന പ്രവൃത്തിക്ക് മറ്റൊരു പ്രത്യേകതയുണ്ട്; അത് നമ്മെ പാവപ്പെട്ടവന്റെ മുഖത്തേക്ക് നേരിട്ട് നോക്കാൻ പ്രേരിപ്പിക്കുന്നു. ഓരോ മനുഷ്യനും സ്വന്തം ലാഭത്തിനുവേണ്ടി മാത്രം ഓടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ പ്രവൃത്തികൾ  നമ്മുടെ സമൂഹത്തിലേക്ക്  ഭക്തിയും, കാരുണ്യവും കലർന്ന ഒരു മനോഭാവം കൊണ്ടുവരുന്നു.

അത് നമ്മുടെ ഹൃദയത്തെ തരളിതമാക്കുന്നു. ദരിദ്രനെ ഒന്ന് സ്പർശിക്കുവാനും, അവരോട് സംസാരിക്കാനും, നമ്മുടെ പക്കലുള്ളത് പങ്കുവെക്കാനും അത് നമ്മെ സഹായിക്കുന്നു. സുഭാഷിതങ്ങളുടെ പുസ്തകത്തിൽ പറയുന്നതുപോലെ, തനിക്കുള്ളതിൽ നിന്ന് ദരിദ്രർക്ക് ആഹാരം നൽകുന്ന ഉദാരമതി അനുഗ്രഹിക്കപ്പെട്ടവനാണ്. ഇത് കേവലം ഒരു പണം നൽകൽ മാത്രമല്ല, മറിച്ച് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ അന്തസ്സിനെ ആദരിക്കുന്ന നിമിഷമാണ്.

നൂറ്റിപ്പതിനേഴാം ഖണ്ഡികയിൽ,  പഴയ നിയമവും പുതിയ നിയമവും ദാനധർമ്മം എന്ന പുണ്യപ്രവൃത്തിയെ  എത്രത്തോളം മഹത്വവൽക്കരിക്കുന്നു എന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. പ്രഭാഷകന്റെ പുസ്തകത്തിൽ പറയുന്നതുപോലെ, ദരിദ്രരോട് ക്ഷമ കാണിക്കുകയും ദാനം  നൽകാൻ താമസിപ്പിക്കാതിരിക്കുകയും വേണം. അത് നിങ്ങളുടെ സമ്പാദ്യമായി കരുതിവെക്കുക, കാരണം അത് നിങ്ങളെ എല്ലാ തിന്മകളിൽ നിന്നും രക്ഷിക്കും. ഈ ഉപദേശത്തെ യേശുക്രിസ്തു തന്റെ പ്രബോധനങ്ങളിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കുന്നു. നിങ്ങൾക്കുള്ളവ വിറ്റ് മറ്റുള്ളവർക്ക് കൊടുക്കുവാൻ വേണ്ടിയാണ്  യേശു ആവശ്യപ്പെടുന്നത്. നശിച്ചുപോകാത്ത നിധിയും  സ്വർഗ്ഗത്തിൽ, തീരാത്ത നിക്ഷേപവും ഒരുക്കാൻ ഇത് സഹായിക്കുന്നു. ഭൗതികമായ സമ്പത്തിനെക്കാൾ വിലപ്പെട്ടത് സ്നേഹപൂർവ്വം മറ്റൊരാൾക്ക് നൽകുന്ന സഹായമാണെന്ന വലിയ സത്യം ഇവിടെ വെളിപ്പെടുന്നു. സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടിവെക്കുക എന്നതിനർത്ഥം ഭൂമിയിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രവൃത്തികൾ ചെയ്യുക എന്നാണ്.

നൂറ്റിപ്പതിനെട്ടാം ഖണ്ഡികയിൽ സഭാപിതാക്കന്മാരുടെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് ദാനധർമ്മത്തിന്റെ  ആത്മീയത പാപ്പാ  വിവരിക്കുന്നു. വിശുദ്ധ ജോൺ ക്രിസോസ്തോമിന്റെ വാക്കുകളിൽ, ഇത്  പ്രാർത്ഥനയുടെ ചിറകാണ്. ചിറകില്ലാത്ത പക്ഷിക്ക് പറക്കാൻ കഴിയാത്തതുപോലെ, ദാനധർമ്മപ്രവൃത്തികൾ  ഇല്ലാത്ത പ്രാർത്ഥനയ്ക്ക് ദൈവ സന്നിധിയിലേക്ക് ഉയരാൻ കഴിയില്ല. നമ്മുടെ പ്രാർത്ഥനകൾക്ക് ജീവൻ നൽകുന്നത് നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികളാണ്. വിശുദ്ധ ഗ്രിഗറി നസിയാൻസൻ തന്റെ വിഖ്യാതമായ പ്രഭാഷണത്തിൽ പറയുന്നത്, പാവപ്പെട്ടവരിലൂടെ നാം ക്രിസ്തുവിനെത്തന്നെയാണ് ശുശ്രൂഷിക്കുന്നത് എന്നാണ്. പൂജരാജാക്കന്മാരുടെ കാഴ്ച്ചകളും, അരിമത്തിയാക്കാരൻ ജോസഫിന്റെ ദാനമായ കല്ലറയും പോലെ, ഇന്ന്  നമുക്ക് ക്രിസ്തുവിനെ ദരിദ്രരിൽ കണ്ടെത്താം. ബലിയല്ല കരുണയാണ്  ദൈവം ആഗ്രഹിക്കുന്നത്. ഈ ലോകം വിട്ടുപോകുമ്പോൾ നമ്മെ സ്വർഗ്ഗത്തിലേക്ക് സ്വീകരിക്കാൻ അർഹരാക്കുന്നത് പാവപ്പെട്ടവരോട് നാം കാണിച്ച ഈ കരുണയായിരിക്കും.

നൂറ്റിപ്പത്തൊൻപതാം ഖണ്ഡികയിൽ സ്നേഹം എന്നത് വെറും വാക്കുകളല്ല, മറിച്ച് അത് പ്രവൃത്തികളാണെന്ന് പാപ്പാ  ഓർമ്മിപ്പിക്കുന്നു. നമ്മുടെ ഉള്ളിലെ ബോധ്യങ്ങളും സ്നേഹവും വളരണമെങ്കിൽ അവ പ്രവൃത്തികളിലൂടെ പ്രകടമാക്കണം. ചർച്ചകളിലും ആശയങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്നത് നമ്മുടെ ഉന്നതമായ ലക്ഷ്യങ്ങളെ തകർക്കും. അതുകൊണ്ട് ക്രൈസ്തവർ ഒരിക്കലും ദാനധർമ്മം  ഉപേക്ഷിക്കരുത്. അത്  ഏറ്റവും ഫലപ്രദമായ രീതിയിൽ ചെയ്യാൻ പരിശ്രമിക്കുകയും വേണം. ഒന്നുമില്ലാത്തവനുവേണ്ടി ചെറിയൊരു കാര്യം ചെയ്യുന്നതുപോലും നമ്മുടെ ഹൃദയത്തെ സ്വാധീനിക്കും. ലോകത്തിലെ ദാരിദ്ര്യത്തിന് ഇതൊരു പൂർണ്ണ പരിഹാരമല്ലായിരിക്കാം, എന്നാൽ ഇത് നമ്മുടെ ആത്മീയമായ വളർച്ചയ്ക്ക് അത്യാവശ്യമാണ്.  ബുദ്ധിയും അധ്വാനവും ഉപയോഗിച്ച് ലോകത്തിലെ അനീതിക്കെതിരെ പോരാടുമ്പോഴും, വ്യക്തിപരമായ ഇത്തരം കാരുണ്യപ്രവൃത്തികൾ ഉപേക്ഷിക്കരുതെന്ന് പാപ്പാ  ഊന്നിപ്പറയുന്നു.

നൂറ്റി ഇരുപതാം ഖണ്ഡികയിൽ ക്രൈസ്തവ സ്നേഹത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് വിവരിക്കുന്നു. സ്നേഹത്തിന് അതിർവരമ്പുകളില്ല. അത് അകലെയുള്ളവരെ അടുപ്പിക്കുന്നു, ശത്രുക്കളെ സ്നേഹിതരാക്കുന്നു, സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടവർക്ക് ഇടം നൽകുന്നു. എന്നാൽ സ്നേഹം എന്നത് കേവലം ഒരു വികാരമല്ല, മറിച്ച് ജീവിതത്തെ കാണുന്ന ഒരു രീതിയാണ്. ശത്രുക്കളില്ലാത്ത, എല്ലാവരെയും സ്നേഹിക്കാൻ തയ്യാറുള്ള ഒരു സഭയാണ് ഇന്നത്തെ ലോകത്തിന് ആവശ്യം. ഇത്തരത്തിലുള്ള സ്നേഹമാണ് ലോകത്തിന് പുതുജീവൻ നൽകുന്നത്. ക്രിസ്തുവിന്റെ സ്നേഹം  നിലവിലുള്ള വ്യവസ്ഥിതികളെ മാറ്റിമറിക്കാൻ പോന്നതാണ്. ലോകത്തിന്റെ ദുരവസ്ഥകളെ മാറ്റാൻ ഇത്തരം സ്നേഹത്തിനു മാത്രമേ സാധിക്കൂ എന്ന് പാപ്പാ വ്യക്തമാക്കുന്നു.

നൂറ്റി ഇരുപത്തിയൊന്നാം ഖണ്ഡികയിൽ പാപ്പാ ഇവയുടെയെല്ലാം ഒരു ഉപസംഹാരമാണ് നൽകുന്നത്. നാം ചെയ്യുന്ന ജോലിയിലൂടെയോ, സാമൂഹിക വ്യവസ്ഥിതി മാറ്റാനുള്ള പോരാട്ടത്തിലൂടെയോ, അല്ലെങ്കിൽ ഒരു വ്യക്തിക്ക് നൽകുന്ന ചെറിയ സഹായത്തിലൂടെയോ പാവപ്പെട്ടവർക്ക് അനുഭവപ്പെടേണ്ടത് ദൈവത്തിന്റെ സ്നേഹമാണ്.

"ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന യേശുവിന്റെ വചനം പാവപ്പെട്ടവന്റെ ഹൃദയത്തിൽ മുഴങ്ങണം. നമ്മുടെ ഓരോ പ്രവൃത്തിയും  പാവപ്പെട്ടവന് ക്രിസ്തു നൽകുന്ന സ്നേഹത്തിന്റെ സന്ദേശമായി മാറണം. വ്യക്തിപരമായ ഇടപെടലുകൾ വഴി മാത്രമേ മറ്റൊരാൾക്ക് സ്നേഹിക്കപ്പെടുന്നു എന്ന അനുഭവം ലഭിക്കൂ. ജോലി നൽകുന്നതിലൂടെ അന്തസ്സും, ദാനധർമ്മത്തിലൂടെ  കരുതലും നാം പകരുന്നത് വഴി യേശുവിന്റെ സ്നേഹം ലോകത്തിൽ ദൃശ്യമാവുകയാണ് ചെയ്യുന്നത്. ഇവയാണ് നമ്മെ ക്രിസ്തുവിന്റെ പ്രേഷിതരാക്കി മാറ്റുന്നത്. "ഞാന്‍ നിന്നെ സ്‌നേഹിച്ചു" ദിലെക്സി തെ” എന്ന വെളിപാട് പുസ്തകത്തിലെ വചനം, നമ്മുടെ ജീവിതത്തിലും അനുദിനംശ്രവിക്കുവാൻ നമുക്ക് സാധിക്കട്ടെ ഒപ്പം ഈ സ്നേഹം അനേകർക്ക് നൽകുവാൻ സാധിക്കുകയും ചെയ്യട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജൂൺ 2026, 14:13