യേശുവും ശിഷ്യരും യേശുവും ശിഷ്യരും  (https://christian.net/wp-content/uploads/2024/02/when-were-the-apostles-empowered-to-begin-the-mission-of-jesus-1708180246.jpg)

ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കുന്ന ക്രൈസ്തവജീവിതം

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം പതിമൂന്നാം വാരം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം: മത്തായി 10, 37-42
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായം മുപ്പത്തിയേഴ് മുതൽ നാൽപ്പത്തിരണ്ടുവരെയുള്ള തിരുവചനങ്ങൾ ക്രൈസ്തവജീവിതത്തിന്റെ തനതായ സവിശേഷതകളിലേക്ക്, ചിലപ്പോഴൊക്കെ മനസ്സിലാക്കാൻ എളുപ്പമല്ലാത്ത ഒരു വിശ്വസശൈലിയെക്കുറിച്ച് സംസാരിക്കുന്ന ഒരു വചനഭാഗമാണ്. ദൈവത്തെക്കാൾ മറ്റാരെയും സ്നേഹിക്കരുതെന്ന്, കുരിശെടുത്ത് ക്രിസ്തുവിന് പിന്നാലെ നടക്കണമെന്ന്, അവനുവേണ്ടി ജീവൻ നഷ്ടപ്പെടുത്തണമെന്ന് യേശു ആവശ്യപ്പെടുന്നു. മറുഭാഗത്ത്, മറ്റുള്ളവർക്ക് നൽകേണ്ട സ്വീകാര്യതയും ശുശ്രൂഷകളും എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും അവൻ പറഞ്ഞുവയ്ക്കുന്നുണ്ട്.

ദൈവത്തോടുള്ള സ്നേഹം

അതിരുകളോ പരിധികളോ ഇല്ലാതെ നാം സ്നേഹിക്കേണ്ടത് ദൈവത്തെയാണെന്ന ഒരു ചിന്തയാണ് ഈ തിരുവചനങ്ങൾ ആദ്യം നമുക്ക് മുന്നിൽ വയ്ക്കുന്നത്. "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്ക് യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്ക് യോഗ്യനല്ല (37)". മാതാപിതാക്കളെ ആദരിക്കാനും കുടുംബത്തെ സ്നേഹിക്കാനും കൽപ്പിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശു പഠിപ്പിക്കുന്നത്, മാനുഷികമായ എല്ലാ ബന്ധങ്ങളെക്കാളും പ്രധാനപ്പെട്ടത് ദൈവത്തോടുള്ള സ്നേഹവും ബന്ധവുമാണെന്നതാണ്. എല്ലാ ബന്ധങ്ങളും സ്നേഹവും നയിക്കേണ്ടത് ദൈവത്തിലേക്കാണ്. ജീവിതത്തിൽ പ്രഥമ സ്ഥാനം ഈ ഭൂമിയിലെ വസ്തുവകകൾക്കോ സ്ഥാനമാനങ്ങൾക്കോ പേരിനോ പ്രശസ്തിക്കോ അല്ല, നമ്മുടെ സ്രഷ്ടാവും നാഥനും കർത്താവുമായ ദൈവത്തിന് നൽകാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന ഒരു ചോദ്യം നമ്മോടുതന്നെ ചോദിക്കാൻ നമുക്ക് സാധിക്കണം. ദൈവകേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാൻ, ജീവിതത്തിൽ എല്ലാം ദൈവോന്മുഖമായി, സ്വർഗ്ഗോന്മുഖമായി കാണാൻ സാധിച്ചാൽ ശരിയായ പാതയിലൂടെയാകും നാം നടക്കുന്നതെന്ന് ഉറപ്പാക്കാമെന്ന് ഈ വചനഭാഗം നമ്മെ പഠിപ്പിക്കുന്നു. അത്തരമൊരു ജീവിതത്തിൽ മാനുഷികമായ ബന്ധങ്ങൾ, മാതാപിതാക്കളോടാകട്ടെ സഹോദരങ്ങളോടോ മക്കളോടോ സുഹൃത്തുക്കളോടോ ആകട്ടെ, ശരിയായ അനുപാതത്തിലും ശൈലിയിലുമുള്ളതായി മാറും. ദൈവത്തെ സ്നേഹിക്കുന്ന, ദൈവത്താൽ സ്നേഹിക്കപ്പെടുന്ന മനുഷ്യർക്ക് തങ്ങൾക്ക് ചുറ്റുമുള്ള മനുഷ്യരോട് ദൈവികമായ രീതിയിലേ ചേർന്നുനിൽക്കാൻ സാധിക്കൂ.

കുരിശുകൾ സന്തോഷപൂർവ്വം വഹിക്കുക.

ഇന്നത്തെ വചനം മുന്നോട്ടുവയ്ക്കുന്ന രണ്ടാമത്തെ ഒരു ചിന്ത, സ്വന്തം കുരിശെടുത്ത് ക്രിസ്തുവിനെ അനുഗമിക്കേണ്ടതിന്റെ പ്രാധാന്യമാണ്. കുരിശുകൾ ഒഴിവാക്കാനും, അത് സാധിക്കില്ലെങ്കിൽ അവഗണിക്കാനും പ്രേരിപ്പിക്കുന്ന ഒരു ലോകത്ത്, കുരിശുകൾ വഹിച്ചുകൊണ്ട് ദൈവത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കാനുള്ള വിളി മനസ്സിലാക്കാൻ അത്ര എളുപ്പമായിരിക്കില്ല. എന്നാൽ കുരിശുകളില്ലാത്ത, സഹനങ്ങളും രോഗങ്ങളും കുടുംബപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഹാസങ്ങളും തെറ്റിദ്ധാരണകളും ഇല്ലാത്ത ഒരു വഴിയോ ജീവിതമോ അല്ല ക്രിസ്തു നമുക്ക് വാഗ്ദാനം ചെയ്തതെന്ന് ഓർക്കാൻ ശ്രമിച്ചാൽ, കുരിശു വഹിച്ചുകൊണ്ടുള്ള യാത്ര, രക്ഷയുടെ കാൽവരിയിലേക്കുള്ള യേശുവിന്റെ സഹനയാത്രയിൽ പങ്കുചേരലാണെന്ന്, അവനൊപ്പം നടക്കലാണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ ജീവിതവും ഈ വചനങ്ങളും കുറേക്കൂടി എളുപ്പമുള്ളതായി മാറും. ക്രൈസ്തവജീവിതത്തിൽ കുരിശ് പരാജയത്തിന്റെ അടയാളമല്ല, സ്നേഹത്തിന്റെ, രക്ഷയുടെ അടയാളമാണെന്ന് നമുക്ക് മറക്കാതിരിക്കാം. ക്രിസ്തുവിനൊപ്പം കുരിശുവഹിക്കുമ്പോൾ, നമ്മുടെ സഹനങ്ങൾ രക്ഷാകരമായിത്തീരുമെന്ന ബോധ്യത്തിൽ വിശ്വാസത്തോടെയും പ്രത്യാശയോടെയും ജീവിക്കാം.

ദൈവത്തിനായി ജീവിക്കുക

"സ്വന്തം ജീവൻ കണ്ടെത്തുന്നവൻ അത് നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അത് കണ്ടെത്തും (39)."  സമ്പാദിക്കാനും എല്ലാം സ്വന്തമാക്കാനും കെട്ടിപ്പടുക്കാനും നേടിയെടുക്കാനും ക്ഷണിക്കുന്ന, സ്വാർത്ഥതയോടെ ജീവിക്കാൻ പഠിപ്പിക്കുന്ന ഒരു ലോകത്ത്, എല്ലാം ദൈവത്തെ പ്രതി നഷ്ടപ്പെടുത്താൻ, സ്വന്തമല്ലാത്തതായി കണ്ടു ജീവിക്കാൻ ക്രിസ്തു ഇന്ന് ആവശ്യപ്പെടുന്നു. സ്വന്തമാക്കുന്നതിലല്ല, മറ്റുള്ളവർക്കായി നമുക്കുള്ളതും നമ്മെത്തന്നേയും വിട്ടുകൊടുക്കുന്നതിൽ സമർപ്പിക്കുന്നതിൽ എല്ലാം നേടുന്നതിനേക്കാൾ ആനന്ദം കണ്ടെത്താനാകുമെന്ന് യേശു പഠിപ്പിക്കുന്നുണ്ട്. സ്വയം ഉരുകി മറ്റുള്ളവർക്ക് വെളിച്ചം പകരുന്ന ഒരു മെഴുകുതിരി പോലെ, അഴുകി പുതുജീവനും പുതുനാമ്പുമായി മാറുന്ന ഒരു വിത്തുപോലെ തന്റെ ജീവൻ നമുക്കായി നൽകിക്കൊണ്ട് യേശു അതിന് മാതൃക നൽകുന്നുണ്ട്. മക്കൾക്കായി ജീവിക്കുന്ന മാതാപിതാക്കളും അപരർക്കായി ജീവിതം സമർപ്പിക്കുന്ന ഓരോ വ്യക്തികളും കാണിച്ചുതരുന്ന, ജീവൻ നഷ്ടപ്പെടുത്തി ജീവനും, സ്നേഹം നൽകി സ്നേഹവും, സന്തോഷം പകർന്ന് സന്തോഷവും സ്വന്തമാക്കുന്ന ഒരു ജീവിതശൈലി ഇവിടെ നമുക്ക് കാണാൻ സാധിക്കും.

സ്വീകരിക്കപ്പെടേണ്ട അപരൻ

തന്റെ ശിഷ്യരിലൂടെ താനാണ് സ്വീകരിക്കപ്പെടുന്നതെന്ന്, തന്നെ സ്വീകരിക്കുന്നതിലൂടെ തന്നെ അയച്ച ദൈവത്തെയാണ് ഒരുവൻ സ്വീകരിക്കുന്നതെന്ന് പഠിപ്പിക്കുന്ന യേശുവിനെയാണ് തുടർ വചനങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്നത്. ക്രിസ്തുവിന്റെ നാമത്തിൽ, ക്രിസ്തുവിന് വേണ്ടി ജീവിക്കുന്ന മനുഷ്യരുടെ ജീവന് ജീവിതത്തിന് ക്രിസ്തുവിന്റേതിനോളം പ്രാധാന്യവും മൂല്യവും കൈവരുന്നുണ്ടെന്ന് മനസ്സിലാക്കണമെന്ന്, അവർ ബഹുമാനിക്കപ്പെടണമെന്ന് വചനം പഠിപ്പിക്കുന്നു. പ്രവാചകസ്വരത്തോടെ സംസാരിക്കുന്ന, ദൈവികമായി പ്രവർത്തിക്കുന്ന അയക്കപ്പെട്ടവർ, വിശ്വാസികൾ,ശിഷ്യർ എത്രമാത്രം പ്രധാനപ്പെട്ടവരാണെന്ന്, ദൈവത്തിന് എത്രമാത്രം സ്വീകാര്യരും ബഹുമാന്യരുമാണെന്ന് തിരിച്ചറിഞ്ഞ് അവരോട് പെരുമാറണമെന്ന ഈ വചനങ്ങൾ ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു ചിന്തയാണ്. പ്രവാചകനെ സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുമെന്ന് (41) യേശു പറയുന്നു.

പ്രതിഫലം നൽകുന്ന ദൈവം

തിരുവചനവായനയിൽ അവസാനമായി നാം കണ്ടുമുട്ടുന്നത് ഏറെ മനോഹരമായ ഒരു ചിന്തയാണ്. "ഈ ചെറിയവരിൽ ഒരുവന്, എന്റെ ശിഷ്യന് എന്ന നിലയിൽ ഒരു പാനപാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല (42)." സ്നേഹത്തിന്റെയും കരുണയുടെയും പ്രവൃത്തികൾ ദൈവത്തിന് മുൻപിൽ എത്രമാത്രം സ്വീകാര്യമാണെന്ന്, അവ ചെയ്യുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം ഉറപ്പാണെന്ന് വചനം നമ്മോട് പറയുന്നു. സ്നേഹത്തോടെ നൽകുന്ന ഒരുപാത്രം വെള്ളത്തിന് ദൈവത്തിന് മുൻപിൽ എത്രമാത്രം വിലയുണ്ടെന്ന് മനസ്സിലാക്കി പെരുമാറാൻ ജീവിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. മദർ തെരേസ പറഞ്ഞിരുന്നതുപോലെ വലിയ കാര്യങ്ങൾ ചെയ്യാനാകുന്നതിനേക്കാൾ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാൻ നമുക്ക് സാധിക്കണം. അത് സ്വന്തം കുടുംബങ്ങളിലും സമൂഹങ്ങളിലും ആരംഭിക്കാൻ നമുക്ക് സാധിക്കണം. ചെറിയൊരു പുഞ്ചിരിയാകട്ടെ, മറ്റുള്ളവരെ കേൾക്കാൻ നൽകുന്ന ഏതാനും മിനിറ്റുകളാകട്ടെ, അവർക്കായി ചെയ്യുന്ന ചെറിയ ശുശ്രൂഷകളാകട്ടെ, തയ്യാറാക്കുന്ന ഒരു നേരത്തെ ഭക്ഷണമാകട്ടെ, ഏറെ സ്നേഹത്തോടെ കരുണയോടെ ചെയ്യാൻ സാധിക്കുമെങ്കിൽ, അതിലെല്ലാമുപരി, ദൈവസ്നേഹത്തെപ്രതി, വിശ്വാസത്തെപ്രതി ചെയ്യാൻ സാധിക്കുമെങ്കിൽ അവയ്ക്ക് ദൈവസന്നിധിയിൽ ഏറെ വിലയുണ്ടെന്ന്, എല്ലാം കാണുകയും എല്ലാമറിയുകയും ചെയ്യുന്ന ദൈവം അവയ്ക്ക് പ്രതിഫലമേകുമെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാം.

വചനം ജീവിക്കുക

സ്വാർത്ഥതയും അധികാരമോഹവും നിലനിൽക്കുന്ന ഒരു സംസ്കാരത്തിൽ ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയുടേതായ, ലോകത്തിന്റെ ചിന്തയിൽനിന്ന് വ്യത്യസ്തമായ ഈ ക്രൈസ്തവ ജീവിതശൈലിയിൽ ജീവിക്കാൻ ക്രിസ്തുവചനങ്ങൾ പാലിച്ചുകൊണ്ട്, അപരനിലെ ക്രിസ്തുസാന്നിധ്യം തിരിച്ചറിഞ്ഞുകൊണ്ട് ജീവിക്കാൻ സാധിക്കട്ടെ. ദൈവവിശ്വാസവും ആത്മാർത്ഥതയും കരുണയും സ്നേഹവും നമ്മുടെ മാർഗ്ഗത്തെ ക്രിസ്തുവിലേക്ക് നയിക്കട്ടെ.

ഈ വചനവിചിന്തനം ചുരുക്കുമ്പോൾ, നാം ജീവിതത്തിൽ ദൈവത്തിന്, ക്രിസ്തുവിന് നൽകിയിട്ടുള്ള സ്ഥാനം, പ്രാധാന്യം എത്രമാത്രമുണ്ടെന്ന്, അവന്റെ വചനങ്ങൾ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കപ്പെടുന്നുണ്ടോയെന്ന് ചിന്തിക്കാം. എല്ലാവരേക്കാളും, എല്ലാത്തിനേക്കാളും ദൈവത്തിന് പ്രാധാന്യം കൊടുക്കാം. ജീവിതത്തിലെ സഹനങ്ങളെയും കുരിശുകളെയും ക്രിസ്തുവിനൊപ്പം വഹിച്ചുകൊണ്ട്, അവയെ രക്ഷാകരമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോയെന്ന് ചിന്തിക്കാം. അപരനോട്, പ്രത്യേകിച്ച് പാവപ്പെട്ടവരോടും അബലരോടും ആലംബഹീനരോടുമുള്ള എന്റെ പെരുമാറ്റം, എന്റെ സംസാരവും പ്രവൃത്തികളും മനോഭാവവും ദൈവസ്നേഹത്താൽ പ്രേരിതമാണോ എന്ന ചോദ്യം നമ്മുടെ മനഃസാക്ഷിക്ക് മുന്നിൽ ഉയർത്താം. ക്രൈസ്തവരെന്ന നിലയിൽ, ക്രിസ്തുവിന്റെ പിന്നാലെ സഞ്ചരിക്കാൻ മാത്രമല്ല, അവന്റെ ജീവിതവും പ്രവൃത്തികളും അനുകരിക്കാനും ജീവിക്കാനും മാതൃകാപരമായ ജീവിതം വഴി വചനം പ്രഘോഷിക്കാനും നമുക്കുള്ള വിളിയും കടമയും തിരിച്ചറിഞ്ഞ് ജീവിക്കാം. ക്രിസ്തുവിന്റെ ഉറ്റ സാക്ഷികളായി ജീവിക്കാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാം. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

27 ജൂൺ 2026, 14:14