മൊസാംബിക്കിൽ ദേവാലയം അഗ്നിക്കിരയാക്കി
വത്തിക്കാൻ ന്യൂസ്
മൊസാംബിക് രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള കാബോ ഡെൽഗാഡോ പ്രവിശ്യയിൽ ജിഹാദി അക്രമികൾ, നടത്തിയ ആക്രമണത്തിൽ, പെമ്പ രൂപതയിലെ മിൻഹ്യൂവേനിയിലുള്ള സെന്റ് ലൂയിസ് ഡി മോൺഫോർട്ട് ഇടവക ദേവാലയം അഗ്നിക്കിരയാക്കുകയും, വിവിധ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. എട്ട് വർഷത്തിലേറെയായി, ഇത്തരം ആക്രമണങ്ങൾ രാജ്യത്തു തുടരുമ്പോൾ, അതിന്റെ ഫലമായി 6,200-ലധികം പേർ മരിക്കുകയും ഏകദേശം 1.3 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തുവെന്നു, മൊസാംബിക്കിലെ നമ്പുലയിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പും, മെത്രാൻ സമിതി പ്രസിഡന്റുമായ ഇനാസിയോ സൗർ, വത്തിക്കാൻ മാധ്യമ വിഭാഗത്തോട് പ്രതികരിച്ചു.
ഏപ്രിൽ 30 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്, മൗലികവാദ ഇസ്ലാമിക് സ്റ്റേറ്റുമായി (IS) ബന്ധമുള്ളതും 2017 മുതൽ സജീവവുമായ ഒരു പ്രാദേശിക ഗ്രൂപ്പായ അഹ്ലു അൽ-സുന്ന വ അൽ-ജമാഅയിൽ നിന്നുള്ള തീവ്രവാദികളാണ് ഇടവകയിൽ ആക്രമണം നടത്തിയത്. വൈദിക മന്ദിരവും, നഴ്സറി സ്കൂളും ദേവാലയത്തിനൊപ്പം അവർ അഗ്നിക്കിരയാക്കിയെന്നു ദൃക്‌സാക്ഷികൾ പങ്കുവച്ചു. 1946 ൽ നെതർലാൻഡ്‌സിലെ മോണ്ട്‌ഫോർട്ട് മിഷനറിമാർ സ്ഥാപിച്ചതും സെന്റ് ലൂയിസ് ഡി മോണ്ട്‌ഫോർട്ടിന് സമർപ്പിച്ചതുമായ ഇടവക, ഈ പ്രദേശത്തെ കത്തോലിക്കാ സാന്നിധ്യത്തിന്റെ പ്രതീകമാണ്. കൃത്യസമയത്തു മുന്നറിയിപ്പുകൾ കിട്ടിയതുകൊണ്ടു മാത്രമാണ്, ആളപായം ഒഴിവായതെന്നും പ്രദേശവാസികൾ പറഞ്ഞു.
ജിഹാദിസ്റ്റ് അക്രമത്തിന് ഇരയായവർക്ക് അന്താരാഷ്ട്ര ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് പെമ്പയിലെ മെത്രാൻ അന്തോണിയോ ജൂലിയാ ഫെരേര അഭ്യർത്ഥിച്ചു. മൊസാംബിക്കിലെ വ്യത്യസ്ത മതവിശ്വാസങ്ങൾക്കിടയിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിന്റെ സംസ്കാരത്തിന് തികച്ചും വിരുദ്ധമാണ് ഇത്തരം ആക്രമണങ്ങളെന്നു, മോൺസിഞ്ഞോർ ഇനാസിയോ സൗർ എടുത്തു പറഞ്ഞു. മൊസാംബിക്കിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യകളിൽ ഒന്നാണ് കാബോ ഡെൽഗാഡോ. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറുടെ കണക്കനുസരിച്ച്, 2025-ൽ അക്രമങ്ങൾ 110,000-ത്തിലധികം ആളുകളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കിയെന്നതും ഏറെ ഖേദകരമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: