ഇന്ത്യയിലെ ദേവാലയത്തിൽ നിന്നുള്ള കാഴ്ച്ച ഇന്ത്യയിലെ ദേവാലയത്തിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

സഹോദരങ്ങൾക്ക് കൈത്താങ്ങാകുവാനുള്ള ക്ഷണമാണ് യേശുവിന്റെ ഉത്ഥാനം

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ഉയിർപ്പ് കാലം അഞ്ചാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം (ലൂക്ക 10, 1-12).
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഈശോമിശിഹായിൽ ഏറെ പ്രിയപ്പെട്ട സഹോദരങ്ങളേ,

ഉയിർപ്പുകാലം അഞ്ചാം ഞായറാഴ്ച്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്.യേശുവിന്റെ ഉത്ഥാനത്തിരുനാൾ ആഘോഷിച്ചതിനു ശേഷവും, പന്തക്കുസ്ത കാലം വരെ, ഉയിർപ്പിന്റെ അതേ  ചൈതന്യത്തിൽ ജീവിക്കുവാൻ സഭാ മാതാവ് നമ്മെ ക്ഷണിക്കുന്നു. യേശുവിന്റെ ഉത്ഥാനം ചരിത്രത്തിൽ, ഒരു തവണ നടന്നു, വിസ്മൃതിയിൽ ആഴ്ന്നു പോയ ഒരു സംഭവമല്ല. മറിച്ച് അനുദിനം വിശുദ്ധ കുർബാനയിലൂടെയും, വചന വായനയിലൂടെയും, യേശുവിന്റെ ഉത്ഥാനം നമ്മുടെ ജീവിതത്തിനും മറ്റുള്ളവരുടെ ജീവിതത്തിനും ഇന്നും ഊർജ്ജം പകരുന്നു.

ഉത്ഥിതനായ കർത്താവിന്റെ പ്രകാശവും സന്തോഷവും നമ്മുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ സുദിനത്തിൽ, വചനത്തിലൂടെ ദൈവം നമുക്ക് നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്: "നാം വിളിക്കപ്പെട്ടിരിക്കുന്നത് തനിച്ച് സഞ്ചരിക്കാനല്ല, മറിച്ച് സഹയാത്രികരായി സുവിശേഷം പ്രഘോഷിക്കാനാണ്." ഇന്ന് നാം ശ്രവിച്ച വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ  ദൈവിക പദ്ധതിയിൽ സാഹോദര്യത്തിനു എത്രമാത്രം പ്രാധാന്യമുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

ഇന്നത്തെ ആദ്യ വായനയായ പുറപ്പാട് പുസ്തകത്തിൽ നാം കാണുന്നത് വലിയൊരു ദൗത്യത്തിന് മുൻപിൽ പകച്ചുനിൽക്കുന്ന മോശയെയാണ്. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ഒരു ജനതയെ മോചിപ്പിക്കുക എന്നത് അസാധ്യമായ ഒന്നാണെന്ന് മോശ കരുതി. തന്റെ നാവിലെ വിക്കിനെക്കുറിച്ചും സംസാരശേഷിക്കുറവിനെക്കുറിച്ചും മോശ ദൈവത്തോട് പരിഭവം പറഞ്ഞു. എന്നാൽ ദൈവം മോശയെ തനിച്ചാക്കിയില്ല. ദൈവം പറഞ്ഞു: "നിന്റെ സഹോദരനായ അഹറോൻ വരുന്നുണ്ട്. അവൻ നിനക്ക് വേണ്ടി സംസാരിക്കും."

ദൈവം മോശയ്ക്ക് അഹറോനെ നൽകിയത് ഒരു സഹായിയായിട്ടാണ്. നാം ഓരോരുത്തരും നമ്മുടെ ജീവിതദൗത്യങ്ങളിൽ തളർന്നുപോകുമ്പോൾ, ദൈവം നമുക്കായി ചില 'അഹറോന്മാരെ' ഒരുക്കി വെച്ചിട്ടുണ്ട് എന്നുള്ളതാണ് യാഥാർഥ്യം. നമ്മുടെ ബലഹീനതകളെ പൂർത്തിയാക്കാൻ ദൈവം അയക്കുന്ന വ്യക്തികളെ തിരിച്ചറിയാൻ നമുക്ക് സാധിക്കണം. സഭയിൽ നാം ചെയ്യുന്ന ഓരോ ശുശ്രൂഷയും ഒരാളുടെ മാത്രം പ്രകടനമല്ല, മറിച്ച് അഹറോനും മോശയും കൈകോർത്തു പിടിച്ചതുപോലെയുള്ള ഒരു കൂട്ടായ്മയുടെ ഫലമാണ്. അതുപോലെ അപരന് അഹറോനായി മാറുവാനുള്ള നമ്മുടെ വിളിയെയും നാം തിരിച്ചറിയണം.

രണ്ടാമത്തെ വായനയിലും, ഇത് പോലെ അപരന് തുണയായി ദൈവം അയക്കുന്ന ഒരു ഭാഗമാണ് നാം ശ്രവിച്ചത്. തോബിയാസിന്റെ യാത്രയിൽ അവന് വഴികാട്ടിയായി അസറിയാസ് എന്ന പേരിൽ വരുന്നത് റഫായേൽ മാലാഖയാണ്. അപരിചിതമായ വഴികളിലൂടെ, അപകടങ്ങൾ നിറഞ്ഞ ലോകത്തിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ഒരു വഴികാട്ടി ആവശ്യമാണ്. തോബിയാസിനെ സംബന്ധിച്ചിടത്തോളം ആ യാത്ര കേവലം പണം തിരികെ വാങ്ങാനുള്ള ഒന്നായിരുന്നില്ല, മറിച്ച് അവന്റെ ജീവിതത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താനുള്ള യാത്രയായിരുന്നു.

നമ്മുടെ ജീവിതം ഒരു തീർത്ഥാടനമാണ്. ഈ യാത്രയിൽ നാം പലപ്പോഴും വഴിതെറ്റിപ്പോകാം, അല്ലെങ്കിൽ ഭയപ്പെടാം. എന്നാൽ ദൈവം നമുക്ക് കാവൽമാലാഖമാരെ നൽകുന്നുണ്ട്. ചിലപ്പോൾ അത് മാലാഖമാരുടെ രൂപത്തിലാകാം, മറ്റു ചിലപ്പോൾ നമ്മുടെ മാതാപിതാക്കളുടെയോ, സുഹൃത്തുക്കളുടെയോ, അധ്യാപകരുടെയോ രൂപത്തിലാകാം. തോബിയാസിനൊപ്പം നടന്ന മാലാഖയെപ്പോലെ, മറ്റുള്ളവരുടെ ജീവിതയാത്രയിൽ അവർക്ക് സുരക്ഷിതത്വം നൽകുന്ന കാവൽക്കാരായി മാറാൻ നമുക്കും കടമയുണ്ട്.

മൂന്നാമത്തെ വായനയിലും, അപ്പസ്തോലന്മാരുടെ കൂട്ടായ്മയെ പറ്റിയാണ് എടുത്തു പറയുന്നത്.  ആദിമ സഭയുടെ വളർച്ചയുടെ രഹസ്യം അവർ പരിശുദ്ധാത്മാവിന് നൽകിയ പ്രഥമ സ്ഥാനമായിരുന്നു. സുവിശേഷ പ്രഘോഷണത്തിനായി പരിശുദ്ധാത്മാവ് ബർണബാസിനെയും സാവൂളിനെയും പ്രത്യേകം മാറ്റിനിർത്തുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്; സുവിശേഷം ഒറ്റയ്ക്ക് പ്രസംഗിക്കാനല്ല, മറിച്ച് ഒരു സമൂഹമായി  പ്രവർത്തിക്കാനാണ് ആത്മാവ് പ്രേരിപ്പിക്കുന്നത്. ബർണബാസും സാവൂളും മർക്കോസും ഒത്തുചേർന്ന് പ്രവർത്തിച്ചപ്പോഴാണ് സഭ ലോകത്തിന്റെ അതിരുകളിലേക്ക് വളർന്നത്.

നമ്മുടെ ഇടവകകളിലും സംഘടനകളിലും നാം പ്രവർത്തിക്കുമ്പോൾ, "ഞാൻ" എന്ന ഭാവത്തിന് പകരം "നമ്മൾ" എന്ന ഭാവം വരണം. അതിന് പരിശുദ്ധാത്മാവിന്റെ സഹായം അനിവാര്യമാണ്. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയുമാണ് അവർ ദൈവഹിതം തിരിച്ചറിഞ്ഞത്. നമ്മുടെ കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് "പരിശുദ്ധാത്മാവേ, അങ്ങ് എന്നെ സഹായിക്കണമേ" എന്ന് പ്രാർത്ഥിക്കാൻ നമുക്ക് കഴിയുന്നുണ്ടോ? നമ്മുടെ ഓരോ പ്രവൃത്തിയും ആത്മാവിനാൽ നയിക്കപ്പെടുമ്പോൾ അവിടെ വിജയവും സമാധാനവും ഉണ്ടാകും.

സുവിശേഷത്തിൽ ഈശോ എഴുപതു ശിഷ്യരെ ഈരണ്ടുപേരായി അയക്കുന്ന രംഗമാണ് വിവരിക്കുന്നത്. എന്തുകൊണ്ടാണ് ഈശോ അവരെ തനിയെ അയക്കാതിരുന്നത്? ഇതിന് മൂന്ന് പ്രധാന കാരണങ്ങൾ നമുക്ക് ശ്രദ്ധിക്കാം.

ഒന്ന് പരസ്പരമുള്ള തുണയാണ്. ഒരാൾ വീഴുമ്പോൾ മറ്റേയാൾക്ക് താങ്ങാൻ സാധിക്കും. ക്രിസ്തീയ ജീവിതത്തിൽ വീഴ്ചകൾ സ്വാഭാവികമാണ്, അപ്പോൾ നമ്മെ കൈപിടിച്ചുയർത്താൻ ഒരു സഹോദരൻ കൂടെയുണ്ടാകണം എന്നുള്ളത് ഈ സുവിശേഷഭാഗം നമുക്ക് കാട്ടിത്തരുന്നു.

രണ്ടാമത്തേത് സാക്ഷ്യമാണ്. രണ്ടുപേരുടെ സാക്ഷ്യം അന്നത്തെ സാഹചര്യത്തിൽ  നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പരസ്പരമുള്ള സ്നേഹബന്ധം കാണുമ്പോഴാണ് ലോകം നമ്മെ ക്രിസ്തുശിഷ്യരായി തിരിച്ചറിയുന്നത്.

മൂന്നാമത്തെ കാര്യം വിനയമാണ്. തനിച്ച് പ്രവർത്തിക്കുമ്പോൾ ചിലപ്പോൾ അഹങ്കാരത്തിന്റെയും, സ്വാർത്ഥതയുടേയുമൊക്കെ  ചിന്തകൾ നമ്മുടെ ഉള്ളിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ മറ്റൊരാളോടൊപ്പം പ്രവർത്തിക്കുമ്പോൾ വിട്ടുവീഴ്ച ചെയ്യാനും, എളിമപ്പെടാനും നാം പഠിക്കുന്നു.

"കൊയ്ത്തു സമൃദ്ധം, വേലക്കാരോ ചുരുക്കം" എന്ന് ഈശോ ഇന്നും നമ്മോട് പറയുന്നു. ലോകം മുഴുവൻ ക്രിസ്തുവിന്റെ സ്നേഹത്തിനായി ദാഹിക്കുകയാണ്. ഈ ദാഹം തീർക്കാൻ അയക്കപ്പെട്ടവരാണ് നാം. മാമോദീസയിലൂടെ നാം സ്വീകരിച്ചത് ക്രിസ്തുവിന്റെ സാക്ഷിയാകാനുള്ള വിളിയാണ്. അത് പള്ളിയിലെ പ്രാർത്ഥനയിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. നാം അയക്കപ്പെടുന്നത് വ്യത്യസ്ത ഇടങ്ങളിലേക്കാണ്:

കുടുംബം: നമ്മുടെ ആദ്യത്തെ സുവിശേഷ പ്രഘോഷണ വേദി കുടുംബമാണ്. അവിടെ ഭർത്താവിന് ഭാര്യയും, ഭാര്യയ്ക്ക് ഭർത്താവും താങ്ങാകണം. മാതാപിതാക്കൾ മക്കൾക്ക് ദൈവത്തിലേക്കുള്ള വഴികാട്ടികളാകണം. സമാധാനവും സ്നേഹവും നിറഞ്ഞ ഒരു കുടുംബം വലിയൊരു സുവിശേഷമാണ്.

ജോലിസ്ഥലവും സ്കൂളും: അവിടെ നാം ക്രിസ്തുവിന്റെ പ്രതിരൂപങ്ങളാകണം. സത്യസന്ധതയും കൃത്യനിഷ്ഠയും മാത്രമല്ല, കൂടെയുള്ളവൻ വിഷമിക്കുമ്പോൾ അവനെ ഒന്ന് ആശ്വസിപ്പിക്കാനും അവന് വേണ്ടി പ്രാർത്ഥിക്കാനും നമുക്ക് കഴിയണം. ആരെയും പരിഹസിക്കാതെ, എല്ലാവരെയും ബഹുമാനിക്കുന്ന സംസ്കാരം നാം വളർത്തിയെടുക്കണം.

ഇടവകയും സമൂഹവും: ആരെയും മാറ്റിനിർത്താത്ത സ്നേഹമാണ് സുവിശേഷത്തിന്റെ സന്ദേശം. നമ്മുടെ ഇടവകയിൽ ആരെങ്കിലും ഒറ്റപ്പെട്ടു കഴിയുന്നുണ്ടോ? ആരെങ്കിലും സാമ്പത്തികമായോ മാനസികമായോ തകർന്നു ഇരിക്കുന്നുണ്ടോ? അവരെ ചേർത്തുപിടിക്കാൻ നമുക്ക് സാധിക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന സ്നേഹം നമ്മുടെ മുഖമുദ്രയാകണം.

പ്രിയ സഹോദരങ്ങളെ, മോശയ്ക്ക് നാവായി മാറിയ അഹറോനെപ്പോലെ, തോബിയാസിന് വഴികാട്ടിയായ മാലാഖയെപ്പോലെ, സാവൂളിന് കൂട്ടായ ബർണബാസിനെപ്പോലെ, നമുക്കും നമ്മുടെ സഹോദരങ്ങൾക്ക്  കൈത്താങ്ങാകാം.

ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നുവെച്ചാൽ എപ്പോഴും പ്രസംഗിക്കുക എന്നല്ല അർത്ഥം. മറിച്ച്, മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തിലൂടെ, സ്നേഹത്തിലൂടെ ക്രിസ്തുവിനെ കാണിച്ചുകൊടുക്കുക അല്ലെങ്കിൽ പകർന്നു കൊടുക്കുക എന്നതാണ്.

വിശുദ്ധ അഗസ്റ്റിൻ പറഞ്ഞതുപോലെ, "നമുക്ക് മുന്നോട്ട് നടക്കാം, സ്നേഹത്തിൽ വളരാം." ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 മേയ് 2026, 15:45