തിരയുക

തെരുവിൽ അന്തിയുറങ്ങുന്ന സഹോദരങ്ങൾ തെരുവിൽ അന്തിയുറങ്ങുന്ന സഹോദരങ്ങൾ 

കാരുണ്യം ചരിത്രത്തിന്റെ ഗതി മാറ്റാൻ കെല്പുള്ള വിപ്ലവാത്മകമായ ശക്തിയാണ്

ലിയോ പതിനാലാമൻ പാപ്പായുടെ "ദിലെക്സി തെ" (Dilexi te) എന്ന ആദ്യ അപ്പസ്തോലിക പ്രബോധനത്തിന്റെ തൊണ്ണൂറു മുതൽ തൊണ്ണൂറ്റിയെട്ടു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ. ഈ ചിന്തകൾ, യുദ്ധത്തിനെതിരായും, ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ, ജാതി മത വർണ്ണ വ്യത്യാസമില്ലാതെ ചേർത്തുനിർത്തുവാനുമുള്ള, വർത്തമാനകാലത്തെ ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനങ്ങളെ ഊട്ടിയുറപ്പിക്കുന്നു. രാഷ്ട്രീയമായ താത്പ്പര്യങ്ങളിൽ, സാധാരണക്കാരുടെ വേദനകളെ അടിച്ചമർത്തുന്ന ഒരു കാലഘട്ടത്തിൽ, പാപ്പായുടെ വാക്കുകൾ, ഏവർക്കും ദിശാസൂചികയാണ്.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ക്രിസ്തുവിന്റെ ദാരിദ്ര്യവും അഗതികളോടുള്ള അദ്ദേഹത്തിന്റെ പക്ഷംചേരലും സഭയുടെ അടിസ്ഥാന ശിലകളാണെന്ന് വിവിധ സഭാ പ്രബോധനങ്ങൾ അടിവരയിടുന്നു. മെഡെലിനിൽ ഒത്തുചേർന്ന ലാറ്റിൻ അമേരിക്കൻ മെത്രാന്മാർ പാവപ്പെട്ടവർക്കുവേണ്ടിയുള്ള സഭയുടെ ഈ മുൻഗണനാപരമായ നിലപാടിനെ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പുനർനിർവചിച്ചു. സമ്പന്നനായിരുന്നിട്ടും നമ്മെപ്രതി ദരിദ്രനായിത്തീർന്ന ക്രിസ്തു, തന്റെ സുവിശേഷ പ്രഘോഷണത്തിന്റെ കേന്ദ്രബിന്ദുവായി പാവപ്പെട്ടവരുടെ വിമോചനത്തെയാണ് പ്രതിഷ്ഠിച്ചത്. ഈ ദാരിദ്ര്യം കേവലം ഭൗതികമായ ഒരു അവസ്ഥ മാത്രമല്ല, മറിച്ച് മനുഷ്യാന്തസ്സിനുവേണ്ടിയുള്ള പോരാട്ടവും നീതിക്കായുള്ള ദാഹവുമാണ്.

ദാരിദ്ര്യം അപരനോടൊപ്പം ജീവിക്കണം

ദശലക്ഷക്കണക്കിന് സഹോദരങ്ങളുടെ ദാരിദ്ര്യം, കേവലം പണം നല്കുന്നതിലുപരിയായി  നമ്മോട്  നീതിയും ഐക്യദാർഢ്യവും സാക്ഷ്യവുമാണ് ആവശ്യപ്പെടുന്നത്. ക്രിസ്തു ഏൽപ്പിച്ച രക്ഷാകര ദൗത്യം പൂർണ്ണമാകണമെങ്കിൽ, സഭ കേവലം പാവപ്പെട്ടവരുടെ അവസ്ഥ പങ്കിടുക മാത്രമല്ല വേണ്ടത്, മറിച്ച് അവരുടെ പക്ഷത്ത് ഉറച്ചുനിൽക്കുകയും അവരുടെ സമഗ്രമായ പുരോഗതിക്കായി പ്രായോഗികമായി പരിശ്രമിക്കുകയും വേണം. ലാറ്റിൻ അമേരിക്കയിലെ വർദ്ധിച്ചുവരുന്ന ദാരിദ്ര്യത്തെ മുൻനിർത്തി പ്യൂബ്ല സമ്മേളനം എടുത്ത ധീരമായ നിലപാടുകൾ, ലോകത്തിലെ അനീതി നിറഞ്ഞ വ്യവസ്ഥിതികളെ "സാമൂഹിക പാപം" എന്ന് വിളിക്കാൻ സഭയെ പ്രേരിപ്പിച്ചു. ഇത് വ്യക്തിപരമായ പാപത്തിനപ്പുറം, മനുഷ്യർക്കിടയിൽ അഗാധമായ വിള്ളലുകൾ സൃഷ്ടിക്കുന്ന ഒരു വ്യവസ്ഥിതിയെയാണ് സൂചിപ്പിക്കുന്നത്.

സ്നേഹം ചരിത്രത്തെ പുനർനിർവചനം ചെയ്യുന്നു

സ്നേഹം അഥവാ കാരുണ്യം എന്നത് വെറുമൊരു വൈകാരിക പ്രകടനമല്ല, മറിച്ച് ചരിത്രത്തിന്റെ ഗതി മാറ്റാൻ കെല്പുള്ള വിപ്ലവാത്മകമായ ശക്തിയാണ്. ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനേക്കാൾ പ്രധാനം അതിന്റെ ഘടനപരമായ കാരണങ്ങളെ ഇല്ലാതാക്കുക എന്നതാണ്. ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യണമെങ്കിൽ ലോകത്തിന്റെ ഉപരിപ്ലവമായ തിന്മകളെയല്ല, മറിച്ച് അതിന്റെ ആഴത്തിലുള്ള വേരുകളെയാണ് കണ്ടെത്തേണ്ടത്. അതുകൊണ്ടുതന്നെ, ലോകത്തിന്റെ നിലവിളികൾക്ക് കാതോർക്കാനും പാവപ്പെട്ട ജനതകളുടെ കഷ്ടപ്പാടുകൾക്ക് പരിഹാരം കാണാനുമുള്ള ആർജ്ജവം രാഷ്ട്രീയ നേതൃത്വങ്ങൾ കാണിക്കണമെന്ന് പാപ്പാ ആവശ്യപ്പെടുന്നു. കേവലം സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾക്കപ്പുറം മനുഷ്യരുടെ വേദനകളെ തിരിച്ചറിയുന്ന ഒരു രാഷ്ട്രീയ സംസ്കാരം വളർന്നുവരേണ്ടത് അത്യന്താപേക്ഷിതമാണ്. ലോകത്തിലെ പാവപ്പെട്ട ജനതകളുടെ രോദനം കേൾക്കാത്ത ഒരു വ്യവസ്ഥിതിക്കും ദീർഘകാലം നിലനിൽക്കാനാവില്ല എന്ന തിരിച്ചറിവ് ഇന്ന് നമുക്ക് ആവശ്യമാണെന്നും, പ്രബോധനം ചൂണ്ടിക്കാണിക്കുന്നു.

ഇന്നത്തെ ലോകത്ത് നാം കാണുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് "അപരനെ കൊല ചെയ്യുന്ന സമ്പദ്‌വ്യവസ്ഥയുടെ" ആധിപത്യമാണ്.  പാപ്പാ ഈ കടുപ്പമേറിയ വാക്ക് ഉപയോഗിക്കുമ്പോൾ, എത്രമാത്രം ഈ അനീതി സമൂഹത്തെ ബാധിച്ചിരിക്കുന്നുവെന്നത് നാം മനസ്സിലാക്കേണ്ടതാണ്. ചുരുക്കം ചിലരുടെ ലാഭം കുത്തനെ ഉയരുമ്പോൾ ഭൂരിഭാഗം ജനങ്ങളും കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നു.

വിപണിയുടെ സ്വയംഭരണാധികാരത്തിലും സാമ്പത്തിക ഊഹക്കച്ചവടത്തിലും അന്ധമായി വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങളാണ് ഈ അസമത്വത്തിന് പിന്നിൽ. ഈ അപ്പസ്തോലിക പ്രബോധനം, അതിനാൽ ഇന്നത്തെ സമൂഹത്തിന്റെ ഒരു നേർക്കാഴ്ച്ചയാണ്.  വിപണിയുടെ അദൃശ്യ കരങ്ങൾ എല്ലാം ശരിയാക്കുമെന്ന് വിശ്വസിക്കുന്ന സിദ്ധാന്തങ്ങൾ യഥാർത്ഥത്തിൽ മനുഷ്യന്റെ അന്തസ്സിനെ ചോദ്യം ചെയ്യുകയാണ്. ഭരണകൂടങ്ങൾ പൊതുനന്മയ്ക്കായി വിപണിയെ നിയന്ത്രിക്കേണ്ടതുണ്ടെങ്കിലും, പലപ്പോഴും സാമ്പത്തിക ശക്തികൾ രാഷ്ട്രീയത്തിന് മുകളിൽ ആധിപത്യം സ്ഥാപിക്കുന്നു. ഇത് ഒരുതരം "അദൃശ്യ സ്വേച്ഛാധിപത്യം" സൃഷ്ടിക്കുന്നു, അത് സ്വന്തം നിയമങ്ങളും നിബന്ധനകളും ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നു. സാമ്പത്തിക യുക്തിയുടെ പേരിൽ മനുഷ്യന്റെ അന്തസ്സ് നാളത്തേക്ക് മാറ്റിവെക്കാവുന്ന ഒന്നല്ല; അത് ഇപ്പോഴാണ് സംരക്ഷിക്കപ്പെടേണ്ടത്. അതിനാൽ, പട്ടിണിയും കഷ്ടപ്പാടും അനുഭവിക്കുന്ന ഓരോ മനുഷ്യനും നമ്മുടെ മനസ്സാക്ഷിയെ നിരന്തരം വേട്ടയാടേണ്ട ഒരു ചോദ്യചിഹ്നമാണെന്നും പാപ്പാ നമ്മെ അനുസ്മരിപ്പിക്കുന്നു.

"അദൃശ്യ സ്വേച്ഛാധിപത്യം" സമൂഹത്തിലെ തിന്മ

സാമൂഹിക പാപം എന്നത് സമൂഹത്തിൽ ഒരു "പാപത്തിന്റെ ഘടനയായി" മാറുന്നുണ്ട്. സ്വാർത്ഥതയും ഉദാസീനതയും യുക്തിസഹമായ കാര്യമാണെന്ന് വിശ്വസിപ്പിക്കുന്ന ഒരു പൊതു മനഃസ്ഥിതി ഇവിടെ രൂപപ്പെടുന്നു. ഇതിനെ "സാമൂഹിക അന്യവൽക്കരണം" എന്ന് വിളിക്കാം. പാവപ്പെട്ടവരെ ശ്രദ്ധിക്കാതെ  ജീവിക്കുന്നതും, അവരെ അവഗണിക്കുന്നതും ഇന്ന് പലർക്കും ഒരു സാധാരണ കാര്യമാണ്. അധികാരത്തിലുള്ളവരുടെ താൽപ്പര്യങ്ങൾക്കായി സാധാരണക്കാരോട് ത്യാഗം സഹിക്കാൻ ആവശ്യപ്പെടുന്ന സാമ്പത്തിക ക്രമങ്ങൾ യഥാർത്ഥത്തിൽ മനുഷ്യവിരുദ്ധമാണ്. പാവപ്പെട്ടവർക്ക് ലഭിക്കുമെന്ന് പറയുന്ന വാഗ്ദാനങ്ങൾ പലപ്പോഴും വെറും ജലരേഖകളായി മാറുന്നു. കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം അത്ഭുതകരമായ സാമ്പത്തിക വളർച്ചയുടെ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുന്നത് ഒരു തരം വഞ്ചനയാണ്. മനുഷ്യർക്കിടയിലുള്ള ഐക്യദാർഢ്യത്തെ തകർക്കുന്ന ഏതൊരു വ്യവസ്ഥിതിയും അന്യവൽക്കരിക്കപ്പെട്ടതാണെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ  അനുസ്മരിപ്പിച്ചതും ലിയോ പതിനാലാമൻ പാപ്പാ ചൂണ്ടികാണിക്കുന്നു. ഉത്പാദനത്തിലും ഉപഭോഗത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സമൂഹം മനുഷ്യന്റെ യഥാർത്ഥ ലക്ഷ്യങ്ങളെ മറന്നുപോകുന്നു.

ദാരിദ്ര്യത്തിന്റെ ഘടനപരമായ കാരണങ്ങളെ പരിഹരിക്കണം

ദാരിദ്ര്യത്തിന്റെ ഘടനപരമായ കാരണങ്ങളെ പരിഹരിക്കുക എന്നത് സഭയെ സംബന്ധിച്ചിടത്തോളം കേവലം ഒരു തന്ത്രപ്രധാനമായ പദ്ധതിയല്ല, മറിച്ച് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള ഒരു മാർഗമാണ്. സഹായ പദ്ധതികൾ താൽക്കാലികമായി ചില ആവശ്യങ്ങൾ നിറവേറ്റുമെങ്കിലും, അവ ദാരിദ്ര്യത്തിന്റെ ശാശ്വത പരിഹാരമല്ല. അസമത്വമാണ് എല്ലാ സാമൂഹിക തിന്മകളുടെയും വേര്. മനുഷ്യാവകാശങ്ങൾ എല്ലാവർക്കും ഒരുപോലെയല്ല ലഭിക്കുന്നത് എന്നത് ഇന്നും വേദനിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. നീതിയില്ലാത്ത ഒരു വ്യവസ്ഥിതി സമൂഹത്തെ ദുർബലപ്പെടുത്തുകയും അത് ആത്യന്തികമായി വലിയ പ്രതിസന്ധികളിലേക്ക് നയിക്കുകയും ചെയ്യും. ദരിദ്രരെയും ദുർബലരെയും മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു പുരോഗതിയും നിലനിൽക്കില്ല. ഈ അസമത്വം പരിഹരിച്ചില്ലെങ്കിൽ നമ്മുടെ സമൂഹം വേദനയിൽ തന്നെ തുടരും. അപ്പസ്തോലിക പ്രബോധനം മുൻപോട്ടു വയ്ക്കുന്ന ഈ ആശയങ്ങൾ, മാറ്റത്തിനുള്ള ഒരു ആഹ്വാനം ആഗോള സമൂഹത്തിനു നൽകുന്നതാണ്. 

മാനവിക സാഹോദര്യം ദാരിദ്ര്യ അസമത്വം ഒഴിവാക്കുന്നു

ഇന്നത്തെ ഉപഭോഗ സംസ്കാരത്തിൽ, പിന്നിലാക്കപ്പെട്ടവർക്കും ദുർബലർക്കും വേണ്ടി നിക്ഷേപം നടത്തുന്നത് അർത്ഥശൂന്യമാണെന്ന ഒരു ധാരണ പരന്നിട്ടുണ്ട്. "വിജയം" എന്നതിനെ വ്യക്തിപരമായ നേട്ടമായി മാത്രം കാണുന്ന ഒരു ലോകത്ത്, കഴിവ് കുറഞ്ഞവർക്ക് സ്ഥാനമില്ലാതായി മാറുന്നു. എന്നാൽ നാം സ്വയം ചോദിക്കേണ്ട ചോദ്യം ഇതാണ്: കഷ്ടപ്പെടുന്നവർ മനുഷ്യരല്ലേ? അവർക്ക് നമ്മെപ്പോലെ അന്തസ്സില്ലേ? കുറഞ്ഞ സാഹചര്യങ്ങളിൽ ജനിച്ചതുകൊണ്ട് മാത്രം ഒരാൾ അന്തസ്സ് കുറഞ്ഞവനായി മാറുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് നാം നൽകുന്ന ഉത്തരത്തിലാണ് നമ്മുടെ സമൂഹത്തിന്റെ മൂല്യം അടങ്ങിയിരിക്കുന്നത്. ഒന്നുകിൽ  നാം നമ്മുടെ ധാർമ്മികവും ആത്മീയവുമായ അന്തസ്സ് തിരിച്ചുപിടിക്കണം, അല്ലെങ്കിൽ നാം നാശത്തിന്റെ അഗാധതയിലേക്ക് നാമേവരും പതിക്കും എന്ന മുന്നറിയിപ്പും പ്രബോധനം നൽകുന്നു. വിഭവങ്ങൾ അമിതമായി ഉപയോഗിക്കുകയും ലോകത്തെ മലിനമാക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തിന്റെ ആഡംബരത്തെ ന്യായീകരിക്കുന്നത് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭൂമിക്ക് താങ്ങാൻ കഴിയാത്തവിധം മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഉപഭോഗ രീതികൾ ഭാവി തലമുറയോടുള്ള ക്രൂരതയാണ്.

നഗരങ്ങളിലെയും വാസസ്ഥലങ്ങളിലെയും മാറ്റങ്ങൾ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പാവപ്പെട്ടവർ വസിക്കുന്ന ഇടങ്ങളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും അവഗണിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാനാവില്ല. വ്യത്യസ്തതകളെ ഉൾക്കൊള്ളുന്നതും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ നഗരങ്ങളാണ് നമുക്ക് വേണ്ടത്. വാസ്തുവിദ്യ പോലും മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതാകണം. എന്നാൽ പരിസ്ഥിതിയുടെ തകർച്ചയും ഉപേക്ഷിക്കൽ സംസ്കാരവും പാവപ്പെട്ടവരുടെ ജീവിതത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പ്രകൃതിക്ക് ഏൽക്കുന്ന ഓരോ മുറിവും സമൂഹത്തിലെ ഏറ്റവും ദുർബലരായവരുടെ ജീവിതത്തെയാണ് ദുസ്സഹമാക്കുന്നത്. പരിസ്ഥിതിയും സമൂഹവും തമ്മിലുള്ള അഭേദ്യമായ ബന്ധം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു വികസന മാതൃകയാണ് നമുക്ക് ആവശ്യം.

അനീതിക്കെതിരെ ദൈവവചനത്തിന്റെ കടമ

ദൈവജനത്തിന്റെ കടമ എന്നത് അനീതിക്കെതിരെ ശബ്ദമുയർത്തുക എന്നതാണ്. ചിലപ്പോൾ അത് ലോകത്തിന് മുൻപിൽ വിഡ്ഢികളായി കാണപ്പെടാൻ കാരണമായേക്കാം. എങ്കിലും അനീതിയുടെ ഘടനകളെ തിരിച്ചറിയുകയും നന്മയുടെ ശക്തികൊണ്ട് അവയെ നേരിടുകയും വേണം. മാനസികാവസ്ഥയിലുള്ള മാറ്റത്തോടൊപ്പം തന്നെ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും രാഷ്ട്രീയ നയങ്ങളെയും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉപയോഗിക്കണം. സുവിശേഷം എന്നത് വ്യക്തിപരമായ ഒരു ഭക്തി മാത്രമല്ല, അത് ദൈവരാജ്യത്തിന്റെ പ്രഘോഷണമാണ്. നീതിയും സമാധാനവും സാഹോദര്യവും എല്ലാവർക്കും ലഭ്യമാകുന്ന ഒരു ലോകമാണ് ദൈവരാജ്യം. ക്രിസ്തീയ സാക്ഷ്യം എന്നത് സാമൂഹികമായ ഉത്തരവാദിത്തം കൂടിയാണ്. പാവപ്പെട്ടവരുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ദൈവത്തിന്റെ ഭരണം ഈ ഭൂമിയിൽ യാഥാർത്ഥ്യമാകൂ.

വിശ്വാസവും, സാമൂഹിക നീതിയും

വിശ്വാസത്തിന്റെ ശുദ്ധി കാത്തുസൂക്ഷിക്കുന്നവർ പലപ്പോഴും സാമൂഹിക നീതിയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നു എന്ന് വിമർശിക്കപ്പെടാറുണ്ട്. എന്നാൽ ആത്മീയമായ പരിവർത്തനം എന്നത് ദൈവത്തോടുള്ള സ്നേഹത്തോടൊപ്പം തന്നെ അയൽക്കാരനോടുള്ള സ്നേഹവും, കരുതലും  കൂടിയാണ്. പാവപ്പെട്ടവരോടും അടിച്ചമർത്തപ്പെട്ടവരോടുമുള്ള സേവനം വിശ്വാസത്തിന്റെ ഭാഗമാണ്. പാവപ്പെട്ടവരുടെ നിലവിളി കേൾക്കാത്ത ഒരു ആത്മീയതയ്ക്കും ക്രിസ്തുവിന്റെ സാക്ഷിയാകാൻ കഴിയില്ല. സഭയുടെ ഓരോ അംഗവും, പ്രത്യേകിച്ച് അജപാലകരും  ഉത്തരവാദിത്തപ്പെട്ടവരും, പാവപ്പെട്ടവരോടുള്ള സുവിശേഷാത്മകമായ ഈ കടമ തിരിച്ചറിയണം. വിശ്വാസത്തെക്കുറിച്ചുള്ള ഉത്കണ്ഠ പാവപ്പെട്ടവരോടുള്ള സേവനത്തിൽ നിന്ന് വേർപെടുത്താൻ പാടില്ല. ലോകത്തെ പിടിച്ചുലയ്ക്കുന്ന ഘടനാപരമായ പാപങ്ങളെയും ദാരിദ്ര്യത്തെയും ഇല്ലാതാക്കാൻ സ്നേഹത്തിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ അനിവാര്യമാണ്.

ദാരിദ്ര്യം തെറ്റായ നയങ്ങളുടെയും സ്വാർത്ഥതയുടെയും ഫലമാണ്

ദാരിദ്ര്യം എന്നത് വിധിയല്ല, മറിച്ച് തെറ്റായ നയങ്ങളുടെയും സ്വാർത്ഥതയുടെയും ഫലമാണ്. ലോകത്തിലെ വിഭവങ്ങൾ എല്ലാവർക്കും തുല്യമായി ലഭിക്കേണ്ടതാണ്. എന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഇന്നത്തെ ഘടന  ഇതിന് വിരുദ്ധമായാണ്. പാവപ്പെട്ടവരുടെ അന്തസ്സിനെ മാനിക്കാത്ത ഒരു വ്യവസ്ഥിതിയും നീതിയുക്തമല്ല. ഐക്യദാർഢ്യം എന്നത് കേവലം ഒരു പദപ്രയോഗമല്ല, മറിച്ച് അത് നമ്മുടെ ജീവിതശൈലിയായി മാറണം. സഭയുടെ സാമൂഹിക ദർശനം എപ്പോഴും പാവപ്പെട്ടവരുടെ പക്ഷത്താണ്. അവരുടെ വിമോചനം എന്നത് ക്രിസ്തുവിന്റെ ദൗത്യത്തിന്റെ തുടർച്ചയാണ്. ഘടനാപരമായ മാറ്റങ്ങൾക്കായുള്ള പോരാട്ടം തുടരേണ്ടതുണ്ട്. സാമ്പത്തിക മേഖലയിൽ മനുഷ്യത്വപരമായ മാറ്റങ്ങൾ വരുത്താതെ ദാരിദ്ര്യത്തിന് അറുതി വരുത്താനാവില്ല. ഉപഭോഗ സംസ്കാരത്തിന് പകരം പങ്കുവെക്കലിന്റെ സംസ്കാരം വളർത്തിയെടുക്കണം. ഓരോ മനുഷ്യനും ഭൂമിയിൽ മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. അത് ഉറപ്പുവരുത്തേണ്ടത് ഭരണകൂടങ്ങളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സഭ എപ്പോഴും മുന്നിലുണ്ടാകണം. പാവപ്പെട്ടവരുടെ പക്ഷം ചേരുക എന്നത് ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് സുവിശേഷത്തിന്റെ അനിവാര്യമായ ആവശ്യമാണ്.

സമ്പത്തിന് മുകളിൽ മനുഷ്യനെ പ്രതിഷ്ഠിക്കുന്ന ഒരു സംസ്കാരം നമുക്ക് ആവശ്യമാണ്. ലാഭമല്ല, മറിച്ച് മനുഷ്യന്റെ ക്ഷേമമാകണം സാമ്പത്തിക നയങ്ങളുടെ മാനദണ്ഡം. "നിങ്ങൾ എന്റെ ഈ എളിയ സഹോദരന്മാരിൽ ഒരുവന് ചെയ്തുകൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത്". ഈ വചനം നമ്മുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനമാകണം. ഘടനപരമായ പാപങ്ങളെ എതിർത്തുകൊണ്ട്, നീതിയുടെയും കരുണയുടെയും ഘടനകൾ പണിയാൻ നമുക്ക് ഒന്നിച്ച് പരിശ്രമിക്കാം. ഇതിനുള്ള ആഹ്വാനമാണ് ദിലെക്സി തെ എന്ന അപ്പസ്തോലിക പ്രബോധനം നമുക്ക് നൽകുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മേയ് 2026, 12:19