തിരയുക

ഡിജിറ്റൽ മിഷനറിമാരുടെ ജൂബിലി ആഘോഷ വേളയിൽ ഡിജിറ്റൽ മിഷനറിമാരുടെ ജൂബിലി ആഘോഷ വേളയിൽ   (ANSA)

നവമാധ്യമങ്ങളും സഭയുടെ അജപാലനദർശനവും

ഏറെ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഡിജിറ്റൽ ലോകത്തിൽ ക്രിസ്തുവിന്റെ ശിഷ്യരായി പ്രവർത്തിക്കാൻ സഭ നിരന്തരം വിശ്വാസി സമൂഹത്തെ പ്രചോദിപ്പിക്കുന്നു. ഇത് ഓരോ കാലഘട്ടത്തിലും സഭ തനയരെ അനുസ്മരിപ്പിക്കുകയും, ദൗത്യത്തെക്കുറിച്ചുള്ള ബോധ്യം നൽകുകയും ചെയ്യുന്നു. ഡിജിറ്റൽ ആശയവിനിമയത്തിന്റെയും നിർമ്മിത ബുദ്ധിയുടെയും പുത്തൻസാധ്യതകൾ സഭയുടെ വളർച്ചയ്ക്കും സമൂഹത്തിന്റെ പൊതുനന്മയ്ക്കും വ്യക്തികളുടെ ഉന്നതിക്കുമായി എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന ചിന്തകൾ.
ചിന്താമലരുകൾ : ശബ്ദരേഖ

ഫാ. ഡൊമിനിക് സാവിയോ മൂഴിക്കര ഓ ഐ സി

മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ മാറ്റമില്ലാത്ത വചനത്തിന്റെ പ്രഘോഷകരും സാക്ഷികളുമാകുക എന്നതാണ്  എല്ലാകാലത്തും എല്ലാ ക്രൈസ്തവരുടെയും വിളിയും നിയോഗവും. ലോകത്തിന്റെ അതിർത്തികളോളം സുവിശേഷം പ്രഘോഷിക്കുവാൻ, ആധുനികകാലത്ത്  ദൈവീക ജ്ഞാനം തുറന്നിട്ടിരിക്കുന്ന സാങ്കേതികവിദ്യകളുടെ നവജാലകങ്ങൾ   നമ്മെ ക്ഷണിക്കുന്നു. പറുദീസയിലെ നന്മ-തിന്മകളുടെ വൃക്ഷത്തിലെ കനികൾ പോലെ ആസ്വാദ്യവും കൗതുകകരവും അറിവേകുന്നതുമായ ഡിജിറ്റൽ ലോകത്തിന്റെ കാലികമായ പരിഷ്‌കാരങ്ങൾ ഓരോ മിനുട്ടിലും മാറിമറിയുമ്പോൾ, മനുഷ്യാന്തസ്സിനെയും  ധാർമ്മിക മൂല്യങ്ങളെയും   സംരക്ഷിക്കുകയും പോഷിപ്പിക്കുകയും അതിനനുബന്ധമായി വിശ്വാസിസമൂഹത്തെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് അജപാലനരംഗത്തെ സഭയുടെ ഏറ്റവും വലിയ വെല്ലുവിളി. ഡിജിറ്റൽ ആശയവിനിമയത്തിന്റെയും നിർമ്മിത ബുദ്ധിയുടെയും പുത്തൻസാധ്യതകൾ  സഭയുടെ വളർച്ചയ്ക്കും  സമൂഹത്തിന്റെ പൊതുനന്മയ്ക്കും വ്യക്തികളുടെ ഉന്നതിക്കുമായി എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന ചിന്തകൾ ഇക്കാലയളവിൽ തിരുസ്സഭയുടെ അജപാലനദൈവശാസ്ത്ര ദര്ശനങ്ങളിലൂടെ നിരന്തരം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.

സഭയും സാമൂഹിക സമ്പർക്കമാധ്യമങ്ങളും

കാലാകാലങ്ങളായി  സമ്പർക്ക മാധ്യമരംഗത്തെ മാറ്റങ്ങളെയും പുരോഗതിയെയും മനസിലാക്കി, വിശകലനാത്മകമായ ദൈവശാസ്ത്ര സമീപനങ്ങളിലൂടെ തിരുസഭ  അജപാലന രംഗത്തെ ബലപ്പെടുത്തിയിട്ടുണ്ട് . പ്രത്യേകമായി, ഇരുപതാം നൂറ്റാണ്ടിലെ വാർത്താവിനമയ രംഗത്തെ  ശാസ്ത്ര-സാങ്കേതിക വളർച്ചയെ സുവിശേഷ പ്രഘോഷണത്തിലും മിഷൻ മേഖലകളിലും ക്രിയാത്മകമായി ഉപയോഗിക്കുന്നത് സംബന്ധിച്ച മാർഗ്ഗരേഖകളും ചാക്രികലേഖനങ്ങളും അപ്പോസ്തോലിക പ്രബോധനങ്ങളും യഥാസമയം നൽകിയിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്‌. ചലച്ചിത്രരംഗത്തെ സംബന്ധിച്ച്, 1936 - ലെ പിയൂസ് പതിനൊന്നാമൻ  പാപ്പയുടെ  വിജിലന്തി കുരാ (Vigilanti Cura),  ഫിലിം, ടെലിവിഷൻ, റേഡിയോ ഇവ വഴിയുള്ള സുവിശേഷ പ്രഘോഷണ സാധ്യതകളെ സംബന്ധിച്ചുള്ള 1957 ലെ  പിയൂസ് പന്ത്രണ്ടാമൻ പാപ്പായുടെ മിറാൻഡ പ്രോർസുസ് (Miranda Prorsus), രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ  സമ്പർക്കമാധ്യമങ്ങളെ സംബന്ധിച്ച 1964 ലെ പ്രമാണരേഖ  ഇന്റർ മിറിഫിക്ക  (Inter Mirifica), തുടർന്ന്,വാർത്താവിനിമയമാധ്യമങ്ങൾ വഴിയുള്ള സഭാശുശ്രൂഷകളുടെ അനന്തസാധ്യതകളെ മനസിലാക്കുന്നതിനും  പ്രബോധനങ്ങൾ നല്കുന്നതിനുമായി 1967-ൽ പോൾ ആറാമൻ മാർപ്പാപ്പ  ഒരു ലോക സാമൂഹിക സമ്പർക്കമാധ്യമ ദിനം സഭയിൽ സമാരംഭിച്ചു. ഈ ദിനം എല്ലാ വർഷവും  പെന്തക്കോസ്തി തിരുന്നാളിന്  മുമ്പുള്ള ഞായറാഴ്ചയാണ്. ആശയവിനിമയ മാധ്യമങ്ങളുടെ നേട്ടങ്ങളെ അംഗീകരിക്കുക,  സുവിശേഷമൂല്യങ്ങൾ സമ്പർക്കമാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുക,  സമ്പർക്ക മാധ്യമങ്ങളുടെ  ഫലപ്രദമായ ഉപയോഗത്തെകുറിച്ച്  വിശ്വാസികളെ അവബോധമുള്ളവരാക്കുക തുടങ്ങിയവയാണ്  ഈ ദിനാചരണം ലക്‌ഷ്യം വയ്ക്കുന്നത്. അതുപോലെ തന്നെ ഈ ദിനാചരണത്തോടനുബന്ധിച്ച് എല്ലാ വർഷവും മാർപാപ്പാമാർ  നൽകുന്ന സന്ദേശം, സമ്പർക്കമാധ്യമങ്ങളെ സംബന്ധിച്ചുള്ള ആനുകാലികമായാ സഭാകാഴചപ്പാടുകൾക്കും പഠനങ്ങൾക്കും സഹായകരമാകുന്നു. 

കൂടാതെ,  രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നിർദ്ദേശപ്രകാരം സാമൂഹിക ആശയവിനിമയത്തിന്റെ മാർഗങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന 1971 ലെ   ആശയവിനിമയവും പുരോഗതിയും ( Communio et Progressio  ) എന്ന അജപാലന മാർഗ്ഗരേഖ, അതിനെ തുടർന്ന്  ഈ രേഖയുടെ പ്രസിദ്ധീകരണത്തിന്റെ  ഇരുപതാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ അജപാലന നിർദ്ദേശ്ശങ്ങൾ ഉൾക്കൊള്ളിച്ച 1991 ലെ 'നവയുഗം'   (Aetatis Novea), പരസ്യനിർമ്മാണത്തിലെ ധാർമികതയെ സംബന്ധിച്ചുള്ള 1997 ലെ  മാർഗ്ഗ രേഖ, 2000 ലെ  ആശയവിനിമയത്തിൽ ധാർമികതയെ വ്യക്തമാക്കുന്ന അജപാലന രേഖ,  ഇന്റർനെറ്റിന്റെ സാധ്യതകളെ സംബന്ധിച്ച് പഠിപ്പിക്കുന്ന 2002  ലെ സഭയും ഇന്റർനെറ്റും തുടങ്ങിയവ  തിരുസഭയുടെ സമ്പർക്കമാധ്യമങ്ങളെ  സംബന്ധിച്ചുള്ള അജപാലനദർശനങ്ങൾ വ്യക്തമാക്കുന്ന  സുപ്രധാനരേഖകളാണ്. ആനുകാലികമായ മാധ്യമ രംഗത്തെ മാറ്റങ്ങളെ വിശ്വാസിസമൂഹത്തിനു മനസ്സിലാക്കുന്നതിൽ തിരുസഭ നേതൃത്വത്തിന്റെ അജപാലനപരമായ നേതൃത്വവും ഉത്തരവാദിത്വവും തികച്ചും ശ്ലാഘനീയമാണ്.

സഭയും ഡിജിറ്റൽ - സോഷ്യൽ മീഡിയ കാലവും

കോവിഡ് മഹാമാരിയുടെ  കാലത്ത്,  പര്സപരമുള്ള കണ്ടുമുട്ടലിനും പങ്കുവയ്ക്കലിനും പ്രാർത്ഥനയ്ക്കും ഏറെ സഹായകരമായത് നവസാമൂഹിക മാധ്യമങ്ങൾ വഴിയുള്ള കൂട്ടായ്മ ആയിരുന്നു. 2020 മാർച്ച് 27 ന്, മഴയും വിഷാദവും തളംകെട്ടി നിന്ന ഒരു സായാഹ്നത്തിൽ ശൂന്യമായ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ, ലോകത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശവും ഉർബി എത്ത് ഓർബി (Urbi et Orbi) ആശീർവാദവും, ലോകത്തിന്റെ നാനാഭാഗത്തും അടച്ചുപൂട്ടിയ ലക്ഷോപലക്ഷം വീടുകളിലെ മനുഷ്യർക്ക്, ഭവനങ്ങളിലെ ഡിജിറ്റൽ സ്‌ക്രീനുകളിലൂടെ പ്രത്യാശയുടെ വലിയ ശക്തി സ്വീകരിക്കുവാൻ ഇടയാക്കി.  ഈ സംഭവം, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അനന്തമായ സാധ്യതകളെ അജപാലന രംഗത്ത്,  ഊട്ടിയുറപ്പിക്കുന്ന അനിതരസാധാരണമായ തെളിവായി. പിന്നീട് ലോകം കണ്ടത്,   മഹാമാരിയുടെ ഇരുണ്ട കാലയളവിനെ  പ്രകാശമാനമാക്കിയ ഡിജിറ്റൽ ലോകത്തിലൂടെ ഓൺലൈൻ-സഭാകൂട്ടായ്മയുടെ ജീവസ്സുറ്റതും സൗഖ്യദായകവുമായ ആരാധന ജീവിതത്തിന്റെയും അജപാലനശുശ്രൂഷയുടെയും   പകരം വയ്ക്കാനില്ലാത്ത നേര്കാഴ്ച്ചകളായിരുന്നു. "സാമൂഹിക മാധ്യമങ്ങൾക്ക് ദൂരത്തിന്റെയും ഒറ്റപ്പെടലിന്റെയും പ്രശ്നം പരിഹരിക്കാൻ ശ്രദ്ധേയമായ കഴിവുണ്ടെന്ന് കണ്ടെത്തിയ തിരുസഭയുടെ സമ്പർക്ക മാധ്യമങ്ങളുടെ പൊന്തിഫിക്കൽ കാര്യാലയം, ഇക്കാലയളവിൽ  വെർച്വൽ പ്ലാറ്റ്‌ഫോമുകളിൽ  ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ, പരസ്പരം പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും കഴിയുന്ന സമാന ചിന്താഗതിക്കാരായ വ്യക്തികളുടെ   ഒരു വെർച്വൽ വിശ്വാസസമൂഹത്തിനു  രൂപം നൽകി" എന്ന് ദൈവശാസ്ത്രജ്ഞനായ മർച്ചിൻ നാബോസ്ക്കി അഭിപ്രായപ്പെടുന്നു. തുടർന്ന്, 2023  ൽ ഈ  സഭാകാര്യാലയത്തിൽ നിന്നും, "സമ്പൂർണ്ണ സാന്നിധ്യത്തിലേക്ക്: സാമൂഹിക സമ്പർക്കമാധ്യമങ്ങളിലെ ഇടപെടലുകൾക്ക് അജപാലനമാത്മകമായ ഒരു വിചിന്തനം"(Towards Full Presence: A Pastoral Reflection on Engagement with Social Media ) എന്ന പേരിൽ ഒരു മാർഗ്ഗരേഖയും  പ്രസിദ്ധീകരിക്കുകയുണ്ടായി.

സോഷ്യൽ മീഡിയ - നല്ല അയൽക്കാരനാകാനുള്ള വിളി

"എന്റെ അയൽക്കാരൻ ആരാണ്?" എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ യേശു നമ്മെ പ്രേരിപ്പിക്കുന്ന നല്ല സമരിയാക്കാരന്റെ ഉപമ ആരംഭിക്കുന്നത് , "നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം?" നിയമജ്ഞന്റെ  ചോദ്യത്തിൽ നിന്നാണ്.   അതുകൊണ്ട് തന്നെ  നിത്യജീവൻ  അവകാശപ്പെടുത്താൻ ഈ ഡിജിറ്റൽ ലോകത്തിൽ  'നല്ല അയൽക്കാരനാകുക ' എന്നത് ക്രിസ്തീയ ജീവിതത്തിന്റെ വിളിയും  ദൗത്യവുമാണെന്ന് സമ്പൂർണ്ണ സാന്നിധ്യത്തിലേക്ക്' എന്ന  രേഖയിലൂടെ സഭ നമ്മെ ഓർമപ്പെടുത്തുന്നു. സോഷ്യൽ മീഡിയ അനുദിനജീവിതത്തിന്റെ ഭാഗമായതിനാൽ  ഇതിൽ 'ഭാഗഭാക്കാകണമോ?',  'വേണ്ടയോ?'  എന്നതല്ല, “എങ്ങനെ പങ്കുചേരണമെന്ന ചോദ്യത്തിന്റെ ഉത്തരങ്ങളാണ് ഈ രേഖ പ്രധാനമായും അവതരിപ്പിക്കുന്നത്. ഡിജിറ്റൽ ലോകത്തിൽ നമ്മുടെ അനുഭവങ്ങളുടെ  ശരിയായ പങ്കുവയ്ക്കൽ വഴി,  ക്രിയാത്മകമായ അജപാലന സമീപനങ്ങളിലൂടെ സഹാനുഭൂതി നിറഞ്ഞ ഒരു ആഗോള സംസ്കാരം വളർത്താൻ    വ്യക്തികളെയും സമൂഹങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സോഷ്യൽ മീഡിയ ഉപയോഗത്തെ സംബന്ധിച്ചുള്ള ഈ അജപാലന രേഖയുടെ മുഖ്യ പ്രമേയം.  സഭാ - സാമൂഹിക, വൈജ്ഞാനിക- തൊഴിൽ മേഖലകളിലെ  സോഷ്യൽ മീഡിയ ബന്ധങ്ങളുടെ വെല്ലുവിളികൾ, ഓൺലൈൻ ലോകത്തിലെ മാനവികത, ഡിജിറ്റൽ ബന്ധങ്ങളിലെ  യഥാർത്ഥ ആശയവിനിമയം, തുടങ്ങി അസ്ഥിത്വസംബന്ധിയായതും വെല്ലുവിളികൾ നിറഞ്ഞതുമായ വിഷയങ്ങളെ കുറിച്ചുള്ള  ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ നള അയൽക്കാനാകാനുള്ള പരിശീലനമാണ് സഭ വിശ്വാസികൾക്ക് എന്ന് ആവശ്യമെന്നു ഈ രേഖയിൽ ഊന്നിപ്പറയുന്നു.

സോഷ്യൽ മീഡിയ - വിശ്വാസപ്രബോധനത്തിന്റെ ഭൂമിക

കണ്ണിമയ്ക്കുന്നത്ര വേഗത്തിൽ ആധുനിക ലോകത്തെ അധീനപ്പെടുത്തുന്ന ഡിജിറ്റൽ നാഗരികതയുടെയും നിർമ്മിത ബുദ്ധിയുടെയും വളർച്ചയെ   ഭീതിയോടെ നോക്കികാണുന്നതിനപ്പുറം, വിവേചനപൂർണ്ണമായ സമീപനത്തിലൂടെ മനുഷ്യ നന്മയ്ക്കും ക്രിസ്തു സാക്ഷ്യത്തിനുമായി പരിവർത്തനം ചെയ്യുക എന്നതാണ് തിരുസ്സഭയുടെ നവമാധ്യമങ്ങളെ സംബന്ധിച്ചുള്ള അജപാലന ദർശനം.  ഡിജിറ്റൽ ലോകത്തിലെ സുവിശേഷ സാക്ഷ്യവും പ്രബോധനവും വഴി വിശ്വാസികളെ ദേവാലയങ്ങളിലേക്ക് പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുമായി ക്ഷണിക്കാൻ കഴിയുമെന്ന് നാല്പത്തിയേഴാമത്തെ  ആഗോളസമ്പർക്കമാധ്യമദിന സന്ദേശത്തിൽ  ബെനഡിക്ട് പതിനാറാമൻ പാപ്പാ ചൂണ്ടിക്കാട്ടുന്നു.  അനുദിനം ലോകത്തിലെ കോടിക്കണക്കിനു ജനങ്ങളിലേക്കാണ് സോഷ്യൽ മീഡിയയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി സഭ ഇറങ്ങിച്ചെല്ലുന്നത്. ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സഭ സജീവസാന്നിധ്യമാണ്.  ഫേസ്ബുക്ക് വഴി വത്തിക്കാൻ സ്ഥിരമായി വാർത്തകളും അപ്ഡേറ്റുകളും പങ്കുവെക്കുന്നു. ഇതിലൂടെ ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിക്കുകയും, വിശ്വാസവും ഐക്യവും വർധിക്കുകയും ചെയ്യുന്നു. 2009 ൽ ആരംഭിച്ച വത്തിക്കാന്റെ യൂട്യൂബ് ചാനൽ വഴി വത്തിക്കാൻ പരിപാടികളും മാർപാപ്പാമാരുടെ സന്ദേശങ്ങളും അപ്പസ്റ്റോലിക യാത്രകളുടെ ദൃശ്യങ്ങളും വിവരണങ്ങളും തത്സമയം ലഭ്യമാണ്.   2012-ൽ ബനഡിക്ട് പതിനാറാമൻ പപ്പാ ആദ്യ ട്വീറ്റ് അയച്ച് തുടങ്ങിയ ‘എക്സ്’ അക്കൗണ്ടിൽ ലക്ഷകണക്കിന് ആൾക്കാരാണ് പാപ്പയെ ഓരോദിനവും പിന്തുടരുന്നത്. 2016 മാർച്ച് 19 ന് ഫ്രാൻസിസ് പാപ്പ തുറന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങളും ചെറിയ വീഡിയോകളും വഴി വത്തിക്കാനിൽ നിന്നുള്ള സന്ദേശങ്ങളും പ്രവർത്തനങ്ങളും അനുദിനം പങ്കു വച്ച് ജനങ്ങളുമായി സഭയ്ക്ക് കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിയുന്നു. സോഷ്യൽ മീഡിയ  ഇപ്പോൾ ഒരു ഉപകരണം മാത്രമല്ല, മനുഷ്യരുടെ മൂല്യങ്ങളും വിശ്വാസങ്ങളും രൂപപ്പെടുത്തുന്ന ഒരു പ്രധാന വേദിയാണ്. ഡിജിറ്റൽ ലോകത്തിലെ  സുവിശേഷസാക്ഷ്യവും പ്രബോധനവും  വഴി വിശ്വാസികളെ  ദൈവാലയങ്ങളിലേക്ക്  പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുമായി ക്ഷണിക്കാൻ കഴിയുമെന്ന്   ഇന്നത്തെ തലമുറയിലെ യുവജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയ ഉപാധിയായ സോഷ്യൽ മീഡിയയിലെ  സഭയുടെ സാനിധ്യം, വിശ്വാസ പ്രബോധനത്തിനും പരിശീലനത്തിനും വഹിക്കുന്ന പങ്ക് നിസ്തുലാവാഹമാണ്. 

സോഷ്യൽ മീഡിയ - യുവതലമുറയുടെ ക്രിയാത്മകതയുടെ ഇടം

സാമൂഹിക സമ്പർക്ക മാധ്യമങ്ങൾ, ഒരു സ്‌ക്രീനിനുള്ളിൽ   ലൈക്കുകളുടെയും ഷെയറുകളുടെയും പോസ്റ്റുകളുടെയും ഒരു കൊച്ചു ലോകം നിർമ്മിക്കുന്നതിനോടൊപ്പം, ആശയവിനിമയത്തിന്റെ വിശാല വേദിയിലേക്ക് യുവതലമുറയെ  കൂട്ടികൊണ്ടു പോകുകയും ചെയ്യുന്നു. ഭൂമിയുടെ ഒരറ്റത്ത് നിന്ന് ലഘുവായൊരു  വാക്കോ, ചിത്രമോ വഴി,  അതിവേഗത്തിൽ   ഭൂഖണ്ഡങ്ങളെ തമ്മിൽ കണ്ണിചേർക്കുന്ന സാമൂഹികമാധ്യമ ശൃംഖല മനുഷ്യന്റെ ശ്രദ്ധയും ഏകാഗ്രതയും പരീക്ഷിക്കപ്പെടുന്ന ഇടം കൂടിയാണ്. പ്രത്യേകിച്ച് യുവജനങ്ങൾക്ക് ക്രിയാത്മകമായ ഇടപെടലുകളിലൂടെ നവീനമായ ആശയങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്ന കൂട്ടായ്മയുടെ വിളനിലം കൂടിയാണിത്. ഒട്ടനവധി നന്മകൾക്ക് പുറമെ,   വ്യാജവാർത്തകളുടെ പങ്കുവയ്ക്കലുകൾ, തെറ്റായ ബന്ധങ്ങൾ, സാമൂഹികവിരുദ്ധ കൂട്ടായ്മകൾ, ലഹരിമാഫിയകൾ,  കബളിപ്പിക്കലുകൾ, അപവാദപ്രചരണങ്ങൾ,  വ്യാജപ്രൊഫൈലുകൾ, സാമ്പത്തികതട്ടിപ്പുകൾ  എന്നിങ്ങനെ തിരിച്ചറിയപ്പെടാതെയും മനസിലാക്കപ്പെടാതെയും യുവജനങ്ങളെ വീഴ്‌ത്തുന്ന ചതിക്കുഴികളും ഈ ഡിജിറ്റൽ വഴികളിൽ ഒളിഞ്ഞിരിപ്പുണ്ട്. ഈ വ്യാജലോകത്തിന്റെ കെണികളിൽ വീണു ജീവനുപേക്ഷിക്കുന്നവരുടെയും, മാനസികപ്രശ്നങ്ങൾ നേരിടുന്നവരുടെയും  എണ്ണവും വർധിക്കുകയാണ്.  ക്രൈസ്തവോചിതമായ നിലപാടുകൾ സ്വീകരിച്ച്, വിജ്ഞാനത്തിന്റെയും തൊഴിലവസരങ്ങളുടെയും ഈ പുതിയ മേഖലയിൽ തങ്ങളുടെ ജീവിതത്തെ കെട്ടിപ്പടുക്കുവാൻ യുവാക്കൾക്ക് സാധിക്കും. സോഷ്യൽ മീഡിയയിൽ വിശ്വാസയോഗ്യവും നിലനിൽക്കുന്നതുമായ സാമൂഹിക ബന്ധങ്ങൾക്കും ആശയവിനിമയത്തിനും ആവശ്യമായത്, ഹൃദയത്തിന്റെ ചെവി തുറന്നു ശ്രവിക്കുന്നവരാകുക  എന്നതാണെന്ന്  അൻപത്തി ആറാമത് ആഗോളസമ്പർക്കമാധ്യമദിന സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമപ്പെടുത്തുന്നു. തിരുവചനബന്ധത്തിൽ ജീവിക്കുന്ന ഒരാൾക്ക്  ഓൺലൈൻ ആയാലും,  സ്ക്രീനിന്  പിന്നിൽ വെറും ഉള്ളടക്കമോ, വസ്തുക്കളോ അല്ല, പകരം മനുഷ്യരാണെന്നു മനസിലാക്കാനും അവരെ ശ്രവിക്കാനും സാധിക്കുമെന്ന് സോഷ്യൽ മീഡിയയെക്കുറിച്ചുള്ള അജപാലന  രേഖയും നമ്മെ പഠിപ്പിക്കുന്നു. പ്രത്യേകിച്ച്  യുവജനങ്ങൾക്ക് ക്രിയാത്മകമായ ഇടപെടലുകളിലൂടെ നവീനമായ ആശയങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്ന കൂട്ടായ്മയുടെ ഇടം കൂടിയാണിത്. സോഷ്യൽ മീഡിയയിലെ ശരിയായ ക്രിസ്തീയ നിലപാടുകളിലൂടെ  സാമൂഹിക, സാംസ്കാരിക, സഭാപരമായ മൂല്യങ്ങൾ വളർത്താനും വികസിപ്പിക്കാനും പങ്കുവയ്ക്കാനും കഴിയും.

സോഷ്യൽ മീഡിയ- പ്രത്യാശയുടെ ഇടം

ആരോപണ പ്രത്യാരോപണങ്ങളും മനുഷ്യാന്തസ്സിന് കളങ്കം ചാർത്തുന്ന  അധാർമ്മികമായ നിലപാടുകൾ  അരങ്ങ് തകർക്കുന്ന സാമൂഹിക മാധ്യമലോകത്ത്  പ്രത്യാശയുടെ പ്രവാചകരും  ക്രിസ്തു ശൈലിയുടെ വക്താക്കളുമാകാൻ തിരുസ്സഭ നമ്മെ ക്ഷണിക്കുന്നു.ഓൺലൈൻ പ്രൊഫൈലുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന മുഖമൂടികൾ ബന്ധങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇന്ന്  ആശയവിനിമയത്തിലൂടെ വിവരങ്ങൾ കൈമാറുക എന്നത് മാത്രമല്ല നടക്കേണ്ടത്, പിന്നയോ, ഡിജിറ്റൽ ലോകത്തെയും മനുഷ്യ സമൂഹത്തെയും പരസ്പര സംവാദത്തിന്റെയും പങ്കുവയ്ക്കലുകളുടെയും ഇടങ്ങളായി രൂപപ്പെടുത്തുന്ന ഒരു സംസ്കാരത്തിന്റെ നിർമ്മിതി കൂടിയാണ് നടക്കേണ്ടതെന്ന്  മാധ്യമപ്രധിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ലിയോ പതിനാലാമൻ പാപ്പാ ചൂണ്ടികാട്ടുകയുണ്ടായി. സുവിശേഷ പ്രക്പഷണത്തിന്റെ ഈ പുത്തൻ വിളഭൂമിയിൽ ഒരു ക്രിസ്തു ശൈലി   രൂപപ്പെടുത്തുക എന്നതാണ് ക്രിസ്തു ശിഷ്യന്റെ കടമ. സത്യത്തെ മുൻനിർത്തിയുള്ള ആശയവിനിമയവും, ക്രിസ്തീയസ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ബന്ധങ്ങളും പ്രത്യാശാപൂർണ്ണമായ പങ്കുവയ്ക്കലുകളും നൽകുവാൻ ഓരോ ക്രിസ്തുശിക്ഷ്യനും ഈ സത്യാനന്തര കാലത്തിൽ വിളിക്കപ്പെട്ടിരിക്കുന്നു. സാമൂഹിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സൃഷ്ടികർത്താക്കളാകാനുള്ള ഉത്തരവാദിത്വപൂർണ്ണമായ സമീപനങ്ങളാണ് നമുക്ക് സോഷ്യൽ മീഡിയയിൽ ആവശ്യമായിട്ടുള്ളത്. കരുണയും വിനയവും ശ്രദ്ധയും വിവേചനവും ഇവിടെ ആവശ്യമാണ്. പ്രത്യാശാപൂർണ്ണമായ ഒരു ഭാവിയിലേക്ക് മനുഷ്യ കുലത്തെ രക്ഷയുടെ സദ്വാർത്ത നൽകി കൂട്ടികൊണ്ടുപോകുക എന്നതാണ് സോഷ്യൽ  മീഡിയയിലെ സഭാവിശ്വാസികളുടെ  ഏറ്റവും പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്ന്.

ഉപസംഹാരം

സോഷ്യൽ മീഡിയയുടെ പരിവർത്തനശേഷിയെ കത്തോലിക്ക സഭ ഇന്ന് ആഴത്തിൽ അംഗീകരിക്കുന്നു. ഡിജിറ്റൽ ലോകത്തിൽ ക്രിസ്തുവിന്റെ ശിഷ്യരായി പ്രവർത്തിക്കാൻ സഭ നിരന്തരം വിശ്വാസി സമൂഹത്തെ പ്രചോദിപ്പിക്കുന്നു.  ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ്, വാട്സ്ആപ്  പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി  ലോകത്തിന്റെ  അതിരുകളും സാംസ്കാരിക വൈജാത്യങ്ങളും  മറികടന്ന് ദൈവീകമായ പ്രത്യാശയും കരുണയും പങ്കുവയ്ക്കുവാൻ നമുക്ക് സാധിക്കും. എന്നാൽ ഇനി വേണ്ടത്  നവമാധ്യമ ലോകത്തിന്റെ  സാമൂഹിക - സാംസ്‌കാരിക-രാഷ്ട്രീയ പരമായ സാഹചര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന  ഒരു 'ഭാഷ'  കണ്ടെത്താൻ അജപാലനദൈവശാസ്ത്രത്തിനു കഴിയണം. ഇവിടെ ‘ഭാഷ’ എന്നു പറയുന്നത് വാക്കുകൾ മാത്രം അല്ല, ആശയവിനിമയ രീതി, ശൈലി, അവതരണം എന്നിവയെ ഉൾക്കൊള്ളുന്നതാണ്. ഈ ഭാഷ കത്തോലിക്കാ വിശ്വാസികൾക്ക്  മാത്രമായി രൂപപ്പെടുത്തേണ്ട ഒന്നല്ല, മറിച്ച്  അകത്തോലിക്കർ, ഇതരമതസ്ഥർ, അവിശ്വാസികൾ, സഭയിൽ നിന്ന് അകന്നുപോയവർ തുടങ്ങി എല്ലാവരോടും സംവദിക്കാൻ കഴിയുന്നവിധത്തിലായിരിക്കണം.  ഒരുമിച്ച് നടക്കുന്ന വിശ്വാസജീവിതത്തിന്റെ പാതയിൽ സാർവത്രികമായ ഐക്യവും സമാധാനവും  സ്നേഹവും  ഇടതടവില്ലാതെ പങ്കുവയ്ക്കാൻ ദൈവം കനിഞ്ഞു നൽകിയ ആധുനിക ലോകത്തിലെ പരിശുദ്ധാത്മദാനമാണ് നവമാധ്യമങ്ങൾ എന്നതിൽ സന്ദേഹമില്ല.  രണ്ടായിരം വർഷങ്ങൾക്കപ്പുറം ഗലീലീയിൽ മുഴങ്ങിയ ക്രിസ്‌തുവചനത്തിന്റെ  പ്രതിധ്വനികൾക്ക് ശബ്ദവും വെളിച്ചവും പകരാൻ സഭയുടെ ഈ അജപാലന ദർശനങ്ങളെ  നമുക്ക് സ്വീകരിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 മേയ് 2026, 14:08