തിരയുക

ലിയോ പതിനാലാമൻ പാപ്പായും ഇറ്റലിയിലെ മെത്രാൻസമിതിയും - അസ്സീസിയിൽ നടന്ന ഒരു സമ്മേളനത്തിൽനിന്നുള്ള ചിത്രം ലിയോ പതിനാലാമൻ പാപ്പായും ഇറ്റലിയിലെ മെത്രാൻസമിതിയും - അസ്സീസിയിൽ നടന്ന ഒരു സമ്മേളനത്തിൽനിന്നുള്ള ചിത്രം  (@Vatican Media)

സമാധാനം നിറഞ്ഞ ഒരു ലോകത്തിനായുള്ള മാർഗ്ഗമാണ് തൊഴിൽ: മെയ് ഒന്നിലേക്ക് ഇറ്റലിയിലെ മെത്രാൻസമിതിയുടെ സന്ദേശം

സംഘർഷങ്ങളും യുദ്ധങ്ങളും മാനവികതയെ കീറിമുറിക്കുകയും സമാധാനം ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയിൽ, സമാധാനത്തിനും, വ്യക്തകളും പ്രകൃതിയും തമ്മിലുള്ള ക്രിയാത്മകമായ ബന്ധത്തിനും വേണ്ടിയുള്ള ഒരു ഉപകരണമെന്ന നിലയിൽ തൊഴിലിനെ കാണണമെന്ന് ഇറ്റലിയിലെ മെത്രാൻസമിതി. തൊഴിൽ ദിനമായി കണക്കാക്കപ്പെടുന്ന മെയ് ഒന്നാം തീയതിയിലേക്ക് നൽകിയ സന്ദേശത്തിലാണ് തൊഴിലിനെ സമാധാനത്തിനുള്ള ഉപകരണമായി സഭാനേതൃത്വം മുന്നോട്ടുവച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സമൂഹത്തിൽ പരസ്പരബന്ധത്തിന് സഹായിക്കുന്ന ഭാഷാവ്യാകരണം പോലെയാണ് തൊഴിലെന്നും, ഒപ്പം സമാധാനത്തിനുള്ള ഉപകരണമാണതെന്നും ഇറ്റലിയിലെ മെത്രാൻസമിതി. തൊഴിലാളിമാദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാളും, തൊഴിൽദിനവുമായ മെയ് ഒന്നാം തീയതിയിലേക്കായി തയാറാക്കി പുറത്തുവിട്ട ഒരു സന്ദേശത്തിലാണ്, തൊഴിലിന്റെ പരസ്പരബന്ധങ്ങൾ വളർത്തുന്നതിനുതകുന്നതും, സൃഷ്ടിപരവുമായ പ്രത്യേകതകളിലേക്കും വിളിയിലേക്കും പ്രാദേശികസഭാനേതൃത്വം വിരൽ ചൂണ്ടിയത്.

സമൂഹത്തെ സൃഷ്ടിക്കാനും വളർത്താനും, കഴിവുകളും അറിവുകളും പങ്കുവയ്ക്കാനും, രാജ്യത്തിന്റെയും മുഴുവൻ മാനവികതയുടെയും വളർച്ചയ്ക്ക് സഹായിക്കാനും ഉപകരിക്കുന്നതാണ് തൊഴിലെന്ന് എഴുതിയ മെത്രാൻസമിതി, സാമ്പത്തികമായ വളർച്ചയ്ക്ക് സഹായിക്കുന്നത് മാത്രമല്ല, സാമൂഹികസ്നേഹവുമായി ബന്ധപ്പെട്ടതും, പരസ്പരം അറിയാത്തവരുമായിപ്പോലും സഹകരണത്തിന് സഹായിക്കുന്നതും, സാമൂഹികബന്ധങ്ങൾ വളർത്തുന്നതുമായ ഒരു യാഥാർത്ഥ്യം കൂടിയാണ് അതെന്ന് ഓർമ്മിപ്പിച്ചു.

ലോകത്തിന്റെ വിവിധയിടങ്ങളിൽ അരങ്ങേറുന്ന സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ തൊഴിൽ മേഖലയെ അഭിസംബോധന ചെയ്ത മെത്രാന്മാർ, സമാധാനസ്ഥാപനമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കേണ്ടതിന്റെയും അദ്ധ്വാനിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു.

യുദ്ധമേഖലകളും ആക്രമണങ്ങളും പരാമർശിച്ച മെത്രാന്മാർ, പരിസ്ഥിതിയെയും, സാമ്പത്തികവ്യവസ്ഥിതിയെയും തകർക്കുകയും, ജീവനുകൾ ഇല്ലാതാക്കുകയും ചെയ്യുന്നതാണ് യുദ്ധങ്ങളെന്നും, പണിതുയർത്തുന്നതും, പുനരുദ്ധരിക്കുന്നതും തമ്മിൽ കൃത്യമായ വ്യത്യാസങ്ങളുണ്ടെന്നും ഓർമ്മിപ്പിച്ചു. പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളെ അധികരിച്ച്, യുദ്ധം, നശിപ്പിക്കുന്നതിൽ സന്തോഷിക്കുമ്പോൾ, സമാധാനം, പണിതുയർത്തുന്നതിന് വേണ്ട തുടർച്ചയായ ശ്രമങ്ങളുടെ പ്രാധാന്യമാണ് നമുക്ക് മുന്നിൽ ഉദ്ബോധിപ്പിക്കുന്നതെന്നും, ജാഗ്രതയോടെ ജീവിക്കാൻ അത് ക്ഷണിക്കുന്നുണ്ടെന്നും മെത്രാന്മാർ എഴുതി.

ആഗോളതലത്തിൽ ആയുധവത്കരണത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ പ്രവണതകൾ ഉണ്ടെന്ന് ഓർമ്മിപ്പിച്ച മെത്രാൻസമിതി, യൂറോപ്പിലെ സമാധാനത്തിന്റെ ഏതാണ്ട് എൺപത് വർഷങ്ങളെ, ചരിത്രത്തിലെ വെറുമൊരു നിമിഷം മാത്രമായി കണക്കാക്കാനുള്ള പ്രവണതയെ പ്രത്യേകം പരാമർശിച്ചു. വലിയൊരു രാഷ്ട്രീയ ഇശ്ചയുടെയും, സമാധാനം ആഗ്രഹിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്ത പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ശ്രമത്തിന്റെ ഭാഗമായാണ് സമാധാനം നേടിയെടുക്കാനും തുടരാനും സാധിച്ചതെന്ന് മെത്രാന്മാർ ഓർമ്മിപ്പിച്ചു.

വലിയ ചതിയാണ് യുദ്ധമെന്നും, അതേസമയം മാനുഷികപ്രവർത്തനങ്ങൾക്ക് അർത്ഥം നൽകുന്നത് സമാധാനം മാത്രമാണെന്നും എഴുതിയ മെത്രാന്മാർ, സമാധാനത്തിന്റെയും ക്രിയാത്മകമായ ബന്ധങ്ങളുടെയും ഉപകരണമെന്ന തൊഴിലിന്റെ യഥാർത്ഥ വിളിയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് തങ്ങളുടെ സന്ദേശം അവസാനിപ്പിച്ചത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 മേയ് 2026, 13:54