മോൺസിഞ്ഞോർ വിറ്റാലി ക്രിവിട്സ്കി മോൺസിഞ്ഞോർ വിറ്റാലി ക്രിവിട്സ്കി   (ANSA)

നാടകീയമായ സ്ഥിതിയിലും ഞങ്ങൾ ഒരുമിച്ചു നിൽക്കുന്നു: ഉക്രേനിയൻ മെത്രാൻ ക്രിവിട്സ്കി

യുദ്ധം "തണുപ്പിനും മറ്റ് വെല്ലുവിളികൾക്കും എതിരായ ശാരീരിക പ്രതിരോധത്തിനപ്പുറം, ദൈവവുമായുള്ള നമ്മുടെ അടുത്ത ബന്ധത്തിന്റെ ഒരു പരീക്ഷണമാണ്", ഉക്രൈനിലെ കീവ്-സൈറ്റോമിർ ലത്തീൻ രൂപതയുടെ തലവനായ മോൺസിഞ്ഞോർ വിറ്റാലി ക്രിവിട്സ്കി പങ്കുവച്ചു

അലീന പെട്രൂസ്‌കൈറ്റ് എസ്‌സിഎം, സ്വിറ്റ്‌ലാന ദുഖോവിച്ച്, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വത്തിക്കാൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, ഉക്രൈനിലെ കീവ്-സൈറ്റോമിർ ലത്തീൻ  രൂപതയുടെ തലവനായ മോൺസിഞ്ഞോർ വിറ്റാലി ക്രിവിട്സ്കി, വിശുദ്ധ വാരത്തിൽ ഉക്രേനിയൻ  ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എടുത്തു പറയുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച വിവിധങ്ങളായ സഹായങ്ങൾക്ക് നന്ദിയർപ്പിക്കുകയും ചെയ്തു. യുദ്ധത്താൽ തകർന്ന ഉക്രേനിയൻ ജനതയുടെ കുരിശിന്റെ വഴിയിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടങ്ങളിലൊന്ന് കഴിഞ്ഞ ശൈത്യകാലമായിരുന്നു.

ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ, തലസ്ഥാനത്തെ താപവൈദ്യുത നിലയങ്ങൾക്ക് നേരെയുണ്ടായ വിനാശകരമായ റഷ്യൻ ആക്രമണങ്ങളെത്തുടർന്ന്, ഏകദേശം 3,000 ജനവാസ ഇടങ്ങളിൽ വൈദ്യുതി തടസപ്പെടുകയും, ചൂടാക്കുവാനുള്ള സംവിധാനങ്ങൾ നിലയ്ക്കുകയും ചെയ്തു. താപനില -20°C ആയി താഴ്ന്ന സമയത്താണ് ആക്രമണങ്ങൾ നടന്നത്.

ആളുകൾ തണുപ്പും അടിസ്ഥാന ആവശ്യങ്ങളുടെ അഭാവവും അനുഭവിച്ചപ്പോൾ, സഭ അവരോടൊപ്പം നിന്നുകൊണ്ട്, വേണ്ടതെല്ലാം ചെയ്തു കൊടുത്തുവെന്നു മോൺസിഞ്ഞോർ പറഞ്ഞു. സഹായം ആവശ്യമുള്ള ആരെയും ഉൾക്കൊള്ളാൻ ഇടവക കെട്ടിടങ്ങളിൽ അടിയന്തര വൈദ്യുതി സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നുവെന്നും അദ്ദേഹം പങ്കുവച്ചു.

ഉക്രേനിയൻ ജനതയുടെ ദുരവസ്ഥയിൽ  ലോകമെമ്പാടുമുള്ള നിരവധി ക്രിസ്ത്യാനികളിൽ നിന്നും ലഭിച്ച അസാധാരണമായ ഐക്യദാർഢ്യത്തെ മോൺസിഞ്ഞോർ എടുത്തുപറഞ്ഞു. ഇന്ന്, കീവിലും, പരിസര പ്രദേശങ്ങളിലും സാധാരണ ജീവിതം പുനരാരംഭിച്ചുവെങ്കിലും, മുറിവുകൾ ഇപ്പോഴും ആഴത്തിൽ തുടരുന്നുവന്നു അദ്ദേഹം പറഞ്ഞു.

ഈ യുദ്ധകാലത്തെ നോമ്പുകാലം, വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ ഇസ്രായേൽ ജനത കടന്നുപോയ മരുഭൂമിയെ ഓർമ്മിപ്പിക്കുന്നുവെന്നും, യുദ്ധം തണുപ്പിനും മറ്റ് വെല്ലുവിളികൾക്കും എതിരായ ശാരീരിക പ്രതിരോധത്തിനപ്പുറം, ദൈവവുമായുള്ള നമ്മുടെ അടുത്ത ബന്ധത്തിന്റെ ഒരു പരീക്ഷണമാണെന്നും, ഇവിടെ ആവശ്യമായ ഏക പിന്തുണ വിശ്വാസം മാത്രമാണെന്നും അദ്ദേഹം പങ്കുവച്ചു.

ദൈവത്തിന്റെ കാരുണ്യവും, പിന്തുണയുടെ ഐക്യദാർഢ്യവും, ജനങ്ങളുടെ ധൈര്യവും പ്രതിരോധശേഷിയും എന്നിങ്ങനെ മൂന്നു തരത്തിലുള്ള ബലമാണ് ഉക്രൈന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഏപ്രിൽ 2026, 10:05