ശിഷ്യരുടെ പാദങ്ങൾ കഴുകുന്ന യേശു ശിഷ്യരുടെ പാദങ്ങൾ കഴുകുന്ന യേശു  

ദിവ്യകാരുണ്യത്തിന്റെ നിത്യത വെളിപ്പെടുത്തിയ പെസഹാവ്യാഴം

രണ്ടായിരം വർഷങ്ങൾക്കിപ്പുറവും അൾത്താരകളിൽ ആവർത്തിക്കപ്പെടുന്ന വിശുദ്ധ കുർബാനയുടെയും, വിനയത്തിന്റെ മാതൃകയായ പാദക്ഷാളനത്തിന്റെയും, പൗരോഹിത്യമെന്ന മഹാ ദാനത്തിന്റെയും ആഴമേറിയ അർത്ഥതലങ്ങളിലൂടെ ഒരു തീർത്ഥാടനമാണ് പെസഹാതിരുനാൾ നമുക്ക് നൽകുന്നത്.
പെസഹാവ്യാഴ വിചിന്തനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മനുഷ്യചരിത്രത്തിന്റെ ഗതിയെ സ്നേഹം കൊണ്ട് തിരുത്തിയെഴുതിയ മഹാസംഭവമാണ് പെസഹാ വ്യാഴം. എളിമയുടെയും ആത്മസമർപ്പണത്തിന്റെയും അത്യുന്നത ശോഭയിൽ പ്രകാശിക്കുന്ന ഈ ദിനം, ക്രൈസ്തവ വിശ്വാസത്തിന്റെ അന്തഃസത്തയെ സംഗ്രഹിക്കുന്നു. വലിയ വേദനയുടെയും ഒറ്റിക്കൊടുക്കലിന്റെയും കറുത്ത നിഴലുകൾ പടിക്കൽ നിൽക്കുമ്പോഴും, തന്റെ ഓരോ പ്രവൃത്തിയും പിതാവായ ദൈവം അനുവദിക്കുന്നത് മക്കളുടെ നിത്യരക്ഷയ്ക്കുവേണ്ടിയാണെന്ന് യേശു ലോകത്തെ ഓർമ്മപ്പെടുത്തി. രണ്ടായിരം വർഷങ്ങൾക്കിപ്പുറവും അൾത്താരകളിൽ ആവർത്തിക്കപ്പെടുന്ന വിശുദ്ധ കുർബാനയുടെയും, വിനയത്തിന്റെ മാതൃകയായ പാദക്ഷാളനത്തിന്റെയും, പൗരോഹിത്യമെന്ന മഹാ ദാനത്തിന്റെയും  ആഴമേറിയ അർത്ഥതലങ്ങളിലൂടെ ഒരു തീർത്ഥാടനം ആവശ്യമായ കാലഘട്ടമാണിത്.

വിശുദ്ധ കുർബാന: സ്നേഹത്തിന്റെ നിത്യസാന്നിധ്യം

അന്ത്യ അത്താഴവേളയിൽ അപ്പവും വീഞ്ഞും കൈകളിലെടുത്ത് യേശു ഉച്ചരിച്ച വാക്കുകൾ ലോകചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രഖ്യാപനങ്ങളായിരുന്നു. "ഇത് എന്റെ ശരീരമാകുന്നു... ഇത് എന്റെ രക്തമാകുന്നു... ഇത് എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ചെയ്യുവിൻ." ഈ വാക്കുകൾ വെറും വാക്ചാതുര്യത്തിന്റെ ബഹിർസ്ഫുരണങ്ങളായിരുന്നില്ല.  മറിച്ച്, കുരിശിലെ യാഗത്തിന്റെ മുന്നാസ്വാദനമായിരുന്നു അന്ത്യ അത്താഴം. തന്റെ ജീവൻ തന്നെയും മനുഷ്യനുവേണ്ടി മുറിച്ചു പങ്കുവയ്ക്കാനുള്ള ദൈവപുത്രന്റെ സന്നദ്ധതയുടെ അടയാളമായിരുന്നു അത്.

അന്ന് ആ മേശയ്ക്കു ചുറ്റുമിരുന്ന ശിഷ്യന്മാർ ഒരുപക്ഷേ ആ വചനങ്ങളുടെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടിട്ടുണ്ടാവില്ല. രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ഈ വാക്കുകൾ വിശുദ്ധ കുർബാനയിലൂടെ ലോകമെമ്പാടും തുടരുമെന്ന സത്യം ആരും അന്നേരം ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ, ഇന്ന് നാം തിരിച്ചറിയുന്നു, കുരിശിലെ പ്രജാപതിയാഗത്തിലൂടെ അനേകരുടെ ജീവിതത്തിന് ഊർജ്ജം പകർന്ന നിത്യവിരുന്നായി അത് മാറിയെന്ന്. അവന്റെ ശരീരവും രക്തവും അനേകായിരങ്ങൾക്ക്, പങ്കുവച്ചു നൽകിയത്, കാലത്തിനും സ്ഥലപരിധികൾക്കും അപ്പുറമായിരുന്നുവെന്നു ആര് തിരിച്ചറിഞ്ഞിട്ടുണ്ടാകും? ഒരു പക്ഷെ ദൈവത്തിന്റെ വലിയ പദ്ധതിയെ തിരിച്ചറിയാതെ പോയതായിരിക്കാം, അന്ന് അന്ത്യ അത്താഴ വേളയ്ക്കുശേഷം യേശുവിനെ ഉപേക്ഷിച്ചു പോയ ശിഷ്യന്മാരെ കാണുമ്പോൾ   നമുക്ക് തോന്നുന്നത്.

നമ്മോടു കൂടെ ആയിരിക്കാൻ അവൻ മനുഷ്യനായി; നമ്മുടെ ഉള്ളിലിരിക്കാൻ അവൻ ദിവ്യകാരുണ്യമായി. ഉള്ളിലിരുന്നുകൊണ്ട് നമ്മെ സ്നേഹിക്കാൻ കൊതിക്കുന്ന തമ്പുരാൻ അതിനായി കണ്ടെത്തിയ ഏറ്റവും ഉദാത്തമായ മാർഗ്ഗമാണ് ദിവ്യകാരുണ്യം.

വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്: "ക്രൂശിതനിലേയ്ക്ക് നീ നോക്കുമ്പോൾ ഈശോ നിന്നെ 'അന്ന്' എത്രമാത്രം സ്നേഹിച്ചു എന്ന് നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേയ്ക്ക് നോക്കുമ്പോൾ ഈശോ 'ഇന്ന്' എത്ര മാത്രം നിന്നെ സ്നേഹിക്കുന്നു എന്ന് നീ മനസ്സിലാക്കും". ദൈവ-മനുഷ്യ ബന്ധം വെറും ശാരീരികമായ അടുപ്പമല്ലെന്നും, അത് ഹൃദയങ്ങൾ തമ്മിലുള്ള അഭേദ്യമായ ഐക്യമാണെന്നും ദിവ്യകാരുണ്യം നമ്മെ ഓർമ്മിപ്പിക്കുന്നു.

പെസഹാവ്യാഴം: വിനയത്തിന്റെ വിപ്ലവം

സ്നേഹത്തിന്റെ മൂർത്തീമത്ഭാവമായ യേശുവിന്റെ ഹൃദയം തൊട്ട വാക്കുകൾക്ക് പിന്നാലെ നാം കാണുന്നത് സേവനത്തിന്റെയും വിനയത്തിന്റെയും അത്യപൂർവ്വ മാതൃകയാണ്. താൻ ദൈവമാണെന്നും ഗുരുവാണെന്നുമുള്ള പൂർണ്ണബോധ്യമുണ്ടായിരുന്നിട്ടും, യേശു ഒരു അടിമയെപ്പോലെ അരക്കച്ച ധരിച്ച് തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകാൻ തയ്യാറായി. ആരാണ് വലിയവൻ എന്ന് നിരന്തരം തർക്കിക്കുന്ന ശിഷ്യർക്ക്, യജമാനന്റെ മേലങ്കിയേക്കാൾ ഒരു കച്ചമുണ്ടും, കുറച്ചു വെള്ളവും, തുവാലയും കൊണ്ട് യേശു മറുപടി നൽകി.

അധികാരത്തിന്റെ അംഗവസ്ത്രങ്ങളൂരി, അടിമയുടെ അരക്കച്ച ധരിക്കുന്ന ഈശോ നമ്മോട് പറയുന്നത് "അപരന്റെ പാദത്തോളം താഴണം നീ" എന്നാണ്. അധികാരവും ശക്തിയും ഉപയോഗിച്ച് മറ്റുള്ളവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ആധുനിക ലോകത്ത്, സേവനത്തിലൂടെ ഹൃദയങ്ങളെ കീഴടക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്. "നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക" (പ്രഭാഷകന്‍ 3:18) എന്ന വചനത്തിന്റെ പ്രായോഗിക ആവിഷ്കാരമായിരുന്നു ആ പാദക്ഷാളനം. താൻ വന്നിരിക്കുന്നത് സേവിക്കപ്പെടാനല്ല മറിച്ച് സേവിക്കാനും അനേകരുടെ മാനസാന്തരത്തിന് വേണ്ടിയുമാണെന്ന് യേശു സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ചു.

ഹൃദയത്തിൽ നിന്ന് തുടങ്ങുന്ന ലോകത്തിന്റെ മാറ്റം

യേശുവിന്റെ വചനങ്ങൾക്ക് മനുഷ്യഹൃദയങ്ങളെ സ്പർശിക്കുവാൻ തക്കവണ്ണം എന്ത് ശക്തിയാണുണ്ടായിരുന്നത് എന്ന് നാം ചിന്തിക്കാറുണ്ട്. അതിന് ഒരേയൊരു ഉത്തരമേയുള്ളൂ: യേശുവിന്റെ വാക്കുകൾ വെറും അധരവ്യായാമമായിരുന്നില്ല, മറിച്ച് അത് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുള്ള ബന്ധത്തിന്റെ ജീവശ്വാസമായിരുന്നു. മാറ്റങ്ങളെല്ലാം ആരംഭിക്കേണ്ടത് ഹൃദയങ്ങളിൽ നിന്നാണെന്ന് ക്രിസ്തുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. വ്യക്തിപരമായ മാറ്റം സംഭവിക്കാതെ സാമൂഹികമായ മാറ്റം അസാധ്യമാണ്.

ഇന്ന് നാം ജീവിക്കുന്ന കാലഘട്ടം യുദ്ധങ്ങളാലും അക്രമങ്ങളാലും ദുരന്തങ്ങളാലും മുറിവേറ്റതാണ്. സമാധാനത്തെക്കുറിച്ചുള്ള ചർച്ചകൾ പുസ്തകത്താളുകളിലും പ്രസംഗങ്ങളിലും മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. ഇവിടെയാണ് ഹൃദയങ്ങളുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്. വ്യത്യസ്തമായ ചിന്തകളും കാഴ്ചപ്പാടുകളുമുള്ള ആളുകളെ ഒന്നിപ്പിക്കാൻ ബുദ്ധിയേക്കാൾ ഉപരി ഹൃദയങ്ങൾ തമ്മിലുള്ള ബന്ധത്തിനാണ് സാധിക്കുക. ഇപ്രകാരമുള്ള ബന്ധമാണ് യഥാർത്ഥ സാഹോദര്യം വളർത്തുന്നത്. സ്നേഹത്തിന്റെ ആർദ്രഭാവം ഹൃദയങ്ങളിൽ നിറയുമ്പോൾ മാത്രമേ ലോകത്ത് സമാധാനം പുലരുകയുള്ളൂ.

ദൈവത്തെ തിരയുന്ന ഹൃദയങ്ങൾ

ദൈവം എപ്പോഴും മനുഷ്യന്റെ ഹൃദയത്തെയാണ് അന്വേഷിക്കുന്നത്. സമകാലിക ലോകം അനുഭവിക്കുന്ന അസന്തുലിതാവസ്ഥകൾ സത്യത്തിൽ മനുഷ്യന്റെ ഹൃദയത്തിൽ വേരൂന്നിയ ആഴത്തിലുള്ള അസന്തുലിതാവസ്ഥയുടെ പ്രതിഫലനമാണ്. ഹൃദയത്തിലധിഷ്ഠിതമായ ഒരു ജീവിതം പടുത്തുയർത്താൻ ഓരോ പെസഹാ വ്യാഴവും നമ്മെ ക്ഷണിക്കുന്നു. എന്നാൽ ഹൃദയാധിഷ്ഠിതമായ ജീവിതം എന്നാൽ വ്യക്തിപരമായ ഒതുങ്ങിക്കൂടലല്ല. മറിച്ച്, നമ്മുടെ ഹൃദയം സ്വയംപര്യാപ്തമല്ലെന്നും അത് ദുർബലമാണെന്നും തിരിച്ചറിഞ്ഞുകൊണ്ട്, കൂട്ടായ്മയിൽ സന്തോഷം കണ്ടെത്തുകയാണ് വേണ്ടത്.

അപൂർണ്ണമായ നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ ക്രിസ്തുവിന്റെ ഹൃദയഭാവമായ സ്നേഹം നിറയ്ക്കണം. ഒരു മനുഷ്യന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും വലിയ പൂർണ്ണത ക്രിസ്തുവാണ്. അവന്റെ ഹൃദയത്തിന്റെ ആർദ്രതയാണ് നമുക്ക് മാതൃക. മനുഷ്യന്റെ പാദത്തോളം താഴ്ന്ന മറ്റൊരു ദൈവത്തെ ചരിത്രത്തിൽ കണ്ടെത്താൻ സാധിക്കില്ല. ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനും നമ്മെത്തന്നെ തിരിച്ചറിയാനും യേശുവിന്റെ ഹൃദയത്തോട് നാം ചേർന്നുനിൽക്കണം.

സേവനത്തിന്റെ പുതിയ സംസ്കാരം

പെസഹാ വ്യാഴം ഒരു പുതിയ സംസ്കാരത്തിന് തുടക്കം കുറിച്ചു - അത് 'ശുശ്രൂഷയുടെ സംസ്കാരം'  ആണ്. ലോകം അധികാരത്തെയും പദവികളെയും ആരാധിക്കുമ്പോൾ, യേശു ഒരു തുവാലയെയും വെള്ളപ്പാത്രത്തെയും വിശുദ്ധീകരിച്ചു. സഭയിലും സമൂഹത്തിലും ഈ മാതൃക പിന്തുടരേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. അധികാരം എന്നത് ഭരിക്കാനല്ല, മറിച്ച് അപരന്റെ കണ്ണീരൊപ്പാനും അവനെ കൈപിടിച്ചുയർത്താനുമുള്ളതാണെന്ന് ക്രിസ്തു പഠിപ്പിച്ചു.

ക്രൈസ്തവൻ തന്റെ ജീവിതത്തിൽ ബുദ്ധികൊണ്ടും ശക്തികൊണ്ടുമല്ല മുന്നേറേണ്ടത്, മറിച്ച് ഹൃദയത്തിൽ പേറുന്ന ആർദ്രതയും സ്നേഹവും കൊണ്ടാവണം. ഹൃദയാത്മകമായ ദൈവസ്നേഹത്തിന് നമ്മുടെ ജീവിതങ്ങൾ വഴിയായി സാക്ഷ്യം നൽകാനുള്ള ക്ഷണം കൂടിയാണ് ഈ ദിനം. യേശുവിന്റെ വചനങ്ങൾക്ക് ശക്തി നൽകിയത് അവന്റെ ഹൃദയമായിരുന്നു. ആ ഹൃദയത്തിൽ നിന്ന് പുറപ്പെട്ട സ്നേഹമാണ് രണ്ടായിരം വർഷങ്ങൾക്കിപ്പുറവും കോടിക്കണക്കിന് മനുഷ്യരെ സ്വാധീനിക്കുന്നത്.

വൈദികർ: ദൈവസ്നേഹത്തിന്റെ അടയാളങ്ങളാകണം

പെസഹാ വ്യാഴം, പൗരോഹിത്യം സ്ഥാപിച്ചതിന്റെ  ഓർമ്മകൂടിയാണ്. അപ്പവും വീഞ്ഞും ഉയർത്തിക്കൊണ്ട്, ഇത് എന്റെ ശരീരവും രക്തവും എന്ന് യേശു പറഞ്ഞിട്ട്, അത് ശിഷ്യന്മാർക്ക് വിളമ്പി, തുടർന്ന് പറയുന്നത് , "ഇത് എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്നതാണ്. ഇവിടെ ആഘോഷത്തിമിർപ്പുകളുടെ ഓർമ്മയല്ല ശിഷ്യരെ അനുസ്മരിപ്പിക്കുന്നത്,  മറിച്ച് മുറിയപ്പെടുവാനുള്ള തന്റെ ആഗ്രഹവും ക്ഷണവുമാണ്. ഇതാണ് യഥാർത്ഥ പൗരോഹിത്യത്തിന്റെ ചൈതന്യവും. കാൽവരി മലയിൽ ഉയർന്ന മരക്കുരിശിൽ മനുഷ്യവംശത്തിന്റെ പാപക്കറകൾ തന്റെ പുത്രന്റെ യാഗത്താൽ കഴുകി വെടിപ്പാക്കുന്ന പിതാവായ ദൈവം. ഈ ഹിത പൂർത്തീകരണം ആയിരുന്നു ഈശോയുടെ ഇഹലോകവാസത്തിന്റെ ലക്ഷ്യവും, കടമയും.

ദൈവപുത്രനായ ഈശോയുടെ ഈ ത്യാഗത്തിന്റെ തുടർച്ചയാണ് സഭയിലൂടെ പുരോഹിതർക്കും കൈമാറ്റം ചെയ്യപ്പെടുന്നത്. "ബലിയാകുവാനും ബലിയേകുവാനുമുള്ള",  ദൈവവിളി. ഈ പുരോഹിത കടമകൾ നിറവേറ്റുമ്പോൾ പ്രതിസന്ധികളും വെല്ലുവിളികളും ഏറെ ഉണ്ടാകും. "എന്നെ പീഡിപ്പിച്ചവർ നിങ്ങളെയും പീഡിപ്പിക്കും" എന്നാണല്ലോ വചനം പറയുന്നത്. ഇന്നത്തെ ലോകത്തിന്റെ വെല്ലുവിളികൾക്ക് നടുവിലും, പൗരോഹിത്യത്തിന്റെ നന്മ ഈ ലോകത്തിൽ നിലനിൽക്കുന്നതുകൊണ്ടാണ്, ആളുകൾ ധാരാളമായി, പ്രത്യേകിച്ച്, ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ അതിശയകരമാം വിധം വിശ്വാസത്തിലേക്ക് കടന്നുവരുന്നത്.

ഉയരങ്ങളിലേക്ക് കണ്ണുകൾ ഉയർത്തി മാത്രം ദൈവത്തെ നോക്കാൻ ശീലിച്ച മനുഷ്യനെ, പാദത്തിങ്കൽ കാൽ കഴുകി ചുംബിക്കാനിരിക്കുന്ന സ്നേഹത്തിലേക്കാണ് പെസഹാ വ്യാഴം ക്ഷണിക്കുന്നത്. അധികാരത്തിന്റെ മേലങ്കി ഊരിവെച്ച് സ്നേഹത്തിന്റെ അരക്കച്ച ധരിക്കാൻ നാം തയ്യാറാകുന്നുണ്ടോ? യുദ്ധങ്ങളും സാമൂഹിക-സാമ്പത്തിക അസന്തുലിതാവസ്ഥകളും ഉപഭോഗസംസ്കാരവും അടയാളപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ, യേശുവിന്റെ ഹൃദയത്തിന്റെ ആർദ്രഭാവം നമുക്ക് വഴികാട്ടിയാകട്ടെ.

നമ്മുടെ ഹൃദയങ്ങൾ മുറിവേറ്റതാകാം, ദുർബലമാകാം. എങ്കിലും ആ ഹൃദയങ്ങളെ ദിവ്യകാരുണ്യത്തിന്റെ സ്നേഹം കൊണ്ട് നിറയ്ക്കാൻ നമുക്ക് സാധിക്കണം. അപരന്റെ പാദത്തോളം താഴാനും അവന്റെ മുറിവുകളിൽ സ്നേഹത്തിന്റെ തൈലം പുരട്ടാനും കഴിയുമ്പോൾ മാത്രമേ നമ്മുടെ പെസഹാ ആചരണം അർത്ഥപൂർണ്ണമാവുകയുള്ളൂ. ദൈവത്തെ കണ്ടെത്തേണ്ടത് ആകാശങ്ങളിലല്ല, മറിച്ച് സഹോദരന്റെ വേദനകളിലും വിശക്കുന്നവന്റെ അപ്പത്തിലുമാണെന്ന് അന്ത്യ അത്താഴവേള നമുക്ക് കാട്ടിത്തന്നു.

യേശുവിന്റെ ഹൃദയത്തിന്റെ മാധുര്യം ഒരിക്കൽക്കൂടി നുകരാൻ ഈ പെസഹാ ദിനം നമ്മെ അനുവദിക്കുന്നു. ആ ഹൃദയത്തോട് ചേർന്നുനിന്ന്, സ്നേഹത്തിന്റെയും എളിമയുടെയും പുതിയ പാഠങ്ങൾ പഠിച്ച്, ആർദ്രതയുള്ള ഒരു ലോകം പടുത്തുയർത്താൻ നമുക്ക് പരിശ്രമിക്കാം. ക്രിസ്തുവിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലൂടെ ലോകത്തിന്റെ മുറിവുകൾക്ക് സൗഖ്യമാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഏപ്രിൽ 2026, 11:18