ഉത്ഥിതനായ ക്രിസ്തുവിലേക്കുള്ള തിരിച്ചുവരവിന്റെ അറുപത് സ്താദിയോൺ ദൂരം
ഫാ. ഡൊമിനിക് സാവിയോ മൂഴിക്കര, ഒ ഐ സി
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആരാധനാക്രമത്തിൽ, തിരുസ്സഭ മണവാളനായ ക്രിസ്തുവിന്റെ ഉയിർപ്പിൽ സന്തോഷിക്കുന്ന ക്യംതാകാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണിത്. ഉത്ഥിതനായ നൽകുന്ന ശ്ലോമോയും ശൈനോയും (ശാന്തിയും സമാധാനവും) ഹൃദയത്തിൽ സന്തോഷത്തോടെ സംഭരിക്കുന്ന ദിനങ്ങൾ കൂടിയാണല്ലോ ഇവ. ഉത്ഥാനത്തിനു ശേഷമുള്ള ഈശോയുടെ പ്രത്യക്ഷപ്പെടലുകളാണ് ഈ ഞായറാഴ്ചകളിൽ തുടർച്ചയായി നാം ധ്യാനിക്കുന്നത്. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം 24 അധ്യായം 13 മുതൽ 35 വരെയുള്ള തിരുവചനങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. എമ്മാവൂസ് യാത്രയിലെ ഉത്ഥിതന്റെ ഈ പ്രത്യക്ഷീകരണം, ലൂക്കോസിന്റെ സുവിശേഷത്തിൽ മാത്രം നാം കാണുന്നതാണ്. ലൂക്കോസിന്റെ സുവിശേഷത്തിൽ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനുശേഷമുള്ള പ്രത്യക്ഷീകരണങ്ങൾ എല്ലാം ജറുശലേമിനോടടുത്താണ് സംഭവിക്കുന്നത്. ജറുശലേം സ്ഥലകാലങ്ങൾക്ക് അതീതമായി ദൈവമനുഷ്യ കണ്ടുമുട്ടലിന്റെ ദേവാലയനുഭവം കൂടിയാണല്ലോ. നമ്മുടെ വിശ്വാസജീവിതത്തിന്റെ അടിസ്ഥാനമായ ഉത്ഥിനായ ക്രിസ്തുവിനെ കണ്ടുമുട്ടാനുള്ള ക്ഷണം കൂടിയാണിത്. വി. പൗലോസ് ശ്ലീഹാ ഓർമിപ്പിക്കുന്നു - ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ് (1 കോരി 15/17). ഓരോരുത്തർക്കും വിശ്വാസത്തിലേക്ക് എത്താൻ വ്യക്തിപരമായ അനുഭവങ്ങളും അറിവുകളും ആവശ്യമാണ്. ദൈവവുമായി മുഖാഭിമുഖം കണ്ടുമുട്ടുന്ന ജീവിതത്തിലെ വ്യത്യസ്തമായ അനുഭവങ്ങൾ തന്നെയാണ് നമ്മെ വിശ്വാസ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്നത്. അതുകൊണ്ടുതന്നെ ഈ 'എമ്മാവൂസ് യാത്ര' ഓരോ വ്യക്തിയുടെയും ജീവിതത്തിലെ അനിവാര്യമായ ദൈവിക അനുഭവത്തിന്റെ തലം കൂടിയാണ്. നിരന്തരം ദൈവത്തെ അന്വേഷിക്കുന്ന ക്രിസ്തുശിഷ്യരായ നാമോരുത്തരുടേയും വിശ്വാസജീവിതത്തെ ഉത്ഥിതനോടൊപ്പമുള്ള യാത്ര ഓരോ തവണയും ശക്തിപ്പെടുത്തുന്ന സുവിശേഷഭോജ്യം കൂടിയാണ് ഈ യാത്ര.
ആധുനിക ജീവിതത്തിന്റെ തിരക്കും അതിവേഗവും സാങ്കേതികവിദ്യയിലുള്ള അമിതമായ ആശ്രയവും ആഴത്തിൽ ചിന്തിക്കാനും ഗ്രഹിക്കാനുമുള്ള ഉള്ള സമയത്തെ കുറയ്ക്കുന്നു. വർദ്ധിച്ചു വരുന്ന ഉപഭോഗസംസ്ക്കാരവും, സ്വാർത്ഥതയും, സത്യാന്വേഷണമായ യുക്തിയെയും, ദൈവാന്വേഷണമായ വിശ്വാസത്തെയും, പിന്നിലാക്കുന്നു. യുദ്ധവും പലായനവും, അനിശ്ചിതത്വങ്ങളും മാറാരോഗങ്ങളും തീരാവേദനകളും അനീതിയും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യകളും നിറഞ്ഞ ഈ കാലഘട്ടത്തിലെ ദൈനദിന അനുഭവങ്ങൾ, പലപ്പോഴും വിശ്വാസത്തെയും യുക്തിയെയും ഒരുപോലെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലാക്കുന്നു. മാനുഷികബന്ധങ്ങൾ വെറും കാര്യലാഭത്തിനു വേണ്ടിയുള്ളതായി മാറുമ്പോൾ തകർന്നു വീഴുന്നത് ബന്ധങ്ങൾ മാത്രമല്ല, പരസ്പരവിശ്വാസം കൂടിയാണ്. ഇങ്ങനെ ജീവിതത്തിൽ വിശ്വാസവും യുക്തിയും (faith and reason) ഒരുപോലെ അപ്രസക്തമാക്കുന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് ഈ സുവിശേഷഭാഗം നൽകുന്ന വിചിന്തനത്മകമായ വെളിച്ചം പരിധിയില്ലാത്തതാണ്.
അറുപത് സ്താദിയോൺ - വീണ്ടെടുക്കലിന്റെ ദൈവീക പരിസരം
"ആ ദിവസം തന്നെ അവരിൽ രണ്ടുപേർ ജറുസലെമിൽനിന്ന് ഏകദേശം അറുപതു സ്താദിയോൺ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു". സ്താദിയോൺ' (Stadion) എന്നത് പുരാതന ഗ്രീക്ക് ദൂരപരിധിയാണ്. ഈ അറുപതു സ്താദിയോൺ ഏകദേശം പതിനൊന്നോ പന്ത്രെണ്ടോ കിലോമീറ്റർ അല്ലെങ്കിൽ ഏഴ് മൈൽ ദൂരമാണ്. കൃത്യമായ ഒരു ദൂരപരിധി എന്നതിനപ്പുറം - അപരിചിതത്വത്തിന്റെയും തിരിച്ചറിവിന്റെയും ഇടമാണ്; തിരികെപോകലിന്റെയും മടങ്ങിവരവിന്റെയും ദൂരമാണ്; നിരാശയിൽ നിന്നും പ്രത്യാശയിലേക്കുള്ള മാറ്റമാണ്; മന്ദീഭവിച്ച ഹൃദയം ജ്വലിക്കാനെടുത്ത സമയമാണ്. വിശുദ്ധ ബൈബിളിൽ ഏദൻ തോട്ടവും, മമ്രേയുടെ ഓക്കുമരത്തോപ്പും, ബെഥേലും പെനുവേലും,ഹോറെബും, സീനായും എന്നിങ്ങനെ ദൈവം മനുഷ്യനെ കണ്ടുമുട്ടുന്ന ഇടങ്ങൾ എല്ലാം വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. എമ്മാവൂസിലേക്കുള്ള ഈ വഴിദൂരത്തെ യാത്രയെ കുറിച്ച് വിശുദ്ധ അഗസ്റ്റിൻ പറയുന്നു: "ജീവൻ തന്നെയായ ക്രിസ്തു ജീവിച്ചിരിക്കെ, അവർ ഉള്ളിൽ മരിച്ചവരെപ്പോലെ നടക്കുകയായിരുന്നു, പക്ഷെ, ജീവൻ തന്നെയായവൻ അവരുടെ കൂടെ നടന്നു". തങ്ങൾക്ക് ഒപ്പമായിരുന്നവനിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ട രണ്ടു പേരുടെ യാത്രദൂരമാണിത്. ഒരുപാട് പ്രതീക്ഷകളോടെ, ഗുരുവിനൊപ്പം നടന്നവരായിരുന്നു അവർ. ഇപ്പോഴാകട്ടെ, വീണുടഞ്ഞ പ്രതീക്ഷകളുടെ ദുഃഖഭാരത്താൽ പരസ്പരം വാദിച്ചും കലഹിച്ചും മ്ലാനവദനരായി യാത്ര ചെയ്യുകയാണ്. സന്തോഷത്തോടെയും പ്രതീക്ഷയോടെയും സമാരംഭിച്ച പല ജീവിത യാത്രകളും ഇപ്പോൾ ഇങ്ങനെയാണ്. കലഹിച്ചും കരയിച്ചും വേദനിപ്പിച്ചും എങ്ങനെയെങ്കിലും മുന്നോട്ടു പോകുന്ന ജീവിതങ്ങൾ! ദൈവം യോജിപ്പിച്ച ജീവിതങ്ങളിൽ നിന്നും കൂട്ടിച്ചേർത്ത ദൈവം ഒരിക്കലും പിന്മാറില്ല. ജീവിതത്തിന്റെ വഴിദൂരത്തിൽ കൈവിടാത്തൊരു സ്നേഹവാനായ ഇടയൻ കൂടെനടക്കുക തന്നെ ചെയ്യും. തിരികെ നടക്കുന്നവരെ മടക്കി കൊണ്ടുവരാൻ തന്നെത്തന്നെ ശൂന്യനാക്കിയ യേശുവിന്റെ കുരിശിലെ സ്നേഹം തന്നെയാണ്, ഉത്ഥാനത്തിന് ശേഷമുള്ള ക്രിസ്തുവിന്റെ കൂടെനടക്കലും.
അറുപത് സ്താദിയോൺ: വചനാഭിഷേകത്തിന്റെ മേച്ചിൽപ്പുറം
"മോശ തുടങ്ങി എല്ലാ പ്രവാചകൻമാരും വിശുദ്ധലിഖിതങ്ങളിൽ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവൻ അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു"(24/27). ഈ വഴിദൂരത്തിൽ നടക്കുന്ന വിസ്മയനീയമായ അനുഭവമാണ് തിരുവചനവ്യാഖാനം. വചനം മുറിച്ച് വിളമ്പുന്നത് വചമായവൻ തന്നെയാണ്. വചനധ്യാനത്തെ സഭാപിതാക്കന്മാർ വിശേഷിപ്പിക്കുന്നത് “ചവയ്ക്കുക, അയവിറക്കുക” എന്നീ അർത്ഥങ്ങൾ വരുന്ന “റൂമിനാത്സ്യോ” (Ruminatio) എന്ന ലാറ്റിൻ പദത്തിലൂടെയാണ്. ധ്യാനപരിശീലനത്തിൽ തിരുവചനകളിൽ നിന്ന് ആത്മീയ സത്യങ്ങളുടെ ആഴം ഗ്രഹിക്കുന്നതിനായി അവയെ "ചവയ്ക്കുക" എന്നതാണ് ഈ പദത്തിന്റെ മൂലാർത്ഥം. പശുക്കൾ അയവിറക്കുന്നത് പോലെ, ആത്മാവിനെ പോഷിപ്പിക്കുന്നതിനായി ഒരു വാക്കോ ഭാഗമോ ആവർത്തിച്ച് അവലോകനം ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്ന പ്രക്രിയയെ ഈ പദം സൂചിപ്പിക്കുന്നു. വിശ്വാസ ജീവിതത്തിന്റെ ഉറവിടങ്ങളാണ് വിശുദ്ധ ബൈബിളും, അവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ആരാധനാക്രമവും. ഭൗതീക സാഹചര്യങ്ങളോട് ബന്ധപ്പെടുത്തി മനസിലാക്കുന്നതിനപ്പുറം, വചനത്തിന്റെ അകവും പൊരുളും ഒരുപോലെ ഗ്രഹിക്കുവാൻ ക്രിസ്തുസാന്നിധ്യത്തിന്റെ ഈ അറുപത് സ്താദിയോൺ നമുക്ക് ആവശ്യമാണ്. സമകാലീക സാഹചര്യങ്ങളിൽ വചനധ്യാനം എന്നത് പലപ്പോഴും 'ആവശ്യമായത് മാത്രം കൊത്തിപ്പെറുക്കുന്ന' ഒന്നായി മാറിയിരിയ്ക്കുന്നു. മോശ തുടങ്ങി എല്ലാ പ്രവാചകൻമാരും വിശുദ്ധലിഖിതങ്ങളിൽ എഴുതിയിരുന്നവയെല്ലാം വ്യാഖാനിച്ച ക്രിസ്തു, ഈ വചനാഭിഷേകത്തിന്റെ മേച്ചിൽപ്പുറത്തേക്ക് അവരെ ശാന്തമായി നയിക്കുകയായിരുന്നു. ആത്മീയ രഹസ്യങ്ങൾ ചവയ്ക്കാനും അയവിറക്കാനും ദൈനംദിന ജീവിതത്തിൽ സമയം കണ്ടെത്തുകയും അത് അഭ്യസിക്കുകയും വേണം. ചിട്ടയായ ആത്മീയ ജീവിതത്തിനും സഭാത്മക ജീവിതത്തിനും അത് അത്യാവശ്യമാണ്.
അറുപത് സ്താദിയോൺ: കൗദാശിക മേശയിലേക്കുള്ള പാത
"അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോൾ, അവൻ അപ്പം എടുത്ത് ആശീർവ്വദിച്ച് മുറിച്ച് അവർക്കുകൊടുത്തു. അപ്പോൾ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു". അറുപത് സ്താദിയോൺ വഴിദൂരത്തിനൊടുവിൽ അവർ എത്തി നിൽക്കുന്നത് ഭക്ഷണമേശയിലാണ്. നിരാശയുടെ വഴിദൂരം ക്രിസ്തുവിനോടൊപ്പം നടന്നപ്പോൾ അവർക്ക് പ്രത്യാശയുടെ തിരുവത്താഴം ക്രിസ്തു നൽകുകയാണ്. വഴിയിൽ ജീവിതാനുഭവങ്ങളെ പഴിച്ചും തങ്ങളോടൊപ്പം നടന്ന അപരിചിതനെ തിരസ്കരിച്ചും ക്ലെയോപ്പാസും സഹയാത്രികനും നടന്നിരുന്നുവെങ്കിൽ അവരിപ്പോൾ ഇവിടെ ഇരിക്കുമായിരുന്നില്ല. "അവർ അവനെ നിർബന്ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകൽ അസ്തമിക്കാറായി". "സംസാരിച്ചു കൊണ്ടിരിക്കുന്നവനെ നിരസിക്കാതിരിക്കാൻ ശ്രദ്ധിക്കുവിൻ" (ഹെബ്രാ 12 /25 ). ഹൃദയം മന്ദീഭവിച്ചവർ കുർബാന മേശയിൽ വന്നിരിക്കുമ്പോൾ ഹൃദയം ജ്വലിക്കുന്നവരാകും. കുരിശുവഴിയിൽ ചിതറിപ്പോയ ശിഷ്യഗണത്തെ തന്റെ പ്രത്യക്ഷീകരണങ്ങളിലൂടെ യേശു തിരികെകൊണ്ടുവരുന്നത്, കൗദാശിക ജീവിതത്തിന്റെ ധന്യതയിലേക്കാണ്. അദൃശ്യമായ കൃപാവരങ്ങൾ വർഷിക്കുന്ന ദൃശ്യമായ ദൈവീകസ്നേഹത്തിന്റെ കുർബാനയനുഭവത്തിലേക്കാണ് ഓരോ വിശ്വാസിയും ഈ ജീവിതയാത്രയിൽ വിളിക്കപ്പെട്ടിരിക്കുന്നത്. ഈ കുർബാനയനുഭവത്തിൽ എത്തിച്ചേർന്ന അറുപത് സ്താദിയോൺ ദൂരം, ഇനി തിരിച്ചു നടക്കലിന്റെ ദൂരം കൂടിയായി മാറുകയാണ്. "അവർ അപ്പോൾത്തന്നെ എഴുന്നേറ്റ് ജറുസലെമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു". അവർ ഒറ്റയ്ക്കു നടന്ന തീർത്ത ദൂരമായിരുന്നില്ല അത്, ക്രിസ്തുവിനോടൊപ്പം നടന്ന ദൂരമായിരുന്നു. അതുകൊണ്ടുതന്നെ പ്രത്യാശയുടെയും സമാധാനത്തിന്റെയും സുവിശേഷം പ്രിയപെട്ടവരോട് പങ്കുവയ്ക്കുവാനുള്ള പ്രഘോഷകരുടെ യാത്രയായിരുന്നു അത്.
പ്രിയപെട്ടവരെ, ഒറ്റ ക്ലിക്കിൽ വ്യക്തിയും ചുറ്റുപാടും മാറിമറിയുന്ന ഫോട്ടോഎഡിറ്റിങ് ടൂൾ പോലെ, എമ്മാവൂസ് അനുഭവം ജീവിതത്തിൽ വിശ്വാസവും യുക്തിയും ഒരുപോലെ ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങളിൽ, ലൈഫ് - എഡിറ്റിങ്ങിനു നമ്മെ സഹായിക്കും. കാര്യകാരണങ്ങൾ പലപ്പോഴും അപ്രസക്തമാക്കുന്ന ദുരന്തങ്ങളും ദുഃഖങ്ങളും അഭിമുഖീകരിക്കേണ്ടി വരുമ്പോഴും, ഒരു ലൈഫ് - റിഫ്രഷ് ബട്ടൺ ആണ് ഈ സുവിശേഷഭാഗത്തിന്റെ ധ്യാനവും മനനവും. ജെറുശലേമിനും എമ്മാവൂസിനും ഇടയിലുള്ള ഈ അറുപത് സ്താദിയോൺ ദൂരം, നമ്മുടെ കൊച്ചുജീവിതത്തിൽ എപ്പോഴെങ്കിലും താണ്ടേണ്ടി വന്നാൽ, അത് വീണ്ടെടുക്കലിന്റെ ദൈവീക പരിസരമായും വചനാഭിഷേകത്തിന്റെ മേച്ചിൽപ്പുറമായും കൗദാശിക മേശയിലേക്കുള്ള പാതയായും ഉത്ഥിതൻ മാറ്റട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: