എളിയവരിലെ ക്രിസ്തുദർശനം: ജീവിതസാക്ഷ്യങ്ങൾ ഇന്നും തുടരണം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ക്രിസ്തീയ വിശുദ്ധി എന്നത് ലോകം പലപ്പോഴും വിസ്മരിക്കുകയും മുറിപ്പെടുത്തുകയും ചെയ്ത മനുഷ്യർക്കിടയിലാണ് ഏറ്റവും ചൈതന്യത്തോടെ പൂവണിയുന്നത് എന്ന വസ്തുത, ലിയോ പതിനാലാമൻ പാപ്പാ തന്റെ അപ്പസ്തോലിക പ്രബോധനത്തിൽ അത്യന്തം ഗൗരവത്തോടെ ഓർമ്മിപ്പിക്കുന്നു. മാനവികതയുടെ വേദന നിറഞ്ഞതും, ഉപേക്ഷിക്കപ്പെട്ടതുമായ ഇടങ്ങളിലാണ് ദൈവത്തിന്റെ സാന്നിധ്യം ഏറ്റവും ആഴത്തിൽ അനുഭവപ്പെടുന്നത്. ഭൗതികമായ സമ്പത്തിന്റെ കുറവ് അനുഭവിക്കുന്നവർ മാത്രമല്ല, മറിച്ച് സമൂഹത്തിൽ സ്വന്തം ശബ്ദം നഷ്ടപ്പെട്ടവരും അന്തസ്സും അംഗീകാരവും നിഷേധിക്കപ്പെട്ടവരും ദൈവഹൃദയത്തിൽ സവിശേഷമായ ഒരു സ്ഥാനം അലങ്കരിക്കുന്നു.
സുവിശേഷത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കളും ദൈവരാജ്യത്തിന്റെ അവകാശികളുമായി ക്രിസ്തു പ്രഖ്യാപിച്ചത് ഇങ്ങനെയുള്ള എളിയവരെയാണ്. ലൂക്കായുടെ സുവിശേഷത്തിൽ പറയുന്നതുപോലെ, ലൗകികമായ ഒന്നുമില്ലാത്തവരിലാണ് സ്വർഗ്ഗീയമായ വലിയ സമ്പത്ത് ദൈവം നിക്ഷേപിച്ചിരിക്കുന്നത്. ക്രിസ്തു ഇന്നും സഹിക്കുന്നത് ഈ പാവപ്പെട്ടവരിലൂടെയാണ്; അവരുടെ സഹനങ്ങളിൽ പങ്കുചേരുമ്പോഴാണ് സഭ അതിന്റെ യഥാർത്ഥ സ്വത്വവും ദൗത്യവും തിരിച്ചറിയുന്നത്. ലോകത്തിന്റെ ദൃഷ്ടിയിൽ നിസ്സാരമെന്നു തോന്നുന്ന ഇത്തരം എളിയവരിലേക്ക് സ്നേഹപൂർവ്വം തിരിയുമ്പോഴാണ് സഭ അതിന്റെ ഏറ്റവും ആധികാരികമായ രൂപം കൈക്കൊള്ളുന്നത്.
സുവിശേഷാത്മകമായ ഈ സ്നേഹത്തിന്റെ ലോകപ്രശസ്തമായ പ്രതീകമായി കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെ പാപ്പാ എടുത്തുകാണിക്കുന്നു. 2016-ൽ വിശുദ്ധയായി ഉയർത്തപ്പെട്ട മദർ തെരേസ, യൂറോപ്പിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച്, ഇന്ത്യയിൽ എത്തി, വളരെയധികം ദാരിദ്ര്യത്തിലും വിസ്മൃതിയിലും കഴിഞ്ഞിരുന്നവർക്കായി തന്റെ ജീവിതം പൂർണ്ണമായും സമർപ്പിച്ചു. തെരുവുകളിൽ ആരും നോക്കാനില്ലാതെ മരണത്തോട് മല്ലിടുന്നവരെയും സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ടവരെയും ശുശ്രൂഷിക്കാനായി അവർ മിഷനറീസ് ഓഫ് ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചു.
വെറും ഒരു സാമൂഹിക പ്രവർത്തകയായിട്ടല്ല മദർ തെരേസ സേവനം ചെയ്തത്. ഉപേക്ഷിക്കപ്പെട്ടവരെ തെരുവുകളിൽ നിന്ന് വാരിയെടുക്കുമ്പോഴും അവരുടെ മുറിവുകൾ കഴുകി വൃത്തിയാക്കുമ്പോഴും അവർ കാണിച്ച ആർദ്രത ഒരു പ്രാർത്ഥനയുടെ രൂപമായിരുന്നു. മരണത്തിന്റെ നിമിഷങ്ങളിൽ പോലും ഒരു മനുഷ്യന് ലഭിക്കേണ്ട അന്തസ്സും സ്നേഹവും പൂർണ്ണമായി അവർക്ക് നൽകാൻ മദർ പരിശ്രമിച്ചു. ദരിദ്രരിലെ ദരിദ്രരായവർക്ക് ദൈവത്തിന്റെ സ്നേഹം പകർന്നു നൽകുക എന്നതായിരുന്നു മദറിന്റെ ലക്ഷ്യം.
ദരിദ്രർ നമ്മുടെ സഹതാപമല്ല, മറിച്ച് നമ്മുടെ ആദരവും സ്നേഹവുമാണ് ആഗ്രഹിക്കുന്നത് എന്ന് മദർ വിശ്വസിച്ചു. അവർ വെറും ഉപഭോക്താക്കളല്ല, മറിച്ച് ദൈവത്തിന്റെ കരങ്ങളാൽ സൃഷ്ടിക്കപ്പെട്ട സ്നേഹിക്കപ്പെടാൻ അർഹതയുള്ള ഉത്തമരായ മനുഷ്യരാണെന്ന് മദർ ലോകത്തോട് വിളിച്ചുപറഞ്ഞു.
മദർ തെരേസയുടെ ഈ അസാധാരണമായ സേവനത്തിന് പിന്നിൽ ആഴമേറിയ ഒരു ആത്മീയതയുണ്ടായിരുന്നു. പ്രാർത്ഥനയിലും നിശബ്ദതയിലും ലഭിക്കുന്ന ദൈവാനുഭവമാണ് അവരെ ദരിദ്രരിലേക്ക് നയിച്ചത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് മദറിനെ കുറിച്ചുള്ള കാഴ്ചപ്പാട് ലിയോ പതിനാലാമൻ പാപ്പാ ഇവിടെ എടുത്തുപറയുന്നുണ്ട്. നിശബ്ദതയുടെ ഫലം പ്രാർത്ഥനയാണെന്നും, പ്രാർത്ഥനയുടെ ഫലം വിശ്വാസമാണെന്നും, വിശ്വാസം സ്നേഹത്തിലേക്കും സ്നേഹം സേവനത്തിലേക്കും വഴിതുറക്കുന്നുവെന്നും മദർ പഠിപ്പിച്ചു. സേവനത്തിന്റെ ആത്യന്തികമായ ഫലം സമാധാനമാണ്. ക്രിസ്തുവിന്റെ മുഖത്തും അവിടുത്തെ തിരുഹൃദയത്തിലും നോക്കി പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്ന ആത്മീയ സമാധാനമാണ് മറ്റുള്ളവരിലേക്ക് ആ പ്രകാശം പരത്താൻ ആ അമ്മയെ സഹായിച്ചത്.
തന്നെത്തന്നെ ഒരു ലോകസ്നേഹിയായോ മനുഷ്യസ്നേഹിയായോ അല്ല മദർ കണ്ടത്, മറിച്ച് കുരിശിലേറ്റപ്പെട്ട ക്രിസ്തുവിന്റെ മണവാട്ടിയായാണ്. വേദനിക്കുന്ന തന്റെ സഹോദരങ്ങളിൽ ക്രിസ്തുവിനെ ദർശിച്ച മദർ, സ്നേഹത്തിന്റെ തൈലം കൊണ്ട് അവരുടെ മുറിവുകൾ ഉണക്കി. വിശുദ്ധ പൗലോസ് ശ്ലീഹ ഓർമ്മിപ്പിക്കുന്നതുപോലെ, പ്രാർത്ഥനയില്ലാത്ത സേവനം കേവലം ഭൗതികമാണെന്നും, സേവനമില്ലാത്ത പ്രാർത്ഥന അപൂർണ്ണമാണെന്നും മദറിന്റെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു.
ബ്രസീലിലെ ദുൽസെ ദോസ് പ്രോവെസിന്റെ ജീവിതവും എളിയവരിലെ വിശുദ്ധിയെ മനോഹരമായി ആവിഷ്കരിക്കുന്നു. 'ബാഹിയിലെ നല്ല മാലാഖ' എന്നറിയപ്പെട്ടിരുന്ന അവർ തന്റെ വിശ്വാസം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നത് അങ്ങേയറ്റത്തെ ക്രിയാത്മകതയോടെയാണ്. വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് അവർ തന്റെ ശുശ്രൂഷ ആരംഭിച്ചത്. ഇന്ന് ബ്രസീലിലെ ഏറ്റവും വലിയ ആശുപത്രികളും സാമൂഹിക കേന്ദ്രങ്ങളും ഉൾക്കൊള്ളുന്ന വലിയൊരു പ്രസ്ഥാനമായി അത് വളർന്നിരിക്കുന്നു. പ്രതിബന്ധങ്ങളെ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ട് നേരിട്ട അവർ, ആയിരക്കണക്കിന് ആളുകളെ ദിവസവും പരിചരിക്കുമ്പോഴും തന്റെ ലാളിത്യവും സൗമ്യതയും കൈവിട്ടില്ല.
ദരിദ്രരോടൊപ്പം ദരിദ്രയായി ജീവിച്ചുകൊണ്ട് ക്രിസ്തുവിന്റെ ദാരിദ്ര്യത്തിൽ അവർ പങ്കുചേർന്നു. സന്യാസ ജീവിതം എന്നത് ലോകത്തിന്റെ അസ്തിത്വപരമായ അതിരുകളിലേക്ക് സ്നേഹത്തിന്റെ പ്രകാശവുമായി ഇറങ്ങിപ്പോകുന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ വിശുദ്ധയുടെ ജീവിതം അടിവരയിട്ടുകൊണ്ട് എടുത്തു പറഞ്ഞിട്ടുണ്ട്.
ദുൽസെ പുണ്യവതിയുടെ ജീവിതം കാണിച്ചുതരുന്നത് വിശ്വാസം നമ്മെ ലോകത്തിൽ നിന്ന് മാറ്റിനിർത്തുകയല്ല, മറിച്ച് വേദനിക്കുന്നവരുടെ ഇടയിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നാണ്.
വിവിധ രാജ്യങ്ങളിലും കാലഘട്ടങ്ങളിലും ജീവിച്ച അനേകം വിശുദ്ധർ ഇതേ സ്നേഹത്തിന്റെ പാതയാണ് പിന്തുടർന്നത്. ഭിന്നശേഷിക്കാർക്കും ശാരീരികമായ അവശതകൾ അനുഭവിക്കുന്നവർക്കുമായി ജീവിതം നൽകിയ വിശുദ്ധ ബെനഡിക്ട് മെന്നിയും വിശുദ്ധ ഹൃദയത്തിന്റെ ഹോസ്പിറ്റലർ സന്യാസിനികളും ഈ വിശുദ്ധ നിരയിലെ പ്രധാനികളാണ്. അതുപോലെ തന്നെ സഹാറ മരുഭൂമിയിലെ ഗോത്രവർഗ്ഗക്കാർക്കിടയിൽ നിശബ്ദ സാക്ഷ്യമായി ജീവിച്ച വിശുദ്ധ ചാൾസ് ഡി ഫുക്കോയും, വടക്കേ അമേരിക്കയിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായി തന്റെ സർവ്വസ്വവും നൽകിയ വിശുദ്ധ കാതറിൻ ഡ്രെക്സലും വലിയ മാതൃകകളാണ്. ഈജിപ്തിലെ കെയ്‌റോയിലെ മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ കഴിയുന്നവർക്കായി തന്റെ ജീവിതം മാറ്റിവെച്ച സിസ്റ്റർ ഇമ്മാനുവലും ലോകത്തിന് വലിയൊരു പ്രത്യാശയുടെ സന്ദേശമാണ് നൽകിയത്. ഇവരെല്ലാം കണ്ടെത്തിയ വലിയൊരു സത്യമുണ്ട്: ദരിദ്രർ കേവലം കാരുണ്യം ലഭിക്കേണ്ടവരല്ല, മറിച്ച് സുവിശേഷത്തിന്റെ ആഴങ്ങൾ നമുക്ക് പഠിപ്പിച്ചുതരുന്ന വലിയ ഗുരുക്കന്മാരാണ്. അവരിലേക്ക് ദൈവത്തെ നാം കൊണ്ടുപോകുകയല്ല, മറിച്ച് അവരുടെ ഇടയിൽ വസിക്കുന്ന ദൈവത്തെ നാം കണ്ടെത്തുകയാണ് ചെയ്യുന്നത്.
ഈ വിശുദ്ധരുടെ ജീവിതം നമുക്ക് നൽകുന്ന ഏറ്റവും വലിയ പാഠം സേവനം എന്നത് ഒരു ഉയർന്ന തട്ടിൽ നിന്ന് താഴ്ന്ന തട്ടിലേക്ക് നൽകുന്ന ദാനമല്ല എന്നതാണ്. മറിച്ച്, അതൊരു തുല്യർ തമ്മിലുള്ള കൂടിക്കാഴ്ചയാണ്. അവിടെ സേവിക്കുന്നവനും സേവിക്കപ്പെടുന്നവനും ഒരേപോലെ ക്രിസ്തുവിനെ ദർശിക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻപാപ്പാ നമ്മെ ഓർമ്മിപ്പിച്ചത് പോലെ, ദരിദ്രരിൽ ക്രിസ്തുവിന്റെ ഒരു പ്രത്യേക സാന്നിധ്യമുണ്ട്. ഇത് സഭയെ അവർക്കായി ഒരു പ്രത്യേക പക്ഷം ചേരാൻ പ്രേരിപ്പിക്കുന്നു. സഭ എപ്പോഴാണോ ദരിദ്രരിലേക്ക് കുനിയുന്നത്, അപ്പോഴാണ് സഭ അതിന്റെ ഏറ്റവും ഉന്നതമായ പദവിയിൽ എത്തുന്നത്. അശരണർക്കും രോഗികൾക്കും വേണ്ടി ചെയ്യുന്ന ഓരോ ശുശ്രൂഷയും വാസ്തവത്തിൽ ദൈവത്തിന് അർപ്പിക്കുന്ന ആരാധനയാണ്. ലോകത്തിന്റെ ദൃഷ്ടിയിൽ അവഗണിക്കപ്പെട്ടവരിൽ ക്രിസ്തുവിന്റെ തേജസ്സ് ദർശിക്കാനും അവരെ സ്നേഹപൂർവ്വം ചേർത്തുപിടിക്കാനും ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നു. ഈ സ്നേഹത്തിന്റെ വിപ്ലവത്തിലൂടെ മാത്രമേ ലോകത്തിൽ ദൈവരാജ്യം സ്ഥാപിക്കാൻ കഴിയൂ എന്ന് ലിയോ പതിനാലാമൻ പാപ്പായുടെ ഈ അപ്പസ്തോലിക പ്രബോധനം നമ്മെ ഓർമ്മിപ്പിക്കുന്നു.
വിശുദ്ധിയുടെ യഥാർത്ഥ പാത എന്നത് വേദനിക്കുന്ന മനുഷ്യരിലൂടെ ദൈവത്തെ കണ്ടുമുട്ടുന്നതാണ്. ഈ വിശുദ്ധർ എല്ലാവരും തങ്ങളുടെ ജീവിതത്തിലൂടെ കാണിച്ചുതന്നത് സ്നേഹത്തിന് അതിരുകളില്ല എന്നാണ്. തങ്ങളുടെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച്, അന്ധകാരത്തിന്റെ കോണുകളിലേക്ക് ക്രിസ്തുവിന്റെ പ്രകാശം കൊണ്ടുപോയി. ഓരോ വ്യക്തിയുടെയും അന്തസ്സിനെ ഉയർത്തിപ്പിടിക്കുന്നതിലൂടെ അവർ സുവിശേഷത്തിന്റെ സത്ത ജീവിച്ചു കാണിച്ചു. ക്രിസ്തുവിന്റെ സ്നേഹം എന്നത് കേവലം വാക്കുകളല്ല, മറിച്ച് അത് പ്രവൃത്തിയിലൂടെ വെളിപ്പെടേണ്ട ഒന്നാണ്.
ദരിദ്രരെ ശുശ്രൂഷിക്കുമ്പോൾ നാം വാസ്തവത്തിൽ നമ്മുടെ തന്നെ ആത്മാവിന്റെ ശുദ്ധീകരണമാണ് നടത്തുന്നത്. ഈ ആധുനിക ലോകത്ത്, പാർശ്വവൽക്കരിക്കപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നത് ഓരോ ക്രൈസ്തവന്റെയും ഉത്തരവാദിത്തമാണ്. ഇത്തരത്തിൽ എളിയവരിൽ ക്രിസ്തുവിനെ തിരിച്ചറിയുന്ന ഒരു സഭയായി മാറാൻ 'ദിലക്സി തേ' എന്ന പ്രബോധനം നമ്മോട് ആവശ്യപ്പെടുന്നു. ഓരോ വിശ്വാസിയും തന്റെ ജീവിത ചുറ്റുപാടുകളിൽ ഒരു മാലാഖയാകാൻ, ഒരു മദർ തെരേസയാകാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: