തിരയുക

ലിയോ പതിനാലാമൻ പാപ്പാ സമൂഹത്തിൽ ദരിദ്രരായ ആളുകൾക്കൊപ്പം ഭക്ഷണം കഴിക്കുന്നു. ലിയോ പതിനാലാമൻ പാപ്പാ സമൂഹത്തിൽ ദരിദ്രരായ ആളുകൾക്കൊപ്പം ഭക്ഷണം കഴിക്കുന്നു.   (@Vatican Media)

ജനകീയ മുന്നേറ്റങ്ങളും സഭയുടെ സാമൂഹിക ദർശനവും: "ദിലെക്സി തെ" വിശകലനം

ലിയോ പതിനാലാമൻ പാപ്പായുടെ "ദിലെക്സി തെ" (Dilexi te) എന്ന ആദ്യ അപ്പസ്തോലിക പ്രബോധനത്തിന്റെ എൺപതു മുതൽ എൺപത്തിയൊൻപതു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഭയുടെ ചരിത്രപരമായ യാത്രയിൽ ദരിദ്രരോടുള്ള കരുതൽ എന്നത് കേവലം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് നീതിക്കും അന്തസ്സിനും വേണ്ടിയുള്ള നിരന്തരമായ പോരാട്ടമാണ്.

ക്രൈസ്തവ ചരിത്രത്തിൽ, ദരിദ്രരെ സഹായിക്കുന്നതും അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നതും വ്യക്തികളോ കുടുംബങ്ങളോ സന്യസ്ത സമൂഹങ്ങളോ മാത്രം ചെയ്യേണ്ടുന്ന ഒരു കാര്യമല്ല. മറിച്ച്,  അൽമായരുടെ നേതൃത്വത്തിൽ രൂപപ്പെട്ട ശക്തമായ ജനകീയ മുന്നേറ്റങ്ങൾ ഇത്തരം സേവനങ്ങൾക്ക് എപ്പോഴും മുൻപന്തിയിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം. പലപ്പോഴും പലരാലും സംശയിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ചരിത്രമാണ് ഇത്തരം മുന്നേറ്റങ്ങൾക്കുള്ളത്. ഇവ കേവലം വ്യക്തികളുടെ ഒരു കൂട്ടമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. ദരിദ്രരും ദുർബലരും ഒരിക്കലും പിന്നിലാക്കപ്പെടരുത് എന്ന ദൃഢനിശ്ചയമാണ് ഇവരുടെ ഊർജ്ജം.

ഈ മുന്നേറ്റങ്ങളുടെ,  മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് എല്ലാവരെയും ഒരുമിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട്. അവർ തകർന്നടിഞ്ഞ യൗവനത്തെയോ വേദനിക്കുന്നവരെയോ കണ്ട് മുഖം തിരിക്കുന്നില്ല, മറിച്ച് അവരെ ചേർത്ത് നിർത്തിക്കൊണ്ട്, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൂട്ടിക്കൊണ്ടു വരിക എന്നതാണ് ഇത്തരം പ്രസ്ഥാനങ്ങളുടെ ലക്‌ഷ്യം. ഐക്യദാർഢ്യം  എന്നത് അവർക്ക് കേവലം ഒരു പദമല്ല, മറിച്ച് ദാരിദ്ര്യത്തിന്റെ ഘടനാപരമായ കാരണങ്ങൾക്കെതിരെ പോരാടാനുള്ള വഴിയാണ്. അസമത്വം, തൊഴിലില്ലായ്മ, ഭൂമിയില്ലായ്മ, വീടില്ലായ്മ, സാമൂഹിക അവകാശങ്ങളുടെ നിഷേധം എന്നിവയ്‌ക്കെതിരായ പോരാട്ടമാണത്. പണത്തിന്റെ സാമ്രാജ്യം സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെ അവർ നേരിടുന്നു.

ഐക്യദാർഢ്യം എന്നത് ചരിത്രം നിർമ്മിക്കാനുള്ള ഒരു രീതിയാണ്. ഭരണകൂടങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും ദരിദ്രർക്കായി പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ, അവരെ കൂടി അതിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. ദരിദ്രർക്ക് വേണ്ടി എന്നതിലുപരി ദരിദ്രരോടൊപ്പം ചേർന്ന് പദ്ധതികൾ നടപ്പിലാക്കണം. ദരിദ്രരെ മാറ്റിനിർത്തുന്ന ജനാധിപത്യം ഒരു നിഴൽ മാത്രമായി മാറും. അത് വെറും ഔദ്യോഗിക ചടങ്ങായി മാറുകയും ജനങ്ങളുടെ ദൈനംദിന പോരാട്ടങ്ങളിൽ നിന്ന് അകന്നുപോവുകയും ചെയ്യും. ഈ മുന്നറിയിപ്പ് രാഷ്ട്രീയാധികാരികൾക്ക് മാത്രമല്ല, സഭയിലെ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും പപ്പാ ഓർമ്മിപ്പിക്കുന്നു.

കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൾ സാങ്കേതികവും സാമൂഹികവുമായ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഈ മാറ്റങ്ങളെ ദരിദ്രർ നിഷ്ക്രിയമായി സ്വീകരിക്കുകയല്ല ചെയ്തത്. തൊഴിലാളി പ്രസ്ഥാനങ്ങൾ, സ്ത്രീകളുടെ അവകാശ പോരാട്ടങ്ങൾ, യുവാക്കളുടെ മുന്നേറ്റങ്ങൾ, വംശീയ വിവേചനത്തിനെതിരായ യുദ്ധങ്ങൾ എന്നിവയിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവർ തങ്ങളുടെ അന്തസ്സിനെക്കുറിച്ച് ബോധവാന്മാരായി.

സഭയുടെ സാമൂഹിക പ്രബോധനങ്ങൾ  ഈ ജനകീയ വേരുകളിൽ നിന്നാണ് വളർന്നത്. ലൗകിക സാഹചര്യങ്ങളിൽ, മനുഷ്യന്റെ ദൈനംദിന സാഹചര്യങ്ങളോട്  ഇടപെടുന്ന അൽമായരുടെ പങ്കില്ലാതെ സഭയുടെ ഈ പ്രബോധനങ്ങൾ സങ്കൽപ്പിക്കാനാവില്ല. 1891-ൽ ലിയോ പതിമൂന്നാമൻ പാപ്പാ  പുറപ്പെടുവിച്ച 'റേരും  നോവാരും' (Rerum Novarum) എന്ന ചാക്രികലേഖനം ഇതിന്റെ തുടക്കമായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ കാലത്ത് തൊഴിലാളികൾ അനുഭവിച്ച ക്രൂരമായ നീതിനിഷേധങ്ങളെ അദ്ദേഹം ശക്തമായ വാക്കുകളിലൂടെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടി. ഒരു നീതിപൂർണ്ണമായ സാമൂഹിക ക്രമം കെട്ടിപ്പടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പിന്നീട് 1961-ൽ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ  'മാത്തർ ഏത് മജിസ്‌ത്ര'യിലൂടെ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കാൻ സമ്പന്ന രാജ്യങ്ങൾക്ക് ധാർമ്മികമായ കടമയുണ്ടെന്ന് പ്രഖ്യാപിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിൽ: ദരിദ്രരുടെ സഭ

സഭയുടെ ചരിത്രത്തിൽ, ദരിദ്രരോടുള്ള മനോഭാവത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയത് രണ്ടാം വത്തിക്കാൻ കൗൺസിലാണ്. സഭ എല്ലാവരുടേതുമാണ്, എങ്കിലും അത് പ്രധാനമായും 'ദരിദ്രരുടെ സഭ'യാകാൻ ആഗ്രഹിക്കുന്നു എന്ന് ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ പ്രഖ്യാപിച്ചു. ഇതൊരു സാമൂഹിക പ്രശ്നം മാത്രമല്ല, മറിച്ച് ഒരു ക്രിസ്തുശാസ്ത്രപരമായ വിഷയമാണ്.

കർദ്ദിനാൾ ലെർക്കാരോ കൗൺസിലിൽ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. "ക്രിസ്തുവിന്റെ രഹസ്യം എല്ലായ്പ്പോഴും സഭയിലുണ്ട്, എന്നാൽ ഇന്ന് അത് ദരിദ്രരിലെ ക്രിസ്തുവിന്റെ രഹസ്യമാണ്" എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദാരിദ്ര്യം എന്നത് കൗൺസിലിലെ ഒരു വിഷയം മാത്രമല്ല, മറിച്ച് കൗൺസിലിന്റെ ഏക വിഷയം തന്നെയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. സഭ കൂടുതൽ ലളിതവും ദരിദ്രരുടെ പക്ഷം ചേരുന്നതുമായി മാറേണ്ടതുണ്ടെന്ന ബോധ്യം അവിടെ ഉറപ്പിക്കപ്പെട്ടു.

വിശുദ്ധ പോൾ ആറാമൻ പാപ്പാ  ഈ ചിന്താഗതിയെ കൂടുതൽ ഉയരങ്ങളിലെത്തിച്ചു. ദരിദ്രർ ക്രിസ്തുവിന്റെ പ്രതിനിധികളാണെന്ന് അദ്ദേഹം പഠിപ്പിച്ചു. പാപ്പായുടെ അധികാരം വ്യക്തിപരമാണെങ്കിൽ, ദരിദ്രനിലെ ക്രിസ്തുസാന്നിധ്യം സാർവത്രികമാണെന്ന് അദ്ദേഹം പറഞ്ഞു. പത്രോസും ദരിദ്രനും ഒരേ വ്യക്തിയിൽ സമന്വയിക്കുന്നു എന്ന  അദ്ദേഹത്തിന്റെ പ്രസ്താവന, സഭയും ദരിദ്രരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു.

കൗൺസിലിന്റെ അജപാലന  രേഖയായ 'ഗൗദിയം ഏത് സ്പെസ്' (Gaudium et Spes) ഭൂമിയുടെ വിഭവങ്ങളുടെ വിതരണത്തെക്കുറിച്ച് വിപ്ലവകരമായ നിലപാടാണ് സ്വീകരിച്ചത്. ഭൂമിയും അതിലുള്ളവയും എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. അതിനാൽ, വിഭവങ്ങൾ നീതിപൂർവ്വം എല്ലാവരിലും എത്തണം. ഒരാൾക്ക് നിയമപരമായി സ്വത്തുക്കൾ കൈവശം വെക്കാമെങ്കിലും, അത് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണമെന്നു രേഖ എടുത്തു പറയുന്നു.

ഏറ്റവും വലിയ ദാരിദ്ര്യം അനുഭവിക്കുന്ന ഒരാൾക്ക് മറ്റുള്ളവരുടെ സമ്പത്തിൽ നിന്ന് തന്റെ ആവശ്യം നിറവേറ്റാൻ അവകാശമുണ്ടെന്ന കത്തോലിക്കാ സഭയുടെ പരമ്പരാഗത ബോധ്യം കൗൺസിൽ ഊന്നിപ്പറഞ്ഞു. സ്വകാര്യ സ്വത്തിന് ഒരു സാമൂഹിക ധർമ്മമുണ്ട്. തന്റെ ആവശ്യത്തിന് അധികമുള്ളത് മറ്റുള്ളവർക്ക് നൽകാൻ എല്ലാവരും കടപ്പെട്ടിരിക്കുന്നു. പോൾ ആറാമൻ പാപ്പ 'പോപ്പുലോരും പ്രോഗ്രസ്സിയോ'യിലൂടെ ഈ ആശയം കൂടുതൽ വ്യക്തമാക്കുകയും അന്താരാഷ്ട്ര തലത്തിൽ ഐക്യദാർഢ്യം ആവശ്യപ്പെടുകയും ചെയ്തു.

വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും, ബെനഡിക്ട് പതിനാറാമന്റെയും സംഭാവനകൾ

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കാലത്ത് ദരിദ്രരോടുള്ള സഭയുടെ 'പ്രത്യേക താല്പര്യം'  കൂടുതൽ ദൃഢമായി. ഇത് വെറും സഹായമല്ല, മറിച്ച് ക്രൈസ്തവ സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപമായി അദ്ദേഹം എടുത്തുകാണിച്ചു. 'സോളിസിറ്റൂദോ റെയ് സോച്ചാലിസ്' എന്ന ചാക്രികലേഖനത്തിൽ, ലോകത്തിലെ കോടിക്കണക്കിന് വരുന്ന ദരിദ്രരെ കാണാതിരിക്കുന്നത് ലൂക്കായുടെ സുവിശേഷത്തിലെ 'ധനികനെയും ലാസറിനെയും' കുറിച്ചുള്ള ഉപമയിലെ ധനികനെപ്പോലെയാകലാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

മറ്റൊരു പ്രധാനപ്പെട്ട കാര്യം 'തൊഴിൽ' എന്ന വിഷയത്തിന് അദ്ദേഹം നൽകിയ പ്രാധാന്യമാണ്. സാമൂഹിക പ്രശ്നങ്ങളുടെ താക്കോൽ തൊഴിലാണെന്ന് അദ്ദേഹം 'ലാബോറെം എക്സെർസെൻസ്' എന്ന രേഖയിൽ പറഞ്ഞു. ദരിദ്രരെ കേവലം സഹായം സ്വീകരിക്കുന്നവരായി കാണാതെ, അവരെ സമൂഹത്തിന്റെ പുനർനിർമ്മാണത്തിൽ സജീവ പങ്കാളികളാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

ബെനഡിക്ട് പതിനാറാമൻ പാപ്പാ ദാരിദ്ര്യത്തെ രാഷ്ട്രീയവും ഭരണപരവുമായ കണ്ണിലൂടെ വിശകലനം ചെയ്തു. 'കാരിത്താസ് ഇൻ വെരിത്താത്തേ' എന്ന ചാക്രികലേഖനത്തിൽ, ലോകത്തിലെ വിശപ്പ് എന്നത് ഭക്ഷണത്തിന്റെ കുറവല്ല, മറിച്ച് അത് വിതരണം ചെയ്യാനുള്ള കൃത്യമായ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയും രാഷ്ട്രീയമായ നിരുത്തരവാദിത്തവും ദാരിദ്ര്യം വർദ്ധിപ്പിക്കുന്നുവെന്നത് അദ്ദേഹം എടുത്തു കാണിച്ചു.

ലാറ്റിൻ അമേരിക്കയിൽ  സഭയുടെ ഇടപെടലുകൾ

ഈ പ്രബോധനത്തിൽ ലാറ്റിൻ അമേരിക്കൻ സഭയുടെ അനുഭവങ്ങൾ പാപ്പാ എടുത്തു പറയുന്നുണ്ട്. അമേരിക്കൻ  ഭൂഖണ്ഡത്തിലെ സഭ ദരിദ്രരുടെ വിമോചനത്തിനായി നേരിട്ട് പോരാടിയ ചരിത്രമാണുള്ളത്. വിശുദ്ധ ഓസ്കാർ റൊമേറോയുടെ ജീവിതവും രക്തസാക്ഷിത്വവും ഇതിന്റെ വലിയ തെളിവാണ്. സാധാരണ ജനങ്ങളുടെ വേദനകൾ സ്വന്തം വേദനയായി ഏറ്റെടുത്ത അദ്ദേഹം എപ്പോഴും ദരിദ്രരുടെ പക്ഷം ചേർന്ന ഒരു വ്യക്തിയാണ്.. ലോകത്തെയും യാഥാർത്ഥ്യത്തെയും പാർശ്വങ്ങളിൽ നിന്ന് നോക്കുമ്പോഴാണ് അവയെ കൂടുതൽ വ്യക്തമായി കാണാൻ കഴിയുക എന്ന് ലിയോ പതിനാലാമൻ പാപ്പാ  പഠിപ്പിക്കുന്നു. ഫ്രാൻസിസ് പാപ്പായുടെ ദർശനങ്ങളും, പാപ്പാ പ്രബോധനത്തിൽ അടിവരയിട്ടു പറയുന്നു.

ദിലെക്സി തെ എന്ന അപ്പസ്തോലിക പ്രബോധനം നമുക്ക് നൽകുന്ന വലിയ സന്ദേശം, ദരിദ്രരോടുള്ള സഭയുടെ കടപ്പാട് എന്നത് ചരിത്രപരമായ ഒരു തുടർച്ചയാണ് എന്നതാണ്. അത് ലിയോ പതിമൂന്നാമനിൽ തുടങ്ങി ലിയോ  പതിനാലാമൻ പാപ്പയിലൂടെ ഇന്നും തുടർന്നുപോരുന്നു. ജനകീയ മുന്നേറ്റങ്ങളെ അംഗീകരിക്കുക, അവരെ ഭരണപ്രക്രിയയിൽ പങ്കാളികളാക്കുക, വിഭവങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക തുടങ്ങിയവ നീതിപൂർണ്ണമായ ഒരു ലോകത്തിന്റെ അടയാളങ്ങളാണെന്ന് ഈ പ്രബോധനം ചൂണ്ടിക്കാണിക്കുന്നു.

സഭയുടെ ദൗത്യം കേവലം ആരാധനാലയങ്ങൾക്കുള്ളിൽ ഒതുങ്ങുന്നതല്ല, മറിച്ച് തെരുവുകളിലും തൊഴിലിടങ്ങളിലും ദരിദ്രരുടെ പോരാട്ടങ്ങളിലും കൂടെയുണ്ടാവുക എന്നതാണ്. ദരിദ്രർ ചരിത്രത്തിന്റെ വസ്തുക്കളല്ല , മറിച്ച് ചരിത്രം നിർമ്മിക്കുന്ന കർത്താക്കളാണ് . അവരുടെ ശബ്ദം കേൾക്കുമ്പോഴാണ് ജനാധിപത്യവും സഭയും യഥാർത്ഥത്തിൽ അർത്ഥവത്താകുന്നത് എന്നീ ആശയങ്ങളും, പ്രബോധനത്തിന്റെ മേൽപ്പറഞ്ഞ വാക്കുകളിൽ പ്രതിധ്വനിക്കുന്നു. 

മുന്നോട്ടുള്ള പാതയിൽ, ബൈബിൾ തത്വങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും തമ്മിലുള്ള നിരന്തരമായ സംവാദം ആവശ്യമാണ്. ഓരോ ക്രൈസ്തവനും തന്റെ ചുറ്റുമുള്ള ദരിദ്രനിൽ ക്രിസ്തുവിനെ കാണാനും അവരോടൊപ്പം ചേർന്ന് ലോകത്തെ മാറ്റിമറിക്കാനും വിളിക്കപ്പെട്ടിരിക്കുന്നു. "ദരിദ്രരുടെ സഭ" എന്ന സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭരണകൂടങ്ങളും സഭയും ജനകീയ മുന്നേറ്റങ്ങളും കൈകോർത്ത് പ്രവർത്തിക്കേണ്ടതുണ്ട്. മാറ്റത്തിന്റെ ഈ യുഗത്തിൽ, ദരിദ്രരിൽ നിന്ന് ലഭിക്കുന്ന ജ്ഞാനമാണ് സഭയെയും മാനവികതയെയും പുതിയ പ്രകാശത്തിലേക്ക് നയിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഏപ്രിൽ 2026, 13:06