സുഭാഷിതങ്ങൾ 19 സുഭാഷിതങ്ങൾ 19 

മാതൃകാപരമായ ജീവിതത്തിലുണ്ടാകേണ്ട ദൈവിക, മാനുഷികമൂല്യങ്ങൾ

വചനവീഥി: സുഭാഷിതങ്ങൾ പത്തൊൻപതാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കുടുംബജീവിതമുൾപ്പെടെ വിവിധ തുറകളിലുള്ള ജീവിതവഴികളിൽ സ്വരുക്കൂട്ടേണ്ട മൂല്യങ്ങളും കൈവിട്ടുപോകരുതാത്ത വിവേകവും സത്യസന്ധതയും ഉൾപ്പെടെ ഏവരിലും ഉണ്ടായിരിക്കേണ്ടതും, ജീവിതത്തെ ഭംഗിയുള്ളതും വിജയപൂർണ്ണവുമാക്കുന്ന ചില ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമാണ്, മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും സ്വരത്തിലും ശൈലിയിലും സോളമൻ സുഭാഷിതങ്ങളുടെ പുസ്തകത്തിൽ, പ്രത്യേകിച്ച് പത്ത് മുതൽ ഇരുപത്തിരണ്ട് വരെയുള്ള അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാം ഭാഗത്ത് നൽകുന്നതെന്ന് നമുക്കറിയാം. സ്വന്തം ജീവിതത്തിന് മാത്രമല്ല, കൂടെയുള്ളവരുടെയും കുടുംബത്തിന്റെയും വളർച്ചയ്ക്കും അതിജീവനത്തിനും, സത്യസന്ധതയും വിവേകവും ആത്മാർത്ഥതയും ചേർന്ന വാക്കുകളും പ്രവൃത്തികളും എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന ഒരു ചിന്ത പത്തൊൻപതാം അദ്ധ്യായവും മുന്നോട്ടു വയ്ക്കുന്നുണ്ട്. കള്ളത്തരങ്ങളും പൊള്ളയായ വാക്കുകളും അനീതിയും ദുഷ്ടതയും ശിക്ഷിക്കപ്പെടാതിരിക്കില്ലെന്ന മുന്നറിയിപ്പും ഈ അദ്ധ്യായം നൽകുന്നുണ്ട്. വ്യക്തിഗത, കുടുംബ, സാമൂഹിക, ബന്ധങ്ങളിൽ ഉണ്ടാകേണ്ടതും, നാമൊക്കെ പ്രയോഗികമാക്കേണ്ടതുമായ ചില മൂല്യങ്ങൾകൂടിയാണ് സോളമൻ ഇവിടെ നിരത്തുന്നത്.

ഉത്കൃഷ്ടഹമായ മൂല്യങ്ങൾ സ്വന്തമാക്കുക

സത്യസന്ധത, വിജ്ഞാനം, വിവേകം, പങ്കുവയ്ക്കപ്പെടുന്ന സമ്പത്ത്, ഉദാരമനസ്കത, സദ്ബുദ്ധി, ദയ, ദൈവഭക്തി, പരസ്പരബഹുമാനം നീതി, ന്യായം തുടങ്ങി, മൂല്യമുള്ള ജീവിതത്തിലേക്ക് വേണ്ട അർത്ഥപൂർണ്ണങ്ങളായ ഗുണഗണങ്ങളാണ് സോളമൻ ഈ അദ്ധ്യായത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

ഒരുവൻ ദരിദ്രനാണെങ്കിലും സത്യസന്ധതയോടെ ജീവിക്കുന്നെങ്കിൽ, ദുർഭാഷണം ചെയ്യുന്ന ഭോഷനെക്കാൾ ശ്രേഷ്ഠനാണെന്ന് (1) പറഞ്ഞുകൊണ്ട് ഈ അദ്ധ്യായം ആരംഭിക്കുന്ന സോളമൻ, കള്ളസാക്ഷി ശിക്ഷിക്കപ്പെടുമെന്നും, കള്ളം പറയുന്നവൻ രക്ഷപെടില്ലെന്നും (5) അഞ്ചാം വാക്യത്തിലും, കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കില്ലെന്നും, വ്യാജം പറയുന്നവൻ നശിക്കുമെന്നും (9) ഒൻപതാം വാക്യത്തിലും മുന്നറിയിപ്പ് നൽകുന്നുണ്ട്. നാം സത്യസന്ധതയാണ് എല്ലാവരിലും നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അനുസ്മരിക്കുന്ന സോളമൻ, നുണയനെക്കാൾ മെച്ചപ്പെട്ടത് ദരിദ്രനാണെന്ന് എഴുതുന്നു (22).  വിലകെട്ട കള്ളസാക്ഷി നീതിയെ നിന്ദിക്കുന്നുവെന്നും, ദുഷ്ടന്റെ വായ് അന്യായത്തെ വിഴുങ്ങുന്നുവെന്നും അദ്ധ്യായത്തിന്റെ അവസാനഭാഗത്ത് (28) സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്.

വിജ്ഞാനമില്ലാത്ത പ്രവൃത്തികൾ, അവ എത്ര ഉത്സാഹപൂർവ്വമാണ് ചെയ്യുന്നതെങ്കിലും ശ്രേയസ്കരമല്ലെന്നും, വേണ്ടത്ര ചിന്തയില്ലാതെ തിടുക്കത്തോടെയുള്ള പ്രവർത്തനങ്ങൾ തെറ്റിലേക്ക് നയിച്ചേക്കാമെന്നും സോളമൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. നാശത്തിലേക്ക് നയിക്കുന്ന അവിവേകപൂർവ്വമായ സ്വന്തം പ്രവർത്തികളുടെ ഉത്തരവാദിത്വം കർത്താവിൽ ഏൽപ്പിക്കുന്നതിലെ മൂഢതയും (3) വചനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ജ്ഞാനം തേടുന്നതും, വിവേകം കാത്തുസൂക്ഷിക്കുന്നതും, അവനവനോടുള്ള സ്നേഹത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ഭാഗമാണെന്നും, അത് ഐശ്വര്യം കൊണ്ടുവരുമെന്നും (8) സോളമൻ ഉദ്ബോധിപ്പിക്കുന്നു.

വിവേകവും വിജ്ഞാനവും സദുപദേശങ്ങളും മക്കൾക്ക് നൽകാനുള്ള കടമയും സുഭാഷിതം ഓർമ്മിപ്പിക്കുന്നുണ്ട്. നന്നാകുമെന്ന് പ്രതീക്ഷയുള്ളപ്പോൾ, കൃത്യമായ സമയത്ത് മകനെ ശിക്ഷിക്കാൻ ആവശ്യപ്പെടുന്ന സോളമൻ, മക്കൾ നശിച്ചുപോയ്ക്കൊള്ളട്ടെയെന്ന് കരുതി അവരെ ഉപേക്ഷിക്കരുതെന്നും ഉപദേശിക്കുന്നുണ്ട് (18). ഉപദേശങ്ങൾ ശ്രവിക്കുന്നതും, പ്രബോധനങ്ങൾ അംഗീകരിക്കുന്നതും ജ്ഞാനസമ്പാദനത്തിനുള്ള മാർഗ്ഗമാണെന്ന് അവൻ എഴുതുന്നു (20).

ധനസമ്പാദനത്തിന് പോലും ജ്ഞാനവും വിവേകവും ആവശ്യമുണ്ടെന്ന് (10). മറ്റുള്ളവരുടെ തെറ്റായ പ്രവർത്തനങ്ങൾക്ക് അവർ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് ഒരു മുന്നറിയിപ്പായി കരുതണമെന്ന്, പരിഹാസകൻ അടിയേറ്റുവാങ്ങുന്നത് കാണുന്ന അൽപ്പബുദ്ധികൾ വിവേകം പഠിക്കുമെന്നും, ബുദ്ധിയുള്ളവർ ശാസനം കൊണ്ടുതന്നെ വിജ്ഞാനം നേടുമെന്നുമുള്ള (25) വാക്കുകളിലൂടെ സോളമൻ ഓർമ്മിപ്പിക്കുന്നു. ഈയൊരു ചിന്ത കൂടുതൽ ആഴപ്പെടുത്തുന്നതിന് വേണ്ടി, വിജ്ഞാനത്തിന്റെ വചനത്തിൽനിന്ന്, മാർഗ്ഗത്തിൽനിന്ന് മാറി നടക്കാനുള്ള തെറ്റായ തീരുമാനം എടുക്കുന്നെങ്കിലേ പ്രബോധനം ശ്രദ്ധിക്കാതിരിക്കാവൂ (27) എന്നും അവൻ എഴുതുന്നു. പരിഹാസവും ഭോഷത്തവും, ശിക്ഷാവിധിയും പ്രഹരവുമാണ് സമ്മാനിക്കുകയെന്നും (29) സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്.

സമ്പത്തും ഉദാരമനസ്കതയും, ദയയുമൊക്കെ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നതിനെക്കുറിച്ചുള്ളതാണ് ഈ അദ്ധ്യായത്തിൽ സോളമൻ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ചിന്ത. പുതിയ സ്നേഹിതരെ നേടാൻ, ആളുകൾ ചുറ്റും കൂടാൻ സമ്പത്ത് സഹായിക്കുമ്പോൾ, ദാരിദ്ര്യം നമ്മിൽനിന്ന് മറ്റുള്ളവരെ അകറ്റുമെന്ന, അനുദിനജീവിതസാഹചര്യങ്ങളിൽ, നമ്മുടെയൊക്കെ സമൂഹങ്ങളിൽ, എന്തിന്, കുടുംബങ്ങളിൽപ്പോലും കാണാൻ കഴിയുന്ന ഒരു സത്യമാണ് (4) നാലാം വാക്യത്തിൽ അവൻ എഴുതിവയ്ക്കുന്നത്. ഉദാരമനസ്കന്റെ പ്രീതി നേടാനും, അവനിൽനിന്ന് എന്തെങ്കിലുമൊക്കെ ലഭിക്കാനുമാണ് ആളുകൾ ചുറ്റും കൂടുന്നത്. മറ്റുള്ളവർക്ക് നൽകാൻ, പങ്കുവയ്ക്കാൻ തയ്യാറാകുമ്പോൾ, എല്ലാവരും സൗഹൃദത്തോടെ കൂടെയുണ്ടായേക്കാം (6). എന്നാൽ സ്നേഹിതരെന്നല്ല, സഹോദരർ പോലും ദരിദ്രരെ വെറുക്കുന്നുവെന്ന്, അവർ എത്ര ആത്മാർത്ഥമായി പരിശ്രമിച്ചാലും താങ്ങായി കൂടെ നിൽക്കാൻ ആളുണ്ടാകില്ലെന്ന (7), അത്ര ആശാവഹമല്ലാത്ത, എന്നാൽ ജീവിതാനുഭവങ്ങളോട് ചേർന്നുനിൽക്കുന്ന സാമാന്യതത്വം കൂടി സോളമൻ ഇവിടെ അനുസ്മരിപ്പിക്കുന്നുണ്ട്. അലസത ജീവിക്കുന്ന മടിയനെ കാത്തിരിക്കുന്നത് പട്ടിണിയാണെന്ന് (19) സുഭാഷിതം മുന്നറിയിപ്പ് നൽകുന്നുണ്ട്. അലസന്റെ മടിയെ കൂടുതൽ വിശദീകരിക്കുന്ന സോളമൻ, അവൻ കൈ പാത്രത്തിൽ അമഴ്ത്തി വയ്ക്കുന്നുവെന്നും, ഭക്ഷണം സ്വന്തം വായിലേക്ക് കൊണ്ടുചെല്ലാൻ പോലും മടി കാണിക്കുന്നുവെന്നും (23) ആലങ്കാരികമായി പറയുന്നുണ്ട്.  മറുഭാഗത്ത്, ദരിദ്രരോട് ദയ കാണിക്കുന്നവർ കർത്താവിനാണ് കടം കൊടുക്കുന്നതെന്ന, ആ കടം കർത്താവ് വീട്ടുമെന്ന (17), പ്രതിഫലം നൽകുമെന്ന ഉദ്ബോധനവും സോളമൻ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ദൈവഭക്തി, പരസ്പരബഹുമാനം, നീതി, സദ്ബുദ്ധി, ശാന്തത തുടങ്ങി, കുടുംബ, സമൂഹജീവിതങ്ങളിലുണ്ടാകേണ്ട മറ്റു ചില പ്രധാനപ്പെട്ട മൂല്യങ്ങളും ഈ അദ്ധ്യായം പരാമർശിക്കുന്നുണ്ട്. സ്വന്തം കുറ്റങ്ങൾക്കും കുറവുകൾക്കും ദൈവത്തെ പഴിക്കുന്നതിലെ അപഹാസ്യത (3) മൂന്നാം വാക്യത്തിൽ സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്. പെട്ടെന്നുള്ള കോപപൂർണ്ണമായ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിനും, തെറ്റുകൾ പൊറുക്കുന്നതിനും വേണ്ട സദ്ബുദ്ധിയുടെ (11) ആവശ്യവും ഇവിടെ എടുത്തുപറയപ്പെടുന്നു. രാജാവിന്റെ, അധികാരികളുടെ കോപം നേടാതിരിക്കാനും, ഏവരുടെയും പ്രീതിയിൽ ജീവിക്കാനും (12) സോളമൻ ഉപദേശിക്കുന്നു. പിതാവിനെ, കുടുംബത്തെ നശിപ്പിക്കുന്ന മക്കളുടെ ഭോഷത്തവും, ഭാര്യയുടെ കലഹവും അനുസ്മരിപ്പിക്കുന്ന സോളമൻ, മറുഭാഗത്ത്, മാതാപിതാക്കളിൽനിന്ന് അവകാശമായി ലൗകികസമ്പത്ത് ലഭിക്കുന്നതുപോലെയല്ല, കർത്താവിൽനിന്ന് ദാനമായാണ് വിവേകവതിയായ ഭാര്യയെ ലഭിക്കുകയെന്ന് പ്രസ്താവിക്കുന്നു (13-14). അനാവശ്യപരവും കഠിനവുമായ കോപം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം ഓർമ്മിപ്പിക്കുന്ന സുഭാഷിതം, ക്ഷിപ്രകോപം ആവർത്തിക്കപ്പെടുന്ന ഒരു തിന്മയാണെന്ന്, അങ്ങനെ പ്രവർത്തിക്കാൻ നോക്കുന്നവരെ രക്ഷിക്കാൻ നോക്കുന്നത് എളുപ്പമല്ലെന്ന്, എഴുതിവയ്ക്കുന്നുണ്ട് (19). ദൈവവിശ്വാസത്തിന്റെ കൂടി അടിസ്ഥാനത്തിൽ, മനുഷ്യന്റെ ആലോചനകളെക്കാൾ ദൈവത്തിന്റെ തീരുമാനമനുസരിച്ചായിരിക്കും കാര്യങ്ങൾ നടപ്പിൽ വരികയെന്ന് (21), ദൈവഭക്തി ജീവനിലേക്കു നയിക്കുന്നുവെന്നും, ഭക്തൻ സംതൃപ്തനായി കഴിയുമെന്നും (23) സോളമൻ പറഞ്ഞുതരുന്നുണ്ട്. ദൈവത്തോടെന്നപോലെ മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ ഉണ്ടാകേണ്ട, ബഹുമാനവും അനുസരണവും സ്നേഹവും ഓർമ്മിപ്പിച്ചുകൊണ്ട്, പിതാവിനോട് അതിക്രമം കാട്ടുകയും അമ്മയെ ആട്ടിയോടിക്കുകയും ചെയ്യുന്ന മകൻ അപമാനവും അധിക്ഷേപവും വരുത്തിവയ്ക്കുന്നുവെന്നും (26) സോളമൻ കൂട്ടിച്ചേർക്കുന്നുണ്ട്.

ഉപസംഹാരം

വ്യക്തിബന്ധങ്ങളിലും കുടുംബ, സമൂഹ ജീവിതങ്ങളിലും ഉണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സത്യസന്ധതയും സദ്ബുദ്ധിയും പരസ്പരബഹുമാനവും വിവേവകവും ദൈവഭക്തിയും ആത്മാർത്ഥസ്നേഹവും പോലെയുള്ള ഏറെ പ്രധാനപ്പെട്ട മൂല്യങ്ങളെക്കുറിച്ച് സോളമൻ നൽകുന്ന സൂക്തങ്ങളുടെ തുടർച്ചയായ പത്തൊൻപതാം അദ്ധ്യായത്തെകുറിച്ചുള്ള ഈ ചെറിയ വിചിന്തനം ചുരുക്കുമ്പോൾ, നമ്മുടെ വ്യക്തിജീവിതങ്ങളെ വചനത്തിന്റെ വെളിച്ചത്തിൽ ഒരു പരിശോധനയ്ക്കും വിലയിരുത്തലിനും വിധേയമാക്കാം. ദൈവവിശ്വാസത്തിനും, ശുദ്ധമായ മനഃസാക്ഷിയുടെ സ്വരമനുസരിച്ചുള്ള ജീവിതത്തിനും ഉള്ള പ്രാധാന്യത്തിനും അപ്പുറം, നമ്മുടെയൊക്കെ വാക്കുകളും പ്രവൃത്തികളും, സ്വീകാര്യതയും അവഗണനകളും, തെറ്റുകളും ശരികളും, വിവേകവും ഭോഷത്തവും, നന്മയും തിന്മയും ഒക്കെ മറ്റുള്ളവരുടെയും പൊതുസമൂഹത്തിന്റെയും ജീവിതത്തെക്കൂടി ബാധിക്കുന്നതാണെന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ട് കൂടുതൽ ഉത്തരവാദിത്വബോധത്തോടെ ജീവിക്കാം. ദൈവത്തിനും മനുഷ്യർക്കും മുന്നിൽ മൂല്യമുള്ളവയായി, മാതൃകാപരമായി നമ്മുടെ ജീവിതങ്ങളും എണ്ണപ്പെടട്ടെ! 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 മാർച്ച് 2026, 13:07