സുഭാഷിതങ്ങൾ 18 സുഭാഷിതങ്ങൾ 18 

ജീവിതത്തിലുണ്ടാകേണ്ട സത്യസന്ധമായ വാക്കുകളും പ്രവൃത്തികളും ബന്ധങ്ങളിലെ വിശുദ്ധിയും

വചനവീഥി: സുഭാഷിതങ്ങൾ പതിനെട്ടാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മാതൃകാപരമായ കുടുംബ, സാമൂഹിക ബന്ധങ്ങളെ വളർത്താൻ സഹായിക്കുന്ന നല്ലതും വിവേകപൂർണ്ണവുമായ ചിന്തകളും പ്രവൃത്തികളും സംബന്ധിച്ച ഉപദേശങ്ങളും നിർദ്ദേശങ്ങളും, മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും സ്ഥാനത്തുനിന്നുകൊണ്ടു നൽകുന്ന സോളമന്റെ സൂക്തങ്ങൾ ഉൾക്കൊള്ളുന്ന സുഭാഷിതഗ്രന്ഥത്തിന്റെ പതിനെട്ടാം അദ്ധ്യായം, കലഹങ്ങൾ ഒഴിവാക്കി, എളിമയോടും സത്യസന്ധതയോടും നീതിയോടും ആത്മാർത്ഥതയോടും കൂടി ജീവിക്കാനുള്ള ഒരു ക്ഷണമാണ്. സുഭാഷിതഗ്രന്ഥങ്ങളെക്കുറിച്ചുള്ള വിചിന്തനത്തിൽ ആമുഖമായി പറഞ്ഞതുപോലെ, ജാതി, മത ഭേദമന്യേ, എന്തിന് ദൈവവിശ്വാസം ഇല്ലാത്തവർക്ക് പോലും സ്വീകരിക്കാനാകുന്നതും, ആരോഗ്യകരമായ സമൂഹത്തിന്റെയും കുടുംബങ്ങളുടെയും ബന്ധങ്ങളുടെയും സൃഷ്ടിക്ക്, സമയ, കാല വ്യത്യാസങ്ങളില്ലാതെ ഉപകാരപ്രദമാകുന്ന ചിന്തകളാണ് ഈ അദ്ധ്യായത്തിന്റെയും ഉള്ളടക്കമെന്ന് നമുക്ക് കാണാം. ആത്മാർത്ഥത ഐശ്ചികമാകുന്ന, യാഥാർത്ഥ്യത്തെക്കാൾ പ്രകടനപരതയ്ക്ക് പ്രാധാന്യം നൽകുന്ന, നാവിനെ നിയന്ത്രിക്കാൻ മറന്നുപോകുന്ന ഒരു സമൂഹത്തിൽ  സോളമനിലൂടെ നൽകപ്പെടുന്ന ചിന്തകൾക്ക് ഏറെ സ്വീകാര്യത ലഭിക്കേണ്ടതാണ്, അവ പ്രയോഗികജീവിതതലങ്ങളിലേക്ക് കടന്നുവരേണ്ടവയാണ്.

ദുഷ്ടതയും ഭോഷത്തവും മനുഷ്യരും

സുഭാഷിതങ്ങളുടെ പുസ്തകം പതിനെട്ടാം അദ്ധ്യായവും, മുൻ അദ്ധ്യായങ്ങളിലേതുപോലെ, നല്ലവരെയും ദുഷ്ടരെയും വേർതിരിച്ചുകാട്ടുകയും അവരുടെ പ്രവൃത്തികളുടെ സ്വാഭാവികഫലമായുണ്ടാകുന്ന നന്മതിന്മകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ഏതുതരം മൂല്യങ്ങളും ബോധ്യങ്ങളുമാണ് നാം സ്വന്തമാക്കേണ്ടതെന്ന് ഉപദേശിച്ചുതരികയും ചെയ്യുന്നു. ദുഷ്ടതയും ഭോഷത്വവും മൗഢ്യവും ഗർവ്വും അവിവേകവും, അവിശ്വസ്തതയുമൊക്കെ ഒരേ തൂവൽപ്പക്ഷികളെന്നപോലെ ചിലരിൽ ഒന്നുചേരുകയും, അവരെ ജീവിത പരാജയത്തിന്റെയും നാശത്തിന്റെയും പാതയിലേക്ക് നയിക്കുകയും ചെയ്യുന്നതാണെന്ന് ഈ അദ്ധ്യായം പറഞ്ഞുവയ്ക്കുന്നുണ്ട്.

സമൂഹത്തോട് ചേർന്ന് നിൽക്കാതെ, എല്ലാത്തിനോടും മറുതലിച്ച് നിൽക്കുന്ന (1), മറ്റുള്ളവരെ ശ്രവിക്കാനോ, യാഥാർത്ഥ്യത്തിന്റെ.മറ്റു മുഖങ്ങൾ അറിയാൻ ശ്രമിക്കാതെ, സ്വന്തം അഭിപ്രായം മാത്രം പ്രകടിപ്പിക്കാൻ ശ്രമിച്ചുനിൽക്കുന്നതിലെ (2) തിന്മ ചൂണ്ടിക്കാട്ടുന്ന സോളമൻ, ദുഷ്ടതയ്‌ക്കൊപ്പം അവജ്ഞയും ദുഷ്കീർത്തിയ്‌ക്കൊപ്പം അപമാനവും വന്നു ഭവിക്കുമെന്ന് (3) മുന്നറിയിപ്പ് നൽകുന്നുണ്ട്.

ദുഷ്ടന് അനുകൂലമായി പക്ഷപാതം കാണിക്കുന്നതും, നീതിമാന് നീതി നിഷേധിക്കുന്നതും നല്ലതല്ലെന്ന് (5) ഓർമ്മിപ്പിക്കുന്ന സുഭാഷിതം, നിയന്ത്രണമില്ലാതെ നാവും അധരങ്ങളും ഉപയോഗിക്കുന്ന മൂഢന്റെ പ്രവൃത്തികൾ അവന്റെ നാശത്തിന് കാരണമാകുമെന്ന് (7) എഴുതിവയ്ക്കുന്നുണ്ട്. ഏഷണിക്കാരന്റെ വാക്കുകളിൽ മറഞ്ഞിരിക്കുന്ന തിന്മ തിരിച്ചറിയാൻ സാധിക്കാത്തവർ, അവന്റെ വാക്കുകൾ സ്വാദുള്ള അപ്പക്കഷണങ്ങൾ പോലെ ഉള്ളിലേക്ക് സ്വീകരിക്കുന്നു (8). മടി എന്ന ദുഃശ്ശീലം നാശമാണ് കൊണ്ടുവരികയെന്നും സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട് (9).

ഗർവ്വോടെയുള്ള പെരുമാറ്റം നാശത്തിന്റെ മുന്നോടിയാണെന്നും (12), മറ്റുള്ളവർക്ക് അർഹിക്കുന്ന സമയവും ഇടവും കൊടുക്കാത്തത് ഭോഷത്തവും മര്യാദകേടുമാണെന്നും (13) സോളമൻ ഇവിടെ ഉദ്ബോധിപ്പിക്കുന്നുണ്ട്. സത്യം തിരിച്ചറിയാതെയും, യാഥാർത്ഥ്യങ്ങളുടെ മറുഭാഗം മനസ്സിലാക്കാതെയും നാം തെറ്റായ ബോധ്യങ്ങളിലേക്ക് എത്തിച്ചേരുന്നത് നല്ലതല്ലെന്ന ഒരു ചിന്തയും സുഭാഷിതം മുന്നോട്ടുവയ്ക്കുന്നുണ്ട്.

സഹോദര്യത്തെയും സ്നേഹത്തെയും ഇല്ലാതാക്കുന്ന കലഹത്തെക്കുറിച്ച് (19) മുന്നറിയിപ്പ് നൽകുന്ന സോളമൻ, ജീവനെ നശിപ്പിക്കാനും നിലനിർത്താനും നാവിൻ കഴിയുമെന്നും, അതിന്റെ പ്രവർത്തനഫലങ്ങൾ സ്വീകരിക്കാൻ നാം തയ്യാറാകേണ്ടതുണ്ടെന്നും (21) ഓർമ്മിപ്പിക്കുന്നുണ്ട്. ധനവാന്റെ പരുഷമായ പെരുമാറ്റത്തെക്കുറിച്ചും (23) സോളമൻ ഇവിടെ സംസാരിക്കുന്നുണ്ട്.

കർത്താവിനോട് ചേർന്ന് നന്മയിൽ ജീവിക്കുക

ദുഷ്ടതയുടെയും അജ്ഞതയുടെയും അഹന്തയുടെയും അവിശ്വസ്തതയുടെയും ജീവിതത്തെ പരാജയപ്പെട്ടതും തിന്മയുടേതുമായി കണക്കാക്കുന്ന സുഭാഷിതവിജ്ഞാനം, നന്മയുടെയും നീതിയുടെയും എളിമയുടെയും സത്യസന്ധതയുടെയും പാതയെ വിലയേറിയതും ശ്രേഷ്ഠവുമായ മാർഗ്ഗമായി നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. അഗാധമായ ജലാശയം പോലെ അളവുകളില്ലാത്തതാണ് മനുഷ്യന്റെ വാക്കുകളെന്ന് ഓർമ്മിപ്പിക്കുന്ന സോളമൻ, ജ്ഞാനത്തിന്റെ ഉറവ, പാഞ്ഞൊഴുകുന്ന അരുവിക്ക് തുല്യമാണെന്ന് (4), നല്ലത് സ്വീകരിക്കാനും പ്രവർത്തിക്കാനുമുള്ള ഉത്തരവാദിത്വത്തെയും അവസരങ്ങളെയും മനസ്സിൽ കണ്ട് എഴുതിവയ്ക്കുന്നതും നമുക്ക് കാണാം.

കർത്താവിന്റെ നാമം ബലിഷ്ഠമായ ഒരു ഗോപുരം പോലെയാണെന്ന് പറയുന്ന സോളമൻ, നീതിമാൻ അവനിൽ ആശ്രയിക്കുകയും സുരക്ഷിതത്വം കണ്ടെത്തുകയും ചെയ്യുന്നുവെന്ന് (10), ആഹ്വാനസ്വരത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ശരിയായ മാർഗ്ഗത്തിൽ, അധ്വാനത്തിലൂടെ, സമ്പത്ത് നേടേണ്ടതിന്റെ പ്രാധാന്യവും, ബലിഷ്ഠമായ നഗരംപോലെയും, ഉയർന്ന കോട്ടപോലെയുമുള്ള അതിന്റെ ഉപയോഗവും സോളമൻ (11) എടുത്തുപറയുന്നുണ്ട്. വിനയത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, അത് ബഹുമതി കൊണ്ടുവരുമെന്ന് (12) ഈ അദ്ധ്യായം ഓർമ്മിപ്പിക്കുന്നുണ്ട്.

ഉന്മേഷമുള്ള മനസ്സ് നമുക്ക് രോഗാവസ്ഥയിൽപ്പോലും ശക്തിയാണെന്ന് സുഭാഷിതം ഉദ്ബോധിപ്പിക്കുന്നു (14). അറിവ് നേടുന്നതിന്റെയും ജ്ഞാനത്തിനായി കാതോർക്കേണ്ടതിന്റെയും (15) പ്രാധാന്യം എടുത്തുപറയുന്ന സോളമൻ, മറ്റുള്ളവർക്ക് മുന്നിൽ സ്വീകാര്യത ലഭിക്കുന്നതിനായി നമുക്കുള്ളവ നൽകുന്ന മനോഭാവം കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നുണ്ട് (16). നറുക്കെടുക്കുന്നതിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, താൻപോരിമയുടെയും സ്വാർത്ഥതയുടെയും ചിന്തകൾക്ക് വിപരീതമായി, അപരന്റെ സ്വാതന്ത്ര്യവും തീരുമാനങ്ങളും കൂടി മാനിക്കാനും സോളമൻ ആഹ്വാനം ചെയ്യുന്നുണ്ട്.

ജീവിതബന്ധങ്ങളും കർത്താവിന്റെ അനുഗ്രഹവും

ആത്മാർത്ഥതയും മൂല്യങ്ങളുമുള്ള യഥാർത്ഥ സാഹോദര്യവും സ്നേഹസൗഹൃദങ്ങളും ഭാര്യാഭർതൃ ബന്ധങ്ങളും സോളമന്റെ ഉദ്ബോധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. സഹോദരൻ സഹായത്തിനുള്ളവൻ ഉറപ്പുള്ള നഗരം പോലെയാണെന്ന (19), നല്ല ബന്ധങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന സോളമന്റെ ചിന്ത, ഏറെ പരിമിതികളും കുറവുകളുമുണ്ടായിരുന്ന പഴയകാല സമൂഹജീവിതത്തിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല, ആധുനികസമൂഹത്തിൽപ്പോലും ഏറെ ശ്രദ്ധയർഹിക്കുന്നതാണ്. ശരിയായതും നന്മയുള്ളതുമായ സംസാരത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, അധരഫലം ഉപജീവനമാർഗ്ഗം നേടിക്കൊടുക്കുന്നുവെന്നും, അവ സംതൃപ്തി നൽകുന്നുവെന്നും (20) സോളമൻ എഴുതുന്നുണ്ട്.

പതിനെട്ടാം അദ്ധ്യായത്തിന്റെ അവസാനഭാഗത്ത് കാണുന്ന, "ഉത്തമയായ ഭാര്യയെ കണ്ടെത്തുന്നവൻ ഭാഗ്യവാൻ, അത് കർത്താവിന്റെ അനുഗ്രഹമാണ്" (22), "ചിലർ സ്നേഹിതരെന്ന് നടിക്കും; ചിലർ സഹോദരനെക്കാൾ ഉറ്റവരാണ്" (24) എന്നീ വാക്യങ്ങൾക്ക് ആധുനിക സമൂഹത്തിലും ഏറെ മൂല്യമുണ്ട്. തത്കാല്കിക നേട്ടങ്ങൾക്കും സുഖങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടി, നന്മയും സത്യസന്ധതയും വിശ്വസ്തതയുമൊക്കെ ഉപേക്ഷിക്കുകയും, ചിലപ്പോഴൊക്കെ അവ ഒരു ബാധ്യതയായി കാണുകയും ചെയ്യുന്ന, അപരന്റെ അജ്ഞതയും അകലവും മറയാക്കിയും നുണക്കൂമ്പാരങ്ങൾക്ക് മുകളിലേറിയും പാപമാർഗ്ഗത്തിൽ സഞ്ചരിക്കുന്ന, അവയിൽ ലജ്ജിക്കാത്ത കറപുരണ്ട ജീവിതങ്ങൾക്ക് മുന്നിൽ സോളമന്റെ ചിന്തകൾ സത്യസന്ധമായ ഒരു വിചിന്തനത്തിനും ജീവിതപരിവർത്തനത്തിനും ക്ഷണിക്കുന്നുണ്ട്.

ഉപസംഹാരം

മത, ജാതി, വർഗ്ഗ, വർണ്ണ, ദേശ, പ്രായ ഭേദമന്യേ, ഏതൊരു ജീവിതതുറയിലുള്ളവർക്കും ഉൾവിളിയാകേണ്ട, സ്വീകാര്യമാകേണ്ട സത്ചിന്തകളും ഉദ്ബോധനങ്ങളും മുന്നോട്ട് വയ്ക്കുന്ന സോളമന്റെ സൂക്തങ്ങൾ അടങ്ങുന്ന സുഭാഷിതഗ്രന്ഥത്തിന്റെ പതിനെട്ടാം അദ്ധായത്തെക്കുറിച്ചുള്ള ഈ വിചിന്തനം ചുരുക്കുമ്പോൾ നമ്മിലെ നന്മതിന്മകളെക്കുറിച്ചും മനോഭാവങ്ങളെക്കുറിച്ചും, മനഃസാക്ഷിയുടെയും ദൈവത്തിന്റെയും മുൻപിൽ ഒരു പരിശോധന നടത്താൻ, ആവശ്യമുള്ള മാറ്റങ്ങൾ അനുദിനജീവിതത്തിൽ, ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും കൊണ്ടുവരാൻ നമുക്ക് സാധിക്കട്ടെ. കുടിലതയും തിന്മകളും പാപമാർഗ്ഗങ്ങളും വെടിഞ്ഞ്, വചനത്തിലൂടെ ദൈവമേകുന്ന സദുപദേശങ്ങൾ സ്വീകരിച്ച് വിശുദ്ധിയുടെയും സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും ജീവിതശൈലി സ്വന്തമാക്കാം. അപരനിൽനിന്ന്, അവൻ സഹോദരനാകട്ടെ സുഹൃത്താകട്ടെ ജീവിതപങ്കാളിയാകട്ടെ, മറച്ചുവയ്ക്കുന്നവ, പരനുമുന്നിൽ, ദൈവത്തിന് മുന്നിൽ, മറഞ്ഞിരിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ് ജീവിക്കാം. നന്മയും വിശുദ്ധിയും ദൈവികമൂല്യങ്ങളുമുള്ള ഒരു മെച്ചപ്പെട്ട ലോകത്തിനായി നമ്മുടെ ജീവിതങ്ങളൂം വചനാനുസൃതമാകട്ടെ! 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 മാർച്ച് 2026, 15:43