ഗാസ മുനമ്പിൽ ജനജീവിതം ഏറെ ദുസ്സഹമാണ്: ഫാ. റോമനെല്ലി
സാവിയർ സാർത്ര്, ഗുഗ്ലിയൽമോ ഗല്ലൊണെ, വത്തിക്കാൻ സിറ്റി
ഇറാനെതിരായ ഇസ്രായേലി-യുഎസ് സംയുക്ത ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക സംഘർഷങ്ങളുടെ ഭാഗമായി ഗാസ മുനമ്പിലേക്കുള്ള പ്രവേശനം, മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അനിശ്ചിത കാലത്തേക്ക്, ഇസ്രായേലി പ്രതിരോധ മന്ത്രാലയം അടച്ചു. ഇതിന്റെ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടതായി വരുന്നത് സാധാരണക്കാരായ ജനതയാണെന്നു ഫാദർ റൊമാനെല്ലി പങ്കുവച്ചു.
മാനുഷിക സഹായവും അവശ്യവസ്തുക്കളും ഗാസ മുനമ്പിലേക്ക് കൊണ്ടുവരുന്നതിനും, വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് മറ്റു ഇടങ്ങളിലേക്ക് പോകുന്നതിനും ഈ പ്രവേശനം അടക്കുന്നതിലൂടെ സാധിക്കാതെ വരും. കുടിയിറക്കപ്പെട്ട ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം അഭയം തേടിയിരിക്കുന്ന ഗാസ നഗരത്തിൽ, സ്ഥിതിഗതികൾ "ദുരന്തകരവും ഭയാനകവും" ആണെന്നാണ് ഫാദർ ഗബ്രിയേലെ റൊമാനെല്ലി വിലയിരുത്തുന്നത്. സാധനങ്ങളുടെ ലഭ്യതകുറവ് മാത്രമല്ല, വരുമാനക്കുറവും ജനത നേരിടുന്ന വലിയ പ്രശ്നമാണെന്നു അദ്ദേഹം എടുത്തു പറഞ്ഞു.
ബോംബാക്രമണത്തിൽ കുടിവെള്ളം ലഭിക്കുന്ന ഇടങ്ങൾ നശിപ്പിക്കപ്പെട്ടതിനാൽ, അഞ്ച്, പത്ത്, പതിനഞ്ച് ലിറ്റർ കുടിവെള്ളത്തിനായി ആളുകൾ ചിലപ്പോൾ ഒന്നോ രണ്ടോ മൂന്നോ നാലോ മണിക്കൂർ കാത്തിരിക്കേണ്ടിവരുന്നതായും ഫാദർ റൊമാനെല്ലി പറഞ്ഞു. ജനസംഖ്യയുടെ മാനസികാവസ്ഥയെ കുറിച്ച് പറയുമ്പോൾ, ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും ശക്തമായി ഉണ്ടെങ്കിലും, മാനുഷിക ബന്ധത്തിൽ ഏറെ ദുർബലത ജനത അനുഭവിക്കുന്നുവെന്നു അദ്ദേഹം പങ്കുവച്ചു.
ഭൗതികമായ ആവശ്യങ്ങൾക്ക് മാനുഷിക സഹായം ആവശ്യം എന്നതുപോലെ, ജനങ്ങളുടെ ജീവിതത്തിന്റെ ധാർമ്മികവും അസ്തിത്വപരവുമായ പുനർനിർമ്മാണത്തിനും ഏറെ സഹായങ്ങൾ ആവശ്യമായി വരുമെന്നും ഫാദർ റൊമാനെല്ലി അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: