നീണ്ട യുദ്ധങ്ങൾ ഒഴിവാക്കുവാൻ നയതന്ത്രബന്ധം ശക്തിപ്പെടുത്തണം: മോൺസിഞ്ഞോർ യൂജിൻ നുജെന്റ്
ഡെൽഫിൻ അല്ലെയർ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
അത്യന്തം നാടകീയമായ യുദ്ധസാഹചര്യത്തിൽ, തുടർച്ചയായ സ്ഫോടന ശബ്ദങ്ങളും, നിർത്താതെയുള്ള സൈറണുകളും ജനങ്ങളുടെ ഉറക്കം പോലും നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണ് മധ്യപൂർവേഷ്യയിൽ, പ്രത്യേകിച്ചും കുവൈറ്റിൽ ഉള്ളതെന്ന് എടുത്തു പറഞ്ഞുകൊണ്ട്, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള വത്തിക്കാൻ അപ്പസ്തോലിക നൂൺഷ്യോ, മോൺസിഞ്ഞോർ യൂജിൻ നുജെന്റ്, വത്തിക്കാൻ മാധ്യമത്തോട് സംസാരിച്ചു. യുദ്ധത്തിൽ, സൈനിക താവളങ്ങളും വിമാനത്താവളങ്ങളുമാണ് പ്രധാന ലക്ഷ്യങ്ങളെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 28 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്, ഏവരെയും ഏറെ അത്ഭുതപ്പെടുത്തിയെന്നു പറഞ്ഞ മോൺസിഞ്ഞോർ യൂജിൻ, പരിശുദ്ധ പിതാവിന്റെ, സമാധാനത്തിനായുള്ള പ്രാർത്ഥനയും, സംഭാഷണത്തിനും ചർച്ചകൾക്കും വേണ്ടിയുള്ള അഭ്യർത്ഥനയും, അറബി നാട്ടിൽ എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുകയും, പങ്കുവയ്ക്കുകയും ചെയ്തുവെന്നും കൂട്ടിച്ചേർത്തു. ഈ സമയത്ത് പ്രാർത്ഥനയിലേക്കും ഐക്യദാർഢ്യത്തിലേക്കും ആളുകളെ ക്ഷണിച്ചുകൊണ്ട് വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽദോ ബെരാർദിയുടെ സന്ദേശത്തിനും ഏറെ സ്വീകാര്യത ലഭിച്ചുവെന്നും മോൺസിഞ്ഞോർ പറഞ്ഞു.
ഭരണാധികാരികളും, നയതന്ത്ര പ്രതിനിധികളുമായും തങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും, ഒരു യുദ്ധം ആരംഭിച്ചുകഴിഞ്ഞാൽ, അത് എപ്പോൾ അവസാനിക്കുമെന്ന് ആർക്കും അറിയില്ലയെന്നുള്ളതാണ് ദുഃഖകരമായ സത്യമെന്നും മോൺസിഞ്ഞോർ പങ്കുവച്ചു. ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം നയതന്ത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും നോമ്പു-റമദാൻ കാലത്തായതിനാൽ, സമാധാനത്തിനായി ദൈവത്തോട് യാചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽദോ ബെരാർദിയുമായും, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലെ ഇടവക വൈദികരുമായും താൻ ആശയവിനിമയം നടത്തുന്നുണ്ടെന്നും, ചില ദേവാലയങ്ങളൊഴികെ, മറ്റു പള്ളികളെല്ലാം ഈ ദിവസങ്ങളിൽ അടച്ചിട്ടിരിക്കുകയാണെന്നും, എന്നാൽ സ്വകാര്യമായി വിശുദ്ധ ബലികൾ അർപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: