പാപ്പാ ലിയോ പതിനാലാമൻ അഭിസംബോധന ചെയ്യുന്നു പാപ്പാ ലിയോ പതിനാലാമൻ അഭിസംബോധന ചെയ്യുന്നു   (ANSA)

കുടിയേറ്റക്കാരനിലൂടെ സമൂഹത്തിന്റെ വാതിലിൽ മുട്ടുന്നത് ക്രിസ്തു തന്നെയാണ്

ലിയോ പതിനാലാമൻപാപ്പായുടെ "ദിലെക്സി തെ" (Dilexi te) എന്ന ആദ്യ അപ്പസ്തോലിക പ്രബോധനത്തിന്റെ എഴുപത്തിമൂന്നു മുതൽ എഴുപത്തിയഞ്ചു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കത്തോലിക്കാ സഭ എന്തുകൊണ്ടാണ്, കുടിയേറ്റക്കാരുടെ വിഷയത്തിൽ അധികം താത്പര്യം കാണിക്കുന്നതെന്ന ഒരു ചോദ്യം സമീപകാലത്ത് ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകമായി, പാപ്പാമാർ തങ്ങളുടെ സന്ദേശങ്ങളിൽ, കുടിയേറ്റക്കാർക്ക് വേണ്ടി സംസാരിക്കുമ്പോൾ, മുഖം തിരിക്കുന്ന ഒരു പ്രവണതയും വിശ്വാസികൾക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. വിശപ്പിന്റെ വിളി അറിയണമെങ്കിൽ, ആഹാരത്തിനു ബുദ്ധിമുട്ട് അനുഭവിക്കണം എന്ന് പറയുന്നതുപോലെ, കുടിയേറ്റത്തിന്റെ കയ്പുനിറഞ്ഞ വേദന മനസ്സിലാകണമെങ്കിൽ, അത്തരം ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയ വ്യക്തികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. കുടിയേറ്റം, മറ്റൊരു സാഹചര്യത്തിലും ഇല്ലാത്തതുപോലെ ലോകത്തിന്റെ വിവിധ കോണുകളിൽ വർധിച്ചു വരുമ്പോൾ, ദിലെക്സി തെ എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ എഴുപത്തിമൂന്നു മുതലുള്ള ഖണ്ഡികകളിലൂടെ, ക്രൈസ്തവരെന്ന നിലയിൽ കുടിയേറ്റക്കാരെ സംരക്ഷിക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്ത്വത്തെയും, അതിനു നമ്മെ പ്രചോദിപ്പിക്കുന്ന ഘടകങ്ങളെയും പാപ്പാ  എടുത്തു കാണിക്കുന്നു.

എഴുപത്തിമൂന്നാമത്തെ ഖണ്ഡികയിൽ മൂന്ന് ഉദാഹരണങ്ങൾ പാപ്പാ ചൂണ്ടികാണിക്കുന്നുണ്ട്. പഴയ നിയമത്തിൽ നിന്ന്, അബ്രാഹത്തിന്റെയും, മോശയുടെയും, പുതിയ നിയമത്തിൽ നിന്ന്, തിരുക്കുടുംബത്തിന്റെയും മാതൃക. ഇവരെല്ലാവരും ഭൂമിയിൽ കുടിയേറ്റത്തിന്റെ യഥാർത്ഥ മുഖം നമുക്ക് കാട്ടിത്തരുന്നവരാണ്. അബ്രാഹത്തിനു ദൈവത്തിന്റെ വിളി ലഭിച്ചത് ഇപ്രകാരമാണ്: "നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക." തനിക്ക് അറിയാത്ത നാട്ടിലേക്ക് അബ്രഹാം, യാത്രയാകുമ്പോൾ, മാനുഷികമായി ഉള്ളിൽ അവൻ അനുഭവിച്ച വേദന വർണ്ണിക്കുവാനാവാത്തതാണ്. പക്ഷെ ആ കുടിയേറ്റ യാത്രയിൽ അബ്രഹാമിനെ ശക്തിപ്പെടുത്തുന്നത് കർത്താവിന്റെ വാക്കുകളാണ്. "ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും." ഒരു പക്ഷെ കുടിയേറ്റ യാത്രയിൽ, വേദന അനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസം നൽകുന്ന വചനങ്ങൾ പകർന്നു നൽകുവാനുള്ള നമ്മുടെ വിളിയെയും, അബ്രാഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

രണ്ടാമത്തെ ഉദാഹരണം, ഈജിപ്തിന്റെ അടിമത്തത്തിൽ നിന്നും ഇസ്രായേൽ ജനതയെ വിമോചിപ്പിച്ച്, അവരോടൊപ്പം തീർത്ഥാടകനായി മരുഭൂമിയിലൂടെ യാത്ര ചെയ്യുന്ന മോശയുടേതാണ്. വലിയ ഒരു ജനതയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്, അവരെ നയിക്കുമ്പോൾ മോശയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. കുടിയേറ്റമെന്ന യാഥാർഥ്യത്തിൽ, കുടുംബനാഥന്മാർ വഹിക്കുന്ന വലിയ ഉത്തരവാദിത്വത്തെയും, കഷ്ടപ്പാടുകളെയും മോശയുടെ ഈ മാതൃക എടുത്തു കാണിക്കുന്നു. പുതിയ നിയമത്തിൽ നിന്നും പാപ്പാ അവതരിപ്പിക്കുന്ന കുടിയേറ്റത്തിന്റെ മാതൃക, തിരുക്കുടുംബത്തിന്റേതു തന്നെയാണ്. ദേശം വിട്ടു, യേശുവും, യൗസേപ്പിതാവും മാതാവും ഈ ലോകത്തിന്റെ രക്ഷ പൂർത്തീകരിക്കുന്നതിന് വേണ്ടി, സഹനങ്ങൾ ഏറ്റെടുത്തു കൊണ്ട്, യാത്രയാകുമ്പോൾ പലപ്പോഴും അവർ നേരിട്ടത് അവഗണനയുടെ അനുഭവങ്ങൾ  ആയിരുന്നു.

അതുകൊണ്ടാണ് കുടിയേറ്റക്കാരോടുള്ള ക്രൈസ്തവമായ ഒരു മനോഭാവം എങ്ങനെ ആയിരിക്കണമെന്ന് യേശു പഠിപ്പിക്കുന്നത്: "ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചു."(മത്തായി 25,35)

തുടർന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ കർത്താവിന്റെ ഈ ആഹ്വാനത്തിന് ചെവികൊടുത്തുകൊണ്ട്, കുടിയേറ്റക്കാരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച രണ്ടു വിശുദ്ധാത്മാക്കളെക്കുറിച്ച് പാപ്പാ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് സ്‌കലാബ്രിനിയും, വിശുദ്ധ മരിയ ഫ്രാൻസെസ്ക കാബ്രിനിയും. ഒരു പക്ഷെ കുടിയേറ്റക്കാരായ ഇന്നും വിവിധ നാടുകളിൽ എത്തുന്നവർക്ക്, അഭയം ലഭിക്കുമ്പോൾ ഈ രണ്ടു പേരുകളും ഉയർന്നു കേൾക്കാറുണ്ട്. ഇറ്റലിയിലെ പ്യചെൻസ എന്ന രൂപതയിലെ മെത്രാനായിരുന്നു വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് സ്‌കലാബ്രിനി. 1839 നു ജനിച്ച അദ്ദേഹം, വൈദികനായി അഭിഷേകം ചെയ്യപ്പെട്ടതിനു ശേഷം മിഷനറിയാകുവാനുള്ള തന്റെ അതിയായ താത്പര്യം അറിയിച്ചുവെങ്കിലും, അത് മറ്റൊരു ദൗത്യത്തിന് വേണ്ടി കർത്താവ് മാറ്റിവച്ചു എന്ന് പറയുന്നതാണ് ഉത്തമം. 1875 നും 1915 നും ഇടയിൽ ഏകദേശം 9 ദശലക്ഷം ഇറ്റലിക്കാർ ആദ്യം ബ്രസീലിലേക്കും അർജന്റീനയിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറി എന്ന് കണക്കാക്കപ്പെടുന്നു. ഇത് വലിയ ഒരു വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞ സ്‌കലാബ്രിനി, കുടിയേറ്റക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് സന്യാസ സഭ സ്ഥാപിക്കുകയും, അവർക്ക് ആത്മീയവും, നിയമപരവും ഭൗതീകവുമായ സഹായങ്ങൾ നൽകുകയും ചെയ്തു. ലിയോ പതിമൂന്നാമൻ പാപ്പായുടെ  പ്രോത്സാഹനത്താൽ,  ആദ്യം അമേരിക്കയിലും (1901), പിന്നീട് ദക്ഷിണ അമേരിക്കയിലും (1904) മിഷനറിമാരെയും കുടിയേറ്റക്കാരെയും സന്ദർശിച്ച വിശുദ്ധ സ്കാലബ്രിനിയെ വീണ്ടും ലോകത്തിനു എടുത്തു കാണിക്കുന്നത്, ലിയോ പതിനാലാമൻ പാപ്പാ ആണെന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നു.

വിശുദ്ധ മരിയ ഫ്രാൻസെസ്ക കാബ്രിനിയും (ഫ്രാൻസീസ് സേവ്യർ കാബ്രിനി), കുടിയേറ്റക്കാർക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയെന്ന നിലയിലും, സുകൃതങ്ങളാൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ അമേരിക്കൻ പൗരയെന്ന നിലയിലും, നമുക്ക് ഒരു മാതൃകയാണ്. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിനുള്ള പരിശ്രമങ്ങളിൽ, മെച്ചപ്പെട്ട നാളെ തേടി എല്ലാം ഉപേക്ഷിച്ചവരുടെ കഷ്ടപ്പാടുകളും പ്രശ്നങ്ങളും അനിശ്ചിതത്വങ്ങളും വിശുദ്ധയും പങ്കുവച്ചു. അതുകൊണ്ടാണ് 1950 ൽ പന്ത്രണ്ടാം പീയൂസ് പാപ്പാ, എല്ലാ കുടിയേറ്റക്കാരുടെയും മധ്യസ്ഥയായി  വിശുദ്ധ ഫ്രാൻസീസ് സേവ്യർ കാബ്രിനിയെ പ്രഖ്യാപിച്ചത്.

ഇത് ഒരു പാരമ്പര്യമാണ്, ചരിത്രത്തിൽ, സഭ തന്റെ ഗുരുവായ ക്രിസ്തുവിൽ നിന്നും ലഭിച്ച ആഹ്വാനം അനുസരിച്ച് മുൻപോട്ടു കൊണ്ടുപോകുന്ന അല്ലെങ്കിൽ കൊണ്ടുപോകേണ്ടുന്ന ഒരു മിഷനറി ദൗത്യം. സഭയുടെ ഈ കരുണാർദ്രമായ മുഖത്തിന്റെ മാതൃകകളാണ്, അഭയാർത്ഥി സ്വീകരണ കേന്ദ്രങ്ങൾ, അതിർത്തിയിലെ മിഷൻ ദൗത്യം, ആഗോള  കാരിത്താസ് സംഘടനാ, ഇടവകകളിലെ മറ്റു സംഘടനകൾ എന്നിവ. കുടിയേറ്റക്കാർക്കും,അഭയാർത്ഥികൾക്കും വേണ്ടിയുള്ള സഭയുടെ ദൗത്യം വിശാലമാണെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും, പ്രബോധനത്തിൽ എടുത്തു പറയുന്നു. ആതിഥ്യം, സംരക്ഷണം, പ്രോത്സാഹനം, സംയോജനം എന്നിങ്ങനെ നാല് ക്രിയകളാണ് ഫ്രാൻസിസ് പാപ്പാ മുൻപോട്ടു വയ്ക്കുന്നത്. ഈ നാല് വാക്കുകൾ കേവലം കുടിയേറ്റക്കാർക്ക് വേണ്ടിയുള്ളത് മാത്രമല്ല, മറിച്ച് പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ മനുഷ്യരോടുമുള്ള സഭയുടെ ദൗത്യമാണ്. ഓരോ മനുഷ്യനും ദൈവത്തിന്റെ മക്കളാണെന്നും അവരിൽ ക്രിസ്തുവിന്റെ ഛായയെ തിരിച്ചറിയണം എന്നുള്ളതുമാണ്, ഫ്രാൻസിസ് പാപ്പയോടൊപ്പം, ലിയോ പതിനാലാമൻ പാപ്പായും പ്രബോധിപ്പിക്കുന്നത്.

എന്നാൽ കുടിയേറ്റക്കാർ, അഭയാർത്ഥികൾ എന്നീ രണ്ടു കൂട്ടർ, ഒരു പക്ഷെ നമ്മുടെ അയൽവക്കങ്ങളിലും ഉണ്ടെന്നുള്ളതാണ് സഭയിൽ നാം തിരിച്ചറിയേണ്ടുന്ന വസ്തുത. "കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന്, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുവാൻ സാധിക്കുകയില്ലല്ലോ" എന്ന തിരുവചനമാണ് പാപ്പായുടെ വാക്കുകളിൽ മുഴങ്ങിക്കേൾക്കുന്ന സത്യം. എന്റെ ജീവിതം അപരന് തുണയായി ആവശ്യം ഉണ്ടെന്നുള്ള തിരിച്ചറിവാണ്, സഭയിൽ നമ്മുടെ പ്രേഷിതചൈതന്യം ഊട്ടിയുറപ്പിക്കുന്നത്.

കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും വെറുമൊരു 'പ്രശ്നമായി' കാണുന്നതിന് പകരം, അവരെ സ്നേഹിക്കപ്പെടേണ്ട സഹോദരങ്ങളായി കാണാൻ നാം ശീലിക്കണം. കൂടുതൽ നീതിയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും, ജനാധിപത്യം ശക്തിപ്പെടുത്താനും, സാഹോദര്യമുള്ള ഒരു ലോകം നിർമ്മിക്കാനും ദൈവം നമുക്ക് നൽകുന്ന അവസരമാണിത്. സുവിശേഷ മൂല്യങ്ങൾക്കനുസരിച്ച് കൂടുതൽ തുറന്ന മനസ്സുള്ള ഒരു ക്രൈസ്തവ സമൂഹമാകാൻ ഇത് നമ്മെ സഹായിക്കുന്നു.

സഭയുടെ ഒരു മാതൃഭാവവും പാപ്പാ അടിവരയിട്ടു പറയുന്നുണ്ട്. മക്കളെ അനുഗമിക്കുവാൻ അവരുടെ കൂടെ നടക്കുവാൻ ആഗ്രഹിക്കുന്ന ക്രിസ്തുവിന്റെ മൗതികശരീരമായ സഭ, ഈ പ്രേഷിതദൗത്യം, സഭാതനയരായ നമ്മെയാണ് ഭരമേല്പിച്ചിരിക്കുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 മാർച്ച് 2026, 11:58