സ്വാതന്ത്ര്യം ക്രിസ്തുവിന്റെ ദാനമാണ്, അത് എല്ലാവരിലും എത്തിക്കുക സഭയുടെ കടമയും
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
യേശുക്രിസ്തുവിന്റെ സ്നേഹം കേവലം വികാരപരമായ ഒന്നല്ല, മറിച്ച് അത് മനുഷ്യനെ സകല ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കുന്ന വിമോചനശക്തിയാണ്. 'ദിലക്സി തേ' (Dilexi Te) എന്ന അപ്പസ്തോലിക പ്രബോധനരേഖയുടെ 59 മുതൽ 62 വരെയുള്ള ഖണ്ഡികകൾ അടിവരയിടുന്നത് ഇതാണ്: അടിച്ചമർത്തപ്പെട്ടവരുടെ വിമോചനം സഭയുടെ ദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. കാരണം ഈ ആഹ്വാനം ക്രിസ്തു നേരിട്ട് സഭയെ ഏൽപ്പിച്ചതാണ്.
യേശുവിൽ നിന്ന് പകർന്നു കിട്ടിയ ദൗത്യം
അപ്പസ്തോലിക കാലം മുതൽക്കേ, പീഡിപ്പിക്കപ്പെടുന്നവരുടെ മോചനത്തെ സഭ ദൈവരാജ്യത്തിന്റെ വരവിന്റെ അടയാളമായാണ് ദർശിക്കുന്നത്. സഭയുടെ ഈ ദൗത്യം എന്നാൽ മാനുഷികമായ ഒരു ചിന്തയിൽ നിന്നല്ല, മറിച്ച് യേശുക്രിസ്തുവിന്റെ പ്രഖ്യാപനത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ നസ്രത്തിലെ സിനഗോഗിൽ വെച്ച് യേശു ഏശയ്യാ പ്രവാചകന്റെ പുസ്തകം തുറന്നപ്പോൾ അവനു ലഭിച്ച വചനം ഇതായിരുന്നു: "കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും, കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു." (ലൂക്കാ 4:18-19).
ഈ വാക്കുകൾ ക്രിസ്തുവിന്റെ പ്രേഷിതാഹ്വാന വചനം ആയിരുന്നു. ക്രിസ്തു വന്നത് മനുഷ്യനെ ആത്മീയമായ പാപബന്ധനങ്ങളിൽ നിന്ന് മാത്രമല്ല, ചരിത്രപരമായ അടിച്ചമർത്തലുകളിൽ നിന്നും ശാരീരികമായ തടവുകളിൽ നിന്നും മോചിപ്പിക്കാനാണ്. ആദിമ ക്രൈസ്തവർ ഈ ദൗത്യം അക്ഷരാർത്ഥത്തിൽ ഏറ്റെടുക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു.
ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിലും, തടവിലാക്കപ്പെട്ട സഹോദരങ്ങൾക്കായി അവർ പ്രാർത്ഥിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. അപ്പസ്തോല പ്രവർത്തനങ്ങളിൽ, പത്രോസ് തടവിലാക്കപ്പെട്ടപ്പോൾ സഭ മുഴുവൻ അവനുവേണ്ടി പ്രാർത്ഥിച്ചതും (അപ്പ. 12:5), പൗലോസ് തടവിൽ കഴിഞ്ഞപ്പോൾ വിശ്വാസികൾ നൽകിയ പിന്തുണയും ഇതിന് തെളിവാണ്. ചരിത്രത്തിലുടനീളം അടിമത്തം ജനതയെ വരിഞ്ഞുമുറുക്കിയപ്പോഴൊക്കെ,വിമോചനത്തിന്റെ സ്വരം ഉയർത്തിയത് കത്തോലിക്കാ സഭയായിരുന്നുവെന്നതിനു ചരിത്രം സാക്ഷി.
ട്രിനിറ്റേറിയൻ, മെഴ്സിഡേറിയൻ സഭകൾ: വിമോചനത്തിന്റെ സ്നേഹശാസ്ത്രം
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മെഡിറ്ററേനിയൻ തീരങ്ങളിൽ ക്രൈസ്തവർ വ്യാപകമായി തടവിലാക്കപ്പെടുകയും വിദേശ രാജ്യങ്ങളിൽ അടിമകളാക്കപ്പെടുകയും ചെയ്തിരുന്നു. ഈ ഭീകരമായ അവസ്ഥയിൽ ക്രിസ്തുവിന്റെ സ്നേഹം സഭയിലൂടെ പുതിയ രൂപത്തിൽ പ്രകടമായി. ഇക്കാലയളവിലാണ് 'തടവുകാരുടെ വിമോചനത്തിനായി' സവിശേഷമായ രണ്ട് സന്യാസ സമൂഹങ്ങൾ രൂപംകൊണ്ടത്.
ഒന്ന്, ട്രിനിറ്റേറിയൻ സഭ (Order of the Most Holy Trinity): വിശുദ്ധ ജോൺ ഡി മാത്തയും വിശുദ്ധ ഫെലിക്സ് വാൽവയും ചേർന്ന് സ്ഥാപിച്ച ഈ സഭയുടെ ദൗത്യം അടിമകളാക്കപ്പെട്ട ക്രൈസ്തവരുടെ മോചനമായിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹമാണ് ഈ വിമോചനത്തിന് പിന്നിലെ പ്രേരകശക്തിയെന്ന് അവർ വിശ്വസിച്ചു. "പരിശുദ്ധ ത്രിത്വത്തിന് മഹത്വവും തടവുകാർക്ക് സ്വാതന്ത്ര്യവും" (Gloria Tibi Trinitas et captivis libertas) എന്നതായിരുന്നു അവരുടെ ആപ്തവാക്യം. വിമോചനം എന്നത് ഒരു സാമൂഹിക പ്രവർത്തനം എന്നതിലുപരി ദൈവത്തോടുള്ള ആരാധനയുടെ ഭാഗമാണെന്ന് അവർ പഠിപ്പിച്ചു.
രണ്ട്, മെഴ്സിഡേറിയൻ സഭ (Order of the Blessed Virgin Mary of Mercy): വിശുദ്ധ പീറ്റർ നൊളാസ്കോ, വിശുദ്ധ റെയ്മണ്ട് പെനാഫോർട്ടിന്റെ പിന്തുണയോടെ സ്ഥാപിച്ച ഈ സഭ വിമോചനത്തിന്റെ മറ്റൊരു തലം ലോകത്തിന് കാണിച്ചുകൊടുത്തു. അവർ സന്യാസത്തിന്റെ സാധാരണ വ്രതങ്ങൾക്ക് പുറമെ ഒരു 'നാലാം വ്രതം' (Fourth Vow) കൂടി സ്വീകരിച്ചു. തടവിലാക്കപ്പെട്ട ഒരു സഹോദരനെ മോചിപ്പിക്കാൻ മറ്റ് മാർഗങ്ങളില്ലെങ്കിൽ, പകരമായി സ്വയം അടിമയാകാനോ അല്ലെങ്കിൽ സ്വന്തം ജീവൻ ബലി നൽകാനോ തയ്യാറാകുക എന്നതായിരുന്നു ആ വ്രതം.
ഈ സന്യാസ സമൂഹങ്ങൾ തെളിയിച്ചത് ക്രൈസ്തവ ഉപവി (Charity) വീരോചിതമായ തലത്തിലേക്ക് വളരുമ്പോഴാണ് അത് യഥാർത്ഥ വിമോചനമായി മാറുന്നത് എന്നാണ്. അവർ തങ്ങളുടെ പക്കലുള്ള സർവ്വ സ്വത്തുക്കളും വിറ്റും, അവസാനം സ്വന്തം ജീവിതം തന്നെ പണയപ്പെടുത്തിയും മനുഷ്യരെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചു. ഇത് വെറും ഒരു മനുഷ്യസ്നേഹമല്ല, മറിച്ച് ത്രിത്വൈക ദൈവത്തിന്റെ വിമോചന സ്നേഹത്തിന്റെ ഭൂമിയിലെ പ്രതിഫലനമായിരുന്നു.
യേശു - യഥാർത്ഥ വിമോചകനും, വിമോചനബലിവസ്തുവും
സഭയുടെ വിമോചന പ്രവർത്തനങ്ങളുടെ ദൈവശാസ്ത്രപരമായ കാതൽ കുരിശിലെ ബലിയാണ്. യേശുക്രിസ്തുവാണ് യഥാർത്ഥ വീണ്ടെടുപ്പുകാരൻ. തന്റെ രക്തമാണ്, അവിടുന്ന് നമ്മുടെ വിമോചനത്തിനുള്ള വിലയായി നൽകിയത്. അതുകൊണ്ടാണ് "നിങ്ങൾ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്" (1 കോറി. 6:20) എന്ന് പൗലോസ് അപ്പസ്തോലൻ നമ്മെ ഓർമ്മിപ്പിക്കുന്നത്.
വിമോചനം എന്നത് കേവലം ഒരു പണമിടപാടോ രാഷ്ട്രീയ ഉടമ്പടിയോ അല്ല, മറിച്ച് അതൊരു ആരാധനക്രമപരമായ കർമ്മമാണ്. മറ്റൊരാളുടെ സ്വാതന്ത്ര്യത്തിനായി സ്വയം ബലിയായി അർപ്പിക്കുന്നത് ക്രിസ്തുവിന്റെ കുരിശിലെ ബലിയുടെ തുടർച്ചയാണ്. തടവുകാരെ മോചിപ്പിക്കാനായി തങ്ങളുടെ ശരീരം തന്നെ പകരമായി നൽകിയവർ യേശുവിന്റെ വചനം അക്ഷരാർത്ഥത്തിൽ പാലിച്ചവരാണ്. "തന്റെ സുഹൃത്തുക്കൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല" (യോഹന്നാൻ 15:13). വിശുദ്ധ മാക്സിമില്ലിയാനോ കോൾബെ പുണ്യവാളനെ ഈ അവസരത്തിൽ നാം ഓർക്കാറുണ്ട്.
എന്നാൽ ദൈവം ആത്മീയ വിമോചനം മാത്രമല്ല, മനുഷ്യന്റെ ഭൗതികവും ചരിത്രപരവുമായ അടിമത്തങ്ങളിൽ നിന്നുള്ള മോചനവും ആഗ്രഹിക്കുന്നു എന്നതും സഭ പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന്റെ രക്തം നൽകപ്പെട്ടത് മനുഷ്യനെ സകല വിധ അടിമത്തത്തിൽ നിന്നും സ്വതന്ത്രനാക്കാനാണ്. അതുകൊണ്ടാണ് ലോകത്ത് വിവിധ പ്രശ്നങ്ങളിലൂടെ ജനം കടന്നു പോകുമ്പോൾ പരിശുദ്ധ പിതാക്കന്മാർ, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സംഭാഷണങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതും, അതിനുള്ള മുൻകൈ എടുക്കുന്നതും.
പഴയകാലത്തെപോലെയുള്ള അടിമത്ത സമ്പ്രദായവും, പ്രശ്‍നങ്ങളുമൊക്കെ ഇന്ന് മാറിയിട്ടുണ്ടെങ്കിലും, പുതിയ രൂപത്തിലുള്ള അടിമത്തങ്ങൾ ഇന്നും ലോകത്തെ വരിഞ്ഞുമുറുക്കുന്നുണ്ട്. 'ദിലക്സി തേ' ചൂണ്ടിക്കാണിക്കുന്നത് പോലെ, കോടിക്കണക്കിന് ആളുകൾ - കുട്ടികളും പുരുഷന്മാരും സ്ത്രീകളും - ഇന്നും അടിമത്തത്തിന് സമാനമായ സാഹചര്യങ്ങളിൽ ജീവിക്കുന്നു. അതിൽ ചിലത് രേഖ അടിവരയിടുന്നുണ്ട്. മനുഷ്യക്കടത്ത്, നിർബന്ധിത തൊഴിൽ, ലൈംഗിക ചൂഷണം, ആസക്തികൾ എന്നിവയാണത്.
ഈ പുതിയ സാഹചര്യങ്ങളിൽ ട്രിനിറ്റേറിയൻ - മെഴ്സിഡേറിയൻ പാരമ്പര്യം തുടരേണ്ടതുണ്ട്. ചേരികളിലും യുദ്ധമേഖലകളിലും അഭയാർത്ഥി പ്രവാഹങ്ങൾക്കിടയിലും സഭ ഇന്ന് വിമോചനത്തിന്റെ ദൂതുമായി പ്രവർത്തിക്കുന്നു. ദരിദ്രരുടെ മേൽ മുറുകുന്ന പുതിയ ചങ്ങലകൾ മാറ്റുന്നതിന് സഭ മുന്നിട്ടിറങ്ങുമ്പോൾ, ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ അടയാളമായി അവൾ മാറുന്നുവെന്നതാണ് യാഥാർഥ്യം.
തടവുകാരോടുള്ള സമീപനം
തടവുകാരെക്കുറിച്ച് പരാമർശിക്കാതെ വിമോചനത്തിന്റെ ഈ ചിന്ത പൂർണ്ണമാവില്ല. ജയിലുകളിൽ കഴിയുന്നവരോടുള്ള സഭയുടെ സമീപനം കടുപ്പമേറിയ വിധിപ്രസ്താവനകളല്ല, മറിച്ച് ചേർത്തുനിർത്തുന്ന, മാനസാന്തരത്തിലേക്കു നയിക്കുന്ന കാരുണ്യമായിരിക്കണം. ഫ്രാൻസിസ് പാപ്പ ജയിലുകളെക്കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്: "എന്നെ സംബന്ധിച്ചിടത്തോളം ജയിൽ എന്നത് വലിയ മാനവികതയുടെ ഇടമാണ്. അതുപോലെ അവിടം സന്ദർശിക്കുന്നത് പ്രധാനപ്പെട്ട ഒരു സമയവുമാണ്"
ജയിലുകളിൽ കഴിയുന്നവർ കുറ്റബോധം കൊണ്ടും, വേദനകൾ കൊണ്ടും, മറ്റുള്ളവരുടെ വിധിയെഴുത്തുകൾ കൊണ്ടും തളർന്നവരായിരിക്കാം. എന്നാൽ അതോടൊപ്പം തന്നെ അവരിൽ മോചനത്തിനായുള്ള വലിയൊരു ദാഹവും കുടികൊള്ളുന്നുണ്ട്. ക്രിസ്തു അവരെ കാണുന്നത് പാപികളായല്ല, മറിച്ച് സ്നേഹത്താൽ വീണ്ടെടുക്കപ്പെടേണ്ട മക്കളായാണ്. തടവുകാരെ ശുശ്രൂഷിക്കുന്നത് സഭയുടെ ഒരു സവിശേഷ ദൗത്യമാണ്. പൗലോസ് അപ്പസ്തോലൻ പ്രഖ്യാപിച്ചതുപോലെ, "ക്രിസ്തു നമ്മെ വിളിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കാണ്" (ഗലാത്തി 5:1). ഈ സ്വാതന്ത്ര്യം കേവലം ആത്മീയമായ ഒന്നല്ല; അത് ചരിത്രത്തിൽ വെളിപ്പെടേണ്ട സ്നേഹത്തിന്റെ പ്രവർത്തനമാണ്. ഇന്ത്യയിലെ സഭ ആരംഭിച്ച തടവുകാർക്കുവേണ്ടിയുള്ള അജപാലനസേവനം, എത്രയോ ആളുകളെയാണ് ജീവിതത്തിന്റെ വസന്തത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുന്നത്.
'ദിലക്സി തേ' എന്ന പ്രബോധനരേഖയിലൂടെ സഭ നമുക്ക് നൽകുന്ന സന്ദേശം വ്യക്തമാണ്: വിമോചനം സുവിശേഷത്തിന്റെ സത്തയാണ്. യേശുക്രിസ്തു തന്റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും കാണിച്ചുതന്ന ആ സ്നേഹം, ചരിത്രത്തിലെ എല്ലാ അടിമത്തങ്ങൾക്കും എതിരെയുള്ള നിരായുധമായ സമരമാണ്. ആധുനിക ലോകത്തിലെ പുതിയ ചങ്ങലകളെ തിരിച്ചറിയാനും അവ പൊട്ടിച്ചെറിയാനും സഭ പ്രതിജ്ഞാബദ്ധമാണ്. മനുഷ്യൻ തന്റെ പൂർണ്ണമായ സ്വാതന്ത്ര്യത്തിലേക്കും അന്തസ്സിലേക്കും നയിക്കപ്പെടുമ്പോൾ മാത്രമേ ദൈവരാജ്യം ഭൂമിയിൽ യാഥാർത്ഥ്യമാകുകയുള്ളൂ. ക്രിസ്തുവിൽ ആരംഭിച്ച വിമോചനത്തിന്റെ ഈ മഹാപ്രവാഹം എല്ലാ മനുഷ്യരിലും എത്തുന്നതുവരെ സഭ തന്റെ പ്രേഷിത ദൗത്യം തുടർന്നുകൊണ്ടേയിരിക്കുമെന്നത് കാലം തെളിയിക്കുന്നു. സ്വാതന്ത്ര്യം എന്നത് ക്രിസ്തുവിന്റെ ദാനമാണ്, അത് എല്ലാവരിലും എത്തിക്കുക എന്നത് സഭയുടെ കടമയും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: