ദൈവത്തോടും, സഹോദരങ്ങളോടുമുള്ള ബന്ധത്തിൽ നോമ്പിന്റെ ചൈതന്യം ജീവിക്കാം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇതാ വീണ്ടുമൊരു നോമ്പുകാലം കൂടി ആഗതമാകുകയാണ്. കർത്താവിന്റെ സാന്നിധ്യം കൂടുതൽ തീക്ഷ്ണതയോടെ തിരിച്ചറിയുവാനും, നമ്മുടെ ജീവിതത്തെ ക്രൈസ്തവാത്മകമായി വിശകലനം ചെയ്യുവാനും അപ്രകാരം ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളിൽ സഭയോടൊപ്പം, വിശുദ്ധിയിൽ പങ്കെടുക്കുവാനും നമ്മെ സഹായിക്കുന്ന ഒരുക്കകാലഘട്ടം. പ്രാർത്ഥനയുടെയും, പ്രായശ്ചിത്വത്തിന്റെയും വഴിയിൽ, നമ്മെ തന്നെ എളിമപ്പെടുത്തിക്കൊണ്ട്, ദൈവത്തിന്റെ മഹനീയതയെയും, രഹസ്യാത്മകതയെയും കൂടുതൽ ജീവിതത്തിൽ മനസിലാക്കുവാനും, അവനിൽ ആശ്രയം വയ്ക്കുവാനും ഈ കാലഘട്ടം നമ്മെ ആഹ്വാനം ചെയ്യുന്നു.
കത്തോലിക്കാ സഭയുടെ ആരാധനാക്രമ വർഷത്തിലെ ഏറ്റവും ഭക്തിനിർഭരവും പ്രാധാന്യമർഹിക്കുന്നതുമായ കാലഘട്ടമാണ് വലിയ നോമ്പ്. വിഭൂതി ബുധൻ മുതൽ ഉയിർപ്പുതിരുനാൾ വരെ നീണ്ടുനിൽക്കുന്ന ഈ ദിനങ്ങൾ, ഓരോ ക്രൈസ്തവനും തന്റെ ആത്മീയ ജീവിതത്തെ ആഴപ്പെടുത്താനും ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിലും ഉത്ഥാനത്തിലും പങ്കുചേരാനും ഒരുങ്ങുന്ന സമയമാണ്. വിശുദ്ധ വാരത്തിന് മുൻപുള്ള ഈ ഒരുക്കകാലം വെറുമൊരു ആചാരമല്ല, മറിച്ച് ഹൃദയത്തിന്റെ പരിവർത്തനത്തിനായുള്ള ഒരു തീർത്ഥാടനമാണ്.
വിശുദ്ധ ഗ്രന്ഥത്തിൽ 'നാല്പത്' എന്ന സംഖ്യയ്ക്ക് വലിയ അർത്ഥതലങ്ങളുണ്ട്. ഇസ്രായേൽ ജനതയുടെ മരുഭൂമിയിലൂടെയുള്ള 40 വർഷത്തെ യാത്ര, മോശ സീനായ് മലയിൽ ചെലവഴിച്ച 40 രാവുകൾ, ഏലിയാ പ്രവാചകന്റെ 40 പകൽ നീണ്ട യാത്ര എന്നിവയെല്ലാം ഒരു വലിയ ദൈവാനുഭവത്തിനായുള്ള ഒരുക്കമായിരുന്നു. ഇതിനെല്ലാം ഉപരിയായി, പരസ്യജീവിതം ആരംഭിക്കുന്നതിന് മുൻപ് യേശു മരുഭൂമിയിൽ ഉപവസിച്ചു പ്രാർത്ഥിച്ച നാല്പത് ദിനങ്ങളെയാണ് സഭ നോമ്പുകാലത്തിലൂടെ അനുസ്മരിക്കുന്നത്. ലോകത്തിന്റെ പ്രലോഭനങ്ങളെ അതിജീവിച്ച് പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാൻ യേശു സ്വയം ഒരുങ്ങിയതുപോലെ, നാമും നമ്മുടെ പാപസാഹചര്യങ്ങളെ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരികെ വരാൻ ഈ കാലം നമ്മെ ക്ഷണിക്കുന്നു.
കത്തോലിക്കാ സഭ നോമ്പുകാലത്ത് മൂന്ന് പ്രധാന കാര്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്: പ്രാർത്ഥന, ഉപവാസം, ദാനധർമ്മം.
പ്രാർത്ഥന: ദൈവവുമായുള്ള ബന്ധം പുതുക്കുന്ന സമയമാണിത്. നോമ്പുകാലത്ത് വിശ്വാസികൾ കൂടുതൽ സമയം വിശുദ്ധ ഗ്രന്ഥ പാരായണത്തിനും ധ്യാനത്തിനുമായി മാറ്റിവയ്ക്കുന്നു. ദേവാലയങ്ങളിൽ നടക്കുന്ന 'കുരിശിന്റെ വഴി' യേശുവിന്റെ പീഡാനുഭവങ്ങളെ ധ്യാനിക്കാനും നമ്മുടെ ജീവിതത്തിലെ കുരിശുകളെ പ്രത്യാശയോടെ സ്വീകരിക്കാനും നമ്മെ പഠിപ്പിക്കുന്നു. വ്യക്തിപരമായ പ്രാർത്ഥനയോടൊപ്പം കുടുംബപ്രാർത്ഥനയ്ക്കും സഭ വലിയ പ്രാധാന്യം നൽകുന്നു.
ഉപവാസവും പരിത്യാഗവും: ആഹാരപാനീയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരീരത്തെ അടക്കി നിർത്തുന്നതിനും ആത്മാവിനെ ഉണർത്തുന്നതിനും വേണ്ടിയാണ്. നോമ്പ് എന്നാൽ വെറും വയറു കെട്ടിയിടുക എന്നതല്ല, മറിച്ച് നമ്മുടെ ദുശീലങ്ങൾ, കോപം, അസൂയ, അമിതമായ ഫോൺ ഉപയോഗം തുടങ്ങിയവ ഉപേക്ഷിക്കുന്നതു കൂടിയാണ്. നമ്മുടെ സുഖസൗകര്യങ്ങൾ ത്യജിച്ചുകൊണ്ട് ആത്മനിയന്ത്രണം പാലിക്കാൻ ഉപവാസം നമ്മെ സഹായിക്കുന്നു.
ദാനധർമ്മം : നോമ്പിന്റെ ആത്മീയത പൂർണ്ണമാകുന്നത് കാരുണ്യപ്രവർത്തികളിലൂടെയാണ്. നാം ഉപവസിക്കുന്നതിലൂടെ ലാഭിക്കുന്ന തുകയും സമയവും പാവപ്പെട്ടവർക്കും കഷ്ടപ്പെടുന്നവർക്കുമായി നൽകണം. സ്വന്തം ആവശ്യങ്ങളിൽ നിന്ന് കുറച്ച് മറ്റുള്ളവന്റെ ദാരിദ്ര്യം മാറ്റാൻ ശ്രമിക്കുമ്പോഴാണ് യഥാർത്ഥ ക്രിസ്തീയ സ്നേഹം വെളിപ്പെടുന്നത്. "വിശക്കുന്നവന് ആഹാരം നൽകുന്നതാണ് ദൈവം ആഗ്രഹിക്കുന്ന നോമ്പ്" എന്ന് ഏശയ്യാ പ്രവാചകൻ ഓർമ്മിപ്പിക്കുന്നു.
നോമ്പുകാലത്തിന്റെ ഹൃദയം എന്നത് 'മെതനോയിയ' അഥവാ മനസ്സിന്റെ മാറ്റമാണ്. തെറ്റായ വഴികളിൽ നിന്ന് ദൈവത്തിന്റെ വഴികളിലേക്കുള്ള മടക്കയാത്രയാണിത്. ഇതിനായി സഭ ഒരുക്കിയിരിക്കുന്ന വലിയ കൂദാശയാണ് വിശുദ്ധ കുമ്പസാരം. നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് ദൈവത്തോടും സഹോദരങ്ങളോടും അനുരഞ്ജനപ്പെടാൻ ഈ കാലയളവ് സഭ ഉപയോഗിക്കുന്നു. കഴുകി വെളുപ്പിക്കപ്പെട്ട ഹൃദയത്തോടെ വേണം ഓരോ വിശ്വാസിയും ഉയിർപ്പുതിരുനാളിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കാൻ.
വലിയ നോമ്പ് എന്നത് ഭാരമുള്ള ഒരു നിയമമല്ല, മറിച്ച് ആത്മാവിന്റെ വസന്തകാലമാണ്. ശൈത്യകാലത്ത് ഇലകൾ പൊഴിച്ചു നിൽക്കുന്ന മരം വസന്തത്തിൽ പുതിയ തളിരുകൾ ചൂടുന്നതുപോലെ, പാപത്തിന്റെ അവസ്ഥകളിൽ നിന്ന് വിമുക്തമായി പുണ്യത്തിന്റെ പുത്തൻ പൂക്കൾ വിടർത്തേണ്ട സമയമാണിത്. ലോകത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി നിന്ന്, സ്വന്തം ആത്മാവിലേക്ക് നോക്കാനും ദൈവത്തിന്റെ സ്വരം ശ്രവിക്കാനും ഈ നോമ്പുകാലം നമ്മെ ക്ഷണിക്കുന്നു.
ഈ ചിന്തകൾ നമ്മിൽ ഊട്ടിയുറപ്പിക്കുന്നതാണ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ നോമ്പുകാല സന്ദേശം.
നോമ്പുകാലം മാനസാന്തരത്തിന്റെ സമയം എന്ന ശീർഷകത്തിൽ തയ്യാറാക്കിയിരിക്കുന്ന പാപ്പായുടെ സന്ദേശത്തിൽ, ദൈവീകരഹസ്യം നമ്മുടെ ചിന്തകളുടെ കേന്ദ്രബിന്ദുവാക്കുവാൻ മാതൃഹൃദയത്തോടെ നമ്മെ ക്ഷണിക്കുന്ന സഭാമാതാവിന്റെ ചിത്രം എടുത്തുകാണിക്കുന്നു. മാനസാന്തരത്തിന്റെ ഓരോ യാത്രയും ആരംഭിക്കുന്നത് ദൈവവചനം നാം ശ്രവിക്കുമ്പോഴും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിക്കുമ്പോഴും ആണെന്ന് പാപ്പാ പഠിപ്പിക്കുന്നു.
അതിനാൽ നോമ്പുകാല ചൈതന്യത്തിൽ ആദ്യം പാപ്പാ എടുത്തു പറയുന്നത് ശ്രവണത്തെക്കുറിച്ചാണ്. ശ്രദ്ധിക്കാനുള്ള സന്നദ്ധത അപരനോടുള്ള നമ്മുടെ താത്പര്യത്തെയും, അവനുമായി ബന്ധം സ്ഥാപിക്കുവാനുള്ള നമ്മുടെ ആഗ്രഹത്തെയും എടുത്തു കാണിക്കുന്നു.
രക്ഷയുടെ അനുഭവത്തിലേക്ക് ഇസ്രായേൽ ജനതയെ നയിക്കുന്നതിന് വേണ്ടി, ദൈവം തിരഞ്ഞെടുത്ത മോശ, മുൾപ്പടർപ്പിൽ നിന്നുള്ള ദൈവത്തിന്റെ സ്വരം ശ്രവിക്കുകയും, രക്ഷാകര പദ്ധതിയിൽ മോശയെ കൂട്ടാളിയാക്കുകയും ചെയ്യുന്നു. ഇന്നും ഇസ്രായേൽ ജനതയെപ്പോലെ, വിവിധ അടിമത്തങ്ങളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങളെ മറക്കാതിരിക്കുവാനും, അവരുടെ നിലവിളികൾക്ക് കാതോർക്കുവാനും അനീതിയിൽ നിന്നും അവരെ രക്ഷിക്കുവാനും ഈ നോമ്പുകാലം നമ്മെ ക്ഷണിക്കുന്നുവെന്നു പാപ്പാ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. ദരിദ്രരുടെ അവസ്ഥ നമ്മുടെ കാതുകളെ അലോസരപ്പെടുത്തണം, അത് നമുക്ക് വെല്ലുവിളികൾ നൽകണം, അപ്രകാരം ഈ നോമ്പുകാലം അവരിലേക്ക് ശ്രദ്ധ തിരിക്കുവാനുള്ള ഒരു സമയമായി മാറണം.
ഇപ്രകാരം അപരന്റെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലണമെങ്കിൽ, ശാരീരികമായ ഒരു അച്ചടക്കം ആവശ്യമാണ്. ഇതിനു നമ്മെ സഹായിക്കുന്ന ഘടകമാണ് ഉപവാസം. ഭക്ഷണം ഉപേക്ഷിക്കുന്നത് ഒരു പുരാതന സന്യാസ വ്യായാമവും, ആത്മീയ മാനസാന്തരത്തിലേക്കുള്ള പാതയിൽ പകരം വയ്ക്കാനാവാത്തതുമാണ്. നമ്മുടെ ശാരീരികമായ ആവശ്യങ്ങളേക്കാൾ ഉപരിയായി, നമ്മുടെ ചിന്തകളിൽ, മനുഷ്യന്റെ അസ്തിത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളെ മനസിലാക്കുവാൻ ഉപവാസം നമ്മെ സഹായിക്കും. ഇതാണ് പാപ്പാ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നത്. എന്തുകൊണ്ടാണ് എനിക്ക് വിശക്കുന്നത് എന്ന ചിന്തയിൽ നിന്നും: വിശപ്പിന്റെ വിളിയിലേക്കുള്ള അപരന്റെ ജീവിത സാഹചര്യങ്ങളെ മനസിലാക്കുവാൻ നമുക്ക് സാധിക്കും. നമ്മുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് നമ്മൾ കരുതുന്നത് എന്താണെന്നു മനസിലാക്കുവാനും ഈ ഉപവാസം നമ്മെ സഹായിക്കും.
ഇവിടെ വചനത്തിൽ അധിഷ്ഠിതമായി പാപ്പാ എടുത്തു പറയുന്ന ഒരു കാര്യമുണ്ട്: "ഭൂമിയിലെ ജീവിതത്തിൽ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നത് മനുഷ്യപ്രകൃതമാണെങ്കിൽ, അതിൽ സംതൃപ്തരാകുക എന്നത് അടുത്ത ജീവിതത്തിന്റേതാണ്." നമ്മുടെ ആഗ്രഹങ്ങളെ അച്ചടക്കത്തിൽ കാത്തു പാലിക്കാനും, അതിനെ ശുദ്ധീകരിക്കാനും, അതിനെ കൂടുതൽ സ്വതന്ത്രമാക്കാനും മാത്രമല്ല, ഉപവാസം ഉപകരിക്കുക മറിച്ച്, അവയെ ദൈവത്തിങ്കലേക്കു തിരിക്കുവാനും, നന്മ ചെയ്യുവാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഉപവാസം അനുഷ്ഠിക്കുമ്പോൾ, നാം വിശ്വാസത്തിലും എളിമയിലും ജീവിക്കണം. പാപത്തിൽ നിന്നും തിന്മയിൽ നിന്നും കൃപയുടെ പിന്തുണയോടെ പിന്മാറാനുള്ള നമ്മുടെ ആന്തരിക പ്രതിബദ്ധതയുടെ ദൃശ്യമായ അടയാളമെന്ന നിലയിൽ, കൂടുതൽ ശാന്തമായ ഒരു ജീവിതശൈലി നേടാൻ നമ്മെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടുള്ള കാര്യങ്ങളെ ഉപവാസത്തിൽ ഉൾപ്പെടുത്തുവാനും പാപ്പാ ആഹ്വാനം ചെയ്യുന്നുണ്ട്.
എന്നാൽ ഉപവാസം ഭക്ഷണസാധങ്ങൾ ഉപേക്ഷിക്കുന്നത് മാത്രമല്ലെന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ, അയൽക്കാരനെ ആക്രമിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വാക്കുകൾ ഉപേക്ഷിക്കുവാനും, കുടുംബത്തിൽ, സുഹൃത്തുക്കൾക്കിടയിൽ, ജോലിസ്ഥലത്ത്, സമൂഹ മാധ്യമങ്ങളിൽ , രാഷ്ട്രീയ സംവാദങ്ങളിൽ, മാധ്യമങ്ങളിൽ, ക്രിസ്തീയ സമൂഹങ്ങളിൽ അപവാദങ്ങൾക്കു പകരം, വാക്കുകൾ അളന്നു ഉപയോഗിക്കുവാനും, ദയാപൂർവ്വമായ പെരുമാറ്റം വളർത്തിയെടുക്കുവാനും ഏവരെയും ക്ഷണിച്ചു.
പാപ്പാ മുൻപോട്ടു വയ്ക്കുന്ന നാലാമത്തെ നോമ്പുകാല ചൈതന്യം കൂട്ടായ്മയുടേതാണ്.രക്ഷയിലേക്ക് യേശു ഏവരെയും ക്ഷണിക്കുന്നത്, സഭയുടെ കൂട്ടായ്മയിലാണ്. പഴയനിയമത്തിൽ പോലും ഉപവാസം അനുഷ്ഠിക്കുവാനും, ദൈവത്തെ വിളിച്ചപേക്ഷിക്കുവാനും ആളുകൾ ഒത്തുകൂടിയിരുന്നതിനെ പാപ്പാ എടുത്തു കാണിക്കുന്നു. ഇന്നത്ത നമ്മുടെ കാലഘട്ടത്തിൽ, ആദിമ സഭ സമൂഹത്തെ പോലെ കൂട്ടായ്മയുടെ ഒരു ചിന്തയിൽ വളരുവാൻ ഈ നോമ്പുകാലം സഹായിക്കട്ടെയെന്നു ആശംസിക്കുന്ന പാപ്പാ, ഇടവകകളും, കുടുംബങ്ങളും, സഭാ സംഘടനകളും, സമൂഹങ്ങളും ഒരേ യാത്രയിൽ ഒരുമിച്ചു നീങ്ങുവാൻ ആഹ്വാനം ചെയ്യുന്നു.
നോമ്പുകാലം നമ്മെ ആത്മാവിന്റെ മരുഭൂമിയിലേക്ക് വിളിക്കുന്നു. ഇവിടെ ആത്മപരീക്ഷയ്ക്ക് നമ്മെ ഒരുക്കുവാൻ ദൈവത്തിന്റെ സ്വരം നാം കേൾക്കണം. മനുഷ്യർ ഭൂമിയിലെ പൊടിയിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നും നമ്മുടെ ശരീരങ്ങൾ ആ രൂപത്തിലേക്ക് തിരികെ വരുമെന്നും തിരിച്ചറിയുന്നതിലൂടെ ജീവിതത്തിന്റെ നശ്വരതയെയും എന്നാൽ ദൈവസ്നേഹത്താൽ നമ്മുടെ ആത്മാക്കൾ സ്വീകരിച്ച അനശ്വരതയെയും മനസിലാക്കുവാൻ ഈ ആത്മപരിശോധന നമ്മെ ഏറെ സഹായിക്കും.
പ്രലോഭനങ്ങളെ പരാജയപ്പെടുത്തി സ്വജീവിതം പിതാവിനു സമര്‍പ്പിച്ച ഈശോയെപ്പോലെ നമ്മുടെ ദുരാശകളെ ഉന്മൂലനം ചെയ്ത്, തീക്ഷ്ണത നിറഞ്ഞ പ്രാര്‍ത്ഥനയിലും ആത്മാര്‍ത്ഥതയുള്ള ഉപവാസത്തിലും ഔദാര്യപൂര്‍വ്വകമായ ദാനധര്‍മ്മ പ്രവൃത്തികളിലും ഈ കാലം ചെലവഴിക്കണമെന്ന് സഭ നമ്മെ അനുസ്മരിപ്പിക്കുന്നു. മരണത്തെ പരാജയപ്പെടുത്തി ജീവിതത്തിലേക്കു പ്രവേശിച്ച ഈശോയെപ്പോലെ നമുക്കു പാപത്തിനു മരിച്ച് നിത്യജീവിതത്തിലേക്കു പ്രവേശിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: