ജെറുസലേം കാരിത്താസ് സംഘടനയ്ക്ക് കൂടുതൽ സ്വാതന്ത്ര്യമേകി ഇസ്രായേൽ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജറുസലേമിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക നിബന്ധനകളിൽനിന്നും വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽനിന്നും ജെറുസലേം കാരിത്താസ് സംഘടനയ്ക്ക് വിടുതലേകി ഇസ്രായേൽ സർക്കാർ. ഫെബ്രുവരി പത്താം തീയതിയാണ് ഇതുസംബന്ധിച്ച വാർത്ത ജെറുസലേം കാരിത്താസ് പുറത്തുവിട്ടത്. തങ്ങളുടെ നൈയാമിക, ഭരണഘടനാപരമായ നില സംബന്ധിച്ച് ഇസ്രായേലി സർക്കാർ കൂടുതൽ കൃത്യത വരുത്തിയതായും കാരിത്താസ് സംഘടന അറിയിച്ചു.
പുതിയ തീരുമാനങ്ങൾ പ്രകാരം, ഇസ്രായേൽ സർക്കാർ സംഘടനകളോടും, വിദേശികളോടും ആവശ്യപ്പെട്ടിരുന്ന പുതുക്കിയ രജിസ്‌ട്രേഷൻ കാരിത്താസ് സംഘടനയ്ക്ക് ആവശ്യമുണ്ടാകില്ല. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത കാരിത്താസ് ജെറുസലേം, ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പറഞ്ഞു. ശക്തമായ മാനവികപ്രതിസന്ധി നിലനിൽക്കുന്ന വിവിധയിടങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാനുള്ള ഒരു വഴിയാണ് പുതിയ ഈ തീരുമാനം തുറക്കുന്നതെന്ന് സംഘടന പ്രസ്താവിച്ചു.
ഇസ്രായേൽ-പാലസ്തീന യുദ്ധത്തിന്റെ ഇരകളായി കഴിയുന്ന ആളുകളിലേക്ക് കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും എത്തിച്ചേരാനുള്ള സാദ്ധ്യതകൾ കൂടിയാണ്, വിവിധ ഇസ്രായേലി മന്ത്രാലയങ്ങൾ ഒരുമിച്ച് ചേർന്നെടുത്ത ഈ തീരുമാനം വഴി, ജെറുസലേം കാരിത്താസ് സംഘടനയ്ക്ക് ലഭിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: