തിരയുക

ഇന്ത്യയിൽ നിന്നുള്ള മെത്രാന്മാർ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചപ്പോൾ ഇന്ത്യയിൽ നിന്നുള്ള മെത്രാന്മാർ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചപ്പോൾ   (Vatican Media)

വിശ്വാസം, ഭരണഘടന, ദേശീയ ഉത്തരവാദിത്തം: ഭാരത മെത്രാൻ സമിതിയുടെ 37-ാമത് പൊതുസഭയ്ക്ക് തുടക്കമായി

കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) 37-ാമത് ജനറൽ അസംബ്ലി 2026 ഫെബ്രുവരി4മുതൽ 10 വരെ ബെംഗളൂരുവിൽ നടക്കും. ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വെല്ലുവിളികൾക്കും ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളെക്കുറിച്ചും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, "വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിന് സഭയുടെ സാക്ഷ്യം" എന്നതാണ് പൊതുസഭാ സമ്മേളനത്തിന്റെ പ്രമേയം

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ  (സിബിസിഐ) 37-ാമത് ജനറൽ അസംബ്ലി 2026 ഫെബ്രുവരി 4 മുതൽ 10 വരെ ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കും. ദ്വിവത്സര യോഗത്തിൽ ഇന്ത്യയിലെ, മൂന്നു റീത്തുകളിലും ഉള്ള 174 രൂപതകളിലെ കത്തോലിക്കാ മെത്രാന്മാർ  പ്രാർത്ഥനയിലും, ധ്യാനത്തിലും, ദേശീയ, സഭാ പ്രാധാന്യമുള്ള വിഷയങ്ങളിൽമേലുള്ള  ചർച്ചകളിലും പങ്കെടുക്കും.

"വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിന് സഭയുടെ സാക്ഷ്യം" എന്നതാണ് പൊതുസഭയുടെ പ്രമേയം.  ഇത് മെത്രാൻ സമിതിയുടെ "സാക്ഷ്യങ്ങളിലുള്ള ഐക്യം" എന്ന മുദ്രാവാക്യത്തോട്  പൂർണ്ണമായും പൊരുത്തപ്പെടുന്നതാണ്. വിശ്വാസം ശക്തിപ്പെടുത്തുന്നതിനും വിവിധ സമുദായങ്ങൾക്കിടയിൽ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും നീതി, സമാധാനം, സാമൂഹിക ഐക്യം എന്നിവയെ പിന്തുണയ്ക്കുന്നതിനും, സുവിശേഷത്തിൽ നിന്നും,  ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ പ്രതിബദ്ധതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഈ ദിവസങ്ങളിലെ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഇന്ത്യയിലേക്കുള്ള അപ്പസ്തോലിക നൂൺഷ്യോ, ആർച്ചുബിഷപ്പ് ലിയോപോൾദോ ജിറെല്ലി സമ്മേളനത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. വിശുദ്ധ കുർബാനയ്ക്കും അദ്ദേഹം മുഖ്യകാർമ്മികത്വം വഹിച്ചു. ഉദ്‌ഘാടന സമ്മേളനത്തിൽ, ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് അധ്യക്ഷ പ്രസംഗം നടത്തി.

സമ്മേളനത്തിന്റെ ദിവസങ്ങളിൽ, പ്രമേയത്തിന്മേൽ വിപുലമായ ചർച്ചകൾ നടത്തുകയും, അതിന്റെ സഭാപരവും സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുകയും ചെയ്യും. ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വെല്ലുവിളികളും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളും ചർച്ചകളിൽ പ്രത്യേക ശ്രദ്ധ ക്ഷണിക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഫെബ്രുവരി 2026, 14:51