തിരയുക

യേശു മലയിൽ പ്രസംഗിക്കുന്ന രംഗത്തിന്റെ ചിത്രീകരണം യേശു മലയിൽ പ്രസംഗിക്കുന്ന രംഗത്തിന്റെ ചിത്രീകരണം  

ഭൂമിയുടെ ഉപ്പും, ലോകത്തിന്റെ വെളിച്ചവും: വലിയ നോമ്പിലേക്കൊരു തീർത്ഥാടനം

ലത്തീൻ ആരാധന ക്രമം ആണ്ടുവട്ടക്കാലം അഞ്ചാം ഞായറാഴ്ചയിലെ വായനകൾ ആധാരമാക്കിയ വചനവിചിന്തനം. ഭൂമിയുടെ ഉപ്പും, ലോകത്തിന്റെ പ്രകാശവും എന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തെ പ്രധാന പ്രമേയം. (മത്തായി 5, 13-16)
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നമ്മൾ വലിയ നോമ്പിന്റെ ചൈതന്യത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. സഭയുടെ ആരാധനാക്രമത്തിൽ നോമ്പുകാലം എന്നത് കേവലം ഉപവാസത്തിന്റെയോ പ്രായശ്ചിത്തത്തിന്റെയോ ദിനങ്ങളല്ല, മറിച്ച് ക്രിസ്തീയ ജീവിതത്തിന്റെ അന്തസ്സത്ത വീണ്ടെടുക്കാനുള്ള ഒരു തീർത്ഥാടനമാണ്. അതിനു മുന്നോടിയായി ഇന്നത്തെ സുവിശേഷ വായനയിൽ (മത്തായി 5:13-16) കർത്താവ് നമ്മെ വിളിക്കുന്നത് "ഭൂമിയുടെ ഉപ്പും" "ലോകത്തിന്റെ വെളിച്ചവും" ആകാനാണ്. നോമ്പുകാലത്തെ നമ്മുടെ ഒരുക്കത്തിന് ഇതിലും വലിയൊരു ലക്ഷ്യം മുൻപിൽ വയ്ക്കാനില്ല. നാം ആരാണെന്നും, ഈ ലോകത്തിൽ നമ്മുടെ ദൗത്യം എന്താണെന്നും ഓർമ്മിപ്പിക്കുന്ന വചനങ്ങളാണിവ.

ഈ വാക്കുകളിലൂടെ, ഉപ്പിന്റെയും പ്രകാശത്തിന്റെയും ഗുണഗണങ്ങളെ നമ്മുടെ ക്രൈസ്തവ ജീവിതവുമായി താരതമ്യം ചെയ്യാനും, ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലൂടെ യഥാർത്ഥ നോമ്പിന്റെ ചൈതന്യം മനസ്സിലാക്കാനും, വിശുദ്ധ പൗലോസ് അപ്പസ്തോലൻ പഠിപ്പിക്കുന്ന കുരിശിന്റെ രഹസ്യത്തിലേക്ക് പ്രവേശിക്കാനും നമ്മെ സഭാമാതാവ് ക്ഷണിക്കുന്നു.

നമ്മൾ ഭൂമിയുടെ ഉപ്പാണ്

"നിങ്ങൾ ഭൂമിയുടെ ഉപ്പാണ്" എന്ന് യേശു  പറയുമ്പോൾ, അക്കാലത്തെ മനുഷ്യർക്ക് ഉപ്പിന്റെ മൂല്യം കൃത്യമായി അറിയാമായിരുന്നു. ഉപ്പിന് പ്രധാനമായും നാല് ഗുണങ്ങളാണുള്ളത്. അവ നമ്മുടെ ആത്മീയ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് നോക്കാം:

 ഉപ്പ് രുചി നൽകുന്നു

രുചിയില്ലാത്ത ഭക്ഷണത്തിന് രുചി നൽകുന്നത് ഉപ്പാണ്. ക്രിസ്ത്യാനി ഈ ലോകത്തിന് രുചി നൽകുന്നവനാകണം. ലോകം ഇന്ന് നിരാശയിലും അർത്ഥശൂന്യതയിലും മുഴുകിയിരിക്കുകയാണ്. ജീവിതത്തിന് ലക്ഷ്യമില്ലെന്ന് കരുതി കഴിയുന്ന അനേകർ നമുക്ക് ചുറ്റുമുണ്ട്. അവിടെ പ്രത്യാശയുടെയും സ്നേഹത്തിന്റെയും രുചി പകരേണ്ടത് നമ്മളാണ്. ഒരു ക്രിസ്ത്യാനിയുടെ സാന്നിധ്യം ആ സമൂഹത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കണം. നമ്മൾ കടന്നുചെല്ലുന്ന ഇടങ്ങളിൽ കയ്പ്പും വിദ്വേഷവുമല്ല, മറിച്ച് ക്രിസ്തുവിന്റെ സ്നേഹമാകുന്ന മധുരവും ഉപ്പിന്റെ ഗുണവുമാണ് ഉണ്ടാകേണ്ടത്.

ഉപ്പ് കേടുപാടുകളിൽ നിന്ന് ഭക്ഷണത്തെ സംരക്ഷിക്കുന്നു

ഫ്രിഡ്ജുകൾ ഇല്ലാതിരുന്ന കാലത്ത് മാംസവും മീനും കേടു കൂടാതെ സൂക്ഷിച്ചിരുന്നത് ഉപ്പിലിട്ടായിരുന്നു. ഇതുപോലെ, ലോകം അധാർമ്മികതയിലേക്കും പാപത്തിലേക്കും അഴുകിപ്പോകാതെ കാത്തുസൂക്ഷിക്കേണ്ടത് ദൈവമക്കളായ നമ്മളാണ്. സമൂഹത്തിൽ തിന്മകൾ പടരുമ്പോൾ, അഴിമതിയും അക്രമവും വർദ്ധിക്കുമ്പോൾ, അതിനെതിരെ പ്രതികരിക്കാനും നന്മയെ സംരക്ഷിക്കാനും നമുക്ക് സാധിക്കണം. ഒരു ചെറിയ അളവ് ഉപ്പ് വലിയൊരു പാത്രം ഭക്ഷണത്തെ സംരക്ഷിക്കുന്നതുപോലെ, ചുരുക്കം ചില ക്രിസ്ത്യാനികളുടെ വിശുദ്ധമായ ജീവിതത്തിന് ഒരു വലിയ സമൂഹത്തെ തിന്മയിൽ നിന്ന് കാത്തുസൂക്ഷിക്കാൻ സാധിക്കും.

 ഉപ്പ് അലിഞ്ഞുതീരുന്നു

ഉപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഭക്ഷണത്തിൽ അലിഞ്ഞുചേരുന്നു എന്നതാണ്. ഉപ്പിന്റെ രുചി, കണ്ണുകൊണ്ട് കാണുക അസാധ്യമാണ്, എന്നാൽ അതിന്റെ സാന്നിധ്യം രുചിയിലൂടെ അനുഭവപ്പെടണം. ക്രൈസ്തവ ജീവിതം ഒരു സ്വയം സമർപ്പണമാണ്. നാം നമ്മുടെ അഹംഭാവവും സ്വാർത്ഥതയും നോമ്പുകാലത്ത് മാറ്റിവയ്ക്കണം. പേരിനും പ്രശസ്തിക്കും വേണ്ടിയല്ല, മറിച്ച് ലോകത്തിന് നന്മയുണ്ടാകാൻ വേണ്ടി സ്വയം ശൂന്യനാകാൻ  നമുക്ക് സാധിക്കണം. നമ്മൾ അദൃശ്യരായിരിക്കുമ്പോഴും നമ്മുടെ പ്രവർത്തികളിലൂടെ ക്രിസ്തുവിന്റെ രുചി ലോകം അനുഭവിക്കണം.

ഉപ്പ് മുറിവുകളെ ഉണക്കുന്നു

പുരാതന കാലത്ത് മുറിവുകൾ കഴുകാൻ ഉപ്പുവെള്ളം ഉപയോഗിച്ചിരുന്നു. അത് നീറ്റൽ ഉണ്ടാക്കുമെങ്കിലും മുറിവ് ഉണങ്ങാൻ സഹായിക്കും. സത്യം വിളിച്ചുപറയുമ്പോൾ ലോകത്തിന് ഒരുപക്ഷേ നീറ്റൽ അനുഭവപ്പെട്ടേക്കാം, എന്നാൽ അത് ആത്മീയ സൗഖ്യത്തിന് കാരണമാകും. പാപത്തിന്റെ മുറിവുകളുള്ള ലോകത്തിന് ക്രിസ്തുവിന്റെ വചനമാകുന്ന ഉപ്പിലൂടെ സൗഖ്യം നൽകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.

നമ്മൾ ലോകത്തിന്റെ വെളിച്ചമാണ്: ക്രിസ്തുവിന്റെ സാക്ഷികൾ

ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്ന രണ്ടാമത്തെ ചിന്ത "നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്" (മത്തായി 5:14) എന്നുള്ളതാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, നമ്മൾ സ്വയം പ്രകാശിക്കുന്നവരല്ല എന്നതാണ്. ചന്ദ്രൻ സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിക്കുന്നതുപോലെ, യഥാർത്ഥ വെളിച്ചമായ ഈശോയുടെ പ്രകാശം ലോകത്തിന് പ്രതിഫലിപ്പിക്കേണ്ട കണ്ണാടികളാണ് നമ്മൾ.

മലമുകളിൽ പണിതുയർത്തിയ പട്ടണം മറച്ചു വെക്കാൻ കഴിയില്ല. ഒരു ക്രിസ്ത്യാനിയുടെ ജീവിതം പരസ്യമായ ഒരു സാക്ഷ്യമാണ്. നമ്മുടെ കുടുംബജീവിതം, ബിസിനസ്സ്, ഔദ്യോഗിക മേഖലകൾ എന്നിവിടങ്ങളിലെല്ലാം ക്രിസ്തുവിന്റെ വെളിച്ചം പ്രകാശിക്കണം. "നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുൻപിൽ പ്രകാശിക്കട്ടെ."എന്ന കർത്താവിന്റെ വാക്കുകൾ ജീവിതത്തിൽ പാലിക്കുന്നവരായി നാം മാറണം.

വെളിച്ചം ഇരുട്ടിനെ മാറ്റുന്നു. നമ്മുടെ സാന്നിധ്യം കൊണ്ട് അജ്ഞതയുടെയും വിദ്വേഷത്തിന്റെയും ഇരുട്ട് നീങ്ങണം. നമ്മൾ ക്രിസ്തുവിന്റെ സാക്ഷികളാകുക എന്നാൽ, വാക്കുകളേക്കാൾ ഉപരിയായി പ്രവൃത്തികളിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്നാണ് അർത്ഥം.

യഥാർത്ഥ നോമ്പിന്റെ ചൈതന്യം

നോമ്പുകാലം ആരംഭിക്കുമ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണ്, "എന്താണ് ശരിയായ നോമ്പ്?" ഇതിനുള്ള ഉത്തരം ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ (58:7-10) ദൈവം വ്യക്തമായി നൽകുന്നുണ്ട്. കേവലം ഭക്ഷണം ഉപേക്ഷിക്കുന്നതല്ല നോമ്പ്.

ദൈവം ആഗ്രഹിക്കുന്ന നോമ്പ് ഇതാണ്:

വിശക്കുന്നവന് ആഹാരം പങ്കുവെക്കുക: എന്റെ ആഹാരത്തിൽ നിന്ന് ഒരു വിഹിതം മറ്റുള്ളവന് നൽകുക.

ഭവനരഹിതർക്ക് അഭയം നൽകുക: അശരണരെയും ആലംബഹീനരെയും ചേർത്തുപിടിക്കുക.

നഗ്നനെ ഉടുപ്പിക്കുക: മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായിക്കുക.

സ്വന്തം രക്തബന്ധുക്കളിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക: കുടുംബാംഗങ്ങൾക്കിടയിലെ പിണക്കങ്ങൾ തീർക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ പ്രവാചകൻ പറയുന്നു: "അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പൊട്ടിവിരിയും." നോക്കൂ, സുവിശേഷത്തിൽ പറഞ്ഞ അതേ 'വെളിച്ചം' ഇവിടെയും കടന്നുവരുന്നു. നാം ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുമ്പോഴാണ് നമ്മുടെ വെളിച്ചം പ്രകാശിക്കുന്നത്. നോമ്പ് എന്നാൽ 'ദൈവത്തിലേക്ക് തിരിയുക' (Vertical) എന്നും 'മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലുക' (Horizontal) എന്നുമാണ് അർത്ഥം. ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നവന്റെ നോമ്പ് അർത്ഥശൂന്യമാണ്. അയൽക്കാരന്റെ കണ്ണീരൊപ്പാൻ കഴിയുന്നവന്റെ പ്രാർത്ഥനയ്ക്കാണ് ദൈവം ഉത്തരം നൽകുന്നത്.

ക്രിസ്തുവിന്റെ രഹസ്യവും കുരിശിന്റെ ജ്ഞാനവും

'ദൈവത്തിലേക്ക് തിരിയുക' (Vertical) എന്നും 'മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലുക' (Horizontal) എന്ന നോമ്പിന്റെ ചൈതന്യം  നമ്മെ കുരിശിന്റെ രഹസ്യമാണ് ഓർമ്മിപ്പിക്കുന്നത്. വലിയ നോമ്പ് നമ്മെ കൊണ്ടുപോകുന്നത് കാൽവരിയിലേക്കാണ്. വിശുദ്ധ പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ തന്റെ പ്രസംഗം വാക്ചാതുരിയിലോ മാനുഷിക ജ്ഞാനത്തിലോ ആയിരുന്നില്ലെന്ന് വ്യക്തമാക്കുന്നു. പകരം, "ക്രൂശിതനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നിനെയും നിങ്ങളുടെ ഇടയിൽ അറിയേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു."

നമ്മുടെ ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം 'കുരിശിന്റെ രഹസ്യമാണ്'. ലോകത്തിന്റെ കണ്ണിൽ കുരിശ് പരാജയമാണ്, എന്നാൽ വിശ്വസിക്കുന്നവർക്ക് അത് ദൈവത്തിന്റെ ജ്ഞാനവും ശക്തിയുമാണ്. നോമ്പുകാലത്ത് നാം കുരിശിനെ നോക്കി പഠിക്കേണ്ടത് ആത്മത്യാഗമാണ്.

നമ്മുടെ ജീവിതം ഉപ്പാകണമെങ്കിലും വെളിച്ചമാകണമെങ്കിലും നമ്മൾ കുരിശിന്റെ വഴിയിലൂടെ നടക്കണം. പൗലോസ് അപ്പസ്തോലൻ പറയുന്നത്, നമ്മുടെ വിശ്വാസം മനുഷ്യരുടെ ജ്ഞാനത്തിലല്ല, ദൈവത്തിന്റെ ശക്തിയിലാണ് അധിഷ്ഠിതമാകേണ്ടത് എന്നാണ്. നോമ്പുകാലത്തെ നമ്മുടെ പ്രാർത്ഥനകളും പരിത്യാഗങ്ങളും നമ്മെ ദൈവത്തിന്റെ ശക്തിയുമായി ബന്ധിപ്പിക്കണം. ലോകത്തിന്റെ യുക്തിയല്ല, മറിച്ച് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ യുക്തിയാണ് നമ്മെ നയിക്കേണ്ടത്.

ക്രിസ്തുരഹസ്യം വെളിപ്പെടുത്തുന്ന ജ്ഞാനം

ദൈവീക ജ്ഞാനം ലോകത്തിന്റെ ജ്ഞാനത്തിൽ നിന്ന് വ്യത്യസ്തമാണ്. ലോകം പഠിപ്പിക്കുന്നത് നേടിയെടുക്കാനാണ്, എന്നാൽ ക്രിസ്തു പഠിപ്പിക്കുന്നത് വിട്ടുകൊടുക്കാനാണ്. ലോകം പഠിപ്പിക്കുന്നത് ഉയരങ്ങളിലേക്ക് കയറാനാണ്, എന്നാൽ ക്രിസ്തു കാണിച്ചുതരുന്നത് താഴേക്ക് ഇറങ്ങിവരാനാണ് (Incarnation).

ഈ നോമ്പുകാലം ക്രിസ്തുവിന്റെ ഈ ആഴമേറിയ രഹസ്യം തിരിച്ചറിയാനുള്ള സമയമാണ്. നാം ഉപ്പായിത്തീരണമെങ്കിൽ നമ്മുടെ 'അഹന്ത' അലിഞ്ഞുപോകണം. നാം വെളിച്ചമാകണമെങ്കിൽ ക്രിസ്തുവിന്റെ അഗ്നി നമ്മുടെ ഉള്ളിൽ ജ്വലിക്കണം. ഈ വിനയമാണ് നോമ്പുകാലത്ത്  ഉണ്ടാകേണ്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഫെബ്രുവരി 2026, 11:39