ലോകത്തിന് മുന്നിൽ പ്രത്യാശയുടെ സന്ദേശവാഹകരാകാൻ യൂറോപ്പിലെ ക്രൈസ്തവർക്കാകണം: കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പ്രത്യാശയുടെ ജൂബിലി വർഷാവസാനത്തിൽ ലിയോ പതിനാലാമൻ പാപ്പാ ഓർമ്മിപ്പിച്ചതുപോലെ, പ്രത്യാശയുടെ സമയത്തിന്റെ തുടക്കമാകണം നമുക്ക് മുന്നിലുള്ളതെന്ന് യൂറോപ്പിലെ പ്രാദേശികകത്തോലിക്കാസഭ. യൂറോപ്പിലെ സഭാംഗങ്ങൾ പ്രത്യാശയുടെ സന്ദേശവാഹകരും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വക്താക്കളുമാകണമെന്ന് ഫെബ്രുവരി 13 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു സംയുക്ത അഭ്യർത്ഥനയിൽ ഇറ്റലി, ഫ്രാൻസ്, ജർമനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ മെത്രാൻസമിതി അദ്ധ്യക്ഷന്മാർ ആവശ്യപ്പെട്ടു.
ക്രൈസ്തവപരമ്പര്യത്തിൽ അധിഷ്ഠിതമായ ചിന്തകളോടെ യൂറോപ്പിന്റെ സ്ഥാപകർ മുന്നോട്ടുവച്ച മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ യൂറോപ്പിലെ ജനങ്ങൾക്കാകണമെന്ന് സഭാനേതൃത്വങ്ങൾ ഓർമ്മിപ്പിച്ചു. യുദ്ധങ്ങളും സംഘർഷങ്ങളും മൂലം മുറിവേറ്റ ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്നും, യൂറോപ്പിലെ ജനങ്ങൾ പോലും ആശങ്കകളോടെയാണ് കഴിയുന്നതെന്നും ഇറ്റലിയുടെ മെത്രാൻസമിതി അദ്ധ്യക്ഷനും, ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷനുമായ കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി, മർസീലിയ അതിരൂപതാദ്ധ്യക്ഷനും ഫ്രഞ്ച് മെത്രാൻസമിതി അദ്ധ്യക്ഷനുമായ കർദ്ദിനാൾ ഷാൻ-മാർക്ക് അവെലീൻ, ലിംബർഗ് രൂപതാദ്ധ്യക്ഷനും ജർമ്മൻ മെത്രാൻസമിതി അദ്ധ്യക്ഷനുമായ ബിഷപ് ഗെയോർഗ് ബേറ്റ്സിങ്, ഡാൻസീക അതിരൂപതാദ്ധ്യക്ഷനും പോളണ്ട് മെത്രാൻസമിതി അദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് തദേയൂഷ് വോയ്‌ദ എന്നിവർ ഒപ്പിട്ട ഈ പ്രസ്താവന അനുസ്മരിച്ചു.
യൂറോപ്പ് ഭൂഖണ്ഡത്തിന്റെ അടിസ്ഥാനമായി നിന്ന ഒരു ചിന്ത ക്രൈസ്തവ വിശ്വാസമായിരുന്നുവെന്ന് അനുസ്മരിച്ച സഭാനേതൃത്വം, ഇന്ന് യൂറോപ്പിലെ ക്രൈസ്തവരുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും, തങ്ങളുടെ പ്രത്യാശയുടെ അടിസ്ഥാനമായിരുന്ന ക്രൈസ്തവികതയിലേക്ക് ധൈര്യപൂർവ്വം തിരികെ നടക്കാൻ ഏവർക്കും സാധിക്കണമെന്ന് ഓർമ്മിപ്പിച്ചു. ക്രിസ്തുവിനെ സ്നേഹിച്ചിരുന്നതിനാലാണ് യൂറോപ്പിന്റെ സ്ഥാപകപിതാക്കന്മാർ മാനവികതയെ സ്നേഹിച്ചിരുന്നതെന്നും, യൂറോപ്പിന്റെ ഐക്യത്തിനായി ശ്രമിച്ചിരുന്നതെന്നും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ പറഞ്ഞത് മെത്രാൻസമിതി അദ്ധ്യക്ഷന്മാർ അനുസ്മരിച്ചു.
യൂറോപ്പിനെ വെറും ഒരു വ്യവസായിക ചന്തയായി കുറച്ചുകാണാനുള്ള ശ്രമങ്ങളെ മെത്രാൻസമിതികൾ അപലപിച്ചു. ജനതകൾക്കിടയിൽ ഐക്യദാർഢ്യം വളർത്തുന്നതിനുവേണ്ടിയുള്ള അടിസ്ഥാനം ഇടാനാണ് യൂറോപ്പ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് നാല് മെത്രാൻസമിതി നേതൃത്വങ്ങളും ഓർമ്മിപ്പിച്ചു. ഉക്രൈൻ യുദ്ധം പോലെയുള്ള സാഹചര്യങ്ങൾ യൂറോപ്പിലെ അംഗരാജ്യങ്ങളെ പരസ്പരം അടുപ്പിച്ചിട്ടുണ്ടെങ്കിലും, ലോകത്തിന് കൂടുതൽ ഐക്യമുള്ള ഒരു യൂറോപ്പിന്റെ ആവശ്യകതയുണ്ടെന്നും സഭാനേതൃത്വങ്ങൾ അനുസ്മരിച്ചു.
യൂറോപ്പിലെ ക്രൈസ്തവർ, ഭൂഖണ്ഡത്തിലെ എല്ലാവരുമായും ആഗോളസഹോദര്യത്തിന്റേതായ തങ്ങളുടെ പ്രത്യാശ പങ്കിടാൻ വിളിക്കപ്പെട്ടവരാണെന്നും മെത്രാൻസമിതികൾ തങ്ങളുടെ പ്രസ്താവനയിൽ എഴുതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: