ദാനധർമ്മം എന്നത് കേവലം ഔദാര്യമല്ല, മറിച്ച് തകർന്നുപോയ നീതിയെ പുനഃസ്ഥാപിക്കുന്നതാണ്
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ദിലെക്സി തെ എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെയുള്ള യാത്രയിൽ ലിയോ പതിനാലാമൻ പാപ്പാ, ദൈവത്തിന്റെ സ്നേഹം, പാവപ്പെട്ടവരിലൂടെ നമ്മിൽ ചൊരിയുന്നതും, ദൈവസ്നേഹം, പാവപ്പെട്ടവരുമായി അതിന്റെ എല്ലാ അന്തസോടും കൂടി പങ്കുവയ്ക്കുന്നതും വിവരിക്കുന്നത്, സഭാപ്രബോധനങ്ങളിലൂടെയും, വിശുദ്ധരുടെ ജീവിതമാതൃകകളും, കൃതികളിലൂടെയുമാണ്. ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളും, അതിനുള്ള പരിഹാര മാർഗനിർദേശങ്ങളും പാപ്പാ നൽകുന്നത്, ആദിമ സഭാ സമൂഹങ്ങളുടെ ജീവിത മാതൃകകളും, വിശുദ്ധരുടെ ജീവിതങ്ങളെയും ഉദ്ധരിച്ചുകൊണ്ടാണ്
ഇപ്രകാരം പാപ്പാ എടുത്തു പറയുന്ന രണ്ടു വിശുദ്ധരാണ്: വിശുദ്ധ അഗസ്റ്റിനും, വിശുദ്ധ അംബ്രോസും. നാൽപ്പത്തിമൂന്നു മുതൽ നാല്പത്തിയെട്ടു വരെയുള്ള ഖണ്ഡികകളിൽ പാപ്പാ വിശുദ്ധ അഗസ്റ്റിൻ, ദരിദ്രരായ സഹോദരങ്ങളോടുള്ള നമ്മുടെ സാമൂഹികവും, ക്രൈസ്തവോന്മുഖവുമായ കടമകളെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ക്രൈസ്തവ ദൈവശാസ്ത്രത്തിലെയും തത്ത്വചിന്തയിലെയും വിസ്മരിക്കാനാവാത്ത ചരിത്രപുരുഷനായ വിശുദ്ധ അഗസ്റ്റിൻ, സ്നേഹത്തെയും ദൈവീകകൃപയെയും കുറിച്ച് നൽകിയിട്ടുള്ള പഠനങ്ങൾ നൂറ്റാണ്ടുകളായി സഭയെ വഴിനടത്തുന്നു. 'കൃപയുടെ വേദപാരംഗതൻ' എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ചിന്തകളിൽ പാവങ്ങളോടുള്ള സ്നേഹവും, പങ്കുവെക്കലിന്റെ ആവശ്യകതയും വെറുമൊരു ഉപദേശമായിരുന്നില്ല, മറിച്ച് വിശ്വാസത്തിന്റെ ആഴത്തിലുള്ള സാക്ഷ്യമാണ്. വിശുദ്ധ അംബ്രോസിന്റെ ശിഷ്യത്വത്തിൽ രൂപപ്പെട്ട വിശുദ്ധ അഗസ്റ്റിന്റെ ദർശനങ്ങൾ, ദാനധർമ്മത്തെ മാനവിക നീതിയുടെ പുനഃസ്ഥാപനമായിട്ടാണ് കാണുന്നത്.
വിശുദ്ധ അഗസ്റ്റിന്റെ ആത്മീയ പിതാവായിരുന്ന വിശുദ്ധ അംബ്രോസ്, മിലാനിലെ മെത്രാനായിരിക്കെ പങ്കുവെക്കലിന്റെ ധാർമ്മികതയെ തന്റെ പ്രബോധനങ്ങളിൽ ശക്തമായി ഊന്നിപ്പറഞ്ഞിരുന്നു. അംബ്രോസിന്റെ വാക്കുകൾ അഗസ്റ്റിന്റെ ചിന്തകളിൽ വലിയ വിപ്ലവം സൃഷ്ടിച്ചു. "നീ ദരിദ്രന് നൽകുന്നത് നിനക്ക് സ്വന്തമായ ഒന്നല്ല, മറിച്ച് അവനു അർഹതപ്പെട്ടത് അവന് തിരിച്ചുനൽകുകയാണ്" എന്ന അംബ്രോസിന്റെ വിപ്ലവകരമായ ചിന്ത വിശുദ്ധ അഗസ്റ്റിനെ ഏറെ സ്വാധീനിച്ചു.
ഭൂമിയിലുള്ള വിഭവങ്ങൾ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാനായി ദൈവം നൽകിയതാണ്. എന്നാൽ മനുഷ്യന്റെ സ്വാർത്ഥത മൂലം അത് കൈവശപ്പെടുത്തുന്നതിനെ 'അധിനിവേശം' എന്നാണ് അംബ്രോസ് വിളിച്ചത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ദാനധർമ്മം എന്നത് കേവലം ഒരു ഔദാര്യമല്ല, മറിച്ച് തകർന്നുപോയ നീതിയെ വീണ്ടും സ്ഥാപിക്കലാണ്. ദരിദ്രനെ സഹായിക്കുന്നത് അവനോടുള്ള കാരുണ്യം മാത്രമല്ല, മറിച്ച് അവന് അവകാശപ്പെട്ടത് അവന് ലഭ്യമാക്കലാണ്. ഈ പ്രബോധനം അഗസ്റ്റിനെ സ്വാധീനിക്കുകയും പാവങ്ങളോടുള്ള മുൻഗണനാപരമായ സ്നേഹം തന്റെ ശുശ്രൂഷയുടെ ഭാഗമാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു.
പങ്കുവെക്കലും സഭാത്മക കൂട്ടായ്മയും
ഹിപ്പോയിലെ ബിഷപ്പായിരുന്ന അഗസ്റ്റിൻ, യഥാർത്ഥമായ സഭാത്മക കൂട്ടായ്മ എന്നത് വസ്തുക്കളുടെ പങ്കുവെക്കലിലൂടെയും പ്രകടിപ്പിക്കപ്പെടണമെന്ന് പഠിപ്പിച്ചു. സങ്കീർത്തനങ്ങളെക്കുറിച്ചുള്ള തന്റെ വ്യാഖ്യാനങ്ങളിൽ അദ്ദേഹം ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: "ക്രിസ്തു നിങ്ങളിൽ വസിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിയുകയും അവർക്ക് സഹായമെത്തിക്കുകയും ചെയ്യും."
അഗസ്റ്റിനെ സംബന്ധിച്ചിടത്തോളം ഈ പങ്കുവെക്കൽ എന്നത് 'ദൈവശാസ്ത്രപരമായ സ്നേഹത്തിൽ' നിന്ന് ഉത്ഭവിക്കുന്ന ഒന്നാണ്. ക്രിസ്തുവിനോടുള്ള സ്നേഹമാണ് ഇതിന്റെ അന്തിമ ലക്ഷ്യം. ഇവിടെ ദരിദ്രൻ എന്നത് സഹായം ആവശ്യമുള്ള ഒരു വ്യക്തി മാത്രമല്ല, മറിച്ച് ക്രിസ്തുവിന്റെ 'കൗദാശികമായ സാന്നിധ്യം' കൂടിയാണ്. അൾത്താരയിലെ കൂദാശയിൽ നാം ക്രിസ്തുവിനെ കാണുന്നതുപോലെ തന്നെ, സഹിക്കുന്നവന്റെയും, ദരിദ്രന്റെയും മുഖത്ത് ക്രിസ്തുവിനെ കാണാൻ അഗസ്റ്റിൻ ആഹ്വാനം ചെയ്തു.
ഒരു വ്യക്തിയുടെ വിശ്വാസം ആത്മാർത്ഥമാണോ എന്ന് പരിശോധിക്കാനുള്ള ഉരകല്ലായിട്ടാണ് അഗസ്റ്റിൻ ദരിദ്രരോടുള്ള മനോഭാവത്തെ കണ്ടത്. ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും സഹോദരന്റെ കഷ്ടതകളിൽ മനസ്സലിയാതിരിക്കുകയും ചെയ്യുന്നവൻ കള്ളം പറയുന്നു എന്ന് വിശുദ്ധ യോഹന്നാന്റെ ലേഖനങ്ങളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നു.
സമ്പന്നനായ യുവാവും യേശുവും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വ്യാഖ്യാനിക്കുമ്പോൾ അഗസ്റ്റിൻ നൽകുന്ന വിവരണം ശ്രദ്ധേയമാണ്. സ്വർഗ്ഗത്തിൽ നിക്ഷേപം ആഗ്രഹിക്കുന്നവർ ഭൂമിയിലെ തങ്ങളുടെ സമ്പത്ത് ദരിദ്രർക്ക് നൽകണം. ക്രിസ്തുവിന്റെ വാക്കുകളായി അഗസ്റ്റിൻ ഇപ്രകാരം കുറിക്കുന്നു: "ഞാൻ ഭൂമി സ്വീകരിച്ചു, പകരം സ്വർഗ്ഗം നൽകും; ഞാൻ നശ്വരമായവ സ്വീകരിച്ചു, പകരം നിത്യമായവ നൽകും; ഞാൻ അപ്പം സ്വീകരിച്ചു, പകരം ജീവൻ നൽകും."
ദരിദ്രന് നൽകുന്ന ഒരു കഷണം അപ്പം വഴി നാം ക്രിസ്തുവിനെയാണ് പോഷിപ്പിക്കുന്നത്. നാം നൽകുന്ന അപ്പം തീർന്നുപോകുന്നതാണ്, എന്നാൽ ദൈവം തിരിച്ചുനൽകുന്ന അപ്പം ഒരിക്കലും അവസാനിക്കാത്ത ജീവനാണ്. ദൈവത്തെ ദരിദ്രരിൽ സേവിക്കുന്നവരോട് ദൈവം അത്യന്തം ഉദാരമായി പെരുമാറുന്നു. ദരിദ്രരോടുള്ള സ്നേഹം വർദ്ധിക്കുന്നതിനനുസരിച്ച് ദൈവത്തിൽ നിന്നുള്ള പ്രതിഫലവും വർദ്ധിക്കുമെന്ന് വിശുദ്ധ അഗസ്റ്റിൻ പഠിപ്പിച്ചു.
ഹൃദയശുദ്ധീകരണവും മാനസാന്തരവും
ലേഖനത്തിന്റെ 46-ാം ഖണ്ഡികയിൽ അഗസ്റ്റിന്റെ ചിന്തകളിലെ സുപ്രധാനമായ ഒരു വശം പ്രതിപാദിക്കുന്നുണ്ട്: ദാനധർമ്മം നൽകുന്നവന്റെ ഹൃദയത്തെ അത് ശുദ്ധീകരിക്കുന്നു. സ്നേഹത്തിൽ നിന്ന് ഉത്ഭവിക്കുന്ന ദാനങ്ങൾ ദരിദ്രന്റെ ആവശ്യം നിറവേറ്റുക മാത്രമല്ല, നൽകുന്നവന്റെ പാപങ്ങളെ കഴുകിക്കളയുകയും ചെയ്യുന്നു. "ഒരാൾ തന്റെ ജീവിതം മാറ്റാൻ തയ്യാറാണെങ്കിൽ, ഭൂതകാലത്തിലെ പാപങ്ങളെ തുടച്ചുനീക്കാൻ ദാനധർമ്മം സഹായിക്കുന്നു."
ക്രിസ്തുവിനെ പൂർണ്ണഹൃദയത്തോടെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാനസാന്തരത്തിലേക്കുള്ള സാധാരണ വഴിയാണ് ഉപവിപ്രവർത്തനങ്ങൾ എന്ന് വിശുദ്ധർ നമ്മെ ഓർമ്മിപ്പിക്കുന്നു. നമുക്കുള്ള ധനം, അപരന് വിതരണം ചെയ്യുന്നത് വഴി നാം നമ്മുടെ ഉള്ളിലെ സ്വാർത്ഥതയെയും ലോഭത്തെയും ഇല്ലാതാക്കുന്നു. ഇത് വെറുമൊരു സാമ്പത്തിക ഇടപാടല്ല, മറിച്ച് ആത്മീയമായ ഒരു രൂപാന്തരീകരണമാണ്.
സമകാലിക ലോകത്തിന് വിശുദ്ധ അഗസ്റ്റിൻ നൽകുന്ന വെളിച്ചം
ഇന്നത്തെ സഭയിൽ വിശുദ്ധ അഗസ്റ്റിന്റെ പ്രബോധനങ്ങൾ വലിയ പ്രാധാന്യമർഹിക്കുന്നു. ദരിദ്രരുടെ മുഖത്ത് ക്രിസ്തുവിനെ കാണുന്ന, സമ്പത്തിനെ സ്നേഹത്തിന്റെ ഉപകരണമായി കാണുന്ന ഒരു സഭയ്ക്ക് വിശുദ്ധ അഗസ്റ്റിന്റെ ചിന്തകൾ വഴികാട്ടിയാണ്. വിശുദ്ധ അഗസ്റ്റിനെ പഠിക്കുക എന്നത് അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നത് മാത്രമല്ല, മറിച്ച് അദ്ദേഹം ആഹ്വാനം ചെയ്ത 'മാനസാന്തരം' നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതുകൂടിയാണ്. സ്നേഹത്തിന്റെ ശുശ്രൂഷയിൽ പങ്കുചേരാതെ അഗസ്റ്റിന്റെ അനുയായിയാകാൻ ആർക്കും സാധ്യമല്ല.
സഭയിലെ പിതാക്കന്മാരെല്ലാം തന്നെ ദരിദ്രരോടുള്ള പരിഗണനയെ ക്രൈസ്തവ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിട്ടാണ് കണ്ടത്. പ്രായോഗികമായ ഒരു ദൈവശാസ്ത്രമാണ് അവർ മുന്നോട്ടുവെച്ചത്. 'ദരിദ്രർക്ക് വേണ്ടിയുള്ള ദരിദ്രമായ സഭ' എന്ന ലക്ഷ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ലേഖനത്തിന്റെ അവസാന ഭാഗം സഭയുടെ മിഷനെക്കുറിച്ചുള്ള ശക്തമായ താക്കീത് നൽകുന്നു. കരുണയില്ലാത്ത സിദ്ധാന്തങ്ങൾ വെറും പൊള്ളയായ വാക്കുകൾ മാത്രമാണെന്ന് പിതാക്കന്മാർ പഠിപ്പിച്ചു. സുവിശേഷം ശരിയായ രീതിയിൽ പ്രഘോഷിക്കപ്പെടണമെങ്കിൽ അത് സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ളവരുടെ ജീവിതത്തെ സ്പർശിക്കണം. പാവപ്പെട്ടവന്റെ വേദനകളിൽ പങ്കുചേരാത്ത ഒരു ദൈവശാസ്ത്രവും ക്രിസ്തീയമല്ല.
വിശുദ്ധ അഗസ്റ്റിന്റെയും അംബ്രോസിന്റെയും പാത പിന്തുടരുക എന്നാൽ, അന്യായമായ ലാഭേച്ഛയെയും വിഭവങ്ങൾ കുമിഞ്ഞുകൂടുന്ന സംവിധാനങ്ങളെയും എതിർക്കുക എന്നാണ് അർത്ഥം. പങ്കുവെക്കൽ എന്നത് സഭയുടെ ഒരു ശൈലിയായി മാറണം. അഗസ്റ്റിൻ പഠിപ്പിച്ചതുപോലെ, ദരിദ്രർ നമുക്ക് സ്വർഗ്ഗവാതിൽ തുറന്നുതരുന്നവരാണ്. അവരെ ശുശ്രൂഷിക്കുമ്പോൾ നാം യഥാർത്ഥത്തിൽ ദൈവത്തെ തന്നെയാണ് ശുശ്രൂഷിക്കുന്നത്.
വിശുദ്ധ അഗസ്റ്റിന്റെ ചിന്തകൾ പാവങ്ങളോടുള്ള നമ്മുടെ കാഴ്ചപ്പാടിനെ അടിമുടി മാറ്റാൻ പ്രേരിപ്പിക്കുന്നു. ദാനധർമ്മത്തെ ഭിക്ഷാടനമായല്ല, മറിച്ച് നീതിയുടെ പുനഃസ്ഥാപനമായും ദൈവത്തോടുള്ള സ്നേഹപ്രകടനമായും കാണാൻ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ദരിദ്രരിൽ ക്രിസ്തുവിനെ കണ്ടെത്തുകയും നമ്മുടെ കൈവശമുള്ളവ അവരുമായി പങ്കുവെക്കുകയും ചെയ്യുമ്പോൾ മാത്രമേ സഭയുടെ കൂട്ടായ്മ പൂർണ്ണമാവുകയുള്ളൂ. അഗസ്റ്റിന്റെ ദർശനങ്ങൾ പിന്തുടർന്നുകൊണ്ട് കാരുണ്യത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കണം. സുവിശേഷം വെറുമൊരു വാക്കല്ല, മറിച്ച് ദരിദ്രന്റെ കണ്ണുനീർ തുടയ്ക്കുന്ന പ്രവൃത്തിയാണെന്ന് അഗസ്റ്റിന്റെ ജീവിതവും പ്രബോധനങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: