തിരയുക

ബെനെഡിക്‌റ്റൈൻ സന്യാസികൾ ബെനെഡിക്‌റ്റൈൻ സന്യാസികൾ  

സന്യാസജീവിതം: സേവനത്തിൻ്റെയും സ്നേഹത്തിൻ്റെയും പുണ്യസാക്ഷ്യം

ലിയോ പതിനാലാമൻപാപ്പായുടെ "ദിലെക്സി തെ" (Dilexi te) എന്ന ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തിന്റെ അമ്പത്തിമൂന്നു മുതൽ അൻപത്തിയെട്ടു വരെയുള്ള ഖണ്ഡികകളെ കുറിച്ചുള്ള ചിന്തകൾ. സന്ന്യാസ ജീവിതത്തിൽ, ദരിദ്രരോടുള്ള സേവനത്തെ ഈ ഖണ്ഡികകളിൽ പാപ്പാ പ്രത്യേകം എടുത്തു കാണിക്കുന്നു.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ദരിദ്രർക്ക് സുവിശേഷം അറിയിക്കാൻ അയക്കപ്പെട്ടവൻ

"കർത്താവിൻ്റെ ആത്മാവ് എൻ്റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവൻ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കർത്താവിൻ്റെ സ്വീകാര്യമായ വത്സരം പ്രഘോഷിക്കാനും അവൻ എന്നെ അയച്ചിരിക്കുന്നു" (ലൂക്കാ 4:18-19). നസറത്തിലെ സിനഗോഗിൽ നിന്നുകൊണ്ട് യേശുക്രിസ്തു തൻ്റെ ദൗത്യത്തെക്കുറിച്ച് പ്രഖ്യാപിച്ച ഈ വാക്കുകൾ ക്രൈസ്തവ ജീവിതത്തിൻ്റെയും സഭയുടെ പ്രവർത്തനങ്ങളുടെയും അടിസ്ഥാന ശിലയാണ്. ക്രിസ്തുവിൻ്റെ ഈ പ്രേഷിതദൗത്യം  സഭയുടെ ചരിത്രത്തിലുടനീളം വിവിധ രൂപങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്നു. ഇതിൽ ഏറ്റവും ഉദാത്തമായ ഒരു വശമാണ് സന്യാസജീവിതം.

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ  'ദിലക്സി തേ' (Dilexi Te) എന്ന അപ്പസ്തോലിക പ്രബോധനം, സന്യാസജീവിതം എങ്ങനെയാണ് ദരിദ്രരോടുള്ള പക്ഷംചേരലിലൂടെയും സേവനത്തിലൂടെയും ദൈവസ്നേഹത്തിൻ്റെ സാക്ഷ്യമായി മാറുന്നതെന്ന് വ്യക്തമാക്കുന്നു. സന്യാസം എന്നത് ലോകത്തിൽ നിന്നുള്ള  ഒളിച്ചോട്ടമല്ല, മറിച്ച് ദരിദ്രനായ ക്രിസ്തുവിനെ കണ്ടുമുട്ടാനും അവനെ സേവിക്കാനുമുള്ള ഒരു തീർത്ഥാടനമാണെന്ന് ഈ പ്രബോധനം നമ്മെ ഓർമ്മിപ്പിക്കുന്നു.

ദരിദ്രനായ ക്രിസ്തുവിനെ അനുഗമിക്കുന്നതാണ് സന്യാസം

സന്യാസജീവിതം ആരംഭിച്ചത് മരുഭൂമികളുടെ നിശബ്ദതയിലാണെങ്കിലും, അത് തുടക്കം മുതൽക്കേ ഐക്യദാർഢ്യത്തിൻ്റെയും, കൂട്ടായ്മയുടെയും  ഒരു സാക്ഷ്യമായിരുന്നു. സന്യാസിമാർ തങ്ങളുടെ സമ്പത്തും പദവിയും കുടുംബവും ഉപേക്ഷിച്ചത് ശൂന്യമായ ഒരു തിരഞ്ഞെടുപ്പല്ല. ലോകവസ്തുക്കളോടുള്ള വെറുപ്പുകൊണ്ടല്ല (contemptus mundi), മറിച്ച് ഈ പരിപൂർണ്ണമായ പരിത്യാഗത്തിലൂടെ 'ദരിദ്രനായ ക്രിസ്തുവിനെ' അഗാധമായി സ്നേഹിക്കാനും കണ്ടുമുട്ടാനും വേണ്ടിയാണ്. 'ദിലക്സി തേ' എന്ന പ്രബോധനത്തിൻ്റെ 53-ാം ഖണ്ഡികയിൽ വ്യക്തമാക്കുന്നത് പോലെ, സന്യാസി തൻ്റെ ജീവിതത്തിലൂടെ ക്രിസ്തുവിൻ്റെ ദാരിദ്ര്യത്തെ പുൽകുന്നത് അപരൻ്റെ ദാരിദ്ര്യത്തിൽ അവന് തുണയാകാനാണ്.

വിശുദ്ധ ബേസിൽ  തൻ്റെ സന്യാസ നിയമങ്ങളിൽ  പ്രാർത്ഥനയും ദരിദ്രരായ ആളുകളോടുള്ള സേവനവും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ലെന്ന് പഠിപ്പിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, അതിഥികളെ സ്വീകരിക്കുന്നതും ദരിദ്രരെ പരിചരിക്കുന്നതും സന്യാസ ആത്മീയതയുടെ അവിഭാജ്യ ഘടകമാണ്. സന്യാസിമാർ തങ്ങൾക്കായി ഒന്നുമില്ലെങ്കിലും തങ്ങളുടെ അധ്വാനം വഴി മറ്റുള്ളവരെ സഹായിക്കാൻ കടപ്പെട്ടവരാണ്. "ആവശ്യമുള്ളവർക്ക് നൽകാൻ വേണ്ടി നാം കഠിനാധ്വാനം ചെയ്യണം" എന്ന് വിശുദ്ധ ബേസിൽ പഠിപ്പിച്ചു. ഇത് വെറും ശരീരത്തെ ക്ഷീണിപ്പിക്കുവാനുള്ള  ഒരു വഴിയല്ല, മറിച്ച് അയൽക്കാരനോടുള്ള സ്നേഹത്തിൻ്റെ അടയാളമാണ്.

വിശുദ്ധ ബേസിൽ സ്ഥാപിച്ച 'ബേസിലിയാഡ്' (Basiliad) എന്നറിയപ്പെടുന്ന കേന്ദ്രം സന്യാസസേവനത്തിൻ്റെ മകുടോദാഹരണമാണ്. അവിടെ വീടില്ലാത്തവർക്കായി പാർപ്പിടങ്ങളും രോഗികൾക്കായി ആശുപത്രികളും ദരിദ്രർക്കായി സ്കൂളുകളും അദ്ദേഹം പണിതു. സന്യാസി ഒരു തപസ്വി മാത്രമല്ല, ഒരു ശുശ്രൂഷകൻ കൂടിയാണെന്ന് അദ്ദേഹം ലോകത്തിന് കാണിച്ചുകൊടുത്തു. ദൈവത്തോട് അടുത്തിരിക്കണമെങ്കിൽ ദരിദ്രരോട് അടുത്തിരിക്കണം എന്ന വലിയ സത്യമാണ് ബേസിൽ പഠിപ്പിച്ചത്. പ്രാർത്ഥനയും ചികിത്സയും, ധ്യാനവും സാന്ത്വനവും ഒരേ സ്നേഹത്തിൻ്റെ വിവിധ രൂപങ്ങളാണെന്ന് ബേസിലിയാഡ് തെളിയിച്ചു.

പാശ്ചാത്യ സന്യാസവും വിശുദ്ധ ബെനഡിക്റ്റും

പാശ്ചാത്യ ലോകത്ത് വിശുദ്ധ ബെനഡിക്റ്റ് രൂപം നൽകിയ സന്യാസ നിയമങ്ങൾ യൂറോപ്പിൻ്റെ ആത്മീയ നട്ടെല്ലായി മാറി. വിശുദ്ധ ബെനഡിക്റ്റിൻ്റെ നിയമത്തിൽ അതിഥി സൽക്കാരത്തിനും ദരിദ്രരെ സ്വീകരിക്കുന്നതിനും മുഖ്യസ്ഥാനമാണുള്ളത്. "ദരിദ്രരെയും തീർത്ഥാടകരെയും സ്വീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം, കാരണം അവരിലാണ് ക്രിസ്തുവിനെ നാം കൂടുതലായി സ്വീകരിക്കുന്നത്". ബെനഡിക്റ്റൈൻ ആശ്രമങ്ങൾ  നൂറ്റാണ്ടുകളോളം വിധവകൾക്കും ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്കും അഗതികൾക്കും അഭയസ്ഥാനമായിരുന്നു.

ബെനഡിക്റ്റിനെ സംബന്ധിച്ചിടത്തോളം സന്യാസ സമൂഹം എന്നത് കാരുണ്യത്തിൻ്റെ ഒരു വിദ്യാലയമാണ്. ശാരീരിക അധ്വാനം എന്നത് കേവലം ഉപജീവനത്തിനുള്ള മാർഗ്ഗമായിരുന്നില്ല, മറിച്ച് സേവനത്തിനായി ഹൃദയത്തെ ഒരുക്കുന്ന ഒന്നായിരുന്നു. രോഗികളോടുള്ള ശ്രദ്ധയും ദുർബലരെ കേൾക്കാനുള്ള സന്നദ്ധതയും ക്രിസ്തുവിനെ തിരിച്ചറിയാനുള്ള വഴികളായി അവർ കണ്ടു. ഇന്നും ബെനഡിക്റ്റൈൻ അതിഥി സൽക്കാരം എന്നത് ഒന്നും തിരിച്ചു ചോദിക്കാതെ സ്വീകരിക്കുന്ന, മുറിവുകൾ ഉണക്കുന്ന സഭയുടെ അടയാളമായി നിലകൊള്ളുന്നു.

പുറന്തള്ളലിൻ്റെ സംസ്കാരത്തിനെതിരെയുള്ള പോരാട്ടം

കാലക്രമേണ, ബെനഡിക്റ്റൈൻ മഠങ്ങൾ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവർക്കുള്ള വിളക്കുമാടങ്ങളായി മാറി. പുറന്തള്ളലിൻ്റെ സംസ്കാരത്തിന്  എതിരെ ഐക്യദാർഢ്യത്തിൻ്റെ വലിയൊരു മാതൃക അവർ കാഴ്ചവെച്ചു.ബെനെഡിക്ടിന് സഭയുടെ ആപ്തവാക്യമായ, ഓറ എത്ത് ലബോറ (പ്രാർത്ഥനയും അധ്വാനവും) എന്നാൽ ഏതെങ്കിലും ഒരു ഒളിച്ചോട്ടമായി നാം കാണരുത്. ഒരുപക്ഷേ ഇന്ന് ലോകം അത്തരത്തിൽ കൂടി പ്രചാരണം നടത്തുന്നുണ്ട് എന്നത് വാസ്തവം. എന്നാൽ ആശ്രമങ്ങളിൽ സന്യാസിമാർ കൃഷി ചെയ്യുകയും ഭക്ഷണം ഉല്പാദിപ്പിക്കുകയും ഔഷധങ്ങൾ തയ്യാറാക്കുകയും ചെയ്തു. ഇവയെല്ലാം അവർ പാവപ്പെട്ടവർക്കായി ലളിതമായി പങ്കുവെച്ചു. സന്യാസിമാരുടെ ഈ നിശബ്ദ സേവനം ഒരു പുതിയ നാഗരികതയുടെ വിത്തായിരുന്നു. ദരിദ്രർ അവിടെ വെറുമൊരു പ്രശ്നമായിരുന്നില്ല, മറിച്ച് സഹോദരങ്ങളായിരുന്നു. സ്വമേധയാ സ്വീകരിക്കുന്ന ദാരിദ്ര്യം എന്നത് ദൗർഭാഗ്യമല്ല, മറിച്ച് കൂട്ടായ്മയിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കുന്ന പാതയാണെന്ന് അവർ തെളിയിച്ചു.

അറിവിൻ്റെയും അന്തസ്സിൻ്റെയും വിതരണക്കാർ

ഭൗതികമായ സഹായം നൽകുന്നതിനോടൊപ്പം തന്നെ, പാവപ്പെട്ടവരുടെ സാംസ്കാരികവും ആത്മീയവുമായ വളർച്ചയിൽ ആശ്രമങ്ങൾ വലിയ പങ്ക് വഹിച്ചു. യുദ്ധങ്ങളും പകർച്ചവ്യാധികളും പട്ടിണിയും താണ്ഡവമാടിയ കാലഘട്ടങ്ങളിൽ സാധാരണക്കാർക്ക് അത്താണിയായി മാറിയിരുന്നത് ഇത്തരം ആശ്രമങ്ങൾ ആയിരുന്നു. അവിടെ അഗതികൾക്ക് ഭക്ഷണവും മരുന്നും മാത്രമല്ല, അന്തസ്സും അറിവും ലഭിച്ചു. അനാഥർക്ക് വിദ്യാഭ്യാസം നൽകുകയും കർഷകർക്ക് പുതിയ കൃഷിരീതികളും അക്ഷരങ്ങളും പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു.

അറിവ് എന്നത് കൈവശം വെക്കാനുള്ള ഒന്നല്ല, മറിച്ച് ഉത്തരവാദിത്തത്തോടെ പങ്കുവെക്കാനുള്ള ഒന്നാണെന്ന് അവർ വിശ്വസിച്ചു. സന്യാസ വിദ്യാലയങ്ങൾ സത്യത്തിലൂടെയുള്ള മോചനത്തിൻ്റെ വേദികളായിരുന്നു. വിശുദ്ധ ജോൺ (John Cassian) പറയുന്നതുപോലെ, അറിവ് എന്നത് ഗർവ് ഉണ്ടാക്കാനല്ല, മറിച്ച് സ്നേഹത്തിലൂടെ വെളിച്ചം പകരാനുള്ളതാണ്. ഇത്തരത്തിൽ സന്യാസ ജീവിതം സമൂഹത്തെ പരിവർത്തനം ചെയ്യുന്ന ഒരു വിദ്യാലയമായി മാറി.നമ്മുടെ നാടുകളിലും, ഇത്തരത്തിൽ അറിവിന്റെ വെളിച്ചം മറ്റുള്ളവർക്ക് പ്രത്യേകിച്ചും പാവപ്പെട്ടവർക്ക് നൽകിയ സന്യാസശ്രേഷ്ഠരെ നാം മറന്നു പോകരുത്. പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ആശയം തന്നെ ചാവറയച്ചന്റെ സംഭാവന ആണെന്നതിൽ നമുക്ക് അഭിമാനിക്കാം.

പ്രാർത്ഥനയും കരുണയും ഒരേ നൂലിൽ കോർത്ത മുത്തുകൾ

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ തൻ്റെ പ്രബോധനത്തിൻ്റെ 58-ാം ഖണ്ഡികയിൽ ഉപസംഹരിക്കുന്നത് പോലെ, പ്രാർത്ഥനയും കരുണയും, നിശബ്ദതയും സേവനവും സന്യാസജീവിതത്തിൻ്റെ ഒരേ ആത്മീയ വസ്ത്രത്തിൻ്റെ ഇഴകളാണ്. സന്യാസ ആശ്രമം  എന്നത് പ്രാർത്ഥനയുടെയും ഒപ്പം പ്രവർത്തനത്തിൻ്റെയും സ്ഥലമാണ്.  വിശുദ്ധ ബെർണാഡ് ഓഫ് ക്ലെയർവോ  (Saint Bernard of Clairvaux) പഠിപ്പിച്ചത്, ലളിതമായ ജീവിതശൈലിയും ദരിദ്രരോടുള്ള കരുണയും ക്രിസ്തുവിനെ അനുഗമിക്കാനുള്ള പ്രധാന വഴികളാണെന്നാണ്.

സന്യാസജീവിതം അതിൻ്റെ തനിമയിൽ ജീവിക്കുമ്പോൾ, സഭ ദരിദ്രരുടെ സഹോദരിയാകുമ്പോഴാണ് ക്രിസ്തുവിൻ്റെ യഥാർത്ഥ മണവാട്ടിയായി മാറുന്നത്. ആശ്രമങ്ങൾ  ലോകത്തിൽ നിന്നുള്ള ഒളിച്ചോട്ട കേന്ദ്രങ്ങളല്ല, മറിച്ച് ലോകത്തെ മികച്ച രീതിയിൽ സേവിക്കാൻ പഠിക്കുന്ന വിദ്യാലയങ്ങളാണ്. സന്യാസിമാർ എവിടെയൊക്കെ പാവപ്പെട്ടവർക്കായി വാതിൽ തുറന്നിട്ടുണ്ടോ, അവിടെയെല്ലാം പ്രാർത്ഥനയും കരുണയും തമ്മിൽ വേർപിരിക്കാനാവാത്തതാണെന്ന് സഭ ലോകത്തിന് കാട്ടിക്കൊടുത്തു.

ഇന്നത്തെ ലോകത്തിനുള്ള സന്ദേശം

പരിശുദ്ധ പിതാവ് 'ദിലക്സി തേ'യിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നത് ദരിദ്രരോടുള്ള കരുണ എന്നത് ക്രിസ്തീയ ജീവിതത്തിൻ്റെ ഐച്ഛികമായ ഒരു കാര്യമല്ല, മറിച്ച് അനിവാര്യമായ ഒന്നാണെന്നാണ്. സന്യാസ പാരമ്പര്യം നമുക്ക് നൽകുന്ന വലിയ പാഠം ഇതാണ്: ദൈവത്തെ സ്നേഹിക്കുന്നവൻ ദരിദ്രനെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല. നിശബ്ദതയിൽ ദൈവത്തെ കേൾക്കുന്ന ഹൃദയത്തിന് മാത്രമേ ദരിദ്രൻ്റെ നിലവിളി തിരിച്ചറിയാൻ കഴിയൂ.കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന്, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുക സാധ്യമല്ലല്ലോ എന്നാണ് വചനം നമ്മെ പഠിപ്പിക്കുന്നതും.

 ഉപഭോഗ സംസ്കാരത്തിലും സ്വാർത്ഥതയിലും മുഴുകിയ ഇന്നത്തെ ലോകത്ത് സന്യാസജീവിതം ഒരു വലിയ ഓർമ്മപ്പെടുത്തലാണ്. ദാരിദ്ര്യവും ലാളിത്യവും ജീവിതത്തിൻ്റെ ഭാഗമാക്കുന്നതിലൂടെ മാത്രമേ നമുക്ക് മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയൂ. ക്രിസ്തുവിൻ്റെ സ്നേഹം അതുപോലെ ഈ അപ്പസ്തോലിക പ്രബോധനം,  നമ്മെ നിർബന്ധിക്കുന്നത് ദരിദ്രരിലും എളിയവരിലും അവൻ്റെ മുഖം ദർശിക്കാനാണ്. സന്യാസിമാർ നൂറ്റാണ്ടുകളായി ചെയ്തതുപോലെ, നമുക്കും നമ്മുടെ ജീവിതത്തിൻ്റെ വാതിലുകൾ പാവപ്പെട്ടവർക്കായി തുറന്നിടാം. അവിടെയാണ് യഥാർത്ഥ ക്രിസ്തീയ ആത്മീയത പൂവണിയുന്നത്.

പ്രാർത്ഥന സേവനമായും, സേവനം പ്രാർത്ഥനയായും മാറുന്ന ആ പുണ്യപഥത്തിലൂടെ സഞ്ചരിക്കാൻ 'ദിലക്സി തേ' നമ്മെ ആഹ്വാനം ചെയ്യുന്നു. ആശ്രമങ്ങളിലെ  നിശബ്ദമായ പ്രാർത്ഥനകളും പാവപ്പെട്ടവരോടുള്ള കാരുണ്യവും ലോകത്തെ നവീകരിക്കുന്ന ചാലകശക്തിയായി ഇന്നും തുടരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഫെബ്രുവരി 2026, 12:59