മറ്റുള്ളവരുടെ വേദനകൾ പങ്കുവയ്ക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്: കർദ്ദിനാൾ ചേർനി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നല്ല സമരിയക്കാരന്റെ മാതൃകയിൽ മറ്റുള്ളവരുടെ വേദനകൾ പങ്കുവയ്ക്കാനാണ് പരിശുദ്ധ പിതാവ് നമ്മോട് ആവശ്യപ്പെടുന്നതെന്ന്, പെറുവിലെ ചിക്ലായോയിൽ വച്ചുനടന്ന ലോക രോഗീദിനത്തിന്റെ ആചാരണത്തിൽ ലിയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധിയായി പങ്കെടുത്ത കർദ്ദിനാൾ മൈക്കിൾ ചേർനി. ഫെബ്രുവരി 12-ന് ചിക്ലായോയിലെ സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തിന്റെ നാമധേയത്തിലുള്ള തീർത്ഥാടനദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കവെയാണ് മറ്റുള്ളവരോടുള്ള കരുണാപൂർവ്വമായ മനോഭാവത്തിന്റെ ആവശ്യകതയെക്കുറിച്ച് കർദ്ദിനാൾ ചേർനി ഓർമ്മിപ്പിച്ചത്.
മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കേണ്ടതിനായി പരിവർത്തനത്തിന്റെ അനുഭവം ആവശ്യമുണ്ടെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവിന്റെ പ്രതിനിധി, മറ്റുള്ളവരെ ദൈവത്തിന്റെ കണ്ണുകളോടെ നോക്കിക്കാണേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. മറ്റുള്ളവരുടെ വേദനകൾ നമ്മുടെ ജീവിതങ്ങളെ പരിവർത്തനത്തിലേക്ക് നയിക്കുന്നതിനായി ഉപകാരപ്പെടുന്നതിനായുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാൻ കർദ്ദിനാൾ ചേർനി ഏവരെയും ആഹ്വാനം ചെയ്തു.
വ്യക്തിപരമായ കടപ്പാടുകളിൽനിന്നുയർന്ന് സാമൂഹികമായ തലത്തിലേക്ക് വളരാൻ സഹായിക്കുന്ന കരുണയുടെ സ്വഭാവത്തെക്കുറിച്ചും സമഗ്രമാനവിക വികസനത്തിനായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
പരിശുദ്ധ പിതാവിന്റെ സന്ദേശത്തെ അധികരിച്ച് തന്റെ പ്രഭാഷണം നടത്തിയ കർദ്ദിനാൾ ചേർനി, ദൈവത്തെ സ്നേഹിക്കുന്നതും, അയൽക്കാരെ അവരുടെ പ്രായോഗിക ആവശ്യങ്ങളിൽ സഹായിക്കുന്നതും തമ്മിലുള്ള ബന്ധം പ്രത്യേകമായി എടുത്തുപറഞ്ഞു. ദൈവവുമായുള്ള ബന്ധത്തിന്റെ മൂർത്തമായ പ്രകടനമാണ് മറ്റുള്ളവരോടുള്ള സ്നേഹമെന്നും മറ്റുള്ളവരുമായുള്ള സ്നേഹപാതയിൽ സഞ്ചരിക്കാതെ, ദൈവത്തെ സ്നേഹിക്കുന്നുവെന്ന് ചിന്തിക്കാനോ പറയാനോ നമുക്കാകില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
രോഗബാധകളാൽ ശരീരത്തിൽ വേദനയും സഹനവും നേരിടുന്നവരിലൂടെ ദൈവത്തെ കണ്ടെത്താനും പാപ്പായുടെ പ്രതിനിധി ഏവരെയും ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: