തിരയുക

യുവജനങ്ങളുടെ ജൂബിലി  ലിയോ പതിനാലാമൻ പാപ്പാ യുവജനങ്ങൾക്കൊപ്പം യുവജനങ്ങളുടെ ജൂബിലി ലിയോ പതിനാലാമൻ പാപ്പാ യുവജനങ്ങൾക്കൊപ്പം   (ANSA)

യുവജനങ്ങളുടെ പങ്കാളിത്തം ഇല്ലാതെ തിരുസഭയുടെ പ്രേക്ഷിതത്വം അപൂർണമാണ്

കത്തോലിക്കാ സഭയുടെ പ്രേഷിതശുശ്രൂഷയിൽ യുവജനങ്ങളുടെ പങ്കിനെ എടുത്തുപറയുന്ന ചിന്തകൾ. യുവജനങ്ങൾ മറ്റുള്ളവരുമായി സുവിശേഷസാക്ഷ്യം പങ്കിടുകയും മിഷനറി അഭിനിവേശം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യവും, ദൈവത്താൽ നയിക്കപ്പെടുന്നതിനായി തങ്ങളെത്തന്നെ വിട്ടുകൊടുക്കേണ്ടതിന്റെ പ്രാധാന്യവും ലിയോ പതിനാലാമൻ പാപ്പാ പ്രത്യേകം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

ഫാ. ബെനഡിക്ട് വാരുവിള, പാറശ്ശാല മലങ്കര കത്തോലിക്കാ രൂപത

വിശ്വാസപരിശീലനം, ആരാധനക്രമം, കാരുണ്യപ്രവർത്തനങ്ങൾ, നവമാധ്യമങ്ങളിലൂടെയുള്ള സുവിശേഷവൽക്കരണം തുടങ്ങി ഇടവകതലം മുതൽ ആഗോളതലം വരെയുള്ള വിവിധ മേഖലകളിൽ യുവജനങ്ങൾ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നു. പരമ്പരാഗതമായ രീതികളിൽ നിന്ന് മാറി, കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സഭയെ നവീകരിക്കാൻ യുവത്വത്തിന്റെ ചുറുചുറുക്കും ആശയങ്ങളും സഹായിക്കുന്നുണ്ട്. എന്നാൽ, ഈ ദൗത്യത്തിനിടയിൽ ആധുനിക ലോകം ഉയർത്തുന്ന വെല്ലുവിളികളും അവർക്ക് നേരിടേണ്ടി വരുന്നു.

സഭയുടെ അജപാലന ശുശ്രൂഷകളിൽ യുവജനങ്ങൾ വഹിക്കുന്ന പങ്കിനെയും, അവർ നേരിടുന്ന വെല്ലുവിളികളെയും, സഭയ്ക്ക് അവരെ എങ്ങനെ കൂടുതൽ കാര്യക്ഷമമായി കൂടെ നിർത്താം എന്നതിനെയും കുറിച്ചുള്ള ഒരു സമഗ്രമായ അവലോകനമാണ് ഈ ലേഖനം ലക്ഷ്യമിടുന്നത്. സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി ക്രിസ്തുവിന്റെ സാക്ഷികളാകാൻ യുവതയെ എങ്ങനെ പ്രാപ്തരാക്കാം എന്ന് നമുക്ക് പരിശോധിക്കാം.

അജപാലന ശുശ്രൂഷയിൽ യുവജനങ്ങളുടെ പങ്ക്

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം വരെ പരിശുദ്ധ കത്തോലിക്കാ സഭ യുവജനങ്ങളെ പ്രധാനമായും തിരുസഭയുടെ ഭാവിയായാണ് കണ്ടിരുന്നത്. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പ്രത്യേകിച്ച് 2018 ൽ നടന്ന യുവജന സിനഡും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തോലിക പ്രബോധനമായ ക്രിസ്തുസ് വിവിത്,  യുവജനങ്ങൾ തിരുസഭയുടെ ഭാവി മാത്രമല്ല വർത്തമാനവുമാണെന്ന് (ഇന്നും) തിരുസഭ ഉറപ്പിച്ചു പഠിപ്പിക്കുന്നു. ഇന്ന് തിരുസഭ വ്യക്തമായി പഠിപ്പിക്കുന്നത് യുവജനങ്ങൾ അജപാലന ശുശ്രൂഷയുടെ ഭാഗങ്ങളാണ് എന്നതും യുവജനങ്ങൾ അജപാലന ശുശ്രൂഷകരാണ് എന്നതുമാണ്. ആധുനികലോകത്തിൽ ക്രൈസ്തവ വിശ്വാസത്തിന്റെ സജീവ സാക്ഷ്യവും പ്രവാചകരും മാറ്റത്തിന്റെ മാറ്റൊലികളുമാണ് യുവജനങ്ങൾ. യുവജനങ്ങളുടെ പങ്കാളിത്തം ഇല്ലാതെ തിരുസഭയുടെ പ്രേക്ഷിതത്വം അപൂർണമാണ് അഥവാ യുവജനങ്ങളുടെ പങ്കാളിത്തം അജപാലന ശുശ്രൂഷയെ പൂർണ്ണമാക്കുന്നു.

 ദൈവശാസ്ത്രപരമായ അടിസ്ഥാനങ്ങൾ

മാമ്മോദീസായിലൂടെ ലഭിക്കുന്ന രാജകീയ പൗരോഹിത്യമാണ് (1 പത്രോ 2:9) എല്ലാ അജപാലന ശുശ്രൂഷയുടെയും അടിസ്ഥാനം.. ഇത് എല്ലാ വിശ്വാസികളെയും ക്രിസ്തുവിനെ ഈ ലോകത്തിനു നൽകാനുള്ള തിരുസഭയുടെ ദൗത്യത്തിൽ പങ്കാളികളാക്കുന്നു. ഈ തിരിച്ചറിവ് യുവജനങ്ങളെ സഭയുടെ സജീവ അംഗങ്ങളാക്കി  മാറ്റാനും   അവരുടെ ജീവിതം തന്നെ സുവിശേഷപ്രഘോഷണമാക്കാനും അങ്ങനെ ക്രിസ്തുവിന്റെ സജീവ സാക്ഷികളാക്കാനും സഹായിക്കുന്നു.

കൂദാശാ ജീവിതത്തിലൂടെ യുവജനങ്ങൾ അപ്പസ്തോലിക പ്രവർത്തനത്തിനുവേണ്ടി പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാകുന്നു (CCC 1303–1305). ഈ കൗദാശിക ജീവിതം യുവജനങ്ങളെ അജപാലന ശുശ്രൂഷയിൽ ശക്തിപ്പെടുത്തുന്നു. 

പെന്തക്കോസ്ത ദിനത്തിൽ വി. പത്രോസ് ശ്ലീഹാ തന്റെ പ്രസംഗത്തിൽ പരിശുദ്ധത്മാവിൽ നിറഞ്ഞു പറഞ്ഞതു പോലെ “ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെയുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെവൃദ്‌ധന്‍മാര്‍ സ്വപ്‌നങ്ങള്‍ കാണും (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 17) എന്ന വചനം ഈ കാലഘട്ടത്തിലെ യുവജനങ്ങളുടെ അജപാലന ശുശ്രൂഷയിലെ പങ്കാളിത്തത്തെ  ഊന്നിപ്പറയുന്നു. യുവജനങ്ങളുടെ ദർശനങ്ങൾ സഭയെ നവീകരിക്കുന്നു. അവരുടെ പ്രാർത്ഥനാ ജീവിതവും കഴിവുകളും ധൈര്യവും സഭയുടെ അജപാലന ശുശ്രൂഷയെ മുന്നോട്ട് നയിക്കുന്നു. ഫ്രാൻസിസ് മാർപാപ്പാ പറഞ്ഞത് പോലെ യുവാക്കൾക്ക് പ്രത്യേക “സമകാലീന പ്രവാചകത്വം അഥവാ കാലഘട്ടത്തെ വ്യാഖ്യനിക്കാനും തിരിച്ചറിയാനുമുള്ള കഴിവുണ്ട്.” സമൂഹത്തിലെ അനീതികൾ, യുദ്ധം, പരിസ്ഥിതിനാശം, മാനസികാരോഗ്യ പ്രതിസന്ധി എന്നിവയോട് അവർ സ്വാഭാവികമായി പ്രതികരിക്കുന്നു. ഈ പ്രതികരണം സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ അജപാലന ശുശ്രൂഷയിൽ ശക്തി പകരുന്നു. ഈ യുവജനങ്ങളുടെ പ്രവാചകത്വം സഭയെ ലോകത്തിന്റെ പ്രശ്നങ്ങളോട് കൂടുതൽ പക്വതയോടെ പ്രതികരിക്കാനും, അവരെ നീതിയുടെ വക്താക്കളാക്കി മാറ്റാനും സഹായിക്കുന്നു.

ഔദ്യോഗിക പ്രബോധനങ്ങൾ

തിരുസഭയിലെ രണ്ടാം പെന്തകോസ്ത എന്നറിയപ്പെടുന്ന രണ്ടാം വത്തിക്കാൻ കൗൺസിലിലെ (1962–1965)  തിരുസഭയെ കുറിച്ചുള്ള പ്രമാണരേഖ  ജനതകളുടെ പ്രകാശം (Lumen Gentium) പഠിപ്പിക്കുന്നത് ഇപ്രകാരമാണ്, “സഭ മുഴുവൻ ദൈവജനമാണ്; പ്രായമോ പൗരോഹിത്യസ്ഥാനമോ പരിഗണിക്കാതെ മാമോദീസ സ്വീകരിച്ച എല്ലാവരും  ക്രിസ്തുവിന്റെ പുരോഹിത-പ്രവാചക-രാജാക്കന്മാരെന്ന മൂന്ന് ദൗത്യങ്ങളിൽ പങ്കുചേരുന്നു (Lumen Gentium, 31). ഈ ദൈവശാസ്ത്ര പ്രബോധനം തിരുസഭ സഹവർത്തിത്വത്തിന്റെയും പങ്കാളിത്തതിന്റെയും ഇടമാണെന്ന് പഠിപ്പിച്ചു. ഈ പ്രബോധനം യുവജനങ്ങളുടെ തിരുസഭയിലെ അജപാലന ശുശ്രൂഷയ്ക്ക് പുതിയ വാതിലുകൾ തുറന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1985-ൽ ലോക യുവജനദിനം ആരംഭിച്ചുകൊണ്ട് യുവാക്കളെ ഇപ്രകാരം അഭിസംബോധന ചെയ്തു “പ്രഭാതത്തിന്റെ കാവൽക്കാർ”. ഈ അഭിസംബോധനയിലൂടെ യുവജനങ്ങളെ അജപാലന ശുശ്രൂഷയിലെ കേവലം കാഴ്ചക്കാരായോ, ശ്രോതാക്കളാ അല്ല , സജീവ പങ്കാളികളായി കാണാനുള്ള പ്രചോദനം തിരുസഭയക്ക് ലഭിച്ചു.

2011 ലെ  മാഡ്രിഡിൽ വച്ചു നടന്ന യുവജനദിന പരിശുദ്ധ കുർബ്ബാനയിൽ പരിശുദ്ധ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ “യുവജനങ്ങൾ നാളത്തെ സഭ മാത്രമല്ല, ഇന്നത്തെ യുവസഭയാണ്” എന്ന് ഉറപ്പിച്ചു പറഞ്ഞു. കൂടാതെ യുവാക്കളുടെ ഊർജ്ജവും ആധുനിക ലോകത്തോടുള്ള സമീപനവും സഭയുടെ ഇന്നത്തെ ദൗത്യത്തിന് അനിവാര്യമാണെന്ന് പരിശുദ്ധ പിതാവ് വ്യക്തമാക്കി.   പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ ക്രിസ്തു ജീവിക്കുന്നു (cristus vivit) എന്ന അപ്പോസ്തോലിക പ്രബോധനത്തിൽ ഇപ്രകാരം പഠിപ്പിച്ചു “യുവജനങ്ങൾ സഭയുടെ ഭാവി മാത്രമല്ല; അവർ അവളുടെ ഇന്നത്തെ ജീവിതവും കൂടിയാണ്. മുതിർന്നവരോടൊപ്പം സഭയുടെ ലോകദൗത്യത്തിന് അവർ ഇപ്പോൾ തന്നെ സഹ-ഉത്തരവാദികളാണ്” (CV 64–65).

ഈ വാക്കുകൾ സഭയുടെ സിനഡൽ യാത്രയെ പ്രതിഫലിപ്പിക്കുന്നു, യുവജനങ്ങൾ സഭയുടെ ഹൃദയത്തിലാണെന്നും അവരുടെ ശബ്ദം കേൾക്കാൻ സഭ തയ്യാറാകണമെന്നും ഓർമ്മപ്പെടുത്തുന്നു.

 അജപാലന ശുശ്രൂഷയിലെ പങ്കാളിത്തം

കൂദാശാ ജീവിതം, സുവിശേഷവൽക്കരണം, മതബോധനം,  കാരുണ്യപ്രവർത്തനങ്ങൾ, നീതിക്കുവേണ്ടിയുള്ള പോരാട്ടം, പരിസ്ഥിതി പരിപാലനം തുടങ്ങിയവയിലൂടെ മനുഷ്യരെ ക്രിസ്തുവിൽ പൂർണ്ണജീവനിലേക്ക് നയിക്കാനുള്ള തിരുസഭയുടെ സഭയുടെ എല്ലാ ശുശ്രൂഷകളും ഉൾപ്പെടുന്നതാണ് അജപാലന ശുശ്രൂഷ. യുവജനങ്ങൾ തങ്ങളുടെ ഊർജ്ജം, സർഗാത്മകത, സാക്ഷ്യം എന്നിവ ബോധപൂർവ്വം ഈ ദൗത്യത്തിനായി സമർപ്പിക്കുമ്പോൾ അവർ അജപാലന ശുശ്രൂഷയിൽ പങ്കാളികളാകുന്നു.  യുവജനങ്ങളുടെ ഈ പങ്കാളിത്തം സഭാ ജീവിതത്തെ സമ്പന്നമാക്കുന്നു, കാരണം യുവാക്കളുടെ പുതിയ കാഴ്ചപ്പാടുകൾ പഴയ രീതികളെ വെല്ലുവിളിക്കുകയും പുതുക്കുകയും ചെയ്യുന്നു.

 അജപാലന ശുശ്രൂഷയിലെ പങ്കാളിത്തം യുവജനങ്ങൾ  നിർവ്വഹിക്കേണ്ടത് അവർ വ്യാപാരിക്കുന്ന മേഖലകളിൽ  സ്കൂളുകൾ, കോളേജുകൾ, ജോലിസ്ഥലങ്ങൾ, ഡിജിറ്റൽ ഇടങ്ങൾ എന്നിവയിൽ സുഹൃത്തുക്കൾക്കിടയിൽ സുവിശേഷപ്രഘോഷണം നടത്തുന്നതിലൂടെയാണ്.

അതുപോലെ അവരായിരിക്കുന്ന ഇടവകകളിലെ സജീവ സാന്നിധ്യവും പങ്കാളിത്തവും അജപാലന ശുശ്രൂഷയുടെ അത്യാവശ്യ ഘടകമാണ്. ഈ രീതിയിലുള്ള യുവജനങ്ങളുടെ അജപാലന പങ്കാളിത്തം പുതിയ തലമുറകളെ സഭയിലേക്ക് ആകർഷിക്കുന്നു. കാരണം യുവജനങ്ങൾ തങ്ങളുടെ സമപ്രായക്കാരോട് സ്വാഭാവികമായി സംവദിക്കുകയും വിശ്വാസത്തെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തുകയും കൂദാശാ ജീവിതത്തിലേയ്ക്ക് പ്രവേശിപ്പിക്കുന്നു.

വിശുദ്ധ കുർബ്ബാനകളിലും പ്രാർത്ഥനാ ശുശ്രൂഷകളിലും യുവജനങ്ങളുടെ പങ്കാളിത്തം, ഗായക സംഘത്തിലെ പങ്കാളിത്തം , അൾത്താരാ ശുശ്രൂഷയിലെ പങ്കാളിത്തം, യുവജനശുശ്രൂഷ  ആനിമേറ്റർമാരായുള്ള  പങ്കാളിത്തവും തിരുസഭയുടെ അജപാലന ശുശ്രൂഷയെ ജീവസുറ്റതാക്കുന്നു.

 ഡിജിറ്റൽ അജപാലന ശുശ്രൂഷയിലെ യുവജന പങ്കാളിത്തം

ഈ ഡിജിറ്റൽ യുഗത്തിൽ സുവിശേഷവത്കരണവും സോഷ്യൽ മീഡിയയിൽ കത്തോലിക്കാ ഉള്ളടക്കവും സൃഷ്ടിക്കുകയും ഓൺലൈൻ വിശ്വാസ സമൂഹങ്ങൾ നടത്തുകയും ചെയ്യുന്ന യുവജനങ്ങൾ ഇന്ന് ധാരാളമാണ്. ഇത്‌ തിരുസഭയെ ഡിജിറ്റൽ യുഗത്തിൽ ജീവിക്കാൻ സഹായിക്കുന്നു. Instagram, TikTok, Facebook, YouTube പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ സുവിശേഷം പ്രചരിപ്പിച്ച് ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് അതെത്തിക്കുന്നു.

ഇന്ന് 200-ലധികം യുവ ഇൻഫ്ലുവൻസർമാർ Instagram, YouTube, Spotify എന്നിവയിൽ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ദിവസവും ക്രൈസ്തവ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നുണ്ട്. “Bible in a Year” പോഡ്കാസ്റ്റ് മലയാളത്തിൽ മാത്രം 1.5 ലക്ഷം ഡൗൺലോഡുകൾക്കപ്പുറം ആണ് നേടിയത്. ഇത് അജപാലന ശുശ്രൂഷയുടെ അടുത്ത തലമായി മാറുന്നു. ഈ മേഖലയിൽ യുവജനങ്ങളെ വളർത്തേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും അത്യാവശ്യമാണ്.

 യുവജന അജപാലന രംഗത്തെ വെല്ലുവിളികൾ

 പലപ്പോഴും യുവജന അജപാലന ശുശ്രൂഷയിലെ    പങ്കാളിത്തം  വൈദികരെ സഹായിക്കുന്നതിലേയ്ക്ക് മാത്രമായി ചുരുങ്ങി പോകുന്നു. ഇത് യുവജനങ്ങളുടെ അജപാലന മേഖലയിൽ വെല്ലുവിളിയുയർത്തുന്നു. അതുപോലെ അവരുടെ തിരുസഭയിലെ പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നു.

മറ്റൊരു പ്രാധാന വെല്ലുവിളി തലമുറകൾ തമ്മിലുള്ള അന്തരമാണ്. യുവജനങ്ങളുടെ  പക്വതയിലും ജീവിത രീതികളിലും മുതിർന്നവർ അവിശ്വാസം പ്രകടിപ്പിക്കുന്നു. ഈ വിശ്വാസക്കുറവ് യുവജനങ്ങളെ നിരുത്സാഹപ്പെടുത്തുകയും, അവർ അജപാലന ശുശ്രൂഷയിൽ നിന്നും അകന്നു പോകുകയും ചെയ്യുന്നു. 

അതുപോലെ അജപാലന ശുശ്രൂഷയിലെ മറ്റൊരു വെല്ലുവിളിയാണ് യുവജനങ്ങൾ സഭ വിട്ടുപോകുന്ന പ്രവണത 2024 ലെ Pew Research പ്രകാരം ഇന്ത്യയിൽ 18–29 വയസ്സുള്ളവരിൽ 28% പേരും സജീവമല്ല. ഇതിനു പ്രാധാന കാരണം കാരണം സഭയുടെ പഴയ രീതികളും ആധുനിക ജീവിതവുമായുള്ള അന്തരവുമാണ്.  ഇത് മറികടക്കാൻ യുവജനങ്ങളെ അജപാലന ശുശ്രൂഷയിലേയ്ക്ക് ആകർഷിക്കാനും അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും കഴിയണം.

യുവജനങ്ങളുടെ അജപാലന പങ്കാളിത്തം  ഒരു പ്രോഗ്രാമല്ല. അത് തിരുസഭയുടെ ജീവിതത്തിന്റെ ഭാഗമാണ്. അവരെ വിശ്വസിക്കുകയും, രൂപപ്പെടുത്തുകയും, അധികാരം പങ്കുവെക്കുകയും ചെയ്യുമ്പോൾ തിരുസഭ പരിശുദ്ധാത്മ അഭിഷേകത്തിൽ അവളുടെ യൗവനം വീണ്ടെടുക്കും. ഈ പങ്കാളിത്തം സഭയെ കൂടുതൽ ജീവനുള്ളതാക്കുകയും ലോകത്തിന് പ്രസക്തമാക്കുകയും ചെയ്യുന്നു. ഫ്രാൻസിസ് മാർപ്പാപ്പ ഓർമ്മിപ്പിക്കുന്നതുപോലെ “സഭയെ വൃദ്ധയാക്കുന്നവരിൽ നിന്നും… ലോകം വാഗ്ദാനം ചെയ്യുന്നതെല്ലാം സ്വീകരിച്ച് താൻ യുവത്വം നിലനിർത്തുന്നു എന്ന് വിചാരിക്കുന്ന പ്രലോഭനത്തിൽ നിന്നും കർത്താവ് സഭയെ മോചിപ്പിക്കട്ടെ” (CV 36). ഇന്നലെ അല്ല, നാളെയുമല്ല, ഇന്നുതന്നെ  യുവജനങ്ങൾ ക്രിസ്തുവിന്റെ മുഖമായി ലോകത്തിന് മുന്നിൽ നിൽക്കേണ്ടവരാണ്. അതിന് അജപാലന ശുശ്രൂഷയിൽ യുവജനങ്ങളുടെ പങ്കാളിത്തം കൂടിയേ തീരു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജനുവരി 2026, 06:13