വെനിസ്വേലയിൽ നിന്നുള്ള കാഴ്ച്ച വെനിസ്വേലയിൽ നിന്നുള്ള കാഴ്ച്ച   (GABY ORAA)

പ്രതിസന്ധിയിൽ വെനിസ്വേലൻ ജനതയ്ക്കു സഹായമായി കത്തോലിക്കാ സഭ

"നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും വിജയത്തിനായുള്ള ജനങ്ങളുടെ പോരാട്ടത്തിൽ നിരന്തരം അവരോടൊപ്പം നിൽക്കുക" എന്നതാണ് രാജ്യത്തെ കത്തോലിക്കാ സഭയുടെ ലക്ഷ്യമെന്ന് വെനിസ്വേലയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റായ ആർച്ച് ബിഷപ്പ് ഹെസൂസ് അൻഡോണി ഗൊൺസാലസ് ഡി സാരത്തേ സലാസ് വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.

ഫെദറിക്കോ പിയാന, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സമാധാനവും സംഭാഷണവും പ്രോത്സാഹിപ്പിക്കുക എന്നത് ഒരു "ദൈനംദിന" കടമയാണെന്ന് എടുത്തു പറഞ്ഞുകൊണ്ട്, വെനിസ്വേലയിലെ മെത്രാൻ സമിതിയുടെ  പ്രസിഡന്റായ ആർച്ച് ബിഷപ്പ് ഹെസൂസ് അൻഡോണി ഗൊൺസാലസ് ഡി സാരത്തേ സലാസ് വത്തിക്കാൻ ന്യൂസിനോട് തന്റെ ചിന്തകൾ പങ്കുവച്ചു. "നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും വിജയത്തിനായുള്ള ജനങ്ങളുടെ പോരാട്ടത്തിൽ നിരന്തരം അവരോടൊപ്പം നിൽക്കുക" എന്നതാണ് രാജ്യത്തെ കത്തോലിക്കാ സഭയുടെ ലക്ഷ്യമെന്ന് അദ്ദേഹം സംശയലേശമെന്യേ എടുത്തുപറഞ്ഞു.

എന്നാൽ, പ്രസിഡന്റ് മദുറോയെ അമേരിക്കൻ ഭരണകൂടം  പിടികൂടിയതിനെത്തുടർന്ന് അസ്ഥിരമായി തുടരുന്ന ഒരു സാഹചര്യത്തിൽ, രാജ്യത്ത് ഇത് എളുപ്പമുള്ള ഒരു കാര്യമല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഗുരുതരമായ പ്രതിസന്ധിയുടെ നിമിഷത്തിൽ വെനിസ്വേലയിലെ മെത്രാന്മാർ  തങ്ങളുടെ അനിവാര്യമായ സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാർ ആണെന്നും, ദേശീയ ചലനാത്മകതയെ നിരന്തരം  വീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അരക്ഷിതാവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗതാഗതം എന്നിവയിലെ പോരായ്മകൾ, അസ്ഥിരമായ വേതനം, നിരന്തരമായ പണപ്പെരുപ്പം, ദേശീയ ഉൽപാദനത്തിന്റെ അഭാവം എന്നിവയെല്ലാം ബഹുഭൂരിപക്ഷം ജനങ്ങളുടെയും ദൈനംദിന ജീവിതത്തെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നും, അത് ആശങ്കകൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വിലയിരുത്തി.

സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള വെനിസ്വേലയുടെ വികാരങ്ങൾ സമ്മിശ്രമാണ്, സംഭവിച്ചതിന്റെ മൂർത്തമായ അനന്തരഫലങ്ങളെക്കുറിച്ചുള്ള ആശങ്കയും, അതേസമയം വേഗത്തിലുള്ളതും നിലനിൽക്കുന്നതുമായ പുരോഗതിക്കുള്ള പ്രതീക്ഷകളും ജനതകൾക്കിടയിൽ ഉണ്ടെന്നു അദ്ദേഹം വെളിപ്പെടുത്തി. ക്ഷീണിതരായ ഒരു ജനതയ്ക്ക് യഥാർത്ഥ പ്രതീക്ഷ ജനുവരി 14 ന് ആഘോഷിച്ച  പരിശുദ്ധ അമ്മയുടെ തിരുനാൾ ദിനത്തിൽ ലഭിച്ചുവെന്നും, സാമൂഹിക-രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഈ ആഘോഷത്തിൽ വൻ ജനപങ്കാളിത്തമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

"ഇത് വെനിസ്വേലൻ ജനതയുടെ ആത്മീയ കരുതലിന്റെയും, നാം ജീവിക്കുന്നതുപോലുള്ള ദുഷ്‌കരമായ നിമിഷങ്ങളിലും, നമ്മുടെ കർത്താവായ യേശുക്രിസ്തുവും അവിടുത്തെ അമ്മയായ പരിശുദ്ധ കന്യകയും നമുക്കെല്ലാവർക്കും എങ്ങനെയാണ് ആശ്വാസവും ശക്തിയും നൽകുന്നത്  എന്നതിന്റെയും വ്യക്തമായ പ്രകടനമാണ്", അദ്ദേഹം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ജനുവരി 2026, 14:32