ഹിരോഷിമയിൽ അണുബോംബ് ആക്രമണം നടന്ന സ്ഥലം ഹിരോഷിമയിൽ അണുബോംബ് ആക്രമണം നടന്ന സ്ഥലം   (ANSA)

ആണവ നിരായുധീകരണത്തിനായുള്ള പ്രതിബദ്ധത പുതുക്കണം: അമേരിക്കൻ - ജപ്പാൻ മെത്രാൻ പ്രതിനിധികൾ

ആണവായുധ നിരോധന ഉടമ്പടിയുടെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ജപ്പാനിലെയും അമേരിക്കയിലെയും നിരവധി ബിഷപ്പുമാർ, ആണവായുധ രഹിതമായ ഒരു ലോകത്തിനായി രാഷ്ട്രങ്ങൾ പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു

വത്തിക്കാൻ ന്യൂസ്

ആണവായുധ നിരോധന ഉടമ്പടിയുടെ (TPNW) അഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിനുള്ള കൃത്യമായ നടപടികൾ സ്വീകരിക്കാൻ അമേരിക്കയിലെയും ജപ്പാനിലെയും കത്തോലിക്കാ മെത്രാന്മാർ ലോക നേതാക്കളോട് അഭ്യർത്ഥിച്ചു. ആഗോള അസ്ഥിരതയ്ക്കും, ആണവ ഭീഷണികൾക്കും ഇടയിൽ നിരായുധീകരണത്തിന്റെ ധാർമ്മിക അടിയന്തിരാവസ്ഥ കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്നും, സംയുക്ത പ്രസ്താവനയിൽ മെത്രാൻമാർ എടുത്തു പറഞ്ഞു.

ആണവായുധങ്ങളുടെ പൂർണ്ണമായ ഉന്മൂലനത്തിനായുള്ള ഉടമ്പടിയിൽ ഒപ്പുവെച്ച് അംഗീകരിച്ച ആദ്യത്തെ രാഷ്ട്രം  വത്തിക്കാൻ ആയിരുന്നുവെന്നു കാര്യവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ആണവായുധ നിരോധന ഉടമ്പടി സമാധാനത്തിന്റെ വെളിച്ചത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പായിരുന്നുവെന്നും മെത്രാന്മാർ അടിവരയിട്ടു.

നിരായുധീകരണത്തിനായുള്ള ആത്മാർത്ഥമായ ചർച്ചകൾ ആവശ്യപ്പെടുന്ന 1970 ലെ ആണവ നിർവ്യാപന ഉടമ്പടി (NPT) പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ ആണവായുധ രാജ്യങ്ങൾ പരാജയപ്പെട്ടതു ദൗർഭാഗ്യകരമെന്ന് മെത്രാന്മാർ അഭിപ്രായപ്പെട്ടു. ആയുധശേഖരം കുറയ്ക്കുന്നതിനുപകരം, ആണവ രാഷ്ട്രങ്ങൾ "ആണവായുധങ്ങൾ എന്നെന്നേക്കുമായി സൂക്ഷിക്കാൻ രൂപകൽപ്പന ചെയ്ത" വമ്പിച്ച ആധുനികവൽക്കരണ പരിപാടികളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അവർ അപലപിച്ചു.

ഉക്രെയ്നിലെ യുദ്ധസമയത്ത് റഷ്യയുടെ ആണവ ഭീഷണികളും മധ്യ പൂർവേഷ്യയിലെ  വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും ലോകം ആണവ ദുരന്തത്തിന് വളരെ അടുത്താണെന്നതിന്റെ തെളിവായി പ്രസ്താവന എടുത്തുകാണിക്കുന്നു. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്ഫോടനങ്ങളുടെ മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സാക്ഷ്യങ്ങൾ ആണവയുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നുവെന്നും, അതിനാൽ ലോകത്തിലെ ആണവായുധ ശേഖരം നശിപ്പിക്കപ്പെടുന്നതുവരെ അവയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും മെത്രാന്മാർ പ്രസ്താവനയിൽ എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ജനുവരി 2026, 11:00