ഒരു ലൈബ്രറിയുടെ ചിത്രം ഒരു ലൈബ്രറിയുടെ ചിത്രം 

സംഘർഷങ്ങൾ മൂലം വിദ്യാഭ്യാസമേഖല നിശ്ചലമായ മ്യാന്മറിൽ പ്രവർത്തനങ്ങൾ തുടർന്ന് സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട്

കഴിഞ്ഞ അഞ്ചുവർഷങ്ങളായി ആഭ്യന്തരയുദ്ധം തുടരുന്ന മ്യാന്മറിൽ പ്രവർത്തിക്കുന്ന ഏക വിദ്യാഭ്യാസസ്ഥാപനമായി സെന്റ് ജോസഫ് എഡ്യൂക്കേഷണൽ സ്‌കൂൾ. 2015-ൽ സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം, ഇതിനോടകം 700 പേർക്ക് ബിരുദങ്ങളും ഡിപ്ലോമകളും നൽകിയിട്ടുണ്ട്. രാജ്യത്ത് തുടരുന്ന സംഘർഷങ്ങൾ യുവതലമുറയുടെയും ഭാവി നേരിടുന്ന വലിയ വെല്ലുവിളിയും ദുരന്തവുമെന്ന് പ്രിൻസിപ്പൽ ജോസഫ് വിൻ ഹ്ലെയിംഗ് ഊ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആഭ്യന്തരയുദ്ധം മൂലം കഴിഞ്ഞ അഞ്ചുവർഷങ്ങളായി വിദ്യാഭ്യാസമേഖല നിശ്ചലമായ മ്യാൻമറിൽ ബുദ്ധിമുട്ടുകൾക്കിടയിലും തങ്ങളുടെ പ്രവർത്തനങ്ങൾ തുടർന്ന് ഒരു കാതോലിക്കാസ്ഥാപനം. രാജ്യത്തെ യാങ്കോൺ (Yangon) അതിരൂപതയ്ക്ക് കീഴിലുള്ള സെന്റ് ജോസഫ് എഡ്യൂക്കേഷണൽ സ്‌കൂൾ എന്ന സ്വകാര്യസ്ഥാപനമാണ് നിലവിൽ പ്രവർത്തനങ്ങൾ തുടരുന്ന ഏക വിദ്യാഭ്യാസസ്ഥാപനമെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു..

2021 മുതൽ കഴിഞ്ഞ അഞ്ചുവർഷങ്ങളായി ഏകദേശം അൻപത് ലക്ഷം കുട്ടികൾക്ക് രാജ്യത്ത് സാധാരണ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഫീദെസ് എഴുതി. ഇത് രാജ്യത്തെ വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് യുവതലമുറകളുടെ ഭാവി നേരിടാൻ പോകുന്ന വലിയൊരു ദുരന്തമാണെന്ന് സെന്റ് ജോസഫ് എഡ്യൂക്കേഷണൽ സ്‌കൂൾ പ്രിൻസിപ്പൽ ജോസഫ് വിൻ ഹ്ലെയിംഗ് ഊ (Joseph Win Hlaing Oo)പ്രസ്താവിച്ചു.

2015-ൽ സ്ഥാപിതമായ ഈ വിദ്യാഭ്യാസസ്ഥാപനത്തെ 2021-ൽ യാങ്കോൺ അതിരൂപത കത്തോലിക്കാ സ്ഥാപനമായി അംഗീകരിച്ചിരുന്നു. നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി തങ്ങൾക്ക് എഴുനൂറിലധികം പേർക്ക് ബിരുദ, ഡിപ്ലോമ സെർട്ടിഫിക്കറ്റുകൾ നല്കാനായിട്ടുണ്ടെന്ന് സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 30 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകാനായെന്ന് പ്രസ്താവിച്ച അദ്ദേഹം, രാജ്യത്തെ വിദ്യാഭ്യാസസംവിധാനം നേരിടുന്ന വലിയ വെല്ലുവിളികളെ ധൈര്യപൂർവ്വം അഭിമുഖീകരിച്ച് വിദ്യാർത്ഥികൾ വിദ്യാഭ്യാസം തുടർന്നതിനാലാണ് ഇത് സാധിച്ചതെന്ന് ഓർമ്മിപ്പിച്ചു.

സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന ചടങ്ങിൽ, യാങ്കോൺ അതിരൂപതയുടെ സഹായമെത്രാൻ ബിഷപ് നോയൽ സോ നൗ ആയെ (Noel Saw Naw Aye), കെങ്റ്റുങ് രൂപതാദ്ധ്യക്ഷൻ ബിഷപ് ജോൺ സോ യൗ ഹാൻ (John Saw Yaw Han) തുടങ്ങിയവർ സംബന്ധിച്ചു.

ഈ വർഷത്തെ വിദ്യാർത്ഥികളിൽ ചിലർ തങ്ങളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ഗ്രാമങ്ങളിൽനിന്ന് ഓടിപ്പോകേണ്ടിവന്നുവെന്നും, ചിലർ സംഘർഷമേഖലകളിൽ മരിച്ചിട്ടുണ്ടെന്നും, നൂറോളം കുട്ടികൾ ഇത്തവണ ഡിപ്ലോമ, ബിരുദസർട്ടിഫിക്കറ്റുകൾ നേടേണ്ടിണ്ടിയിരുന്നതാണെന്നും പ്രിൻസിപ്പൽ ഊ ഓർമ്മപ്പെടുത്തി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ജനുവരി 2026, 13:19